ങ്ങനാശ്ശേരി ഭാഗത്തുള്ള ക്രിസ്ത്യന്‍ വീടുകളില്‍ ക്രിസ്മസിന്റെ പ്രഭാത ഭക്ഷണത്തിലെ മുഖ്യ ഇനമാണ് കള്ളപ്പമെന്നറിയപ്പെടുന്ന  ഞങ്ങളുടെ പാലപ്പം. ഭക്ഷണത്തില്‍ പരിഷ്‌കാരങ്ങള്‍ ഒന്നും കടന്നു വന്നിട്ടില്ലാതിരുന്ന ഞങ്ങളുടെ കുട്ടിക്കാലത്തും വീടുകളില്‍ ഫുഡ്ഫെസ്റ്റിവല്‍ അരങ്ങേറുന്ന ഇന്നത്തെ ക്രിസ്മസ് ദിനങ്ങളിലും പാലപ്പം തന്നെ പ്രഭാത ഭക്ഷണത്തിലെ മുഖ്യ ഇനം. 

തലേദിവസം പച്ചരിയും തേങ്ങയും അരച്ച് മാവാക്കി ഇതില്‍ പുളിക്കാന്‍ പാകത്തില്‍ നല്ല തെങ്ങിന്‍ കള്ളും ചേര്‍ത്ത് വയ്ക്കും. ക്രിസ്മസിന് പാതിരാക്കുര്‍ബാ കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും വല്ല്യമ്മച്ചി ആദ്യ സെറ്റ് പാലപ്പം ചട്ടിയില്‍ നിന്ന് ഇറക്കികഴിയും. ചട്ടിയുടെ അടപ്പ് പൊക്കികഴിയുമ്പോള്‍  തന്നെ സുഖദമായ ഒരു വാസന വരും.  വല്ല്യമ്മച്ചി അപ്പക്കൊട്ടയിലേക്ക് (അന്ന് ചെറിയ ചൂരല്‍ കൊട്ടകളിലാണ് അപ്പവും ദോശയുമൊക്കെ ചുട്ട് ഇടുന്നത്) ഇടുന്ന അപ്പങ്ങള്‍ ചൂടുപോകാതെ തന്നെ തട്ടിയാണ് ക്രിസ്മസ് പുലര്‍ച്ചകള്‍ തുടങ്ങിയിരുന്നത്. 

അരികില്‍ ഫ്രില്ലുവച്ച്, മധ്യഭാഗം അല്‍പ്പം കനത്തിലിരുക്കുന്ന പാലപ്പം ക്രിസ്മസ് , പള്ളിപ്പെരുന്നാള്‍ തുടങ്ങിയ വിശേഷദിവസങ്ങളിലേ വീട്ടില്‍ ഉണ്ടാക്കാറുള്ളു. അല്ലെങ്കില്‍ പിന്നെ വല്ല ക്ല്ല്യാണങ്ങള്‍ക്ക് പോകുമ്പോഴാണ് വിശിഷ്ട വിഭമായ പാലപ്പം കിട്ടുന്നത്. 

അന്ന് കൂടി വന്നാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ കല്യാണങ്ങളായിരിക്കും ബന്ധുക്കളുടേതായി നടക്കുക. അതിനു തന്നെ ഞങ്ങള്‍ കുട്ടികളെ കൊണ്ടുപോകണമെന്നുമില്ല. അതിനാല്‍ ഓരോ ക്രിസ്മസും പാലപ്പം തിന്നാനുള്ള കൊതിയോടെയുള്ള കാത്തിരി്പ്പുകൂടിയായിരുന്നു. ക്രിസ്മസ് കേക്ക് എന്നൊക്കെ അന്ന് കേട്ടിട്ടുള്ളതല്ലാതെ കണ്ടിട്ടുകൂടിയില്ല. പട്ടണത്തിലെ ബേക്കറികളില്‍ കണ്ടേക്കാം. അന്ന് നാട്ടിന്‍ പുറങ്ങളില്‍ ബേക്കറികള്‍ അധികം തുടങ്ങിയിട്ടില്ല. കേക്കും പ്രചാരത്തിലായിരുന്നുമില്ല.

