തനിക്കുവേണ്ടി ക്രിസ്തു കരുതിവെച്ചിരുന്ന രൂപകങ്ങളിലൊന്ന് ക്രിസ്മസ് പുലരിയിൽ നല്ലൊരു ധ്യാനവിചാരമാണെന്നു തോന്നുന്നു - ഞാൻ ആടുകളുടെ വാതിലാണ്. അതൊരു ഹെബ്രായ ശീലത്തിന്റെ ഓർമപ്പെടുത്തൽകൂടിയാണ്. നാടോടി ഇടയന്മാർ തങ്ങളുടെ ആടുകളുമായി യാത്രയിലായിരിക്കും. രാത്രിയിൽ അവയെ ഏതെങ്കിലും ഗുഹയിലേക്ക് ആനയിക്കുന്നു. ഗുഹാമുഖം അടയ്ക്കുക സാധ്യമല്ല. അതുകൊണ്ട് ഇടയൻ ഗുഹാമുഖത്ത് കുറുകെ കിടക്കുന്നു. ഒരാടിന് പുറത്തുകടക്കണമെങ്കിൽ അയാളുടെ നെഞ്ചിൽ ചവിട്ടാതെ തരമില്ല. ഒരു കള്ളനോ കുറുനരിക്കോ അകത്തുവരണമെങ്കിലും അയാളറിയാതെ തരമില്ല.

അതുകൊണ്ടാണ് അവൻ ആടുകളുടെ വാതിലാണ് താനെന്നുപറഞ്ഞപ്പോൾ അവന്റെ കേൾവിക്കാരുടെ മിഴികൾ സജലങ്ങളായത്. അതൊരു അസാധാരണമായ സംരക്ഷണത്തിന്റെ ഓർമപ്പെടുത്തൽകൂടിയാണ്. അഹിതമായ എന്തെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ അവൻ അറിയാതിരിക്കുന്നില്ലായെന്നുറപ്പ്. പരിഹാരമോ, പ്രതിരോധമോ ഇല്ലാത്ത ചില ദുരന്തങ്ങൾ എന്റെ ഉമ്മറത്തേക്ക് പ്രവേശിക്കുമ്പോൾ അയാൾക്കും പരിക്കേൽക്കുന്നുണ്ട്. ക്രിസ്തു ഇപ്പോഴും ശരീരത്തിൽ സഹിക്കുന്നെന്ന് പൗലോസ് പറയും. 

ബുദ്ധപാരമ്പര്യങ്ങളിൽനിന്ന് ഇങ്ങനെ ഒരു സംഭവമുണ്ട്. രാത്രിയുടെ പ്രലോഭനങ്ങളിലേക്ക് പതിവായി വഴുതിപ്പോകുന്ന ഒരു ശിഷ്യൻ. വയോധികനായ ഗുരു പുറത്തുലാത്തുമ്പോൾ അത് ശ്രദ്ധിച്ചു. മതിലിനോട് ചേർത്തുവെച്ചിരിക്കുന്ന പീഠം. അതിൽ ചവിട്ടിയാണ് ഉയരമുള്ള ചുറ്റുമതിലിന് കുറുകെ അവൻ കടന്നിരുന്നത്. ഗുരു കരുണയോടെ അതെടുത്തു മാറ്റി. പിന്നെ അവിടെ ചാരി നിന്നു. പുലരിയാവുമ്പോൾ ശിഷ്യൻ ആ വയോധികന്റെ കൂനിൽ ചവിട്ടി ഇറങ്ങി വന്നു. പിന്നെ വിറങ്ങലിച്ചു നിന്നു. ഗുരു പറഞ്ഞു: നല്ല മഞ്ഞാണ്, പനി വരാതെ സൂക്ഷിക്കണം. പറയണം, ഇനി അവനെങ്ങനെ പാളുമെന്ന്. ധാർഷ്ട്യം കൊണ്ടും ശകാരംകൊണ്ടും ആർക്കും ആരേയും അധികകാലം സഹായിക്കാനാവില്ല. അത് വളരെ വേഗത്തിൽ കുറുകെ കടക്കാവുന്നതേയുള്ളു. എന്നാൽ, സ്നേഹംകൊണ്ട് തീർത്ത ചില വാതായനങ്ങൾക്കുമുമ്പിൽ നമ്മൾ അധീരരാവുന്നു.

