തിരുവനന്തപുരം:  ഒരുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൈവല്യദായിനിയായ ആറ്റുകാലമ്മയ്ക്ക് പൊങ്കാല നേദിച്ച് ഭക്തര്‍ മടങ്ങിത്തുടങ്ങി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പൊങ്കാല ദേവിക്ക് നിവേദിച്ചത്. 

മേല്‍ശാന്തി വാമനന്‍ നമ്പൂതിരിപ്പാടിന്റെ  നേതൃത്തില്‍ പണ്ടാര അടുപ്പില്‍ തയ്യാറാക്കിയ നിവേദ്യം തീര്‍ഥം തളിച്ച് ദേവിക്ക് വേണ്ടി സ്വീകരിച്ചു. ഇതോടൊപ്പം തന്നെ തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പൊങ്കാല ഇട്ടവരുടെ നിവേദം സ്വീകരിക്കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. 

നിവേദ്യം സ്വീകരിക്കുന്ന ചടങ്ങുകഴിഞ്ഞതോടെ പൊങ്കാല അര്‍പ്പിക്കാനെത്തിയ സ്ത്രീകള്‍ തിരികെ പോകാനായി ആരംഭിച്ചു. ഇവര്‍ക്ക് തിരികെ പോകാനായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളാണ് പൊങ്കാല അര്‍പ്പിക്കാനെത്തിയത്. 

വലിയ പരാതികളൊന്നുമില്ലാതെ പൊങ്കാല ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളും നഗരസഭയും. രാവിലെ 10.15 നാണ് പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചത്. ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ ഇനി വൈകുന്നേരമാണ് നടക്കുക. ഏഴുമണിക്ക് കുത്തിയോട്ട ബാലന്‍മാരുടെ ചൂരല്‍കുത്ത്  ആരംഭിക്കും. 

അതുകഴിഞ്ഞ് ദേവിയെ പുറത്തേക്ക് എഴുന്നള്ളിക്കും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്ന ദേവിക്ക് കുത്തിയോട്ട ബാലന്‍മാരാണ് അകമ്പടി പോവുക. തുടര്‍ന്ന് പുലര്‍ച്ചയോടെ ദേവി തിരിച്ചെഴുന്നള്ളുന്നതോടെയാണ് ഈ വര്‍ഷത്തെ പൊങ്കാല ചടങ്ങുകള്‍ അവസാനിക്കുക. 

Attukal Pongala, Thiruvananthapuram, Attukal Temple