പാലപ്പത്തിനൊപ്പം കോമ്പിനേഷന്‍  നല്ല ഒന്നാം തരം പോത്തു കറിയാണ് . ക്രിസ്മസിനായി വലിയപറമ്പിലെ  അച്ചന്‍ മിനിമം രണ്ട് നല്ല സുന്ദരന്‍ പോത്തുകളെയെങ്കിലും കിഴക്കു നിന്നുള്ള ചന്തകളില്‍ നിന്നും എത്തിച്ചിരിക്കും. പൈലിക്കവലയിലെ വഴിവക്കില്‍ പോത്തുകളിങ്ങനെ പുല്ലൊക്കെ തിന്ന് നില്‍ക്കുന്നത് ഒരു കാഴ്ച തന്നെയായിരുന്നു. ക്രിസ്മസ് ദിനത്തില്‍ ബീഫ് കറിയും  ഉലര്‍ത്തിയതുമൊക്കെയായി ഇവന്‍മാര്‍ ഞങ്ങള്‍ക്ക് രുചിയുടെ ഉത്സവ മേളമൊരുക്കി. 

ഡിസംബര്‍ ഇരുപത്തിനാലിന് വെളുപ്പിനെ തന്നെ പോത്തുകളുടെ കശാപ്പ് നടന്നിരിക്കും. പതിനൊന്നു മണിയാകുമ്പോഴേക്കും രണ്ടും മൂന്നും കിലോ ഇറച്ചിയുമായി നാട്ടുകാരൊക്കെ അവരവരുടെ വീട്ടിലെത്തിയിരിക്കും. നോയമ്പുള്ളവര്‍ പിറ്റേന്ന് രാവിലെ വരെ കാത്തിരിക്കും. നോയമ്പൊന്നും  ഇല്ലാത്തവരുടെ വീടുകളില്‍ അന്ന്  ഉച്ചയ്ക്ക് തന്നെ പോത്തുകറി തയ്യാറായിരിക്കും.

രാവിലെ പാലപ്പവും ബീഫ് കറിയും . ചിലപ്പോള്‍ രണ്ടാം പലഹാരമായി വട്ടയപ്പം കാണും.  
 ഉ്ച്ചയ്ക്ക് ചോറിനൊപ്പം ബീഫ് ഉലര്‍ത്തിയതും രാവിലത്തെ ബീഫ് കറിയും. ഇന്നത്തെപ്പോലെ ബ്രോയിലര്‍ കോഴികളൊന്നും ഇല്ലാതിരുന്നതിനാല്‍ ചിക്കന്‍ കറിയൊക്കെ സാധാരണക്കാരുടെ വീടുകളില്‍ അപൂര്‍വമാണ്. മിക്കയിടത്തും ക്രിസ്മസ് കഴിഞ്ഞ ജനുവരി മാസത്തിലാണ് ഇടവകപ്പള്ളി പെരുന്നാളുകള്‍. വീട്ടില്‍ വളര്‍ത്തുന്ന കോഴിയെ പെരുന്നാളിനായി മാറ്റിനിറുത്തിയിരിക്കും. അതിനാല്‍ അന്നത്തെ ക്രിസ്മസിന്റെ ആഡംബരം പോത്തിറച്ചിയിലും പാലപ്പത്തിലും അവസാനിക്കും. 

ഇറച്ചിയുടെ കാര്യം അച്ചന്റെ പോത്തുകള്‍ പരിഹരിച്ചു കഴിഞ്ഞാല്‍ അടുത്ത പ്രശ്നം പാലപ്പമുണ്ടാക്കാനുള്ള കള്ള് സംഘടിപ്പിക്കുകയാണ്. അതിന് കള്ളു ഷാ്പ്പുകള്‍ തന്നെയാണ് ശരണം. മാടത്താനിക്കപ്പുറം വട്ടോലിയില്‍ ആണ് അന്ന് ഷാപ്പുള്ളതെന്നാണോര്‍മ. കള്ളു വാങ്ങിക്കൊണ്ടു വരേണ്ട ദൗത്യം പതിവുപോലെ ചേട്ടനും എനിക്കുമാണ്. ഒരു ക്രിസ്മസ് തലേന്ന്  കള്ളുവാങ്ങിക്കാന്‍ 
രൂപയും കുപ്പിയും തന്ന് വല്ല്യമ്മച്ചി ഞങ്ങളെ യാത്രയാക്കി. ' എടാ സൂക്ഷിച്ചു വരണേ...അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടന്ന് കുപ്പി പൊട്ടിച്ചേക്കല്ലേ ...' വല്ല്യമ്മച്ചി നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞങ്ങളെ യാത്രയാക്കി.

