Tagore
മുകുള്‍ ചന്ദ്ര ഡേ 1926 ല്‍ വരച്ച ടാഗോറിന്റെ ചിത്രം.
ചിത്രത്തിന് താഴെ മഹാകവി തീയതിയടക്കം
ഒപ്പിട്ടുനല്‍കിയതും കാണാം.

മഹാകവി രവീന്ദ്രനാഥടാഗോറിന്റെ ചിരകാലസ്വപ്നമായിരുന്ന വിശ്വഭാരതി 1921 ഡിസംബർ 23നാണ് ഉദ്ഘാടനംചെയ്യപ്പെട്ടത്. വിശ്വവും ഭാരതവും ഒന്നിക്കുന്ന സ്ഥലം എന്നർഥം വരുന്ന വിശ്വഭാരതിയിൽ ഹിന്ദു, ബുദ്ധ, മുസ്‌ലിം, പാർസി, സിഖ്, ജൈന, ക്രിസ്തു, ജൂത മതങ്ങൾക്ക് തുല്യസ്ഥാനമാണ് നൽകപ്പെട്ടിരിക്കുന്നത്. വിശ്വഭാരതിയിൽ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷദിവസങ്ങൾ എല്ലാവരും ചേർന്നുകൊണ്ടാകണമെന്നത് മഹാകവിയുടെ സ്വപ്നമായിരുന്നു.

വിശ്വഭാരതിയുടെ ഔപചാരികമായ ഉദ്ഘാടനത്തിനുശേഷം ആദ്യമായി കൊണ്ടാടിയ ക്രിസ്തീയ ആഘോഷം ക്രിസ്മസ് ആയിരുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും അവിടെയുണ്ടായിരുന്നു. ആഘോഷങ്ങൾ അങ്ങേയറ്റം  ഭക്തിനിർഭരമാക്കാൻ മഹാകവിയോടൊപ്പം മുൻകൈയെടുത്ത് പ്രവർത്തിച്ചത് അവരാണ്. അന്നത്തെ ആഘോഷവേളയിലെ മുഖ്യാതിഥി അന്ന് വെറും 26 വയസ്സുമാത്രമുണ്ടായിരുന്ന ആചാര്യ വിനോബാ ഭാവെയായിരുന്നു. 1921ലാണ് വാർധയിൽ ആശ്രമം പണിയുന്നതിനായി ഗാന്ധിജി വിനോബാ ഭാവെയെ വാർധയിലേക്ക് അയച്ചത്. വിശ്വഭാരതിയിൽനടന്ന പ്രഥമ ക്രിസ്മസ് സമ്മേളനത്തിൽ സംബന്ധിക്കാൻ അങ്ങനെ അദ്ദേഹത്തിന് സാധിച്ചു.

ക്രിസ്തുവിന്റെ ഉപദേശങ്ങൾ തന്നെ വളരെ ആകർഷിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മനുഷ്യാവതാരം ഒരു യാഥാർഥ്യമാണെന്നും ആ പാവനജീവിതം മാതൃകയാക്കുകയാണ് ഏറ്റവും വലിയ ക്രിസ്മസ് സന്ദേശമെന്നും മഹാകവി ആശംസാപ്രസംഗത്തിൽ ഓർമപ്പെടുത്തി. ക്രിസ്തുവിന്റെ പവിത്രോപദേശങ്ങൾ നാവുകൊണ്ടുമാത്രം ഉച്ചരിക്കുകയും ജീവിതത്തിൽ അവ അവഗണിക്കുകയും ചെയ്യുന്നവരാണ് ക്രിസ്തുവിന്റെയും ക്രിസ്തുമതത്തിന്റെയും മുഖ്യ ശത്രുക്കളെന്ന് അദ്ദേഹം തുറന്നടിച്ചു. ക്രിസ്തുവിന്റെ പർവതപ്രസംഗവും അഹിംസാസിദ്ധാന്തവും തന്നെ വളരെയധികം സ്വാധീനിച്ചിട്ടുള്ളതായി മഹാകവി വെളിപ്പെടുത്തി.

''ബത്‌ലഹേം, ഗലീല, നസ്‌റത്ത്, കാൽവരി തുടങ്ങിയ ചെറിയ ഗ്രാമങ്ങളുമായിട്ടാണ് യേശു കൂടുതലും ബന്ധപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് ഗ്രാമങ്ങളോട് ലോകജനത, പ്രത്യേകിച്ച് ക്രൈസ്തവർ, കൂടുതൽ ആഭിമുഖ്യം പുലർത്തേണ്ടതുണ്ട്. പ്രാചീനഭാരതത്തിന്റെ ശക്തി ഗ്രാമങ്ങളായിരുന്നെന്നും അവയുടെ പതനമാണ് രാജ്യത്തിന്റെ അധഃപതനത്തിനുള്ള മുഖ്യകാരണമെന്നും ടാഗോർ പറഞ്ഞു. ഉയർച്ചയിലേക്കുള്ള പാത ഗ്രാമങ്ങളിലാണ് ആരംഭിക്കേണ്ടതെന്നും ഭാരതത്തിന്റെ ആത്മാവ് ദരിദ്രജനങ്ങൾ പാർക്കുന്ന ഗ്രാമങ്ങളാണെന്നും മഹാത്മജി പറഞ്ഞിട്ടുള്ളത് ഇക്കാരണങ്ങളാലാണ്. അതുകൊണ്ട് ഗ്രാമങ്ങളിലേക്ക് കടന്നുചെന്ന് അവരിലൊരാളായി മാറിക്കൊണ്ട് പ്രവർത്തിക്കാൻ നമുക്ക് ഈ ക്രിസ്മസ് നാളിൽ പ്രതിജ്ഞയെടുക്കാം'' നീണ്ടുനിന്ന കരഘോഷങ്ങൾക്കിടയിൽ മഹാകവി ടാഗോർ ഓർമിപ്പിച്ചു.

ക്രിസ്മസിനെക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: 'The day we have surrendered ourselves to the truth, the day we have come to believe in universal brotherhood without any artificialtiy, that day should be celeberated as to Big day and not the day of the almanac on which Jesus, merely came into physical existance on the earth!' ക്രിസ്തുവിന്റെ ജനനം വ്യക്തമാക്കുന്ന വിശുദ്ധബൈബിളിലെ അധ്യായങ്ങൾ തുടർന്ന് വായിക്കുകയും ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ക്രിസ്മസ് സദ്യയോടുകൂടിയാണ് ആ സമ്മേളനത്തിന് തിരശ്ശീലവീണത്; ഇന്നേക്ക് കൃത്യം 96 വർഷംമുമ്പ്.