തൃശ്ശൂര്‍: അല്‍ഫോന്‍സാമ്മക്കും ചാവറയച്ചനും എവുപ്രാസ്യാമ്മക്കും പിന്നാലെ സിറോ മലബാര്‍ സഭയില്‍നിന്ന് മറ്റൊരു പുണ്യവതി കൂടി പിറവിയെടുക്കുന്നു. ഞായറാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പ മറിയം ത്രേസ്യയെ പുണ്യവതിയായി പ്രഖ്യാപിക്കുമ്പോള്‍ അത് കേരള സഭയുടെയും ഭാരതസഭയുടെയും അഭിമാന മൂഹൂര്‍ത്തമാകും.

ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ സഹകാര്‍മികനാകും. ചടങ്ങിന് മുന്നോടിയായി ശനിയാഴ്ച മരിയ മെജോറ ബസിലിക്കയില്‍ ഒരുക്കശുശ്രൂഷ നടക്കും. വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ആഞ്ചലോ ജിയോവാനി ബെച്ച്യു മുഖ്യകാര്‍മികനാകും. ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ സഹകാര്‍മികരാകും. 

ഹോളി ഫാമിലി സന്ന്യാസ സമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഭവ്യ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ ലേഖനം വായിക്കും. കാറോസൂസ പ്രാര്‍ഥന മലയാളം, ഹിന്ദി, ഇംഗ്‌ളീഷ് , ഇറ്റാലിയന്‍, ജര്‍മന്‍ എന്നീ ഭാഷകളില്‍ ചൊല്ലും. മുന്‍ മദര്‍ ജനറല്‍ സിസ്റ്റര്‍ പ്രസന്ന തട്ടില്‍, സിസ്റ്റര്‍ രഞ്ജന, സിസ്റ്റര്‍ ഒലിവ് ജയിന്‍, ജര്‍മനിയിലെ മേയര്‍ മാര്‍ഗരറ്റ് റിറ്റര്‍ തുടങ്ങിയവരാണ് ഇതു നിര്‍വഹിക്കുക. ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, റവ. ഡോ. ക്ലമന്റ് ചിറയത്ത്, മദര്‍ ജനറല്‍ സിസ്റ്റര്‍ ഉദയ എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

തിങ്കളാഴ്ച രാവിലെ പത്തരയ്ക്ക് റോമിലെ സെന്റ് അനസ്താസിയ ബസിലിക്കയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. വിശുദ്ധപദവി പ്രഖ്യാപനം നടക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ചു വിശുദ്ധരുടെ വലിയ ഛായാചിത്രങ്ങള്‍ സ്ഥാപിച്ചു. വിശുദ്ധ പ്രഖ്യാപന പരിപാടികളുടെ തത്സമയ സംപ്രേഷണത്തിന് ചില പള്ളികളില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെ ജനപ്രതിനിധികളും സന്ന്യസ്തരും വിശ്വാസികളും അടക്കം നാനൂറിലേറെ പേര്‍ റോമിലെത്തിയിട്ടുണ്ട്. 

സിറോ മലബാര്‍ സഭയുടെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും നേരത്തെതന്നെ വത്തിക്കാനില്‍ എത്തിയിരുന്നു. എം.പി.മാരായ ടി.എന്‍. പ്രതാപന്‍, ബെന്നി ബഹനാന്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് തുടങ്ങിയവരും അവിടെ എത്തിയിട്ടുണ്ട്. വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറിയം ത്രേസ്യയുടെ മധ്യസ്ഥതയാല്‍ അദ്ഭുത രോഗശാന്തി നേടിയ ക്രിസ്റ്റഫര്‍ ജോഷി എന്ന ബാലനും കുടുംബവും ക്രിസ്റ്റഫറിനെ ചികിത്സിച്ച അമല മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ശ്രീനിവാസനും ചടങ്ങുകളില്‍ പങ്കെടുക്കും

Content Highlights: Canonisation of Mariam Thresia Proud moment of Kerala