ത് നാല്‍പ്പത്തഞ്ചാം തവണയാണ് മനു വിശുദ്ധനാട്ടിലേക്ക് പോവുന്നത്. മറ്റു മുപ്പത്തഞ്ച് പേര്‍ക്കിത് കന്നിയാത്രയുമാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഹയാത്രികരെയും കാത്തിരിക്കുമ്പോള്‍ ചെറിയ ഉത്കണ്ഠയുണ്ടായിരുന്നു. ഒരു പരിചയവുമില്ലാത്ത മുപ്പത്തഞ്ചുപേര്‍. സംഘം ചേര്‍ന്നുള്ള യാത്ര. ആരൊക്കെ എന്തൊക്കെ സ്വഭാവക്കാരായിരിക്കും. യോജിച്ചുപോകുന്നവരായിരിക്കുമോ? അങ്ങനെ പലതും.

2

മനു റിയാ ഹോളിഡേയ്‌സിന്റെ ടൂര്‍ മാനേജരാണ്. ബുക്ക് ചെയ്ത എല്ലാവരും വന്നിട്ടുണ്ടോ എന്നുറപ്പു വരുത്തി എല്ലാവര്‍ക്കും പാസ്‌പോര്‍ട്ട് സൂക്ഷിക്കാനുള്ള ഹാന്‍ഡ്ബാഗും, ഗ്രൂപ്പ് വിസയുടെ നമ്പറടങ്ങിയ ഐഡന്‍ഡിറ്റി കാര്‍ഡും തൊപ്പിയും വിതരണം ചെയ്തു. ഇത് സംഘയാത്രയ്ക്കിടയില്‍ വഴിതെറ്റി പോവാതിരിക്കാനുള്ള ചില അടയാളങ്ങള്‍ കൂടിയാണ്.
1
ബദ്‌സൈദ കുളം:
യേശുക്രിസ്തു തളര്‍വാത രോഗിയെ സൗഖ്യപ്പെടുത്തിയത്
ഇവിടെയാണെന്നാണ് വിശ്വാസം
കൂട്ടത്തില്‍ കൂടുതലും ദമ്പതിമാരാണ്. കൂടാതെ രണ്ട് അച്ചന്‍മാരും രണ്ട് കന്യാസ്ത്രീകളും. ഒറ്റാംതടിക്കാരായി ഞാനും മൂവാറ്റുപുഴക്കാരന്‍ ജോര്‍ജേട്ടനും മാത്രം. 
 ഇത്തിഹാദ് എയര്‍വെയ്‌സിന്റെ അബുദാബി വിമാനം നാലുമണിക്ക് തന്നെ പറന്നുയര്‍ന്നു. മുംബൈയില്‍ നിന്നൊരു കുടുംബവും ഹൈദരാബാദില്‍ നിന്നൊരു ആറംഗസംഘവും ചേര്‍ന്നതോടെ അബുദാബിയില്‍ ഞങ്ങള്‍ 42 പേരായി.
3
കുരിശിന്റെ വഴി 
അമ്മാനില്‍ എത്തുമ്പോള്‍ റിയാ ഹോളിഡേയ്‌സിന്റെ ഏജന്റ്  കാത്തിരിപ്പുണ്ടായിരുന്നു. എല്ലാ പാസ്‌പോര്‍ട്ടുകളും അദ്ദേഹത്തെ ഏല്‍പ്പിച്ചാല്‍ ഓണ്‍ എറൈവല്‍ വിസ അടിച്ച് കൊണ്ടു വരും. പുറത്ത് ബസ്സും ഡ്രൈവറും ഗൈഡും കാത്തിരിക്കുന്നു. നേരെ ഹോട്ടലിലേക്ക്. ജെറുസെലേം ഇന്റര്‍നാഷണല്‍ ഹോട്ടല്‍. അന്ന് വിശ്രമത്തിനുള്ളതാണ്. 
4
 ഒാശാനവീഥി
രാവിലെ അഞ്ചുമണിക്കെഴുന്നേല്‍ക്കണം, ആറുമണിക്ക് ബ്രേക്ക്ഫാസ്റ്റ്, ഏഴുമണിക്ക് യാത്ര തുടങ്ങും. മനു നിര്‍ദേശങ്ങള്‍ നല്‍കി. പറഞ്ഞപോലെ എല്ലാവരും കൃത്യമായിത്തന്നെ ഹാജരായി. ജോര്‍ദ്ദാന്റെ തലസ്ഥാനമായ അമ്മാനിലെ റോഡുകളിലൂടെ ഗൈഡ് മണാലി ഞങ്ങളെ നയിച്ചു. മണാലി ഇന്ത്യയിലെ സുന്ദരമായൊരു സ്ഥലമാണെന്നവള്‍ക്കറിയാം. അവളെത്ര ഇന്ത്യക്കാരെ കണ്ടിരിക്കുന്നു. കൂടെ ഒരു ടൂറിസം പൊലീസും ഉണ്ടായിരുന്നു. അതിവിടെ പതിവാണ്. ജോര്‍ദ്ദാന്‍ രാജ്യാതിര്‍ത്തിവരെ അവര്‍ നമ്മളെ അനുഗമിക്കും. 
5
ഗെദ്‌സമന്‍ തോട്ടത്തിലെ ഒലിവുമരം 
മണാലി ബസ്സില്‍ വെച്ച് ജോര്‍ദ്ദാനെ കുറിച്ചൊരു ചിത്രം തരും. അവരുടെ പ്രധാനപ്പെട്ട ഭക്ഷണമെന്താണെന്നു ചോദിച്ചപ്പോള്‍ അവള്‍ കയ്യിലുള്ള ഒരു കല്ല് എടുത്തുകാണിച്ചു. 'ങേ കല്ലോ' എന്ന് അത്ഭുതം കൂറിയപ്പോള്‍ അവള്‍ വിശദീകരിച്ചു. തൈരും അരിമാവും ചേര്‍ത്ത് ഉണക്കിയെടുക്കുന്ന പ്രത്യേക തരം ഭക്ഷണമാണത്. രണ്ടുമൂന്നു കൊല്ലം കേടുവരാതെ സൂക്ഷിക്കാം. നമ്മുടെ അവലോസുണ്ട പോലൊരു പ്രയോഗം. 
7
മാതാവുറങ്ങും പള്ളി 
ആദ്യമെത്തിയത് നെബോ പര്‍വതമുകളിലാണ്. പര്‍വതമെന്നു കേട്ട് ഞെട്ടണ്ട. നടന്നുകയറാവുന്ന ഒരു മല. ദൈവം അവസാനമായി മോശയ്ക്ക് കാനാന്‍ ദേശം കാണിച്ചുകൊടുത്ത ഈ മലമുകളില്‍ നിന്ന് നമുക്കും കാനാന്‍ ദേശം കാണാം. ഇസ്രായേല്‍ ജനതയെ ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച മോശ അവര്‍ക്ക് വാഗ്ദത്തം ചെയ്ത പാലും തേനും ഒഴുകുന്ന ദേശം. പക്ഷേ, മൂടല്‍മഞ്ഞ് കാരണം കാനാന്‍ ദേശം മറഞ്ഞിരിക്കുകയായിരുന്നു. 
8
 കയ്യഫാസിന്റെ അരമനയില്‍ യേശുവിനെ പാര്‍പ്പിച്ച തടവറ 
പോപ്പിന്റെ സന്ദര്‍ശന സ്മാരകവും പോപ്പ് നട്ട ഒലീവ് മരവും ഒരു മ്യൂസിയവും അവിടെ കാണാനുണ്ട്. 1700 വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ കല്ലുവാതില്‍, മോശ മരിച്ച സ്ഥലം എന്നിവ കണ്ട് പിത്തള സര്‍പ്പ ശില്‍പ്പവും കണ്ട് നേരെ ബസ്സിലേക്ക്. ഇനി രണ്ടരമണിക്കൂര്‍ യാത്രയാണ്. ഇസ്രായേലാണ് ലക്ഷ്യം
ഷെയ്ക് ഹുസൈന്‍ പാലത്തില്‍ ജോര്‍ദ്ദാന്‍ അവസാനിക്കുന്നു. അക്കരെ ഇസ്രായേല്‍ തുടങ്ങുന്നു.
9
 മില്‍ക്ക് ഗ്രോട്ടോ ദേവാലയം

