' മേരി സൂനുവായി ഉണ്ണിയേശു ജാതനായി...
  അതി ശീതമുള്ള  പുല്‍ത്തൊഴുത്തില്‍ ജാതനായി...
  ആമോദമായ് ആടിപ്പാടി പോയിടാം ... 
  വരുവിന്‍ നാം പോയിടാം...'

   ഡിസംബറിലെ തണുപ്പുള്ള ഒരു വൈകുന്നേരം. ഡ്രമ്മുകളുടെ അകമ്പടിയോടെ അപ്പോയിച്ചായന്‍  പള്ളിയിലെ ഹാളിലിരുന്ന് ഉറക്കെ പാടുകയാണ്.. .ഇടവകയിലും പരിസരത്തുമുള്ള യുവാക്കളും ഞങ്ങളെപ്പോലെയുള്ള സ്‌കൂള്‍ കുട്ടികളുമടക്കം പത്ത് നാല്‍പ്പതുപേര്‍  പാട്ട്  ശ്രദ്ധിച്ച് കേട്ടിരിക്കുന്നു. തൊള്ളായിരത്തി എണ്‍പതുകളുടെ ആദ്യ പാദമാണ്. പള്ളിയില്‍ നിന്ന് ആ വര്‍ഷത്തെ ക്രിസ്മസ് കരോളിനുള്ള (കാരളെന്നാണ് ശരിയായ ഉച്ചാരണമെന്ന് ഇപ്പോള്‍ അറിയാം... എന്നാലും ഞങ്ങള്‍ക്ക് കരോള്‍ മതി) പ്രാക്ടീസ് തുടങ്ങുകയാണ്.

ഏഴാം ക്ലാസുകാരനായ ഞാന്‍ ആവേശത്തിലാണ്. കഴിഞ്ഞ ക്രിസ്മസ് വരെ കരോള്‍ സംഘം വീട്ടില്‍ വന്ന് പാടുന്നതും ക്രിസ്മസ് പപ്പാ ബലൂണുകള്‍ തരുന്നതും (അന്നത്തെ നാട്ടിന്‍പുറത്തെ കുട്ടികള്‍ക്ക് ഒരു ബലൂണ്‍ കിട്ടുകയെന്നു വച്ചാല്‍   പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷമുള്ള കാര്യമാണ്) ഒക്കെ കണ്ട് ത്രില്ലടിച്ചിരുന്ന ഞാന്‍ ഇനി അവരുടെ ഭാഗമാണ്. അതുകൊണ്ട് ശ്രദ്ധിച്ചിരുന്നു പാട്ടു പടിക്കണം. 

christmas
വര: രജീന്ദ്രകുമാര്‍ 

ചേട്ടന്‍ രണ്ട് വര്‍ഷം മുമ്പ് തന്നെ കരോളിന് പോയിത്തുടങ്ങിയിരുന്നു. പുള്ളിയുടെ വിവരണങ്ങളില്‍ നിന്നാണ് രാത്രിയില്‍ പെട്രോമാക്സിന്റെ വെളിച്ചത്തില്‍ തണുപ്പുമടിച്ചുള്ള യാത്രയും ഇടയ്ക്ക് ഇടവകയിലെ വീടുകളില്‍ നിന്ന്   കപ്പപുഴുങ്ങിയതും (ചെണ്ട മുറിയന്‍) കാന്താരി മുളകും കഴിക്കുന്നതുമൊക്കെ മനസ്സില്‍ ആവേശമായി കിടന്നത്. പാട്ട് തെറ്റാതെ പഠിച്ചില്ലെങ്കില്‍ കരോള്‍ സംഘത്തില്‍ നിന്ന് പുറത്താകും. 

