മ്മാനങ്ങളുമായി കുഞ്ഞുങ്ങളെ  തേടിയെത്തുന്ന ക്രിസ്മസ് അപ്പൂപ്പന്‍ ശരിക്കും ജീവിച്ചിരുന്നോ? ജീവിച്ചിരുന്നു എന്ന ഉത്തരത്തിലേക്കെത്തുകയാണ് ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകര്‍. വിശുദ്ധ നിക്കോളാസാണ് ക്രിസ്മസ് അപ്പൂപ്പനെന്ന  സങ്കല്പത്തിന് പ്രചോദനം. 

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇടുപ്പെല്ലിനെ ശാസ്ത്രീയമായി വിലയിരുത്തിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലേക്കടുക്കുന്നത്. നാലാംനൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. നിക്കോളാസിന്റെ അസ്ഥിയാണിതെന്ന് കരുതുന്നുവെന്ന് ഓക്സ്ഫഡ് റെലിക്സ് സെന്ററിന്റെ ഡയറക്ടര്‍മാരിലൊരാളായ ടോം ഹിഘാം പറയുന്നു.

അസ്ഥികളുടെ  പഴക്കം, ഘടന എന്നിവ പരിശോധിക്കുന്പോള്‍ അത് എ.ഡി. 343-ല്‍ മരിച്ച നിക്കോളാസിന്റെ ഭൗതികാവശിഷ്ടമാകാനുള്ള  സാധ്യതയേറെയാണെന്നാണ് ഇദ്ദേഹം പറയുന്നത്.

യു.എസിലെ ഇലിനോയിലെ പുരോഹിതനായ ഡെന്നിസ് ഒ. നീല്‍ സൂക്ഷിച്ചിരുന്ന  അസ്ഥിയാണ് ഗവേഷകര്‍  പഠനവിധേയമാക്കിയത്. നിക്കോളാസ്  ജീവിച്ചിരുന്നെന്നുകരുതുന്ന ഇന്നത്തെ തുര്‍ക്കിയില്‍നിന്നുകിട്ടിയ  അസ്ഥികളിലൊന്നാണിത്. നിക്കോളാസിന്റേതെന്ന് കരുതുന്ന ഭൗതികാവശിഷ്ടങ്ങള്‍ ഇറ്റാലിയന്‍ നഗരങ്ങളായ ബാരി, വെനീസ് എന്നിവിടങ്ങളിലുമുണ്ട്.

പതിനാറാംനൂറ്റാണ്ടിലാണ് ക്രിസ്മസ് അപ്പൂപ്പന്‍ എന്ന സങ്കല്പം പ്രചാരം നേടിയത്. വി. നിക്കൊളാസിനെക്കുറിച്ചുള്ള കഥകളും വ്യാപകമായത് അക്കാലത്താണ്.