ജോര്‍ദ്ദാന്‍ രാജ്യത്തിന്റെ എക്‌സിറ്റ് അടിച്ചു കഴിഞ്ഞാല്‍ ഇസ്രായേല്‍ രാജ്യം വിളിക്കുന്നതു വരെ അതിര്‍ത്തിയില്‍ കാത്തിരിക്കണം. ബസ്സടക്കം ഒരു സ്‌കാനിങ് കഴിഞ്ഞാണ് അവര്‍ അനുവാദം തരുന്നത്. കടമ്പകള്‍ തീരുന്നില്ല. വിസ കിട്ടണം. ലഗേജുകള്‍ സ്‌കാനിങ്ങ് കഴിഞ്ഞ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാല്‍ പാസ്‌പോര്‍ട്ടുമായി ക്യൂവില്‍. അവിടെ ചിലപ്പോ ചെറിയ ചോദ്യങ്ങള്‍. ഇത് ഗ്രൂപ്പ് വിസയായതിനാല്‍ വലിയ പ്രശ്‌നങ്ങളില്ല. വിസ കടലാസിലാണ് അടിച്ചു തരുന്നത്. പാസ്‌പോര്‍ട്ടില്‍ ഇസ്രായേല്‍ വിസ അടിച്ചാല്‍ പിന്നെ ദുബായ് പോലുള്ള രാജ്യങ്ങളില്‍ ജോലിക്കു പോവാന്‍ കഴിയില്ല. അതാണ് പ്രശ്‌നം. വിസയുമായി ഇസ്രായേല്‍ മണ്ണിലേക്ക് കാലു കുത്തുമ്പോള്‍ ഡ്രൈവര്‍ എസ്വേര്‍ഡും ഗൈഡ് റിയാക്കും കാത്തിരിക്കുന്നുണ്ടായിരുന്നു. 

10
യേശുവിന്റെ ജനനസ്ഥലം  
ബസ്സ് നേരെ നസ്രത്തിലേക്ക്. അവിടെയാണ് യേശു തന്റെ ബാല്യകാലം ചെലവഴിച്ചത്. ഭക്ഷണശേഷം യേശുവിന്റെ മാതാവിനു മുമ്പില്‍ ഗ്രബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെട്ട മംഗളവാര്‍ത്താപള്ളിയിലേക്ക്. അവിടെ മാതാവ് വെള്ളം കോരിയിരുന്ന കിണര്‍ കാണാം. നല്ല തെളിനീര് ഒഴുകിക്കൊണ്ടിരിക്കുന്നു. വിശ്വാസികള്‍ക്കെടുക്കാനായി ആ വെള്ളം പ്രത്യേകം പാത്രത്തിലാക്കി വെച്ചിട്ടുണ്ട്.
11
 പ്രലോഭനങ്ങളുടെ മല
താബോര്‍മലയിലേക്കായിരുന്നു അടുത്ത യാത്ര.  മുകളില്‍ മനോഹരമായ പള്ളിയുണ്ട്. അവിടെ കുര്‍ബാന കൂടി. പ്രാര്‍ഥനയുടെ സായാഹ്ന നിമിഷങ്ങള്‍. താഴെ മുന്തിരിച്ചെടികളും ഒലീവുമരങ്ങളും ബൈബിള്‍ വചനങ്ങളുടെ വിശ്വാസാന്തരീക്ഷം. ഇവിടെ വെച്ചാണ് ശിഷ്യന്‍മാര്‍ നോക്കിനില്‍ക്കെ യേശു മോശയോടും ഏലിയാ പ്രവാചകനോടുമൊപ്പം രൂപാന്തരപ്പെട്ടത്. രൂപാന്തരീകരണത്തിന്റെ പള്ളിയില്‍ കുര്‍ബ്ബാന കൂടാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയിലാണ് വിശ്വാസികള്‍. 
മലയിറങ്ങി മുറിയിലേക്ക് പോവുമ്പോള്‍ ഇസ്രായേലിന്റെ വികസനകുതിപ്പ് ജാലക കാഴ്ചകളായി തെളിയുന്നു.
12
ചാവുകടല്‍ 
കിബ്ബൂസ് എന്ന സാമൂഹിക കൂട്ടായ്മയും അവര്‍ ഒരുക്കിയ കാര്‍ഷിക വിപ്‌ളവങ്ങളും കാണാം. മണലാരണ്യം പോലുള്ള സ്ഥലങ്ങളെ പച്ചപ്പണിയിക്കാനുള്ള തീവ്രശ്രമവും അതിന്റെ സാക്ഷാത്കാരങ്ങളും. ഇസ്രായേലിന്റെ ഫുഡ് ബാസ്‌ക്കറ്റാണിവിടെ, ഗൈഡ് പറഞ്ഞു. നല്ല റോഡുകളും ടണലുകളും കുതിച്ചുപായുന്ന ആധുനിക വാഹനങ്ങളും.. അതെ, സമ്പന്നതയുടെ അടയാളങ്ങളാണെങ്ങും. മൂന്നാം ദിവസം ഗലീലി വഴി ബെത്‌ലഹേമിലേക്കുള്ള യാത്രയാണ്.
13
 ലോത്തിന്റെ ഭാര്യ ഉപ്പുതൂണായ സ്ഥലം  