എന്നെപ്പോലെ കരോള്‍ സംഘത്തില്‍ ആദ്യമായിപ്പോകുന്ന നാലഞ്ച് പേര്‍കൂടിയുണ്ട്. കസിന്‍മാരായ അപ്പച്ചീലെ റെജി (ഞങ്ങളുടെ വര്‍ക്കിച്ചന്‍), മേരിക്കുട്ടിയമ്മാമ്മയുടെ അവിടുത്തെ ജോജി (കെ.പി. എന്നറിയപ്പെടുന്ന ജോജി ഇപ്പോള്‍ ലണ്ടനിലാണ്. അറിയപ്പെടുന്ന മിമിക്രി ആര്‍ട്ടിസ്റ്റുമാണ്), പാപ്പച്ചായന്റെ അവിടുത്തെ സാജന്‍ (ഒന്നാം തരം പാട്ടുകാരനാണ്) കളപ്പുരയ്ക്കലെ റെജി തുടങ്ങിയവര്‍. അപ്പോയിച്ചായന് പിന്നണിയായി കുഞ്ഞുമോന്‍ സാര്‍, കിളിച്ചുമല ബാബുച്ചായന്‍, കൊച്ചായെന്ന അവറാച്ചന്‍ , ഞങ്ങളുടെ ട്യൂഷന്‍ സാറായ വര്‍ഗീസ് സാര്‍, കളപ്പുരയ്ക്കലെ സാബു,ബാബു  തുടങ്ങിയവര്‍.

അപ്പോയിച്ചായനെന്ന ഇ.എം.ജോബാണ് കരോള്‍ സംഘത്തിന്റെ തലവന്‍. സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍ , പൊതു പ്രവര്‍ത്തകന്‍, ഏത് പ്രശ്നങ്ങള്‍ക്കും തന്റേതായ രീതിയില്‍ പ്രായോഗിക ബുദ്ധിയോടെ  പരിഹാരം കാണുന്നയാള്‍. അങ്ങനെ എല്ലാമായ  അപ്പോയിച്ചായന്റെ നേതൃത്വത്തിലാണ് പരിപാടികള്‍  അരങ്ങേറുന്ന്. 

അപ്പോയിച്ചായന്‍ താളത്തില്‍ പാടുന്ന പാട്ട് ഞങ്ങള്‍ ഏറ്റു പാടി പഠനം തുടങ്ങി. വൈകിട്ട് മേരിക്കുട്ടിയമ്മാമ്മയുടെ വീട്ടില്‍ ട്യൂഷനുണ്ട്. ഏഴ് മണിയാകുമ്പോള്‍ അത് കഴിയും. തൊട്ടടുത്തു തന്നെയാണ പള്ളി. ട്യൂഷന്‍ കഴിഞ്ഞ് നേരെ കരോള്‍ പരിശീലനത്തിലേക്ക്. 

ആദ്യ ദിവസം 'മേരി സൂനുവായ്...എന്ന പാട്ടു മാത്രമാണ് ശരിക്ക് പാടിയത്. കരോള്‍ സംഘത്തില്‍ വര്‍ഷങ്ങളായുള്ള ഹിറ്റ് പാട്ടാണത്. ആരാധന എന്ന സിനിമയില്‍ കിഷോര്‍ കുമാര്‍ പാടിയ 

'മേരേ സപ്നോം കീ റാണി '... എന്ന പാട്ടിന്റെ ശൈലിയില്‍  എഴുതിയതാണ് 'മേരി സൂനുവായ് എന്നതെന്ന് ചേട്ടനാണ് പറഞ്ഞു തന്നത..പിന്നീട് ഞങ്ങളുടെ യ്ൗവന കാലത്ത് പുതിയ സിനിമാ പാട്ടുകളുടെ പല ക്രിസ്മസ് പാരഡി ഗാനങ്ങള്‍ വന്നെങ്കിലും  മുണ്ടുകുഴി സെന്റ് .മേരീസ് പള്ളിയിലെ (റീത്തുപള്ളി) എവര്‍ ഗ്രീന്‍ ഹിറ്റ് കിസ്മസ് ഗാനങ്ങളായി അപ്പോയിച്ചായന്‍  എന്ന ഇ.എം.ജോബിന്റെ കയ്യൊപ്പു പതിഞ്ഞ പാട്ടുകള്‍ ഇന്നും തുടരുന്നുണ്ട്. ഇപ്പോഴത്തെ കു്ട്ടികളും ഇതൊക്കെ പാടുന്നു.
എത്ര മനോഹരങ്ങളായ പാട്ടുകളാണ് അന്ന് ക്രിസ്മസ് ഗാനങ്ങളായുണ്ടായിരുന്നത്.

