ന്ന് കടകളിലും വീടുകളിലുമൊക്കെ മനുഷ്യരേക്കാളും ഉയരത്തിലുള്ള ക്രിസ്മസ്  ട്രീകള്‍ പ്രകാശം പരത്തിനില്‍ക്കുന്നതു കാണുമ്പോള്‍ ഓര്‍മകള്‍  പിന്നോട്ടടിക്കും. വൈദ്യുതിയില്ലാത്ത കാലത്ത് മൂലയില്‍ വീട്ടില്‍ ഞങ്ങളൊരുക്കിയ ട്രീ കത്തിപ്പോയതിന്റെ ഓര്‍മകള്‍ ചിരിയും സങ്കടവുമൊക്കെച്ചേര്‍ന്ന് കടന്നു വരും. ഞങ്ങളുടെ പരാജയപ്പെട്ട പരീക്ഷണം കൂടിയായി അക്കൊല്ലത്തെ ട്രീ .

പനയോലകൊണ്ടുണ്ടാക്കുന്ന പുല്‍ക്കൂടിനോട് ചേര്‍ന്നു തന്നെയാണ് സാധാരണ ക്രിസ്മസ് ട്രീയും ഉണ്ടാക്കുക. ക്രിസ്മസ് ട്രീയെന്നു പറഞ്ഞാല്‍ വലിയൊരു പനയോല. ഇതില്‍ വിലകുറഞ്ഞ വര്‍ണപേപ്പറുകളും (നക്ഷത്രമുണ്ടാക്കാനെടുത്തതിന്റെ ബാക്കി വരുന്ന കടലാസുകളായിരിക്കും കൂടുതല്‍) നാലോ അഞ്ചോ ബലൂണുകളും തലേവര്‍ഷം കിട്ടിയ കുറച്ച് ക്രിസ്മസ് കാര്‍ഡുകളും തൂക്കിയാല്‍ ഞങ്ങളുടെ ട്രീയായി. 

പകല്‍ വെളിച്ചത്തില്‍ മാത്രമേ ഞങ്ങളുടെ ട്രീയ്ക്ക് കാണാന്‍ ഒരു ലുക്ക് വരൂ. മിക്കവാറും ഡിസംബര്‍ 24-ന് വൈകുന്നേരമാകുമ്പോഴേ ട്രീ ഉണ്ടാക്കുകയുള്ളു. നേരത്തെ ഉണ്ടാക്കിയാല്‍ വെയിലടിച്ച് പനയോല വാടി ട്രീ വല്ലാത്തൊരു കോലത്തിലാകും. അതിനാല്‍ ക്രിസ്മസ് തലേന്ന് നാലുമണിയോടെയേ ട്രീ ഉണ്ടാക്കുവാനുള്ള ഒരുക്കങ്ങള്‍ തുടങ്ങൂ.

നല്ല സുന്ദരന്‍ പനയോല വെട്ടി പുല്‍ക്കൂടിന്റെ  ഒരു വശത്തോട് ചേര്‍ന്ന് കെട്ടിവയ്ക്കും. പിണിക്കയറുകൊണ്ട് രണ്ടോ മൂന്നോ കെട്ടുകാണും. ട്രീയൊന്ന് സ്റ്റൈലില്‍ തലയുയര്‍ത്തി നില്‍ക്കേണ്ടേ. അതിനു ശേഷമാണ് വര്‍ണക്കടലാസുകളും ബലൂണുകളും മറ്റ്  അലങ്കാരങ്ങളും തൂക്കുക.
ബലൂണും പടക്കവുമൊക്കെ  വാങ്ങാന്‍ പൈസയുണ്ടാക്കുന്നത് വീട്ടിലെ കുരുമുളക് പറിക്കാന്‍ സഹായിച്ചാണ്. കുരുമുളക് പറിക്കുന്നത് അയല്‍ പക്കത്തുള്ള വലിയ ചേട്ടന്‍മാരാണ്. അവര്‍ക്കും ക്രിസ്മസിന് ഉള്ള വട്ടച്ചിലവിന് കാശുണ്ടാക്കാനുള്ള എളുപ്പ മാര്‍ഗമാണ് കുരുമുളക് പറിച്ചു നല്‍കുകയെന്നത്.

അരയില്‍ ഒരു ചാക്ക് കെട്ടി , മുളയേണിയില്‍ കയറി നിന്നാണ് കുരുമുളക് പറിക്കുന്നത്. കുരുമുളക് പറിച്ച് ചാക്കില്‍ ഇടുന്നതിനിടയില്‍ ചിലതൊക്കെ താഴെ വീഴും . ഇത് പെറുക്കിയെടുക്കുകയാണ് ഞങ്ങള്‍ കുട്ടികളുടെ ജോലി. രണ്ട് ദിവസം കൊണ്ട് മുളക് പറിക്കുന്നത് കഴിയും. അതു കഴിയുമ്പോള്‍ ഒരു രൂപയൊക്കെ (എണ്‍പതുകളുടെ ആദ്യ പാദത്തില്‍ അത് ഒരു വലിയ തുകയാണ്) ഞങ്ങള്‍ക്കും അപ്പാപ്പന്‍ തരും.