ഗിരിപ്രഭാഷണമലയും അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരം പേരെ പോഷിപ്പിച്ച താബ്ഗ പള്ളിയും ഒലീവ് ചക്കുമെല്ലാം കണ്ടു. കാനായിലെ കല്യാണവീഞ്ഞ് കുടിച്ചു. നാട്ടിലേക്ക് കൊണ്ടു പോകാനായി വാങ്ങുകയും ചെയ്തു. ദമ്പതികള്‍ അവിടെ വിവാഹ വാഗ്ദാനം പുതുക്കുന്നു. കാനായില്‍ കല്യാണം നടന്നതായുള്ള വിവാഹ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇതു കഴിഞ്ഞാണ് ഗലീലി കടല്‍ക്കരയിലെത്തുന്നത്.
15
 ചെങ്കടലിലെ പവിഴപ്പുറ്റുകള്‍
ഗ്ലാസ് ബോട്ടില്‍ നിന്നുമുള്ള കാഴ്ച
ഗലീലി ഒരു കടലല്ല. വിശാലമായൊരു ശുദ്ധജലതടാകമാണ്. ഇസ്രായേലിന്റെ ജീവജലം എന്നും പറയാം. ഒരുപക്ഷേ, ലോകത്തിലൊരു രാജ്യവും കുടിവെള്ളത്തിന്റെ കാര്യത്തില്‍ ഇത്രയും നല്ലൊരു ഉറപ്പ് ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടാവില്ല. ഇസ്രായേലില്‍ എവിടെ നിന്നും നിങ്ങള്‍ക്ക് വെള്ളം കുടിക്കാം. പൊതു ടാപ്പായാലും ബാത്ത്‌റൂമിലെ ടാപ്പായാലും വെള്ളം സുരക്ഷിതമാണ്.
16
 ചെങ്കടലിലെ ഗ്ലാസ് ബോട്ട്
ഗലീലി തടാകമാണെങ്കിലും ഒരു മഴയും കാറ്റും വന്നാല്‍ കടലുപോലെ ഇളകി മറിയും. അതാണ് ഗലീലിക്ക് ആ പേര് വരാന്‍ കാരണം. അക്കരയ്ക്കു പോവും സിയോണ്‍ സഞ്ചാരി.. ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട.. മലയാളി ഗ്രൂപ്പായതിനാല്‍ ബോട്ടിലെ തൊഴിലാളികള്‍ മലയാളം പാട്ടുപാടാന്‍ തുടങ്ങി. ഇസ്രായേലിന്റെ ശുഭ്രപതാകയ്ക്കരില്‍ നമ്മുടെ മൂവര്‍ണ്ണക്കൊടിയും ഉയര്‍ത്തി, പതാക പാറിക്കളിക്കാന്‍ തുടങ്ങി. വിശ്വാസവും പിക്‌നിക്കും ഒത്തുചേരുന്ന ഒരു യാത്രയായി ഇത്. ബോട്ടിലെ തൊഴിലാളികള്‍ ഞങ്ങളെ അവരുടെ നൃത്തച്ചുവടുകള്‍ പഠിപ്പിച്ചു. എല്ലാവരും അതു പ്രകാരം നൃത്തമാടി. യേശു വെള്ളത്തിനു മീതെ നടന്നെന്നു പറയുന്ന ഗലീലിക്കടലിലാണ് ഞങ്ങള്‍ ആ വിശ്വാസപ്രകീര്‍ത്തനങ്ങളോടെ ചുവടുവെക്കുന്നത്. പെട്ടന്നാണ് മോഹന്‍ലാല്‍ അങ്ങോട്ട് കടന്നുവന്നത്. ആറ്റുമണല്‍പായയില്‍... അദ്ദേഹം പാടാന്‍ തുടങ്ങി. യൂ ട്യൂബില്‍ നിന്നും മോഹന്‍ലാലിന്റെ പാട്ടെടുത്തിട്ടതാണ് ബോട്ട് ഡ്രൈവര്‍. 
17
ഗിസയിലെ പിരമിഡ്
കറങ്ങിത്തിരിഞ്ഞ് കരയ്‌ക്കെത്തുമ്പോഴേക്കും എല്ലാവരും റിലാക്‌സായിരുന്നു. പത്രോസിന്റെ മീനും കൂട്ടിയുള്ള ഊണാണ് അടുത്തത്. ഈ കടലോരത്തു തന്നെയുള്ള സെന്റ് പീറ്റേഴ്‌സ് ഹോട്ടലില്‍ ആയിരുന്നു ഊണ്. പീറ്റര്‍ മത്സ്യം മാത്രം മതി ഒരു നേരത്തെ ഭക്ഷണത്തിന്. തക്കാളി സോസൊഴിച്ച് നാരങ്ങയും പിഴിഞ്ഞ് കുരുമുളകും ഉപ്പും വിതറി കഴിച്ചാല്‍ പീറ്ററിന് നല്ല രുചിയായിരിക്കുമെന്ന് മനു നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. ജോര്‍ദ്ദാന്‍ നദിയില്‍ യേശു ജ്ഞാനസ്‌നാനം ചെയ്ത സ്ഥലമായിരുന്നു അടുത്തത്. അവിടെ മുങ്ങണമെങ്കില്‍ ഡോളറേറെ ചെലവാകും. വെള്ളത്തിലിറങ്ങിയും വെള്ളമെടുത്ത് തലയിലൊഴിച്ചും തൃപ്തിപ്പെട്ടു നമ്മള്‍ പാവപ്പെട്ട ഇന്ത്യക്കാര്‍.
 
നേരെ ബെത്‌ലഹേമിലേക്കാണ്. ഇനി മൂന്നു നാള്‍ അവിടെയാണ്. പലസ്തീന്‍കാര്‍ അവരുടേതെന്നു പറയുന്ന സ്ഥലമാണ് ബെത്‌ലഹേം. എല്ലാം ഇസ്രായേലിന്റെ നിയന്ത്രണത്തിലാണെങ്കിലും. ചെക്‌പോസ്റ്റില്‍ തീര്‍ഥാടകസംഘത്തിന് ബുദ്ധിമുട്ടില്ല. എളുപ്പം കടത്തിവിടും. ബെത്‌ലഹേമിലെ ഗോള്‍ഡന്‍പാര്‍ക്ക് റിസോര്‍ട്ടിലായിരുന്നു താമസം. അവിടെ നീന്തല്‍ക്കുളമുണ്ട്. യാത്രാക്ഷീണം നീന്തി തീര്‍ത്തു ഞങ്ങള്‍.
 
