ന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫിന് ക്രിസ്മസ്‌ എന്നാൽ പണ്ടുതൊട്ടേ സന്തോഷത്തിന്റെകൂടി കാലമാണ്. 19 വർഷങ്ങൾക്കു മുമ്പൊരു ക്രിസ്മസ് കാലത്താണ് ടോമിന് ആദ്യമായി ഇന്ത്യൻ ജഴ്സിയണിയാൻ അവസരം കിട്ടുന്നത്. ഇന്ത്യയുടെ ജൂനിയർ  ടീമംഗമായി അങ്ങനെ അന്താരാഷ്ട്ര തലത്തിൽ കളിതുടങ്ങി. തൊട്ടടുത്ത വർഷവും ഡിസംബറിൽത്തന്നെയാണ് അടുത്ത ഭാഗ്യം ടോം ജോസഫിനെ തേടിയെത്തിയത്‌. കൊച്ചിൻ പോർട്ടിനു വേണ്ടി ഗസ്റ്റ് പ്ലെയറായി കളിച്ചുകൊണ്ടിരുന്ന ഈ ആറടി ഏഴിഞ്ച് ഉയരക്കാരനെത്തേടി ഒരേസമയം  റെയിൽവേയും ബി.പി.സി.എല്ലും ജോലി വാഗ്ദാനവുമായെത്തി. ഡിസംബർ ഒന്നായിരുന്നു രണ്ടിടത്തും ജോലിയിൽ പ്രവേശിക്കേണ്ട തീയതി. ഏറെ ആലോചനകൾക്കൊടുവിൽ റെയിൽവേയിൽ ചേരാൻ ടോം തീരുമാനമെടുത്തു.

ഇതിനായി കൂട്ടുകാരനോടൊപ്പം കൊച്ചിയിൽനിന്ന്‌ അതിരാവിലെ തന്നെ കോഴിക്കോട്ടേക്ക്‌ പുറപ്പെടുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി വഴിയിലുണ്ടായ തടസ്സങ്ങൾ കണക്കുകൂട്ടലുകൾ തകിടംമറിച്ചു. കോഴിക്കോട്ടെത്തിയപ്പോഴേക്കും സമയം രണ്ടു കഴിഞ്ഞു. ഇനി അടുത്തദിവസമേ ജോലിയിൽ പ്രവേശിക്കാൻ കഴിയുകയുള്ളൂവെന്നായിരുന്നു റെയിൽവേ അധികൃതരുടെ നിലപാട്. തുടർന്ന് പിറ്റേന്ന് എത്താനുള്ള എളുപ്പത്തിന് ടോം തൊട്ടിൽപ്പാലത്തെ തറവാട്ടുവീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ അന്നുരാത്രി കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. കൊച്ചി ബി.പി.സി.എല്ലിൽ നിന്ന് സ്പോർട്സ് ഓഫീസറടങ്ങുന്ന സംഘം രാത്രി പത്തോടെ തൊട്ടിൽപ്പാലം പൂതംപാറയെന്ന കുഗ്രാമത്തിലേക്ക് ടോമിനെ തേടിയെത്തി. അന്ന് മികച്ച വോളിബോൾ ടീമുള്ള ബി.പി.സി.എല്ലിന്റെ ക്ഷണം ടോം ജോസഫെന്ന കളിക്കാരനെ സംബന്ധിച്ചിടത്തോളം നിരസിക്കാൻ കഴിയുന്നതായിരുന്നില്ല.

അന്നു രാത്രിതന്നെ ബി.പി.സി.എൽ. സംഘത്തിനൊപ്പം ടോം നാട്ടിലേക്കു തിരിക്കുകയും പിറ്റേന്ന് രാവിലെതന്നെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. കോർട്ടുകളിൽ ഇന്ത്യക്കായി ഇടിമുഴക്കം കണക്കെയുള്ള സ്മാഷുകൾ ഉതിർക്കുന്ന ഈ ‘മിന്നുംതാര’ത്തെ റെയിൽവേക്ക്‌ നഷ്ടമായതങ്ങനെയാണ്. ദേശീയ ജൂനിയർ ടീമിന്റെ പരിശീലകനായിരുന്ന ചന്ദർ സിങ്ങായിരുന്നു അക്കാലത്ത് ബി.പി.സി.എല്ലിന്റെ പ്രധാന കോച്ച്. പിന്നീട് കളിക്കളത്തിൽ തന്റെ നേട്ടങ്ങൾക്കെല്ലാം ഏറെ സഹായകരമായത് ബി.പി.സി.എല്ലിലെ ഈ പരിശീലന കാലഘട്ടമായിരുന്നുവെന്ന് ടോം ജോസഫ് ഇപ്പോഴുമോർക്കുന്നു.

ഈ വർഷത്തെ ക്രിസ്മസ് ടോമിന് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ദേശീയതാരമെന്ന നിലയിൽ കളിക്കളത്തിലിറങ്ങിയിട്ട് ഈ ഡിസംബറിൽ 20 വർഷങ്ങൾ പൂർത്തിയാക്കുന്നുവെന്നതാണ് അതിലൊന്ന്. ഈ 20 വർഷക്കാലത്തെ കളിത്തിരക്കിനിടെ കഴിഞ്ഞ രണ്ടുവർഷം മാത്രമേ കുടുംബത്തിനൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ ടോമിന് അവസരം കിട്ടിയിട്ടുള്ളൂ. അതാകട്ടെ പരിക്കിനെത്തുടർന്ന് ടീമിൽനിന്ന്‌ വിട്ടുനിൽക്കേണ്ടി വന്നതിനാലും. കഴിഞ്ഞ രണ്ടുവർഷവും ഇന്റർ ക്ലബ്ബ് ടൂർണമെൻറിനിടെയാണ് പരിക്ക് വില്ലനായെത്തിയത്.

ആദ്യവർഷം വലതുകാൽമുട്ടിലെ എല്ലിനായിരുന്നു പരിക്കെങ്കിൽ കഴിഞ്ഞവർഷമത് അതേ കാലിലെ ഞരമ്പുകൾക്കായി. പരിക്കിന്റെ വിഷമതകൾ കഴിഞ്ഞ രണ്ടുവർഷവും വീട്ടിലെ ക്രിസ്മസ് ആഘോഷങ്ങളുടെ പകിട്ട്‌ കുറയ്ക്കുകയും ചെയ്തു. എന്നാൽ ഇത്തവണത്തെ ക്രിസ്മസ്‌കാലത്ത് പരിക്കിൽനിന്ന്‌ പൂർണമായും മോചിതനായതിന്റെ സന്തോഷത്തിലാണ് ടോമും കുടുംബവും. ടോമിന്റെ അഭിപ്രായത്തിൽ കുടുംബവുമൊത്ത് ആഘോഷിക്കുന്ന ആദ്യത്തെ ക്രിസ്മസ് തന്നെയാണ് ഇത്തവണത്തേത്. തൊട്ടിൽപ്പാലം പൂതംപാറയിലെ തറവാട്ടുവീട്ടിലാണ് ഭാര്യ ജാനറ്റിനും മക്കൾ റിയയ്ക്കും സ്റ്റുവർട്ടിനും ജ്യുവലിനുമൊപ്പം ടോം ജോസഫിന്റെ ഇത്തവണത്തെ ക്രിസ്മസ്.