രൂപ ചേട്ടന്റെ കയ്യില്‍ ...എന്റെ  ഒരു കയ്യില്‍ കുപ്പി... മറു കയ്യില്‍ നിക്കര്‍. ബട്ടന്‍സ് പൊട്ടിയതിനാല്‍ നിക്കര്‍ ശരിക്ക് അരയില്‍ ഇരിക്കില്ല. അതിനാല്‍ ഒരുകൈത്താങ്ങ് വേണം... (അക്കാലത്തെ മിക്ക ആണ്‍കുട്ടികളുടെയും അവസ്ഥ ഇതു തന്നെയായിരുന്നു).

ചേട്ടന്‍ ഗമയില്‍ മുമ്പില്‍ വിട്ടടിക്കുന്നുണ്ട്. പിന്നാലെ വിശ്വസ്തനായ അനുയായിയെപ്പോലെ ഞാനും. 
അല്‍പ്പസ്വല്‍പ്പം വില്ലത്തരങ്ങളും കുസൃതികളുമൊക്കെ കയ്യിലുള്ള ആളാണ് ചേട്ടന്‍. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഡിറ്റക്ടീവ് നോവലൊക്കെ വാങ്ങി വായിച്ചു തുടങ്ങി. വീട്ടില്‍ നിന്നും ചില്ലറപ്പൈസ അടിച്ചുമാറ്റി മാടക്കടകളില്‍ നിന്നും മിഠായിയുമൊക്കെ വാങ്ങി ഞങ്ങള്‍ക്ക് തരും. ഒരു ചോട്ടാ നേതാവെന്നു പറയാം.

അക്കാലത്ത് അപ്പമുണ്ടാക്കാനായി കള്ളുവാങ്ങാന്‍ കുട്ടികളെ ഷാപ്പില്‍ വിടുന്നത് പതിവാണ്. വട്ടോലി ഷാപ്പിലെത്തി കള്ളുംവാങ്ങി  തിരിച്ചു നടക്കുമ്പോഴാണ് ചേട്ടന്‍ പറഞ്ഞത്. 'എടാ നമ്മള്‍ക്ക് തിരികെ കുറുക്കുവഴി പോയാ മതി . ആ റബര്‍ തോട്ടം കേറി എളുപ്പവഴിയേ തിരിച്ചു പോകാം.' ചേട്ടന്‍ പറഞ്ഞാല്‍ പിന്നെ എതിരൊന്നുമില്ല. അനുയായി പുറകെ നടന്നു.

കുറച്ചു കഴിഞ്ഞപ്പോഴാണ് എളുപ്പ വഴിയില്‍ ക്രിയചെയ്തതിന്റെ കാര്യം പിടികിട്ടിയത്. നടത്തം നിര്‍ത്തി ഒരു റബ്ബര്‍ മരത്തില്‍ ചാരി നിന്ന് പുള്ളി കള്ളു കുപ്പിയില്‍ നിന്ന് രണ്ട് കവിള്‍ അകത്താക്കി. ഇപ്പോഴത്തെ ബിയര്‍ കുപ്പിപോലുള്ളൊരു കുപ്പിയിലാണ് കള്ള് . എനിക്ക് പേടിയായി . അമ്മച്ചിയുടെ അടി ഉറപ്പാണ്. അപ്പോളാണ് ചേട്ടന്റെ അടുത്ത നീക്കം. എടാ നീയും ഒരു കവിള്‍ കുടിച്ചോ ... പ്രലോഭനത്തെ  അതിജീവിക്കാന്‍ എനിക്കും കഴിഞ്ഞില്ല. ഒരു കവിള്‍ ഞാനും അകത്താക്കി. അപ്പോഴേക്കും കള്ളുകുപ്പിയുടെ കാല്‍ഭാഗത്തോളം തീര്‍ന്നു. 

 ഇനി എന്നാ ചെയ്യും. അമ്മച്ചിയുടെ അടി രണ്ടുപേര്‍ക്കും ഉറപ്പാണ്. പ്രലോഭനത്തില്‍ വീഴാതിരുന്നെങ്കില്‍ എനിക്ക് അടിയില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. 

