കർമത്തിന്റെ ഗുണവും മഹിമയും ആത്മവിസ്മൃതിയിലാണ്. വിസ്മരിക്കേണ്ടത് അഹങ്കാരമാണ്. 'ഞാൻ ചെയ്യുന്നു' എന്ന ഭാവമാണ്. ചെയ്തികൾക്കു പ്രേരകശക്തിയായി വർത്തിക്കുന്നത് അഹന്തയാണെന്നു ധരിക്കുന്നവരുണ്ട്. അഹംഭാവമില്ലെങ്കിൽ പ്രവർത്തിക്കാൻ കഴിയില്ല, പ്രയത്നിക്കാനുള്ള പ്രേരണ ലഭിക്കില്ല എന്നൊക്കെ ചിന്തിക്കുന്നവർ. 

ജീവിതം ഒരേസമയം പരിമിതവും അപരിമിതവുമാണ്. ''എന്റെ ജീവിതം, അതെനിക്കിഷ്ടമുള്ളതുപോലെ ജീവിക്കും'' എന്നു പലരും പറയാറുണ്ട്. ജീവിതത്തിനോടുള്ള ഈ മനോഭാവം തെറ്റാണ്. അതു ധർമത്തിനു നിരക്കാത്തതാണ്. ഒരു വ്യക്തി ജീവിതത്തിന്റെ പരിമിതത്വം മാത്രം ഉൾക്കൊണ്ടു ജീവിക്കുമ്പോൾ, അഹന്തയുടെ ധാർഷ്ട്യവും സ്വാർത്ഥതയും ഒക്കെ അയാൾക്കു ചില താത്കാലികനേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്തേക്കാം. എന്നാൽ, ജീവിതത്തിന്റെ ശരിയായ സ്വരൂപം അപരിമിതത്വം ആകയാൽ, അവിടെ അഹങ്കാരവും സ്വാർത്ഥതയും നിഷ്കരുണം പുറന്തള്ളപ്പെടും. അതാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനസ്വഭാവം. അതിന്റെ പേരാണ് ധർമം. അവിടെ സ്വാർത്ഥതയല്ല, നിസ്വാർത്ഥതയാണ് നിയമം. ഇവിടെയാണ്, ആത്മവിസ്മൃതിയും ത്യാഗവും സ്വാർത്ഥരാഹിത്യവും  ഒക്കെ പ്രസക്തമാകുന്നത്.    

ആത്മവിസ്മൃതിയുടെ ചിറകിലേറി പറന്നുയരാൻ കഴിവുള്ളവർ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലുമുണ്ട്. ധ്യാനത്തിന്റെ ലയനാവസ്ഥയിലെന്നപോലെ സകലതും മറക്കുന്ന ഗായകന്മാരും ചിത്രകാരന്മാരും എഴുത്തുകാരും ശാസ്ത്രജ്ഞന്മാരുമുണ്ട്‌. നിസ്വാർത്ഥതയുടെ ആനന്ദാനുഭൂതിയിൽ മതിമറക്കുന്ന സാമൂഹികപ്രവർത്തകരുമുണ്ട്. ചില നിമിഷങ്ങളിൽ അവരുടെ ചേതനയുണർന്ന് ജാജ്വല്യമാകും. ആ സന്ദർഭത്തിൽ, വിശ്വത്തിന്റെ അജ്ഞേയമായ ചില സൂക്ഷ്മമണ്ഡലങ്ങളുമായി അവരുടെ മനസ്സ് ശ്രുതിചേർന്ന്‌ ധ്യാനാത്മകമായ ഒരവസ്ഥയെ പ്രാപിക്കും. കുറച്ചുനേരത്തേക്ക്‌ മനസ്സും ചിന്തകളും അടങ്ങും. 'ഞാൻ ഭാവം' പോയിമറയും. ആത്മവിസ്മൃതിയിൽ ലയിക്കും. അനശ്വരമായൊരു സൃഷ്ടിയുണ്ടാകും. ആ വ്യക്തിയുടെ ഏറ്റവും വലിയ സംഭാവന. എന്നാൽ, അധികസമയം അവിടെ നിലകൊള്ളാൻ അവർക്കു കഴിയില്ല. വീണ്ടും പൂർവസ്ഥിതിയിലേക്കു മടങ്ങും.  എപ്പോൾ, എങ്ങനെയാണ് ആത്മവിസ്മൃതി ഉണ്ടാകുന്നതെന്നു സ്പഷ്ടമാക്കാൻ പ്രയാസമാണ്. അനിർവചനീയമായൊരു അനുഭവം. അതു നമ്മെ കീഴ്‌പ്പെടുത്തുന്നു, പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അതൊരു സ്വാഭാവികതയാണ്. അനുവദിക്കലും സംഭവിക്കലും ആണ്. മനസ്സിന്റെ 'അനുവാദം' ലഭിക്കുമ്പോൾ അതു 'സംഭവിക്കും.' ''ജീവിതവിജയം നേടാൻ, സ്വന്തം മനസ്സിന്റെ അനുഗ്രഹവും അനുവാദവുമാണ് പരമപ്രധാനം'' എന്ന് അമ്മ പറയാറുണ്ട്‌. 
എന്തുകൊണ്ടാണ്, ഈ അപൂർവതയെ, ആത്മവിസ്മൃതിയെ നമുക്കു സ്വായത്തമാക്കാൻ കഴിയാത്തത്? അഹന്തയാണതിന് വിലങ്ങുതടിയായി നിൽക്കുന്നത്. കൃത്യമായി പറഞ്ഞാൽ, അന്ധമായ മമതയാണ് തടസ്സം. മമതയാണ് സ്നേഹം എന്നാണ് പലരുടെയും ധാരണ. അതു തെറ്റാണ്. വിവേകമില്ലാത്ത സ്നേഹമാണ് മമത. അതുകൊണ്ട്, വിവേകത്തിന്റെ ഉൾക്കണ്ണ്‌ പൂർണമായി അടഞ്ഞുപോകരുത്. അടഞ്ഞാൽ, സ്നേഹത്തിന്റെ തെളിച്ചവും പരിശുദ്ധിയും നഷ്ടമാകും. 