ഇന്ന് യാത്രയുടെ നാലാം ദിവസം. യേശു സ്വര്‍ഗാരോഹണം ചെയ്ത ഒലീവുമലയിലാണ് ഞങ്ങള്‍. കര്‍ത്താവിന്റ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലത്ത് തൊട്ടും കയ്യിലുള്ള വിശുദ്ധവസ്തുക്കള്‍ മുട്ടിച്ചും വിശ്വാസത്തിന്റെ നിര്‍വൃതി അറിയുന്ന വിശ്വാസികള്‍. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്നു തുടങ്ങുന്ന പ്രാര്‍ഥന പഠിപ്പിച്ച ഗുഹയും കണ്ട് ഓശാനവീഥികളിലൂടെ ഇന്ത്യന്‍ പതാകയുമേന്തി ഞങ്ങള്‍ നടന്നു. പതാക ഗ്രൂപ്പ് മാറി പോകാതിരിക്കാന്‍ ഗൈഡ് കണ്ടെത്തിയ ഒരു മാര്‍ഗമാണ്. ഏത് ആള്‍ക്കൂട്ടത്തിലും അതൊരടയാളമാകുന്നു. കണ്ണുനീര്‍തുള്ളി ദേവാലയത്തില്‍ നിന്നും ഇസ്രായേലിന്റെ ലാന്റ് മാര്‍ക്കുകളിലൊന്നായ സ്വര്‍ണമകുടമണിഞ്ഞ പള്ളി കാണാം.
മാതാവിന്റെ സ്വര്‍ഗാരോഹണ പള്ളിയും കണ്ട് കയ്യഫാസിന്റെ അരമനയിലെത്തിയപ്പോഴാണ് പീഡനങ്ങളേറ്റുവാങ്ങിയ  യേശുവിന്റെ ത്യാഗസ്മരണകള്‍ വീണ്ടും അലയടിച്ചെത്തുന്നത്.

കയ്യഫാസിന്റെ അരമനയിലെ ജയില്‍ മുറിയിലെ ഇരുട്ടറയില്‍ ഇപ്പോള്‍ വിശ്വാസത്തിന്റെ വെളിച്ചം പരന്നിരിക്കുന്നു. യേശുവിനെ ഇരുട്ടറയിലേക്ക് തള്ളിയ ദ്വാരം, അതിലൂടെ പത്തിരുപതടി താഴേക്ക് ഇടുകയായിരുന്നത്രെ. ''എന്നിട്ടും അവന്റെ എല്ലുകള്‍ പൊട്ടിയില്ല.'' ബൈബിളിലെ ഈ പരാമര്‍ശ ഭാഗം മനു അവിടെ വായിച്ചു. തങ്ങള്‍ക്കുവേണ്ടി പീഡനമനുഭവിച്ച ദൈവപുത്രന്റെ ത്യാഗ സഹന സ്മരണകള്‍ നെഞ്ചേറ്റിയാണ് ഓരോ വിശ്വാസിയും പുറത്തേക്ക് വരുന്നത്. 
18
ഗിസയിലെ പിരമിഡ്
വിശ്വവിഖ്യാത ചിത്രങ്ങളിലൂടെ മനസ്സില്‍ പതിഞ്ഞ അന്ത്യഅത്താഴത്തിന് വേദിയായ ഇടം നേരില്‍ കണ്ടപ്പോള്‍ സിസ്റ്റര്‍ ലീല പറഞ്ഞ വാക്കുകളാണ് മനസ്സിലെത്തിയത്. 'ഇക്കൂട്ടത്തില്‍ മോനാണ് ഏറ്റവും ഭാഗ്യവാന്‍. ഞങ്ങള്‍ക്കെല്ലാം എത്രയോ കാലത്തെ പ്രാര്‍ഥനയും ആഗ്രഹവും അതിന്റെ സാഫല്യവുമാണ് ഈ യാത്ര. നിങ്ങള്‍ അല്ലാതെ തന്നെ ഇതില്‍ പങ്കാളിയായിരിക്കുന്നു.' ശരിയാ ഓരോ യാത്രയും  ഭാഗ്യം തന്നെയാണ്. വിശ്വം മുഴുവന്‍ വിശ്വാസത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിച്ച ഒരു മഹാജീവിതത്തിന്റെ കാല്‍പ്പാടുകളിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നതൊരു മഹാഭാഗ്യവും.
 
യേശുവിനെ അമ്മ മേരി മുലയൂട്ടിയ സ്ഥലമുണ്ട്. രണ്ട് തുള്ളി മുലപ്പാല്‍ വീണ അവിടെ പാറയാകെ മുലപ്പാല്‍ നിറം പൂണ്ടെന്നാണ് വിശ്വാസം. അവിടെ വെള്ള മാര്‍ബിള്‍ ഫലകവും വെള്ളപ്പാറകളും ഒരു മുലപ്പാല്‍ മണം പരത്തുന്നുണ്ട്. അതിനു മുകളില്‍ പണിതിരിക്കുന്ന പള്ളി മില്‍ക്ക് ഗ്രോട്ടോ ദേവാലയം എന്നറിയപ്പെടുന്നു. അവിടെ ഒരു വെള്ളപ്പൊടി കിട്ടും. മുലപ്പാല്‍ കുറഞ്ഞ അമ്മമാര്‍ക്ക് പാലുണ്ടാവാനും, കുട്ടികളുണ്ടാവാത്തവര്‍ക്ക് കുട്ടികളുണ്ടാവാനും ഇത് ഔഷധമാണെന്ന് മറ്റൊരു വിശ്വാസം.
യേശു ജനിച്ച സ്ഥത്തും പള്ളിയാണിപ്പോള്‍. പഴയകാലത്തെ ഗുഹാവീടുകളും പുല്‍ത്തൊഴുത്തുമെല്ലാം അതേപടി നിലവറകള്‍ക്കുള്ളിലാക്കിയാണ് പള്ളി പണിതിരിക്കുന്നത്. യേശുവിന്റെ പിറവി കൊണ്ട് ധന്യമായ ആ വിശുദ്ധസ്ഥലത്തേക്ക് നല്ല ക്യൂ ആയിരുന്നു. ക്ഷമിക്കാന്‍ പഠിപ്പിച്ച മഹാത്മാവിന്റെ ജനനസ്ഥലം കാണാന്‍ കാത്തിരിക്കുന്നവരില്‍ നിന്നും ക്ഷമ പ്രതീക്ഷിക്കണം. ഞങ്ങള്‍ കാത്തിരുന്നു.

ഓരോരുത്തരായി ആ നക്ഷത്രാങ്കിത പുണ്യവേദിയില്‍ നെറ്റിമുട്ടിച്ച് പ്രാര്‍ഥിച്ചു. സ്‌നാപകയോഹന്നാന്റെ ജന്‍മസ്ഥലമായ എന്‍കരേം, യേശു തളര്‍വാത രോഗിയെ സൗഖ്യമാക്കിയ ബഝെയ്ദ കുളം, മാതാവ് ജനിച്ച സെന്റ്‌സ് ആന്‍സ് ദേവാലയം എന്നിവ കണ്ടു. പിന്നെ യേശു അവസാനമായി സഞ്ചരിച്ച കുരിശിന്റെ വഴിയിലൂടെ ദൈവസ്‌ത്രോത്രങ്ങളും ചൊല്ലി ആ പീഢാനുഭവ സ്മരണകളിലൂടെ സഞ്ചരിച്ചു. വഴിയിലെ പതിനാല് സ്ഥലങ്ങളിലും പ്രാര്‍ഥിച്ചും കുരിശുവരച്ചും നീങ്ങിയ യാത്രയില്‍ യേശുവിനെ അവസാനമായി കിടത്തിയ തിരുക്കല്ലറ ദേവാലയത്തിലെ പാറ പൊള്ളുന്ന ഒരനുഭവമായി. ചോരപുരണ്ടപോലെ തോന്നിക്കുന്ന ആ കല്ലില്‍ കയ്യിലുള്ള പ്രിയപ്പെട്ട വസ്തുക്കള്‍ മുട്ടിച്ചു പ്രാര്‍ഥിക്കുന്നവരെ കാണാം.
 
