ഇറ്റലിയുടെ തലസ്ഥാനമായ റോമിനകത്തെ ടൈബർ നദിക്കരയിൽ സ്ഥിതിചെയ്യുന്ന വത്തിക്കാൻ നഗരം ക്രിസ്മസ് ആഘോഷങ്ങൾക്കായി അണിഞ്ഞൊരുങ്ങിയിരിക്കയാണ്. സ്വന്തമായി തുറമുഖമോ വിമാനത്താവളമോ ഇല്ലാത്ത, വെറും 110 ഏക്കർമാത്രം വിസ്തീർണമുള്ള വത്തിക്കാന്റെ പരമോന്നത ഭരണാധികാരി മാർപാപ്പ പക്ഷേ, 130 കോടി അംഗസംഖ്യയുള്ള കത്തോലിക്കാ മതവിശ്വാസികളുടെ അധിപൻകൂടിയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമായ വത്തിക്കാനിലെ സെയ്‌ന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ് ക്രിസ്മസ് ആഘോഷത്തിന് ഏറ്റവുമധികം ആളുകൾ പങ്കാളികളാകുന്ന വേദി.

അതതുകാലത്തെ മാർപാപ്പയാണ് ചരിത്രമുറങ്ങുന്ന ഈ മഹാദേവാലയത്തിലെ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികനാകുക. 2013 മാർച്ച് 19-ന് സ്ഥാനോരോഹിതനായതുമുതൽ ഫ്രാൻസിസ് മാർപാപ്പയാണ് ഇവിടെ  ഈ തിരുകർമങ്ങൾ ചെയ്യുന്നത്.

വിവിധ ദേശങ്ങളിൽനിെന്നത്തിയവർ, വിവിധ ഭാഷകൾ സംസാരിക്കുന്നവർ, കറുത്തവരും വെളുത്തവരും വ്യത്യസ്ത വംശീയതകളുമൊക്കെ ഈ രാത്രിയിൽ ഇവിടെ ക്രിസ്തുജനനത്തിന്റെ വികാരവായ്പുകൾ പങ്കുവയ്ക്കുന്നു. ചടങ്ങുകൾക്കെല്ലാം സാക്ഷാൽ  മാർപാപ്പ നേതൃത്വംനൽകുന്നു. വത്തിക്കാന്റെ തെരുവീഥികൾ ദീപാലംകൃതമായിരിക്കുന്നത് ശാന്തമായ ടൈബർനദിയിൽ വർണപ്പൊട്ടുകളായി പ്രതിഫലിക്കുന്നു. റോമാനഗരത്തെയും വത്തിക്കാനെയും വേർതിരിക്കുന്ന നീർച്ചാലാണിത്. പാതയോരത്തെ കച്ചവടസ്ഥാപനങ്ങൾ അത്യാകർഷകമായി അലങ്കരിച്ചിരിക്കുന്നു. വർഷത്തിൽ ഒരിക്കലെത്തുന്ന ക്രിസ്മസ് കാലത്തെ വൻവിൽപ്പനയ്ക്കുവേണ്ടി കാത്തിരുന്നവർക്കും നിരാശപ്പെടേണ്ടിവരില്ല. 

നദീതീരത്തെ തെരുവിൽനിന്നാൽ പത്രോസിന്റെ നാമത്തിലുള്ള, പ്രകാശപൂരിതമായി നിൽക്കുന്ന ബൃഹത്തായ സെയ്‌ന്റ് പീേറ്റഴ്‌സ് ബസിലിക്ക കാണാം. ദേവാലയത്തിലേക്കുള്ള രാജപാത ‘ഡെല്ല കോസില്ലിയ സിയോണി’ പതിവില്ലാത്തവിധം വർണാഭമാണ്. ‘വയ ഡെല്ല കോർസൊ’ തെരുവിലെ പ്രസിദ്ധമായ ‘ഗലേറിയ ആൽബർട്ടോ സോർദി’ മാളിൽ ക്രിസ്മസ് തലേന്നുള്ള തിരക്കിൽ വീട്ടമ്മമാരുടെ ക്ഷമ കെടുന്നുണ്ട്. ‘വയ ഡി പോർട്ട  ആഞ്ചലിക്ക’ പ്രദേശത്തെ കടകളിൽ കഴിഞ്ഞ കൊല്ലങ്ങളെക്കാൾ കൂടുതൽ വിദേശവിനോദസഞ്ചാരികളുടെ തിരക്ക്. വത്തിക്കാനിലെ വലിയ പള്ളിയിലേക്ക്, സവിശേഷദിവസങ്ങളിൽ സന്ദർശകർ വാഹനത്തിൽ വരാറില്ല. കാരണം, എവിടെയും കാൽനടയായി എത്താവുന്ന ദൂരമേയുള്ളൂ.  പോപ്പിന്‌ സഞ്ചരിക്കാനുള്ള പോപ്പോമൊബയിൽ മാത്രമേ മനോഹരമായ വീഥികളിൽ ക്രിസ്മസിന്‌ പ്രത്യക്ഷപ്പെടൂ. 