മിക്കവാറും ഡിസംബര്‍ ആദ്യ ആഴ്ചയിലായിരിക്കും മുളകുപറിക്കുന്നത്. ശനിയും ഞായറുമായി മുളകുപറിച്ചു കഴിയുമ്പോള്‍ ബലൂണിനും ഏറുപടക്കത്തിനുമൊക്കെയുള്ള പൈസ കയ്യില്‍ വരും.  ഇതുപയോഗിച്ച് ക്രിസ്മസ് അവധി തുടങ്ങുമ്പോള്‍ തന്നെ ബലൂണൊക്കെ വാങ്ങി വയ്ക്കും.

 രാത്രിയില്‍ ക്രിസ്മസ് ട്രീ  ആര്‍ക്കും കാണാന്‍ പറ്റില്ലെന്നതായിരുന്നു അക്കാലത്തെ സങ്കടം. പ്രകാശം പൊഴിച്ചു നില്‍ക്കുന്ന ട്രീകള്‍ ക്രിസ്മസ് കാര്‍ഡില്‍ മാത്രമേ കണ്ടിട്ടുള്ളു. ആകെയുള്ള നക്ഷത്രം മരക്കൊമ്പിലായിരിക്കും. പുല്‍ക്കൂട്ടിലും രാത്രി പവര്‍ക്കട്ടാണ്. ഞങ്ങളുടെ ട്രീകള്‍ രാത്രിയില്‍ അനാഥരായി ഇങ്ങനെ നില്‍ക്കും. ട്രീ കാണണമെങ്കില്‍ വെളിച്ചം വേണ്ടേ? 

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സംഭവം. മാടപ്പള്ളി വീട്ടില്‍ നിന്നാണ് പഠനമെങ്കിലും ക്രിസ്മസ് പരീക്ഷ കഴിഞ്ഞ അന്നു തന്നെ അമ്മയുടെ വീട്ടിലേക്ക് വച്ചടിച്ചു. ജോയിക്കുട്ടിയങ്കിള്‍ ഇല്ലാത്തതിനാല്‍ പുല്‍ക്കൂടും ട്രീയുമൊക്കെ ഞങ്ങളുടെ വകുപ്പിലാണ്. നക്ഷത്രം വലിയപറമ്പിലെ അച്ചന്‍ തരും. 
ചേട്ടനും ഞാനും കസിന്‍മാരായ ഷിബുവും സന്തോഷുമെല്ലാം ചേര്‍ന്ന ഉത്സാഹക്കമ്മറ്റി പുല്‍ക്കൂടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇക്കൊല്ലം നമ്മള്‍ക്ക് ട്രീക്ക് പനയോല വേണ്ട. മുറ്റത്തെ ചെറിയ മാവിന്റെ കൊമ്പുകള്‍ ട്രീയാക്കാം. നാലുപേരുംകൂടെ തീരുമാനമെടുത്തു. കരണ്ടില്ലാത്തതൊന്നും പ്രശ്നമില്ല. രാത്രിയില്‍ നമ്മുടെ ട്രീ നല്ല പ്രകാശത്തോടെ തന്നെ നിര്‍ത്തണം. അതിനുളള വഴിയൊക്കെയുണ്ട്. 

ചിരട്ടകളില്‍  മണ്ണ് നിറച്ചശേഷം ചുറ്റും കുറച്ച് കൂടി ഉയരത്തില്‍  വര്‍ണക്കടലാസ് കൊണ്ട് പൊതിഞ്ഞശേഷം ഇവയെ ക്രിസ്മസ് ട്രീയുടെ കൊമ്പുകളില്‍  തൂക്കിയിടും. ഇതിനു ശേഷം ചിരട്ടയിലെ മണ്ണില്‍ മെഴുകുതിരി കുത്തി നിറുത്തും. പലവര്‍ണങ്ങളിലുള്ള കടലാസ് കൊണ്ട് പൊതിഞ്ഞ ചിരട്ടകളില്‍ മെഴുകുതിരി കത്തിക്കുമ്പോള്‍ ഇന്നത്തെ അലങ്കാര ബള്‍ബുകളെ തോല്‍പ്പിക്കുന്ന വിധത്തില്‍ അവ തിളങ്ങി നില്‍ക്കും. പല വീടുകളിലും കണ്ടിട്ടുള്ള ഈ പരീക്ഷണം ഇക്കുറി നടപ്പിലാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ക്രിസ്മസ് തലേന്ന് ഉച്ചയ്ക്കു തന്നെ പൂല്‍ക്കൂടിന്റെ പണിയൊക്കെ തീര്‍ത്തു.