അഞ്ചാം ദിവസം പ്രലോഭനങ്ങളുടെ മലയിലേക്കായിരുന്നു. അത് ജെറീക്കോയിലാണ്. അത് ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ നഗരമാണ്. ലോകത്തിലെ ഏറ്റവും രുചിയേറിയ ഈന്തപ്പഴം കിട്ടുന്നയിടമാണ്. വാഴകൃഷിക്കും പ്രസിദ്ധമാണ്. യേശുവിനെ സാത്താന്‍ പരീക്ഷിച്ച സ്ഥലമാണ് പ്രലോഭനങ്ങളുടെ മല. മല മുകളിലേക്ക് കയറാന്‍ അനുവാദമില്ല. അത് ഇസ്രായേല്‍ പട്ടാളത്തിന്റെ കയ്യിലാണ്. അവരുടെ തന്ത്രപ്രധാനമായൊരിടം. ദൂരെ നിന്നു മല കണ്ടു. മലമുകളിലേക്കുള്ള കേബിള്‍ കാറു കണ്ടു. താഴെ ഷോപ്പിങ്ങിന്റെ പ്രലോഭനങ്ങളുമായി കടകളും കാത്തിരിപ്പുണ്ടായിരുന്നു. ഹോട്ടലിനും കടയ്ക്കും പേര് ടെംപ്‌റ്റേഷന്‍ എന്നാണ്. നാട്ടിലെ വേണ്ടപ്പെട്ടവര്‍ക്കു കൊടുക്കാന്‍ പലരും പലതും വാങ്ങിക്കൂട്ടി. 
 
നേരെ ചാവുകടലിലേക്കായിരുന്നു യാത്ര. ലോകത്തിന്റെ വിസ്മയങ്ങളിലൊന്നാണ് ചാവുകടല്‍. സമൂദ്രനിരപ്പില്‍ നിന്നും താഴോട്ടാണ് നിങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന സൂചകബോര്‍ഡുകളില്‍ നിന്നും വായിക്കാം. ഭൂമിയിലെ ഏറ്റവും താഴ്ന്ന കരപ്രദേശമാണിവിടം. സംഗതി കടലല്ല. ഒരു വലിയ തടാകമാണ്. ധാതുലവണങ്ങളുടെ കലവറയാണ്. സാന്ദ്രത കൂടിയതിനാല്‍ നമുക്കതില്‍ പൊങ്ങിക്കിടക്കാം. ഇതിലെ ചെളി ത്വക് രോഗങ്ങള്‍ക്ക് മരുന്നാണ്. പല ധാതുലവണങ്ങളും വേര്‍തിരിച്ചെടുത്ത് വില്‍പ്പന നടത്തുന്നതിനാലും ഇതില്‍ നിന്നും സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉണ്ടാക്കുന്നതിനാലും രാജ്യത്തിന്റെ ഒരു സാമ്പത്തികസ്രോതസ്സ് കൂടിയാണ് ചാവുകടല്‍. ക്ലിയോപാട്രയുടെ കാലം മുതലേ ചാവുകടല്‍ സൗന്ദര്യസംരക്ഷണ മൂലകങ്ങളുടെ കലവറയായിരുന്നെന്നും പറയുന്നു. ക്ലിയോപാട്രയുടെ സൗന്ദര്യരഹസ്യം എന്ന് അക്കാലത്ത് പരസ്യം ഉണ്ടായിരുന്നോ ആവോ? ഇന്ന്  ടൂറിസത്തില്‍ നിന്നുള്ള വരുമാനം വേറെയും. ഇത്രയും ധാതു സമ്പുഷ്ടമായതിനാല്‍ ഇതിനകത്ത് സൂഷ്മജീവികളടക്കം ഒന്നും വളരുന്നില്ല.

അതിനാലാണ് ചാവുകടല്‍ എന്ന പേരു വന്നത്. പേര് അന്വര്‍ഥമാവും പോലെ ചാവുകടല്‍ ചത്തുകൊണ്ടിരിക്കുകയാണെന്നത് മറ്റൊരു ദുഃഖസത്യം. ഓരോ വര്‍ഷവും ഒരു മീറ്റര്‍ വെച്ച് ചാവുകടല്‍ വറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഗൈഡ് പറഞ്ഞു. പണ്ട് ജോര്‍ദ്ദാന്‍ നദിയില്‍ നിന്നും ചാവുകടലിലേക്ക് വെള്ളം ഒഴുകിയെത്തുമായിരുന്നു. എന്നാല്‍ അണക്കെട്ട് വന്നതോടെ അത് നിലച്ചു. ചാവുകടല്‍ നശിക്കാന്‍ കാരണം അതാണ്. യഹോവ ആകാശത്തുനിന്നും തീയും ഗന്ധകവും വര്‍ഷിച്ച് സോദോം, ഗൊമോറയ നഗരങ്ങളെ നശിപ്പിച്ചപ്പോള്‍ അവ ചെന്നു പതിച്ചതിനാലാണ് ചാവുകടല്‍ ലവണസാന്ദ്രമായതെന്നാണ് വിശ്വാസം. ഞങ്ങള്‍ ചെളിവാരി ദേഹത്ത് തേച്ചു. ഷേവുചെയ്തിടങ്ങളില്‍ നീറാന്‍ തുടങ്ങി. പിന്നെ നീന്തിത്തുടിച്ചു. ആ ലവണ സാന്ദ്ര സാഗരത്തില്‍ മലര്‍ന്നുകിടന്ന് ഹഠയോഗികളുടെ പോസില്‍ ഫോട്ടോയെടുത്തു. അടുത്ത ലക്ഷ്യം ലാസറിന്റെ കല്ലറയായിരുന്നു. ബഥനിയിലാണിത്. മേരിയുടെയും മാര്‍ത്തയുടെയും ഭവനം ഇരുന്ന സ്ഥലത്തിനടുത്താണ് ലാസറിന്റെ കല്ലറ.
മൂന്നു ദിവസത്തെ ബെത്‌ലേഹം വാസത്തിനും ജെറുസെലേം സന്ദര്‍ശനങ്ങള്‍ക്കും ശേഷം മനസ്സും ശരീരവും ഒരു നീണ്ട യാത്രയ്ക്കായി തയ്യാറായി. പത്ത് പതിനഞ്ച് മണിക്കൂര്‍ നീളുന്ന റോഡ് യാത്ര. മറ്റൊരു ഭൂഖണ്ഡത്തിലേക്ക്, മറ്റൊരു രാജ്യത്തേക്ക്. പൗരാണിക സംസ്‌കാരം പിരമിഡുകളായി തലയുയര്‍ത്തി നില്‍ക്കുന്ന ഈജിപ്തിലേക്ക്.