സെയ്‌ന്റ് പീറ്റേഴ്‌സ് ചത്വരത്തിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്ന വർണദീപങ്ങൾകൊണ്ട് മോടിപിടിപ്പിച്ച ക്രിസ്മസ് ട്രീ ഇത്തവണ പോളണ്ടുകാരുടെ വകയാണ്. ഓരോ വർഷവും വ്യത്യസ്ത രാജ്യക്കാരാണ് ക്രിസ്മസ്ട്രീ കൊണ്ടുവരിക (1982-ൽ അന്നത്തെ മാർപാപ്പയായിരുന്ന പോളണ്ടുകാരൻ ജോൺ പോൾ രണ്ടാമനാണ് സെയ്‌ന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ ക്രിസ്മസ് ട്രീ സ്ഥാപിക്കുന്നതിന് തുടക്കമിട്ടത്. ആദ്യത്തെ ക്രിസ്മസ് മരം ഇറ്റലിക്കാരുടേതായിരുന്നു). വടക്കുകിഴക്കൻ പോളണ്ടിലെ കാട്ടിൽനിെന്നത്തിച്ച 28 മീറ്റർ ഉയരമുള്ള മരം ഡിസംബർ ഏഴിനാണ് പ്രത്യേക ചടങ്ങുകളോടെ ചത്വരത്തിൽ സ്ഥാപിച്ചത്. ഉണ്ണിയേശുവിന് മാമോദീസ നൽകിയ ജനുവരി ഏഴുവരെ ഇതുണ്ടാകും. ഇതോടെ കത്തോലിക്കരുടെ ഇക്കൊല്ലത്തെ ക്രിസ്മസ് കാലത്തിന് അന്ത്യമാകുന്നു. 

Vatican24-ന് രാത്രി 9.30-ന് അതായത്, ഇന്ത്യൻ സമയം 25-ന് വെളുപ്പിന് രണ്ടിന് സെയ്‌ന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസ്മസ് ചടങ്ങുകൾക്ക് തുടക്കമാവും. പ്രഥമ മാർപാപ്പയായി കത്തോലിക്കർ വിശ്വസിക്കുന്ന പത്രോസിന്റെ ദേവാലയം അക്ഷരാർഥത്തിൽ ഭക്തിസാന്ദ്രമാകും. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘം ഒരുക്കുന്ന സംഗീതം മനസ്സിനെയും ശരീരത്തെയും ഭക്തിലഹരിയിലാഴ്ത്തും. തിരുവസ്ത്രങ്ങളണിഞ്ഞ് മാർപാപ്പ അംശവടിയുമായി ദേവാലയത്തിന്റെ സങ്കീർത്തിയിൽ(പള്ളിച്ചമയമുറി)നിന്ന് ഇടതുവശത്തെ കവാടത്തിലൂടെ പ്രവേശിച്ച് അൾത്താര ലക്ഷ്യമാക്കി, പ്രദക്ഷിണവഴിയിലൂടെ കടന്നുവരുമ്പോൾ സഹകാർമികരായ ഒട്ടേറെ കർദിനാളന്മാരും മെത്രാന്മാരും പ്രധാന പുരോഹിതരും അദ്ദേഹത്തെ അനുധാവനം ചെയ്യും.

മാർപാപ്പയോടൊപ്പമെത്തിയ ‘ശുശ്രൂഷി’കളിൽ ഒരാൾ വായിക്കുന്ന ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ക്രിസ്തുജനനത്തിന്റെ പശ്ചാത്തലവും വംശാവലിചരിത്രവും പ്രവാചകരുടെ വചനങ്ങളുമെല്ലാം ഉൾപ്പെടുത്തി വളരെ ഹ്രസ്വമായ വിവരണങ്ങൾ അടങ്ങിയതാണ് പ്രഖ്യാപനം. ഇതിനുശേഷം അൾത്താരയുടെ മുന്നിലുള്ള ബൈബിൾപ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണംചെയ്യും. ഈ സമയം പള്ളിയിലെ കൂട്ടമണിമുഴക്കം തിരുപ്പിറവിയെ വിളിച്ചോതും. തുടർന്ന് ഉണ്ണിരൂപത്തെ കുന്തിരിക്കധൂമശുശ്രൂഷനടത്തി വണങ്ങിയശേഷം മാർപാപ്പ തിരികെവന്ന് അൾത്താരയ്ക്കുചുറ്റും ധൂമശുശ്രൂഷ ആവർത്തിക്കും.