മമത ഒരുതരം ശിക്ഷിക്കലാണ്. അതാരെയും രക്ഷിക്കില്ല. ഇതിനു ചരിത്രം സാക്ഷി. ഇന്നത്തെ സാമൂഹികരാഷ്ട്രീയാന്തരീക്ഷംതൊട്ട്‌ പിറകോട്ടൊന്നു തിരിഞ്ഞുനോക്കിയാൽ ഇതിന്റെ വാസ്തവികത ബോധ്യമാകും. സ്നേഹത്തിന്റെ പേരിൽ, ധൃതരാഷ്ട്രർ ദുര്യോധനനോടു കാട്ടിയ അന്ധവും വിവേകശൂന്യവുമായ മമതയാണ് എല്ലാം മുടിച്ചത്. മഹാഭാരതം ലോകത്തിനു നൽകുന്ന ഏറ്റവും വലിയ മഹത് സന്ദേശങ്ങളിൽ ഒന്നാണത്. 
സമൂഹത്തിന്റെ തലപ്പത്തിരിക്കുന്നവർ, നിർണായകസ്ഥാനങ്ങൾ അലങ്കരിക്കുന്നവർ, വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവർ, ഇവരൊക്കെ അഹന്തയും മമതയും ലഘൂകരിക്കാൻ ശ്രമിക്കണം.  വിപണനരംഗത്തെ ഒരു സംക്ഷേപസംജ്ഞയാണ് 'WIIIFM’(What Is In It For Me), എനിക്കെന്തു കിട്ടും' എന്നുള്ളത്. യഥാർത്ഥത്തിൽ ഇന്നത്തെ സമൂഹത്തിന്റെ മുഖമുദ്ര കൂടിയാണിത്. ഇവിടെ, എല്ലാ കർമങ്ങളുടെയും തീരുമാനങ്ങളുടെയും പിറകിൽ പ്രവർത്തിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മനഃസ്ഥിതിയും നിലപാടും മമതയും അഹന്തയും 'WIIIFM' ആണ്. അതുകൊണ്ടുതന്നെ ആത്മവിസ്മൃതിയിൽ സ്വയം മറക്കുന്നവരുടെ സേവനവും സാന്നിധ്യവും അവരുടെ മാർഗദർശനവും സമൂഹത്തിനും ജനങ്ങൾക്കും അത്യന്താപേക്ഷിതമായിത്തീർന്നിരിക്കുന്നു. 

ആത്മവിസ്മൃതിക്കുമപ്പുറം ലോകനന്മയ്ക്കായി ആത്മസമർപ്പണം ചെയ്ത, സ്വജീവിതം പൂർണമായി ആഹുതി ചെയ്ത അമ്മയെപ്പോലെയുള്ളവരുടെ മഹത്‌സാന്നിധ്യവും നിസ്വാർത്ഥസ്നേഹവും സേവനവും ഇന്നത്തെ ലോകത്തിനു കൂടിയേ തീരൂ.  
ഒരു മഹാത്മാവിനോടു ചിലർ ചോദിച്ചു, ''മരിച്ചു കഴിയുമ്പോൾ അങ്ങു സ്വർഗത്തിൽ പോകുമോ?''
''തീർച്ചയായും.'' 
''അതെങ്ങനെ പറയാൻ കഴിയും. അങ്ങു മരിച്ചിട്ടില്ല. എന്നു മാത്രമല്ല, ഈശ്വരന്റെ മനസ്സിൽ എന്താണുള്ളതെന്ന് അങ്ങേയ്ക്കറിയില്ലതാനും.''
''ശരിയാണ്, ഈശ്വരന്റെ മനസ്സ് എനിക്കറിയില്ല. പക്ഷേ, എന്റെ മനസ്സ് എനിക്കു നല്ലവണ്ണം അറിയാം. അവിടെ സദാ നിരന്തരം ആനന്ദവും ശാന്തിയും സന്തോഷവും നിർമമത്വവുമേയുള്ളൂ. അതുകൊണ്ട്, ഞാൻ എവിടെപ്പോയാലും, അതു നരകത്തിലാണെങ്കിലും അവിടം സ്വർഗമായിത്തീരും.''
അമ്മ എവിടെയാണോ അവിടം സ്വർഗമാണ്. കാരണം അമ്മ ആത്മനിഷ്ഠയുടെ, ആത്മവിസ്മൃതിയുടെ, ആത്മസാക്ഷാത്കാരത്തിന്റെ പരമോച്ചാവസ്ഥയാണ്. 
ഓം തത് സത്

content highlights:Matha amritanandamayi's birthday