അതിനും ചേട്ടന് പ്രതിവിധിയുണ്ട്. ' നീ വാടാ..എന്നെയും വിളിച്ച് ചേട്ടന്‍ നടന്നു. റബര്‍ത്തോട്ടത്തിന്റെ അപ്പുറത്തെ വീട്ടുകാരുടെ കിണര്‍ അല്‍പ്പം മാറിയുണ്ട്. പതിയെ വെള്ളം കുടിക്കാനെന്ന ഭാവത്തില്‍ ചേട്ടന്‍ അങ്ങോട്ടു നടന്നു. കിണറ്റില്‍ നിന്നും തൊട്ടിയില്‍ വെള്ളം കോരിയെടുത്തു. കുറച്ചു കുടിച്ചു. അതു കഴിഞ്ഞ് പതുക്കെ കള്ളുകുപ്പിയെടുത്ത് കുപ്പി നറയും വരെ വെളളമൊഴിച്ചു.' എടാ അമ്മച്ചിയോട് പറഞ്ഞേക്കരുത്. പറഞ്ഞാല്‍ നിനക്കും കിട്ടും അടി...നീയും കള്ളു കുടിച്ചില്ലേ..'.

മിണ്ടാതെ ചേട്ടനു പുറകെ ഞാന്‍ നടന്നു. അമ്മച്ചിയുടെ മുഖത്ത് നോക്കാന്‍ ധൈര്യമില്ലതെ ഞാന്‍ പതുക്കെ പുല്‍ക്കൂടിന്റെ ഭാഗത്തേക്ക് നടന്നു. ചേട്ടന്‍ ഒരു ഭാവവ്യത്യാസവും കൂടാതെ കള്ളുകുപ്പി അമ്മച്ചിയെ ഏല്‍പ്പിച്ചു. അമ്മച്ചി കള്ളുമായി അകത്തേക്കു പോയി.

ക്രിസ്മസിന്റെ അന്ന് വെളുപ്പിനെ അപ്പമുണ്ടാക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രശ്നം. അപ്പമൊക്കെ ചട്ടിയില്‍ ഒട്ടിപ്പിടിക്കുന്നു. ' മാവ് ശരിക്ക് പുളിച്ചിട്ടില്ല. കള്ളിന്റെ കുഴപ്പമാണെന്നാ തോന്നുന്നത്.' ഒട്ടിപ്പിടിക്കുന്ന അപ്പങ്ങള്‍ പാലപ്പച്ചട്ടിയില്‍ നിന്ന് ഇളക്കിയെടുക്കുന്നതിനിടയില്‍ അമ്മച്ചി ആത്മഗതം പോലെ പറയുന്നുണ്ട്. ഉടന്‍ തന്നെ കുറച്ച് യീസ്റ്റ് , അമ്മച്ചി മാവില്‍ ചേര്‍ത്തു. ഏതായാലും രാവിലെ എട്ടര കഴിഞ്ഞതോടെ മാവ് ഒരു വിധം പുളിച്ചു. എന്നാലും അപ്പങ്ങള്‍ക്ക് പതിവുള്ള ഒരു രുചിയും ഗുണവുമുണ്ടായില്ല.
 കള്ളില്‍ വെള്ളം ചേര്‍ത്ത ഞങ്ങളുടെ വില്ലത്തരമാണ് ഇതിന് പിന്നിലെന്ന് ആരും അറിഞ്ഞില്ലെങ്കിലും  രുചിയുള്ള പാലപ്പം ഞങ്ങള്‍ക്ക് അക്കുറി ഞങ്ങള്‍ക്ക് നഷ്ടമായി.

 ആദ്യ ഭാഗം: 'അങ്ങനെ ഒരു കരോള്‍ കാലത്ത്'  വായിക്കാം

  രണ്ടാം ഭാഗം- 'ഈന്തോലകളില്‍ വീണ കണ്ണീര്‍ പൂക്കള്‍' വായിക്കാം

 മൂന്നാം ഭാഗം: അച്ചനൊരുക്കിയ നക്ഷത്ര തിളക്കങ്ങള്‍  വായിക്കാം 

 നാലാം ഭാഗം അസുഖക്കാരന്‍ കുട്ടിയുടെ ആദ്യത്തെ ക്രിസ്മസ്......

അഞ്ചാം ഭാഗം: കത്തിത്തീര്‍ന്ന ക്രിസ്മസ് ട്രീയുടെ ഓര്‍മയ്ക്ക് 

Content Higlight:Christmas memories  kallappavum alppam kalltharavum