അൾത്താരയുടെ വലതുവശത്തായി സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ മരപ്രതിമയുടെ മുഖഭാഗത്തുവന്ന് നിശ്ശബ്ദമായി പ്രാർഥിച്ച് വണങ്ങി തിരികെ ബലിയർപ്പണവേദിയായ അൾത്താരയ്ക്കുമുന്നിലെത്തുകയാണ് അടുത്തപടി. വൈകാതെ പാതിരാകുർബാന ആരംഭിക്കുകയായി. ചെയ്ത തെറ്റുകളും കുറ്റങ്ങളും എല്ലാവരും ഒരേസ്വരത്തിൽ ഏറ്റുപറഞ്ഞുകൊണ്ടാണ് തുടക്കം. മാർപാപ്പ ചൊല്ലുന്ന പ്രാർഥന വിശ്വാസിസമൂഹം ഏറ്റുചൊല്ലും. തുടർന്ന് തിരുപ്പിറവി ഗാനങ്ങൾ-പ്രശസ്തമായ സൈലന്റ് നൈറ്റ്, ഹോളിനൈറ്റ്  എന്ന ഗാനവും ഗ്ളോറിയാ എന്നുതുടങ്ങുന്ന പാട്ടും-വിശ്വാസി സമൂഹത്തിന്റെ ചുണ്ടുകളിൽ തത്തിക്കളിക്കും.

കുർബാനയോടനുബന്ധിച്ചുള്ള സുവിശേഷവായന ക്രിസ്തുജനനവുമായി ബന്ധപ്പെട്ട് വിവിധ സുവിശേഷരചയിതാക്കൾ എഴുതിയിട്ടുള്ള ഭാഗങ്ങളാണ്. വിവിധ ഭാഷകളിലാണ് ഒാരോ വായനയും. ചടങ്ങുകളുടെ പ്രധാന ഭാഷ ഇറ്റാലിയനാണെങ്കിലും ലത്തീൻ, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ വായനയും ഏറ്റുചൊല്ലലുകളും പ്രഖ്യാപനങ്ങളും നടത്താറുണ്ട്. കഴിഞ്ഞവർഷം മലയാളത്തെക്കൂടി ഇതിൽ ഉൾപ്പെടുത്തിയിരുന്നത് വാർത്തയായിരുന്നു.  

മാർപാപ്പ ബൈബിളിലെ തിരുപ്പിറവിഭാഗം തുറന്ന് നേരത്തേ ഉണ്ണിയേശുരൂപംവെച്ച  പീഠത്തിൽ, പ്രതിമയുടെ തലഭാഗത്തായി സ്ഥാപിക്കുന്നത് ഇപ്പോഴാണ്. തുടർന്ന് മാർപാപ്പയുടെ വചനസന്ദേശത്തിന്റെ ഊഴമായി. മിക്കവാറും എഴുതിത്തയ്യാറാക്കിയ പ്രസംഗമായിരിക്കും ഇത്.  ഇതോടെ ഗായകർ, ക്രിസ്മസ്ഗാനം ആലപിക്കാൻ തുടങ്ങും. അതിനായി സെയ്‌ന്റ് പീറ്റേഴ്‌സ് ദേവാലയത്തിലെ ഗായകസംഘത്തിനുപുറമേ ചുരുങ്ങിയത് 50 സംഗീതജ്ഞർ അടങ്ങിയ കാരൾ ഗായകസംഘം ചടങ്ങുകൾ നടക്കുന്ന വേദിക്ക്‌ അടുത്തുതന്നെയുണ്ടാകും.

പാതിരാകുർബാനയോടെ വിശുദ്ധനഗരം ക്രിസ്മസിന്റെ ആഘോഷത്തിമർപ്പിലേക്ക് വഴുതിവീഴുകയായി. എവിടെയും വെളിച്ചം വിതറുന്ന, വത്തിക്കാൻ പ്രകാശപൂരിതമായ കാഴ്ച വിശ്വാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ വിരുന്നൊരുക്കുന്നു. സംഗീതസാന്ദ്രമായ ഭൂമി. അത്യുന്നതങ്ങളിൽ ദൈവത്തിന്‌ സ്തോത്രവും ഭൂമിയിൽ സന്മനസ്സുള്ളവർക്ക്‌ സമാധാനവും പാടുന്ന ഗായകസംഘങ്ങൾ. ഗ്ലോറിയയുടെയും ശാന്തരാത്രിയുടെയും ഈരടികൾ മുഴങ്ങുന്ന അന്തരീക്ഷം. ഭക്തിയും ആഹ്ലാദവും കുളിരുകോരുന്ന പാതിരാവ്. 

