ന്ത ഋതുവിന്റെ മൂര്‍ധന്യത്തില്‍, ഒരു ക്രിസ്മസ് കാലത്ത്, ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയിലെ വാന്‍താ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നേരം സന്ധ്യ. പക്ഷേ, പുറത്തിറങ്ങിയപ്പോള്‍ നട്ടപ്പാതിരയുടെ പ്രതീതി. ഉത്തരാര്‍ധഗോളത്തില്‍, അതും ഉത്തരധ്രുവത്തിനടുത്ത്, സൂര്യന്റെ ദക്ഷിണായനകാല യാത്രയില്‍ പകലും പകല്‍വെളിച്ചവുമൊക്കെ തികച്ചും പരിമിതമായി മാത്രം. മലയാളിയുടെ സ്വന്തം വിശ്വസഞ്ചാരിയായ എസ്.കെ. പൊറ്റെക്കാട്ട്, ആറുപതിറ്റാണ്ട് മുന്‍പ് യാത്രചെയ്ത് എഴുതിയ 'പാതിരാസൂര്യന്റെ നാട്ടില്‍' എന്ന ഫിന്‍ലന്‍ഡ് യാത്രാവിവരണം വായിച്ച നിറംമങ്ങാത്ത ഓര്‍മകളും പേറിയാണ് എന്റെ ഈ സഞ്ചാരം.

santa claus
റെയിന്‍ ഡീര്‍ സവാരി

യഥാര്‍ഥത്തില്‍ പാതിരാസൂര്യന്റെ നാട് എന്ന് വിളിക്കുന്നത് നോര്‍വേയെ ആണ്. വേനല്‍കാലത്ത് 24 മണിക്കൂറും സൂര്യന്റെ സാന്നിധ്യമുള്ള മറ്റു നോര്‍ഡിക് രാജ്യങ്ങളായ സ്വീഡനും ഫിന്‍ലന്‍ഡും ഒക്കെ തത്ത്വത്തില്‍ പാതിരാസൂര്യന്റെ നാടുകള്‍തന്നെ. എന്നാല്‍ ഗ്രീഷ്മം കഴിഞ്ഞ് ശിശിരത്തില്‍ എത്തുമ്പോള്‍ നേരെ വിപരീതമാകും സ്ഥിതി. അപ്പോള്‍ പോളാര്‍ നൈറ്റ് ആണ്. ധ്രുവരാത്രികള്‍. ദിവസങ്ങള്‍ക്ക് സൂര്യന്റെയും പകലിന്റെയും സാന്നിധ്യമേയില്ല. നമ്മുടെ ഭൂഗോളത്തിന്റെ വടക്കേയറ്റത്ത്, മനുഷ്യവാസമുള്ള അവസാനത്തെ രാജ്യമാണ് ഫിന്‍ലന്‍ഡ്. നീളത്തില്‍ കിടക്കുന്ന ഈ രാജ്യത്തിന്റെ വടക്കുഭാഗത്തെ മൂന്നിലൊന്ന് ഉത്തരധ്രുവത്തിനകത്താണ്. 

സുഹൃത്തായ ഫിന്‍ലന്‍ഡിലെ സാന്ദീപുമായുള്ള പതിവു വെടിവട്ടത്തില്‍ എപ്പോഴോ സ്‌കാന്‍ഡിനേവിയയുടെ വടക്കുഭാഗത്ത് നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലാപ് ലാന്‍ഡും അവിടത്തെ സാന്താക്ലോസും റെയിന്‍ഡീറും ഒക്കെ പരാമര്‍ശവിധേയമായി. കൂട്ടത്തില്‍ നോര്‍തേണ്‍ ലൈറ്റ്സ് അഥവാ ഔറോറ ബോറിയാലിസ് എന്ന പ്രതിഭാസത്തെക്കുറിച്ചും ലാപ് ലാന്‍ഡിലെ മണ്ണിന്റെ മക്കളായ സാമികളെക്കുറിച്ചും ഒക്കെ സാന്ദീപ് വാചാലനായി. പോരാത്തതിന്, ഫിന്‍ലന്‍ഡില്‍ വരാന്‍, കാണാന്‍, അസ്വദിക്കാന്‍ ഏറ്റവും മനോഹരമായ സമയം മഞ്ഞുകാലമാണെന്നും കൂട്ടിച്ചേര്‍ത്തു. എന്റെ മനസ്സില്‍ ചാരംമൂടിക്കിടന്ന ഒരു പിടി കനല്‍ ആളിക്കത്തിച്ചിട്ടാണ് അന്ന് ആ രാവില്‍ സംഭാഷണം അവസാനിച്ചത്. സാന്ദീപ് വെച്ച വാരിക്കുഴിയില്‍ കൃത്യമായി ഞാന്‍ വീണു. 

santa claus
 റെയിന്‍ഡീര്‍

സാന്ദീപ് പറഞ്ഞിരുന്നു, ഫിന്‍ലന്‍ഡില്‍ മഞ്ഞുകാലം തുടങ്ങിയെന്ന്. മഞ്ഞുവീഴ്ച കലശലാണ്. ലാപ് ലാന്‍ഡില്‍ ഇപ്പോള്‍തന്നെ കാലാവസ്ഥ പൂജ്യത്തിനുതാഴെ 20 ഡിഗ്രിയാണ്. മാത്രവുമല്ല, പകല്‍ തീരെ കുറവുമാണ്. രാവിലെ 10-നും 11-നും ഒക്കെ ഉദിക്കുന്ന സൂര്യന്‍ ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഒക്കെ അസ്തമിക്കുകയും ചെയ്യും. ബാക്കിസമയമൊക്കെ വെളിച്ചമില്ലാത്ത അവസ്ഥയാണ്. അതായത് ഇരുട്ട്, ഇരുട്ടു മാത്രം.

കാമോസ് എന്ന് ഫിന്നിഷ് ഭാഷയില്‍ പറയുന്ന ആര്‍ട്ടിക് രാവുകളിലെ ഇരുട്ട്, നമുക്ക് അറിയാവുന്ന ഇരുട്ടില്‍നിന്നും തികച്ചും വിഭിന്നമാണ്. ആകാശനീലിമയില്‍ വെളിച്ചത്തിന്റെ ഛവി എപ്പോഴും തങ്ങിനില്‍ക്കും. നമ്മുടെ നാട്ടിന്‍പുറത്തെ രാവുകളിലെ നാട്ടുവെളിച്ചത്തിന്റെ ചാരുതയില്‍. ഭൂമിയിലാകട്ടെ, പരവതാനി വിരിച്ചതുപോലെയുള്ള ഹിമധവളിമയുടെ പ്രതിഫലനം നേര്‍ത്തൊരു വെളിച്ചമായി പരന്നൊഴുകി പരക്കും. ഇതു രണ്ടും കൂടിക്കലര്‍ന്ന് മാന്ത്രികശോഭ വിരിയിക്കുന്നതാണ് മഞ്ഞുകാല രാവുകളിലെ വെളിച്ചം. 

 

 

മാതൃഭൂമിയാത്ര 2017 ഡിസംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചത് പൂര്‍ണ ഭാഗം വായിക്കാന്‍യാത്ര വാങ്ങിക്കാം

finland Travelogue christmas 2017 santa claus