18

വീണ്ടും ചാവുകടല്‍ തീരത്തുകൂടിയാണ് യാത്ര. വഴിക്ക് ഉപ്പുപാറകള്‍ ഉണ്ട്. ലോത്തിന്റെ ഭാര്യ ഉപ്പുകല്‍ത്തൂണായ സ്ഥലം വഴി പോകും കാണാം. ചുറ്റും മരുഭൂമിയാണ്. പച്ചപ്പിന്റെ ഒരു തരി പോലുമില്ല. പാറക്കൂട്ടങ്ങളും മണല്‍പ്പരപ്പുകളും മാത്രം. അതിനിടയിലൂടെ, രണ്ട് വരിപാതയിലൂടെ ബസ്സ് കുതിച്ചു. മരുഭൂമിയില്‍ ചിലയിടങ്ങളിലെ പാറകള്‍ കാണേണ്ടതാണ്. കാലവും കാറ്റും അവയില്‍ തീര്‍ത്ത ശില്‍പ്പ വിസ്മയങ്ങള്‍ പല്ലവകാല കലാശില്‍പ്പങ്ങളെ ഓര്‍മിപ്പിക്കുന്നു.
 
നേരെ താബ. അവിടെ ഇസ്രായേല്‍ അതിര്‍ത്തി തീരുകയാണ്. ഇനി ഈജിപ്തിന്റെ മണ്ണ്. മണ്ണിനും മരുഭൂമിക്കും വ്യത്യാസമൊന്നുമില്ല. അതിര്‍ത്തിയില്‍ വിസ, എമിഗ്രേഷന്‍ പരിശോധനകള്‍ക്കു ശേഷം പുതിയ ബസ്സ്, പുതിയഡ്രൈവര്‍, പുതിയ ഗൈഡ്.  ഇതുവരെ കണ്ട ഗൈഡുകളേക്കാള്‍ ഡാലിയയെ എല്ലാവര്‍ക്കും കൂടുതല്‍ ഇഷ്ടമായി. ഈജിപ്തും ഇന്ത്യയും ഏതാണ്ടൊരു പോലെയാണെന്നു പറഞ്ഞ അവള്‍ ഈജിപ്തിന്റെ സാമൂഹിക ജീവിതവും സാംസ്‌കാരികജീവിതവുമെല്ലാം പരിചയപ്പെടുത്തി. ബസ്സ് കൊടും മരുഭൂമിയിലൂടെ യാത്ര തുടരുമ്പോള്‍ അവള്‍ ഈജിപ്ഷ്യന്‍ ജീവിതചിത്രങ്ങള്‍ അനാവരണം ചെയ്തുകൊണ്ടിരുന്നു. ചെങ്കടല്‍തീരത്തെ ടുലീപ് റിസോര്‍ട്ടിലാണ് അന്നത്തെ സഞ്ചാരം അവസാനിച്ചത്. ചെങ്കടലിലെ കുളിയും നീന്തല്‍ക്കുളത്തിലെ കുളിയും ടുലീപ്പിലെ ഭക്ഷണവും കഴിഞ്ഞ് ആ രാത്രിയും ശുഭരാത്രിയായി.
 
അടുത്ത ദിവസം സെന്റ് കാതറിന്‍ മൊണാസ്ട്രിയിലേക്കാണ്. സെന്റ് കാതറിന്‍ ഒരു ദുഃഖസ്മരണയാണ്. മാക്‌സിമിയന്‍ ചക്രവര്‍ത്തിയുടെ മകളാണ് കാതറിന്‍. അവളെ പഠിപ്പിക്കാനെത്തിയ മിഷനറിമാരുടെ പാഠങ്ങള്‍ കേട്ട് ക്രിസ്തുമതം സ്വീകരിച്ച കാതറിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുക്കം അവളെ കൊല്ലുകയായിരുന്നു. മൃതശരീരം കണ്ടില്ല. കാലങ്ങള്‍ക്കു ശേഷം അവളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്താണ് ഇപ്പോള്‍ മൊണാസ്ട്രി സ്ഥാപിച്ചത്. മാലാഖമാര്‍ അവളുടെ ശരീരം ഇവിടെ കൊണ്ടിടുകയായിരുന്നെന്നാണ് വിശ്വാസം. ഇന്ന് ലോകത്തിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. 
2
ഒലിവുമല യേശു സ്വര്‍ഗ്ഗാരോഹണം ചെയ്ത സ്ഥലം 
 
മോശയ്ക്ക് യഹോവയായ ദൈവം പ്രത്യക്ഷപ്പെട്ട എരിതീ എരിയാത്ത മുള്‍പ്പടര്‍പ്പ്, മോശയുടെ കിണര്‍, വിശുദ്ധ കത്രീനയുടെ ചാപ്പല്‍ എന്നിവയും ഇവിടെ കാണാം. എത്ര പൊട്ടിച്ചാലും മുള്‍പ്പടര്‍പ്പ് കാണുന്ന കല്ല്, തുരിശുകളറിലുള്ള കല്ലില്‍ തീര്‍ത്ത പിരമിഡുകളും ഈജിപ്ഷ്യന്‍ വധുക്കളുടെ മുഖത്തൊങ്ങലും സിനായിലെ പരമ്പരാഗത വേഷവുമെല്ലാം സുവനീറായി വാങ്ങാന്‍ കിട്ടും. സിനായ് പര്‍വതശിഖരങ്ങളുടെ ഏറ്റവും ഉയര്‍ന്ന ഈ ഭാഗത്തു വെച്ചാണ് ദൈവം മോശയ്ക്ക് പത്തു കല്‍പ്പനകള്‍ കൈമാറിയതെന്ന് കരുതുന്നു. സെന്റ് കാതറിന്‍ സിറ്റി എന്നാണ് ഇവിടെ അറിയപ്പെടുന്നത്. തൊട്ടടുത്തൊരു ഡൊമസ്റ്റിക്ക് എയര്‍പോര്‍ട്ടുമുണ്ട്. 
 