ദിവ്യബലി തീരുന്നതോടെ അംശവടിയുമായി  മാർപാപ്പയും സംഘവും അൾത്താരയിൽനിന്ന്‌ തിരിച്ച്, നേരത്തേ ബൈബിൾപീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന ഉണ്ണിയേശുപ്രതിമ വണങ്ങി ചുംബിച്ചശേഷം, അത്‌ കൈയിലേന്തി ദേവാലയത്തിന്റെ പ്രധാനകവാടത്തിന്റെ പാർശ്വഭാഗത്ത് മനോഹരമായി അലങ്കരിച്ച പുൽക്കൂട്ടിൽ പ്രതിഷ്ഠിക്കുന്നു. തുടർന്ന്് ധൂമ ശുശ്രൂഷ നടത്തി മാർപാപ്പയും സംഘവും സങ്കീർത്തിയിലേക്ക് തിരിച്ചുപോകുമ്പോൾ രണ്ടു മണിക്കൂറോളംനീണ്ട തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും സമാപ്തിയാകും.

25-ന് ഉച്ചയ്ക്ക് 12 മണിക്ക് മാർപാപ്പ നൽകുന്ന ക്രിസ്മസ്‌സന്ദേശം കാണാനും കേൾക്കാനുമായി സെയ്‌ന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ പതിനായിരങ്ങൾ അണിനിരക്കും. ബാൽക്കണിയിൽ മാർപാപ്പ പ്രത്യക്ഷപ്പെട്ട് അരമണിക്കൂറോളംനീളുന്ന ‘ഉർബി എത്ത് ഒർബി’(നാടിനും നഗരത്തിനും) എന്ന് ഇറ്റാലിയൻഭാഷയിൽ അറിയപ്പെടുന്ന പരിപാടിയോടെ വത്തിക്കാനിൽ ക്രിസ്മസിന്റെ പാരമ്പര്യച്ചടങ്ങുകൾ അവസാനിക്കുന്നു.

തിരുപ്പിറവി ശുശ്രൂഷകൾക്കും പാതിരാകുർബാനയ്ക്കും സെയ്‌ന്റ് പീറ്റേഴ്‌സ് മഹാദേവാലയത്തിൽ പ്രവേശനം പാസ്‌മൂലമാണ്. ടിക്കറ്റുകൾ ക്രിസ്മസിന്‌ ആറുമാസമോ അതിലേറെ മുൻപോ റിസർവേഷൻ ചെയ്യപ്പെട്ടുകഴിയും. സെയ്‌ന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ സന്ദർശകനിയന്ത്രണച്ചുമതല വഹിക്കുന്നത് അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമിതിയും നോർത്ത് അമേരിക്കൻ പൊന്തിഫിക്കൽ കോളേജും ചേർന്നാണ്.  ടിക്കറ്റുവാങ്ങിയാൽമാത്രം പോരാ. ചടങ്ങുകൾ തുടങ്ങുന്നതിന് ചുരുങ്ങിയത് രണ്ടുമണിക്കൂർ മുമ്പെങ്കിലും പള്ളിക്കകത്ത് പ്രവേശിച്ചാൽമാത്രമേ സീറ്റുലഭിക്കുകയുള്ളൂ. 

ജനബാഹുല്യംനിമിത്തം ദേവാലയത്തിന്റെ അകം പെട്ടെന്ന് നിറയുന്നതിനാൽ, ഇങ്ങനെ സംഭവിക്കാനുള്ള സാധ്യതകൾ ഒഴിവാക്കാനായി അധികൃതരും ഉപദേശിക്കുന്നു. ബസിലിക്കയിലേക്ക് പ്രവേശിക്കാൻ കഴിയാത്തവർക്കായി സെയ്‌ന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ വലിയ വീഡിയോ സ്‌ക്രീൻ സ്ഥാപിച്ചിട്ടുണ്ട്. ദേവാലയത്തിനകത്ത് ഇരിപ്പിടം കിട്ടാത്ത ആയിരക്കണക്കിനാളുകൾക്ക് സെയ്‌ന്റ് പീറ്റേഴ്‌സ് സ്ക്വയറിലെ സ്‌ക്രീനിൽ ചടങ്ങുകൾകണ്ട് സംതൃപ്തരാകാം.  എത്ര കഷ്ടപ്പെട്ടിട്ടായാലും ഒരാൾക്ക് ഈ ക്രിസ്മസ് രാവിൽ ഒരു വലിയ സമ്മാനം വത്തിക്കാൻ കാത്തുെവച്ചിട്ടുണ്ട് -ഈ ജന്മത്ത് മറക്കാനാവാത്ത അതുല്യമായ ഈ അനുഭവം തന്നെയാണ് ആ സമ്മാനം!