വാതിൽ എന്തു ഹൃദ്യമായ സൂചനയാണ്. തുറന്നിട്ട വാതിൽ കണക്കെ മനോഹരമായ എത്ര ദൃശ്യങ്ങളുണ്ട് ഭൂമിയിൽ. കൊട്ടിയടയ്ക്കപ്പെട്ട വാതിൽപോലെ ഭാരപ്പെടുത്താനും മറ്റെന്തുണ്ട്. ഫ്രാൻസീസിനെ ആധാരമാക്കി കണ്ട ഒരു ചലച്ചിത്രം ഓർമിക്കുന്നു. മഞ്ഞുവീഴുന്ന തെരുവിലൂടെ ഒരിറതേടി ഫ്രാൻസീസും ലിയോയും അലയുകയാണ്. അവർക്കുമുമ്പിലായി അതിവേഗം ആരോ വലിച്ചടയ്ക്കുന്ന വാതിലുകൾ. ഹൃദയമെന്ന വ്യാസം കുറഞ്ഞ കിണറിലേക്ക് ആരോ അമ്മിക്കല്ല് എടുത്തിടുന്നതുപോലെ. 

മലയാളി അവന്റെ വാതിലുകൾ അടച്ചിടാൻ തുടങ്ങിയിട്ട് അധികം കാലമായിട്ടില്ലയെന്നുകൂടി ഓർമിക്കണം. അതു ചെറിയ വ്യത്യാസമല്ല. ഒരപകടസൂചനയാണ് - നാഗരികതയെന്ന രോഗാതുരതയുടെ! അകത്തു നിറഞ്ഞുനില്ക്കുന്ന സ്വാർഥത മറ്റൊരാളെ ഭയക്കുന്നു. ‘തുറന്നിട്ട ഭവനങ്ങളാണ് ശരിക്കുള്ള ദേവാലയങ്ങൾ. അടച്ചിട്ട ഭവനങ്ങളിൽ ദൈവം വസിക്കുന്നില്ല’ എന്ന ജിബ്രാന്റെ വരികൾ ചേർത്തു വായിക്കണം. വിരിച്ച കരങ്ങൾ പോലെയാണ് തുറന്ന വാതിലുകൾ. 

ആരാണീ വാതിൽ തുറന്നിട്ടു നില്ക്കുന്നതെന്നുകൂടി നോക്കണം. അയാൾക്കെതിരേ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളുടെ കണക്കെടുക്കാതിരിക്കയാണ് ഭംഗി. സത്രങ്ങൾ തുറന്നില്ല എന്ന സൂചനയിൽ നിന്നാരംഭിച്ച് പുസ്തകം അവസാനിക്കുമ്പോൾ അടച്ചിട്ട വാതിലിനു പുറത്തു നില്ക്കുന്നയാൾ എന്ന വെളിപാട് വിശേഷണം വരെ നീളുന്നു അത്.  എന്നിട്ടും അയാളപ്പോഴും സ്വാഗതം പോലെ, വാതിലായി. കയ്പനുഭവങ്ങളിലൂടെ കടന്നുപോയതുകൊണ്ടു മാത്രം നിങ്ങളുടെ നിലപാടുകൾക്ക് ചവർപ്പുണ്ടാകണമെന്നില്ല. പരിക്കേറ്റിട്ടും പ്രണയിക്കുന്നവർ. വെറുതെയല്ല ഇവൻ വൈരുധ്യങ്ങളുടെ അടയാളമായി മാറുമെന്ന് ശിമയോൻ പ്രവചിച്ചത്.