വീണ്ടും മരുഭൂമിയിലൂടെ തന്നെ യാത്ര. രാത്രി ഇരുണ്ട് തുടങ്ങി. രാവിന്റെ ഇരുള്‍ തുരങ്കം കടന്ന് ബസ്സ് നിശാവിളക്കുകളുടെ മഞ്ഞലോകത്തെത്തി. സൂയസ് കനാലായി. കനാലിന്റെ അടിയിലൂടെയുള്ള ടണല്‍ കടന്നുവേണം ഏഷ്യയിലെ ഈജിപ്തില്‍നിന്നും ആഫ്രിക്കയിലെ ഈജിപ്തിലെത്താന്‍.  ഇവിടെ സുരക്ഷ കര്‍ശനമാണ്. ഫോട്ടോഗ്രാഫി പാടില്ല. ടണലിലൂടെ കടന്നു പോകുമ്പോള്‍ മൂകളില്‍ ഒരു കപ്പല്‍പ്പാതയാണെന്ന കാര്യം ഓര്‍ക്കണം. ലോകത്തിന്റെ വികസനത്തിന് വഴിവെച്ച, യുദ്ധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കിയ ജലപാത. ടണലു കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ഹോട്ടലില്‍ രാത്രി ഭക്ഷണം. ആ ഹോട്ടലില്‍ സൂയസ് കനാലിന്റെ ചരിത്രവും ലേഔട്ടും മനസ്സിലാക്കാം. 
 
രാത്രി രണ്ടുമണിയായി കെയ്‌റോവിലെത്താന്‍. കെയ്‌റോവില്‍ ഗിസയിലെ പിരമിഡിനടുത്തു തന്നെയായിരുന്നു താമസം. രാവിലെ ആദ്യം പോയത് പിരമിഡിലേക്കായിരുന്നു. പുനര്‍ജന്‍മ വിശ്വാസികളായ ഈജിപ്ഷ്യന്‍ രാജാക്കന്‍മാര്‍ വരും ജന്‍മത്തിലേക്ക് കരുതി വെക്കുന്ന വസ്തുക്കളും ശരീരവും കാത്തുസൂക്ഷിക്കുന്ന ലോകാത്ഭുത നിര്‍മിതികളിലൊന്നായ ഗിസയിലെ പിരമിഡുകള്‍ കണ്ട് യേശുവിന്റെ കുടുംബം ഹെരോദ് രാജാവിനെ ഭയന്ന് ഈജിപ്തിലേക്ക് പലായനം ചെയ്‌തെത്തിയ കാലത്ത് ഒളിവില്‍ താമസിച്ചിരുന്ന തിരുക്കുടുംബ ദേവാലയം കണ്ടു. പിന്നെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലേക്ക്. അവിടെ മമ്മികളും തൂത്തഖാമന്റെ മമ്മിക്കൊപ്പം കിട്ടിയ സുവര്‍ണശേഖരങ്ങളും കണ്ടു.
 
ഈജിപ്ഷ്യന്‍ സുഗന്ധദ്രവ്യങ്ങളുടെ കലവറയിലേക്ക് പോയി. വില കൂടുതലാണെങ്കിലും ഗുണനിലവാരത്തില്‍ ഇവ മുന്‍പന്തിയിലാണ്. പാപ്പിറസ് ചെടിയില്‍നിന്നു പേപ്പര്‍ ഉണ്ടാക്കുന്നതും കാണേണ്ടതാണ്. ലോകത്തില്‍ ആദ്യമായി പേപ്പര്‍ ഉണ്ടാക്കിയത് പാപ്പിറസ് ചെടിയില്‍നിന്നാണ്. ഇതിന്റെ തണ്ടിനുള്ളിലെ വെള്ള നിറത്തിലുള്ള ഭാഗം വെള്ളത്തിലിട്ടുവെച്ച് മെടഞ്ഞിട്ട് പരത്തിയെടുത്താണ് പേപ്പറാക്കുന്നത്. ആ പേപ്പറില്‍ വരച്ച ചിത്രങ്ങള്‍ ഇവിടെ നിന്നു വാങ്ങാം.
 
രാത്രി നൈല്‍ നദിയിലായിരുന്നു. നാലുതട്ടുള്ള കൂറ്റന്‍ ബോട്ടില്‍ ഒരു ഈജിപ്ഷ്യന്‍ നൃത്ത വിരുന്ന്. ചടുലതാളത്തില്‍ നര്‍ത്തകിയും നര്‍ത്തകന്‍മാരും കാണികളുടെ മനം കവര്‍ന്നു. ഭക്ഷണവും ബോട്ടിലായിരുന്നു. നൈലിന്റെ കരകളെല്ലാം ആലക്തിക ദീപപ്രഭയില്‍ ആറാടി നില്‍ക്കുകയായിരുന്നു. നര്‍ത്തകര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ആ ഫോട്ടോ അപ്പോള്‍ തന്നെ നല്‍കാനുമുള്ള സംവിധാനവും ബോട്ടിലുണ്ട്.
 
പിറ്റേദിവസം തിരിച്ചുവരവാണ്. കെയ്‌റോവില്‍ നിന്നും അബുദാബി വഴി കൊച്ചിയിലേക്ക്. പത്തുമണിക്ക് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുമ്പോഴാണ് യാത്രയുടെ ആദ്യപാദത്തിലെ ആശങ്കയെ പറ്റി ഓര്‍ത്തത്. ഇപ്പോള്‍ മറ്റൊരു മാനസികാവസ്ഥയിലാണെല്ലാവരും. ഈ യാത്ര എല്ലാവരേയും ഒരു കുടുംബമാക്കി മാറ്റിയിരിക്കുന്നു. ക്യാമറകളിലും ഹൃദയത്തിലും എല്ലാവരും പരസ്പരം പകര്‍ത്തിവെച്ചിരിക്കുന്നു.  അതുകൊണ്ട് തന്നെ വേര്‍പിരിയുന്നതിന്റെ നനുത്ത വേദനയുണ്ടായിരുന്നു. നാട്ടിലെ പ്രിയപ്പെട്ടവരെ കാണാമെന്നതിന്റെ ആശ്വാസവും...
 
