റോം: ഞായറാഴ്ചത്തെ തിരുക്കർമങ്ങൾക്കു ശേഷം ഫ്രാൻസിസ് പാപ്പ വിശ്വാസികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. പാപ്പയ്ക്കു കൈകൊടുത്തും ഫോട്ടോയെടുത്തും കിട്ടിയ അവസരം അവർ ആഘോഷമാക്കി.

അരലക്ഷത്തിലധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. 50 കർദിനാൾമാരും 385 ബിഷപ്പുമാരും നാലായിരത്തിലധികം വൈദികരും സംബന്ധിച്ചു.

തങ്ങളുടെ രാജ്യങ്ങളിലെ വിശുദ്ധരുടെ പേരുകൾ പാപ്പ പ്രഖ്യാപിക്കുമ്പോൾ വിശ്വാസികൾ ഹർഷാരവം മുഴക്കി. ഒപ്പം വിശുദ്ധരുടെ ഛായാചിത്രങ്ങളും ദേശീയ പതാകകളും ഉയർത്തി ആർത്തുവിളിച്ചു.

വിശുദ്ധപദവി പ്രഖ്യാപനത്തിനുശേഷമുള്ള ദിവ്യബലിയിൽ ഇംഗ്ലീഷ്-ഇറ്റാലിയൻ ഭാഷകളിലെ ആദ്യ വായനകൾക്കുശേഷം കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഭാഷയായ ലത്തീനിലും സുവിശേഷ രചന നടന്ന ഗ്രീക്ക് ഭാഷയിലും രണ്ട് ഡീക്കന്മാർ സുവിശേഷം വായിച്ചു.

പാപ്പയുടെ വചനസന്ദേശത്തെത്തുടർന്ന് ലത്തീൻ, ഫ്രഞ്ച്, ജർമൻ, ചൈനീസ്, പോർച്ചുഗീസ്, സ്പാനിഷ്, ഇറ്റാലിയൻ ഭാഷകളിൽ കാറോസൂസ പ്രാർഥന ചൊല്ലി. പാപ്പയുടെ ഔദ്യോഗിക നന്ദി പ്രകാശനത്തിനും ത്രികാല ജപപ്രാർഥനയ്ക്കും ശേഷം ഔദ്യോഗിക ആശിർവാദത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.

content highlights: pope francis,canonisation of mariam thresia