'മലരണി തരുക്കളില്‍ വീണ മീട്ടിപ്പാടി...
രാക്കിളികള്‍  തളര്‍ന്നുറങ്ങി... 
ഒരു പുല്‍ക്കുടിലില്‍ ജനിച്ചിതാ 
മനുജനായ് ദൈവസുതന്‍ 
നറുമലരിതള്‍ പോലെ ..
.( വെളുക്കുബോള്‍ കുളിക്കുവാന്‍ പോരുന്ന വഴി വക്കില്‍ വേലിക്കല്‍ നിന്നവനേ...കൊച്ചു കിളിച്ചുണ്ടന്‍ മാമ്പഴം... കടിച്ചുകൊണ്ടെന്നോട് കിന്നാരം പറഞ്ഞവനേ... എന്ന  കു്ട്ടിക്കുപ്പായത്തിലെ പാട്ടിന്റെ ശൈലിയില്‍ )   

' കണ്ടു കിഴക്കൊരു നക്ഷത്രം ...
വിണ്ണിന്‍ താരക മധ്യത്തില്‍ ...
കന്യക മേരീ ... കന്യക മേരീ...
തന്‍ സൂനുവായി ...വന്നങ്ങുദിച്ചല്ലോ പുല്‍ക്കൂട്ടില്‍ ...
വന്നങ്ങുദിച്ചല്ലോ പുല്‍ക്കൂട്ടില്‍ ...
(കാറ്റുമൊഴുക്കും കിഴക്കോട്ട്...
 കാവേരി വള്ളം പടിഞ്ഞാട്ട്...
 കാറ്റിനെതിരേ... ഒഴുക്കിനെതിരേ...
കാറ്റിനെതിരേ ...ഒഴുക്കിനെതിരേ..
.

തുഴഞ്ഞാലോ... കാണാത്ത പൊയ്കകള്‍ കാണാലോ...എന്ന പണിതീരാത്ത വീട്ടിലെ പാട്ടിന്റെ ശൈലിയില്‍).

കരോള്‍ സംഘത്തിലെ ചെറുപ്പക്കാര്‍ പാട്ടുകള്‍ ഒരിക്കല്‍ക്കൂടി ഓര്‍മപുതുക്കി. ഞങ്ങള്‍ കുട്ടികള്‍ ആവേശത്തോടെ അവരുടെ കൂടെ പാടി.മൂന്നാഴ്ചത്തെ തയ്യാറെടുപ്പിന് ശേഷം കാത്തിരുന്ന ദിവസം വന്നെത്തി. അതിനിടെ ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് സ്‌കൂളും അടച്ചു.സാധാരണ ഡിസംബര്‍ 21,22,23 തീയതികളിലാണ് കരോള്‍ സംഘം ഇറങ്ങുക. അക്കൊല്ലവും പതിവ് തെറ്റിയില്ല. 

വൈകുന്നരമായപ്പോഴേക്കും പള്ളിയില്‍ കരോള്‍ സംഘം ഒത്തു കൂടി. ഈട്ടിക്കലെ ജോസച്ചായനാണ് സ്ഥിരം ക്രിസ്മസ് പാപ്പാ. വയറില്‍ തലയിണയും വച്ചുകെട്ടി നീളന്‍ കുപ്പായവുമിട്ട് തലയില്‍ നീളന്‍ തൊപ്പിയും കയ്യില്‍ വടിയുമായി ജോസച്ചായന്‍ ഇറങ്ങിക്കഴിഞ്ഞാല്‍ സാക്ഷാല്‍ സാന്താക്ലോസ് തോറ്റു പോകും. മനോഹരമായ ചുവടുകളും ഭാവാധികളുമായി നാട്ടുകാരുടെ ഫേവറിറ്റ് പാപ്പയായ ജോസച്ചായന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. വെളിച്ചം കാണി്ക്കാനായി പെട്രോമാക്സുമായി രണ്ടോ മൂന്നോ പേര്‍.

