കുഴിക്കാട്ടുശ്ശേരി (മാള): മറിയംത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സ്വര്‍ഗീയനിമിഷത്തിനായി കുഴിക്കാട്ടുശ്ശേരി മറിയംത്രേസ്യ തീര്‍ഥാടനകേന്ദ്രം ഒരുങ്ങി.

കബറിടദേവാലയം സ്ഥിതിചെയ്യുന്ന ഇവിടെ ഞായറാഴ്ച റോമില്‍ നടക്കുന്ന പ്രഖ്യാപനച്ചടങ്ങുകള്‍ ലൈവായി വലിയ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമെന്ന് രൂപതാ വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, ഫാ. ജോസ് കാവുങ്ങല്‍, ഫോ. ജോണ്‍ കവലക്കാട്ട്, വികാര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 10-ന് കുഴിക്കാട്ടുശ്ശേരിയില്‍ അപ്പസ്റ്റോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് പാനികുളം, ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍, വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് വൈദികര്‍ സംബന്ധിക്കുന്ന ദിവ്യബലി അര്‍പ്പണം നടക്കും. തുടര്‍ന്ന് സ്തോത്രഗീതാലാപനം, വിശുദ്ധപദവിയുടെ പ്രതീകമായുള്ള കിരീടം വിശുദ്ധയുടെ തിരുരൂപത്തില്‍ അണിയിക്കല്‍ എന്നിവ നടക്കും.

തിരുസ്വരൂപവും വഹിച്ച് ദേവാലയം ചുറ്റി പ്രദക്ഷിണവും തിരുശേഷിപ്പുവണക്കവും ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കും. വിശുദ്ധപ്രഖ്യാപനച്ചടങ്ങ് വീക്ഷിക്കുവാനായി സന്ന്യാസിനിമാരും വൈദികരും കുടുംബാംഗങ്ങളും നാട്ടുകാരുമായി അറുനൂറോളംപേരാണ് റോമിലേക്ക് പോയിട്ടുള്ളത്.

Content Highlights: canonistion of Mariam thrasia