ഊണ് കഴിഞ്ഞ് ട്രീ ഒരുക്കാനുള്ള തയ്യാറെടുപ്പായി. മാവിന് ഒരാള്‍ പൊക്കമേയുള്ളൂ. വര്‍ണക്കടലാസുകളും ബലൂണുകളും ക്രിസ്മസ് കാര്‍ഡുകളുമൊക്കെ നാലുമണിയായപ്പോള്‍ തന്നെ മാവിന്‍കൊമ്പുകളില്‍ സ്ഥാനം  പിടിച്ചു. ഇരുട്ടു വീഴുന്നതിന് മുമ്പ് കളര്‍ചിരട്ടകളും തൂക്കി. ഈറ്റകൊണ്ടുള്ള  ഒരു നക്ഷത്രവും മാവിന്‍ കൊമ്പില്‍ സ്ഥാനം പിടിച്ചു.

കിളിഞ്ഞില്‍ മരത്തില്‍ തൂക്കിയ  വലിയ നക്ഷ്ത്രത്തില്‍ വിളക്ക് വയ്ക്കുകയാണ് ആദ്യ പടി. അതിന് ശേഷം പതുക്കെ ട്രീയിലെ നക്ഷത്രത്തില്‍ മെഴുകുതിരി കത്തിച്ചു വ്ച്ചു (ഈറ്റകൊണ്ടുള്ള നക്ഷത്രത്തില്‍ വിളക്കോ തിരിയോ കൊളുത്താന്‍ ചെറിയ ഒരു പടിപോലെ കാണും). പി്ന്നാലെ ചിരട്ടകളിലെ തിരികളും കത്തിച്ചു. ഞങ്ങളുടെ മാവ് മനോഹരമായ ഒരു ക്രിസ്മസ് ട്രീയായി പ്രകാശം പൊഴിച്ച് നില്‍ക്കുന്നു. അത്രയും സുന്ദരമായ ഒരു ക്രിസ്മസ് ട്രീ കാഴ്ച ഇന്നുള്ള റെഡിമെയ്ഡ് ട്രീകള്‍ക്ക് നല്‍കാനായിട്ടില്ല. ആന്റിമാരും അപ്പാപ്പനുമൊക്കെ ഞങ്ങളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി.

ക്രിസ്മസ് ട്രീ ഒരു സംഭവമായി മാറിയതിന്റെ സന്തോഷത്തില്‍, ഞങ്ങള്‍ അത്താഴം കഴിക്കാനായി പോയി. ഭക്ഷണം കഴിച്ച് പകുതിയായപ്പോഴാണ് പച്ച ഇലകള്‍ കരിയുന്നതിന്റെ ശബ്ദവും പുകയുടെ മണവും. എന്താ പറ്റിയത്. ഞങ്ങള്‍ ഊണുമുറിയും തിണ്ണയും കടന്ന് മുറ്റത്തേക്കിറങ്ങി നോക്കി. അവിടെ ഞങ്ങളുടെ ക്രിസ്മസ് ട്രീ നിന്ന് കത്തുകയാണ്. നക്ഷത്രം ഏതാണ്ട് കത്തിക്കഴിഞ്ഞു. മാവിന്റെ രണ്ട് മൂന്ന് ശിഖരങ്ങളില്‍ തീയുണ്ട്.

നക്ഷ്ത്രത്തിനുള്ളില്‍ വച്ച മെഴുകു തിരി മറിഞ്ഞ് തീപ്പിടിച്ചതാണ്. ട്രീയിലെ തീ കെടുത്താനുള്ള വെള്ളമെടുക്കാനുള്ള ഓട്ടമായി  അടുത്തത്. കിണറ് മുറ്റത്തിനും താഴെയാണ് . അപ്പാപ്പന്‍ കുടവുമെടുത്ത് കിണറ്റിന്‍കരയിലേക്ക് ഓടി. ആന്റിമാര്‍ വെള്ളത്തിനായി അടുക്കളയിലേക്കും. ഞങ്ങള്‍ കുട്ടികള്‍ മുറ്റത്തെ മണല് വാരി ട്രീയിലേക്ക് എറിയുന്നുണ്ട്. ഒടുവില്‍ തീ കെട്ടപ്പോഴേക്കു ഞങ്ങളുടെ ക്രിസ്മസ് ട്രീ (അപ്പാപ്പന്റെ മാവ് ) തിരിച്ചുവരവില്ലാത്ത വിധം കരിഞ്ഞു പോയിരുന്നു...

 ആദ്യ ഭാഗം: 'അങ്ങനെ ഒരു കരോള്‍ കാലത്ത്'  വായിക്കാം

  രണ്ടാം ഭാഗം- 'ഈന്തോലകളില്‍ വീണ കണ്ണീര്‍ പൂക്കള്‍' വായിക്കാം

 മൂന്നാം ഭാഗം: അച്ചനൊരുക്കിയ നക്ഷത്ര തിളക്കങ്ങള്‍  വായിക്കാം 

 നാലാം ഭാഗം അസുഖക്കാരന്‍ കുട്ടിയുടെ ആദ്യത്തെ ക്രിസ്മസ്......

 

in the memory of christmas tree  christmas tree christmas 2017