 ജാതിയുടെയും മതത്തിന്റെയും വേര്‍തിരിവുകളില്ലാതിരുന്ന,   ആ നല്ല കാലത്ത് പള്ളിയുടെ സമീപ പ്രദേശത്തുള്ള നാനാജാതി ആളുകള്‍ കരോള്‍ സംഘത്തിനൊപ്പമുണ്ടാകും. അതുപോലെ ഇടവകക്കാരുടെ വീട്ടില്‍ മാത്രമല്ല കരോള്‍ പാടാന്‍ പോകുക. നാട്ടിലെ എല്ലാ വീടുകളിലും അവര്‍ക്ക് സ്വീകാര്യതയുണ്ട്. കരോള്‍ സംഘത്തിന്റെ വരവിനായി ഓരോ വീട്ടുകാരും ഉറക്കമിളച്ച് കാത്തിരിക്കും. പുലര്‍ച്ചെ മൂന്ന് മണിക്ക ചെന്നാല്‍ പോലും യാതൊരു മുഷിപ്പുമില്ലാതെ സ്വീകരിക്കുകയും ചെയ്യും.

ഹിറ്റ് ഗാനമായ ' മേരി സൂനുവായി ഉണ്ണിയേശു ... തന്നെ ആദ്യത്തെ പാട്ട്. തുടര്‍ന്ന ഓരോ വീടുകളിലും പാട്ടുമായി സംഘം മുന്നേറുകയാണ്. ഞങ്ങള്‍ കുട്ടികള്‍ ആവേശത്തില്‍ പാടി ഇടയ്ക്ക് വരികള്‍ തെറ്റിക്കുന്നുമുണ്ട്. കൊരണ്ടിത്താനം, മുതലപ്ര , വള്ളോക്കുന്ന് ഭാഗങ്ങള്‍ കഴിഞ്ഞപ്പോള്‍ രാത്രി പതിനൊന്നരായായി. ഇനി ലഘുഭക്ഷണവും വിശ്രമവുമാണ്. 
ഇതിനിടെ ഞങ്ങള്‍ കുട്ടികളുടെ തൊണ്ടയൊക്കെ ഉച്ചത്തില്‍ പാടിപ്പാടി ഒരു പരുവമായിക്കഴിഞ്ഞു. പലര്‍ക്കും ശബ്ദം പുറത്തു വരുന്നില്ല. അതിനും അപ്പോയിച്ചായന് പ്രതിവിധിയുണ്ട്. ചുക്കും കല്‍ക്കണ്ടവുംകൂടി പൊടിച്ചത് നേരത്തെ തന്നെ ശേഖരിച്ചിരിക്കും . അത് കഴിച്ചാല്‍ പോയ ശബ്ദം അതുപോലെ തിരിച്ചു പിടിക്കാം. 

പള്ളിയിലെ ഒരംഗത്തിന്റെ വീട്ടിലാണ് വിശ്രമവും ഭക്ഷണവും.  ചൂട് പോകാത്ത കപ്പപുഴങ്ങിയതും കാന്താരി മുളക് അരച്ച് തൈരും ചേര്‍ത്ത ചമ്മന്തിയും ഇഷ്ടം പോലെ വന്നു കൊണ്ടിരുന്നു. പിന്നാലെ ആവി പറക്കുന്ന കട്ടന്‍ കാപ്പിയും. എല്ലാവരും ഇഷ്ടം പോലെ തട്ടി. സംഘത്തിലെ മുതിര്‍ന്നവര്‍ അതിനിടെ ബീഡി വലിച്ചും മൂക്കിപ്പൊടി വലിച്ചുമൊക്കെ രണ്ടാം ഘട്ട കരോളിനുള്ള ഒരുക്കം തുടങ്ങി. പുലര്‍ച്ചെ നാലു മണി വരെ ഇനി ഒറ്റ സ്ട്രച്ചില്‍ പോകാനുള്ളതാണ്. അതിനിടയിലാണ് ഒരിക്കലും മറക്കാത്ത (അനുഭവിച്ചവനും കണ്ടു നിന്നവരും ) ഒരു സംഭവമുണ്ടാകുന്നത്. 

മുതിര്‍ന്നവര്‍ മൂക്കിപ്പൊടി വലിക്കുന്നതു കണ്ട കൂട്ടത്തിലെ ഒരു പയ്യനും സംഗതി വേണം. അച്ചായനോട് ചോദിച്ച് ചെന്നപ്പോള്‍ പയ്യന് കിട്ടിയത് വഴക്കാണ്. അപ്പോള്‍ സംഘത്തിലെ തമാശക്കാരനായ യുവാവിന് ഒരു കുസൃതി തോന്നി. എടാ നിനക്ക് ഞാന്‍ മൂക്കിപ്പൊടി സംഘടിപ്പിച്ചു തരാം. ആ ഇരുട്ടിലോട്ട് മാറി നില്‍ക്ക്. വൈകാതെ യുവാവ് , പയ്യന് മൂക്കിപ്പൊടി എത്തിച്ചു കൊടുത്തു (രണ്ടു പേരുടെയും പേരുകള്‍ ഓര്‍മയില്ല).