വാതിലിന് സാധ്യതകളുമായി ബന്ധപ്പെട്ടൊരു നിലനില്പുണ്ട്. എന്റെ വാതിലടഞ്ഞു എന്നൊരാൾ പറയുമ്പോൾ എന്റെ സാധ്യതകൾക്ക് ആരോ തഴുതിട്ടു എന്നൊരു സൂചനയുണ്ടല്ലോ. ഒരാൾ വാതിലാണെന്ന് പറയുമ്പോൾ അയാൾ നമ്മുടെ അനന്തസാധ്യതയിലേക്ക് ഒരു വഴിപ്പലകയാകുന്നു എന്നു സാരം. റൈറ്റേഴ്‌സ് ബ്ലോക്കുപോലെ പെട്ടെന്നൊരു ദിവസം ജീവിതത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞുനില്ക്കുമ്പോൾ ഒന്നും അവസാനത്തേതല്ല എന്നയാൾ സൗമ്യമായി ഓർമിപ്പിക്കുന്നു. ഒരു വാതിലടയുമ്പോൾ ഏഴുവാതിൽ തുറക്കുന്നെന്ന്, ഒരു കണ്ഠം ഇടറുമ്പോൾ ആയിരം കണ്ഠങ്ങൾ സരിഗമ പാടുന്നുണ്ടെന്നും. 
സലൂണിൽ ക്ഷൗരം ചെയ്യുന്നതിനുമുമ്പായി അയാളുടെ മുഖത്ത് സോപ്പ് പതപ്പിച്ചുകൊണ്ടിരുന്ന ദരിദ്രയായ പെൺകുട്ടിയോട് അയാൾ ചോദിച്ചു: നീ നൃത്തം പഠിച്ചിട്ടുണ്ടോ? 
അവൾ പറഞ്ഞു, ഇല്ല. പഠിക്കണം, നിന്റെ ചലനങ്ങൾക്ക് കൃത്യമായ താളവും പ്രസാദവുമുണ്ട്. 

ആർക്കൊക്കെയോ സോപ്പ് പതപ്പിച്ചുതീരേണ്ട അവളുടെ ജീവിതത്തെ ആ ചെറിയ വാക്ക് വഴിമാറ്റിവിടുകതന്നെ ചെയ്തു. അവൾ പിന്നീട് ലോകമാദരിക്കുന്ന അഭിനേത്രിയായി, ഗ്രെറ്റാ ഗാർബോ. ജീവിതോർജത്തിന് ത്വരകമായി മാറുന്ന സകലരും ദൈവത്തിന്റെ വാതിലുകൾതന്നെ. വാതിൽ തുറക്കുകയെന്നാൽ അഭയമാവുകയെന്നും കരുതാവുന്നതാണ്. ഒരാൾ ഒരിടം തരുന്നു, അവിടെ നിങ്ങൾക്ക് ആരെയും ഭയമില്ല. അതുപോലെ ചില മനുഷ്യരോട് ചേർന്നുനില്ക്കുമ്പോൾ ജീവിതത്തിന്റെ നിർഭയത്വങ്ങളെ വീണ്ടെടുക്കാൻ എനിക്കാവുന്നു. അവരും എന്റെ വാതിൽതന്നെ. അവരത് ചെയ്യുന്നത് കരുത്തുകൊïേണ്ടാ നാണയം കൊണ്ടോ അല്ല - നിർമലസ്നേഹത്തിന്റെ മൂലധനം കൊïണ്ട്...

തച്ചനായതുകൊണ്ടാവണം ക്രിസ്തുവിന് വാതിലുകളോട് ഇത്രയും പ്രിയം. പഴയനിയമം നിറയെ കൽപ്പണിക്കാരാണെന്ന് തോന്നുന്നു. അവർ കൊട്ടിയടച്ചിടത്തൊക്കെ ക്രിസ്തു നിറയെ ജാലകങ്ങളും കിളിവാതിലുകളും തീർത്തു. അങ്ങനെ ആത്മീയതയിലേക്ക് ഇളവെയിലും മഴയും തുമ്പികളും പറന്നുവന്നു. സ്വയം വാതിലാവുക, ചങ്ങാതീ. ഒരാൾക്കെതിരേയും ഒന്നും കൊട്ടിയടയ്ക്കാതിരിക്കുക.