വിശുദ്ധനാട് യാത്രയ്ക്കൊരുങ്ങും മുമ്പ്

=വിസ ഓണ്‍ എറൈവലാണ്. പാസ്പോര്‍ട്ടിന്റെ കോപ്പി ട്രാവല്‍ ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ മതി
= ഇസ്രായേലില്‍ നിന്നും വിസ പാസ്പോര്‍ട്ടില്‍ പതിപ്പിക്കാതെ പേപ്പറില്‍ വാങ്ങാന്‍ മറക്കണ്ട. എക്‌സിറ്റും അങ്ങിനെ തന്നെ.
= ഏജന്‍സി നല്‍കുന്ന കാര്‍ഡ് കഴുത്തില്‍ തൂക്കിയിടുന്നത്  നല്ലതാണ്. ഗ്രൂപ്പു വിസയിലെ നമ്പര്‍ അതില്‍ രേഖപ്പെടുത്തിയിരിക്കും. ഒറ്റപ്പെട്ടുപോയാല്‍ ബന്ധപ്പെടാനുള്ള എമര്‍ജന്‍സി നമ്പറും അതിലുണ്ടാവും. 
= ഇസ്രായേലിലും അമ്മാനിലും ഈജിപ്തിലും ഇടയ്ക്ക് തണുപ്പനുഭവപ്പെടും. ഏത് കാലാവസ്ഥയ്ക്കും യോജിക്കുന്ന വസ്ത്രങ്ങള്‍ കരുതുന്നത് നല്ലതാണ്.  ലിപ്ബാം, മോയ്സര്‍ ക്രീം, മങ്കിക്യാപ്, സ്വെറ്റര്‍, ഷാള്‍ എന്നിവ. 
= പാദരക്ഷയായി ഷൂ ആണ് നല്ലത്. പള്ളിയില്‍ ഒരിടത്തും ഷൂ അഴിച്ച് വെക്കേണ്ടതില്ല.
= വരാന്‍ സാധ്യതയുള്ള ചെറിയ രോഗങ്ങള്‍ക്ക് നാട്ടില്‍ നിന്നേ ഡോക്ടറെ കണ്ട് അത്യാവശ്യമുള്ള മരുന്നുകള്‍ കൊണ്ടുപോവുക. ഡോക്ടറുടെ കുറിപ്പും കരുതുക. പല രാജ്യങ്ങളിലും ആസ്പത്രികളില്‍ ഡോകടറെ കാണാനും മരുന്നു വാങ്ങാനും വന്‍ തുക ചെലവാകും.
= കുട കരുതണം. കൂളിങ് ഗ്ളാസ്സ് അത്യാവശ്യമാണ്. 
= ശൗചാവശ്യത്തിനുള്ള മഗ്ഗ് കരുതുക.  ബാത്ത്റൂമില്‍ മഗ്ഗും ഹോസും കാണില്ല
= യാത്രയില്‍ കഴിക്കാനുള്ള ലഘുഭക്ഷണങ്ങള്‍ അച്ചാറുകള്‍ എന്നിവ കരുതുക. ഡ്രൈഫ്രൂട്ട്സ്, നിലക്കടല ചോക്ളേറ്റ് എന്നിവ ഉപകാരപ്പെടും
= ക്യാമറ, വീഡിയോ മൊബൈല്‍ ഫോണ്‍ അവ റീചാര്‍ജ് ചെയ്യാനുള്ള ചാര്‍ജര്‍ എന്നിവയ്ക്ക് പുറമെ യൂണിവേഴ്സല്‍ അഡാപ്റ്ററും കരുതുക. ചില ഹോട്ടല്‍ മുറികളില്‍ നമ്മുടെ ചാര്‍ജര്‍ ഉപയോഗിക്കാന്‍ പറ്റില്ല.
= ഫോട്ടോ എടുക്കാന്‍ ആവശ്യത്തിന് കാര്‍ഡ് കരുതുക. അല്ലെങ്കില്‍ കോപ്പി ചെയ്തു മാറ്റാന്‍ ലാപ്ടോപ്പ് കൊണ്ടു പോവുക
= ഫോണ്‍ വിളിക്കുന്നത് ചെലവേറിയ ഏര്‍പ്പാടാണ്. മിക്ക ഹോട്ടലുകളിലും വൈഫൈ സൗകര്യമുണ്ട്. സ്മാര്‍ട്ട് ഫോണിലും ലാപ്ടോപ്പിലും മെയില്‍, ഫെയ്സ്ബുക്ക്, വാട്സ്അപ്പ് സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ അറിയാം, അറിയിക്കാം. ഇന്ത്യയില്‍ നിന്ന് പോകുന്നതിനു മുമ്പ് തന്നെ ഫോണുകള്‍ക്ക് ഇന്റര്‍ നാഷണല്‍ റോമിങ്ങിന് വേണ്ട ഏര്‍പ്പാട് ചെയ്യണം.
= പ്രാര്‍ഥനാ പുസ്തകങ്ങള്‍, ബൈബിള്‍ എന്നിവ കരുതുക.
= ചാവുകടലില്‍ കുളിക്കാന്‍ ബര്‍മുഡ, നൈറ്റി എന്നിവ കരുതുക.
= ഭക്ഷണത്തില്‍ സലാഡുകള്‍ നന്നായി ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുക. 
= സ്വന്തം ആവശ്യത്തിനുള്ള ഡോളര്‍ കയ്യില്‍ കരുതുക. ഡോളറിന്റെ അതാതു ദിവസത്തെ വിനിമയ നിരക്കും മനസ്സിലാക്കി വെക്കുക. ഇന്റര്‍നെറ്റിനെ ആശ്രയിക്കാം.
= സാധനങ്ങള്‍ വാങ്ങുമ്പോള്‍ വിലപേശി വാങ്ങുക. ടൂര്‍ മാനേജരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാം. തട്ടിപ്പിനു സാധ്യതയുള്ള സ്ഥലങ്ങള്‍ മാനേജര്‍ നേരത്തെ പറഞ്ഞു തരാറുണ്ട്.
= ബാഗേജ് 20 കിലോയും ഹാന്‍ഡ്ബാഗ്  7 കിലോയും എന്ന പരിധിയാണ് നല്ലത്. ലോഹങ്ങള്‍, ക്രീമുകള്‍, ദ്രാവക രൂപത്തിലുള്ള വസ്തുക്കള്‍ എന്നിവ ഹാന്‍ഡ്ബാഗില്‍ സൂക്ഷിക്കരുത്.
= പഴം, പച്ചക്കറി, മത്സ്യമാംസാദികള്‍ കൈവശം വെക്കരുത്.
= ബസ്സ് യാതയ്ക്കിടയില്‍ ഒരു ചെക്പോസ്ററിലും സൂയസ് കനാല്‍ ടണലിലും ഫോട്ടോ എടുക്കാന്‍ പാടില്ല
= പിരമിഡുകള്‍ക്കു ചുറ്റും പലതരം തട്ടിപ്പുകാരുണ്ടാകാറുണ്ട്. ജാഗ്രത പാലിക്കണം. ഫോട്ടോ എടുത്തുതരാമെന്നു പറഞ്ഞ് ക്യാമറ കൊണ്ട് ഓടുന്നവരും. ഫോട്ടോ എടുക്കാന്‍ പോസു ചെയ്തു തന്ന് ഡോളര്‍ ചോദിക്കുന്നവരുമെല്ലാം കൂട്ടത്തിലുണ്ടാവും.
= പ്രഭാത ഭക്ഷണം ഉച്ചഭക്ഷണം, അത്താഴം എന്നിവ ബുഫേയായിരിക്കും.

 2015 ജൂലൈ ലക്കം യാത്രയില്‍ പ്രസിദ്ധീകരിച്ചത്  പുതിയ ലക്കം യാത്ര വാങ്ങിക്കാം