പയ്യന്‍ ആവേശത്തോടെ മൂക്കിപ്പൊടി വലിച്ചു കയറ്റുകയാണ്. പെട്ടെന്ന് തന്നെ ഒരു അലര്‍ച്ചയും .... അയ്യോ നീറിയിട്ടു വയ്യ...ഞാനിപ്പം ചത്തുപോകുമേ... 
എല്ലാവരും കരച്ചില്‍കേട്ടിടത്തേക്ക് ഓടിയെത്തി... എന്താടാ പ്രശ്നം... ' മൂക്കിപ്പൊടി വലിച്ചതാണേ..' പയ്യന്‍ കരച്ചിലും തുമ്മലും തുടരുകയാണ്... 'എന്തു മൂക്കിപ്പൊടിയാടാ നീ വലിച്ചത്. കാണിച്ചേ' അപ്പോയിച്ചായന്‍ ഇടപെട്ടു...വെളിച്ചത്തിലേക്ക് മാറ്റി നിര്‍ത്തി നോ്ക്കുമ്പോള്‍ പയ്യന്റെ കയ്യില്‍ ഇരിക്കുന്നത് ചുക്കും കല്‍ക്കണ്ടവും പൊടിച്ചതാണ്. ചുക്കിന്റെ എരുവാണ് നീറ്റലിന് കാരണം...
മൂക്കിപ്പൊടി  ചോദിച്ചപ്പോള്‍ നമ്മുടെ ചേട്ടന്‍ യുവാവ് ചുക്ക് പൊടിച്ചത് കൊടുത്ത് തമാശയൊപ്പിച്ചതാണ്. 

xmas
 വര: മനോജ് കുമാര്‍ തലയമ്പലത്ത്

നിനക്കാരാട് ഇത് തന്നത് ...  അപ്പോയിച്ചായന്‍ ചോദ്യം ചെയ്യല്‍ തുടര്‍ന്നു... --- അവിടുത്തെ ചേട്ടനാ തന്നത്.പയ്യന്റെ മറുപടി... നോക്കുമ്പോള്‍ വില്ലന്‍ ചേട്ടന്റെ പൊടിപോലും കാണാനില്ലായിരുന്നു. 
***           ***      ***      ***    ***
ഇത്തരം രസകരമായ അനുഭവങ്ങളിലൂടെ ജോലി കിട്ടി കളം മാറുന്നതുവരെ ഞങ്ങളുടെ കരോള്‍ പര്യടനങ്ങള്‍ തുടര്‍ന്നു. ഓരോ വര്‍ഷവും അതാതു വര്‍ഷത്തെ ഹിറ്റ് സിനിമാ ഗാനത്തിന്റെ ഈണത്തില്‍ കരോള്‍ പാട്ടുകള്‍ വന്നെങ്കിലും 'മേരി സൂനുവായി ഉണ്ണിയേശുവും, 'മലരണി തരുക്കളില്‍ വീണ മീട്ടി പാടി'യുമൊക്കെ ഞങ്ങള്‍ ഓര്‍ത്തോര്‍ത്തുപാടി. 
കാലം ഏറെ മുന്നോട്ടുപോയി. അപ്പോയിച്ചായന്‍ പതിനേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് വിടപറഞ്ഞു പോയി. അന്നത്തെ യുവാക്കളും സ്‌കൂള്‍ കുട്ടികളുമൊക്കെ ഇന്ന ലോകത്തിന്റെ പലകോണുകളിലാണ്. എങ്കിലും ഓരോ ക്രിസ്മസ് എത്തുമ്പോഴും അപ്പോയിച്ചായനും റീത്തുപള്ളിയിലെ ക്രിസ്മസ് കരോളുമൊക്കെ  മടങ്ങിയെത്തും...സുഖമുള്ള ഓര്‍മകളായി...