തൃശ്ശൂര്‍: വിശുദ്ധിയിലേക്കുള്ള വഴികളില്‍ മറിയം ത്രേസ്യയുടെ പാദങ്ങള്‍ക്ക് വിളക്കായി പ്രഭചൊരിഞ്ഞ വ്യക്തിയാണ് ധന്യന്‍ ഫാ.ജോസഫ് വിതയത്തില്‍. ഹോളി ഫാമിലി സഭയുടെ സഹസ്ഥാപകനായ വിതയത്തിലച്ചന്‍ മറിയം ത്രേസ്യയുടെ ആത്മീയപുണ്യങ്ങള്‍ തിരിച്ചറിഞ്ഞ് വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ മുന്നിട്ടിറങ്ങി. ദൈവീകപുണ്യങ്ങള്‍ വിളങ്ങിയ ആ ജീവിതവും വിശുദ്ധപദവിയിലേക്ക് വൈSpritകാതെ ഉയര്‍ത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.

വരാപ്പുഴ പുത്തന്‍പള്ളി വിതയത്തില്‍ ജോസഫിന്റെയും അന്നയുടെയും മകനായി 1865 ജൂലായ് 23-നാണ് ജനനം. 15 വയസ്സുള്ളപ്പോള്‍ എല്‍ത്തുരുത്ത് സെമിനാരിയില്‍ ചേര്‍ന്നു. ഒല്ലൂര്‍ പള്ളിയില്‍വെച്ച് 1894 മാര്‍ച്ച് 11-ന് പൗരോഹിത്യം സ്വീകരിച്ചു.

വിവിധ പള്ളികളില്‍ സേവനം ചെയ്തശേഷം 1902 ഏപ്രില്‍ 30-നാണ് പുത്തന്‍ചിറയില്‍ വികാരിയായി എത്തുന്നത്. അതിനു മുമ്പ് മാളയില്‍ വികാരിയായിരിക്കുമ്പോള്‍ പുത്തന്‍ചിറ പള്ളിയില്‍ ധ്യാനത്തിന് കുമ്പസാരക്കാരനായി എത്തിയപ്പോഴാണ് മറിയംത്രേസ്യയെ പരിചയപ്പെടുന്നത്. തന്റെ ആത്മീയ വെളിപാടുകളും ജീവിതാഭിലാഷങ്ങളും താന്‍ നേരിടുന്ന പ്രതിസന്ധികളുമെല്ലാം മറിയം ത്രേസ്യ വിതയത്തിലച്ചനുമായി പങ്കുവെച്ചു.

അസാധാരണമായ പുണ്യജീവിതമാണ് മറിയം ത്രേസ്യയുടേതെന്ന് തിരിച്ചറിഞ്ഞ വിതയത്തിലച്ചന്‍ അവരുടെ ആധ്യാത്മിക പിതാവായി മാറി. തുടര്‍ന്ന് 1926-ല്‍ മറിയം ത്രേസ്യ മരിക്കുംവരെ അവര്‍ക്ക് വേണ്ട പിന്തുണയും പ്രചോദനവും പകരുവാന്‍ വിതയത്തിലച്ചന്‍ മനസ്സുവെച്ചു.

സഭാധികാരികള്‍ പലപ്പോഴും സംശയത്തോടെയാണ് മറിയം ത്രേസ്യയുടെ ആത്മീയാനുഭവങ്ങളെ വീക്ഷിച്ചിരുന്നത്.

നാട്ടുനടപ്പിന് വിരുദ്ധമായ രീതിയില്‍ സേവനരംഗത്തേക്കിറങ്ങിയ യുവതിയെ പ്രോത്സാഹിപ്പിക്കാന്‍ സഭാനേതൃത്വം ഉത്സാഹം കാണിച്ചില്ല. ഇക്കാലത്ത് മറിയം ത്രേസ്യയ്ക്കുവേണ്ടി രൂപതാധികാരികളുമായി സംസാരിക്കാനും അവരുടെ അസാധാരണ ആത്മീയജീവിതത്തിന്റെ മാറ്റ് ബോധ്യപ്പെടുത്താനും വിതയത്തിലച്ചന് കഴിഞ്ഞു. 1913 സെപ്റ്റംബറില്‍ മറിയം ത്രേസ്യയ്ക്കും കൂട്ടുകാരികള്‍ക്കും പ്രാര്‍ത്ഥിക്കാനായി ചെറുഭവനം സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത് അച്ചനാണ്. പിറ്റേവര്‍ഷം ഇതൊരു സന്ന്യാസസഭയായി അധികാരികള്‍ അംഗീകരിച്ചതിന് പിന്നിലും വിതയത്തിലച്ചന്റെ ഇടപെടലുകള്‍ ഉണ്ടായിരുന്നു.

വിശുദ്ധിയും അറിവും ഒപ്പം കര്‍മശേഷിയും സമന്വയിച്ച വ്യക്തിയായിരുന്നു വിതയത്തിലച്ചന്‍. ബാലാരിഷ്ടതകളിലൂടെ കടന്നുപോയ ഹോളിഫാമിലി സഭയ്ക്ക് താങ്ങും തണലുമായത് അച്ചനാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ മറിയംത്രേസ്യയ്ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങളും സാന്ത്വനങ്ങളും പകരുവാനും അദ്ദേഹത്തിന് കഴിഞ്ഞു. 1926-ല്‍ മറിയം ത്രേസ്യയുടെ മരണശേഷം സഭയെ കരുതലോടെ അച്ചന്‍ പരിപാലിച്ചു. എല്ലാറ്റിലുമുപരി മറിയം ത്രേസ്യ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുമെന്ന് ദീര്‍ഘദര്‍ശനം ചെയ്ത അദ്ദേഹം അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ ചെയ്തുവെച്ചാണ് യാത്രയായത്. മറിയം ത്രേസ്യയുടെ വിശുദ്ധ ജീവിതത്തിന്റെ തെളിവുകളും രേഖകളുമെല്ലാം സമാഹരിച്ച് സഭാധികാരികള്‍ക്ക് കൈമാറിയിരുന്നു. 1964-ല്‍ മറിയം ത്രേസ്യയുടെ ചരമദിനമായ ജൂണ്‍ എട്ടിനാണ് വിതയത്തിലച്ചന്‍ സ്വര്‍ഗീയസമ്മാനത്തിന് വിളിക്കപ്പെട്ടത്. കുഴിക്കാട്ടുശ്ശേരി മഠം കപ്പേളയില്‍ മറിയം ത്രേസ്യയുടെ കബറിടത്തിന് സമീപമാണ് വിതയത്തിലച്ചന്റെ കബറിടം.

കുടുംബങ്ങളുടെ വിശുദ്ധീകരണം ജീവിതവ്രതമായി സ്വീകരിക്കുകയും പാവപ്പെട്ടവരോട് പക്ഷംചേരുകയും ചെയ്ത വിതയത്തിലച്ചനെ 2004 മേയ് 18-ന് ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തി. അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടിയവര്‍ക്കെല്ലാം ദൈവാനുഗ്രഹങ്ങള്‍ സമൃദ്ധമായി ലഭിക്കാന്‍ തുടങ്ങി. 2015 ഡിസംബര്‍ 14-ന് വിതയത്തിലച്ചനെ ധന്യന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തി.

Content Highlights: Fr. Joseph Vithayathil Spiritual master of Mariam Thresia