കുട്ടിക്കാലത്ത്  ഇഷ്ടപ്പെടാതിരുന്ന ഒരു ദിവസമുണ്ടായിരുന്നെങ്കില്‍ അത് ദുഃഖവെള്ളിയാഴ്ചയായിരുന്നു. ദുഃഖവെള്ളിയാഴ്ചയുടെ കാര്യത്തില്‍ അമ്മയ്ക്ക് ഒരു വിട്ടുവീഴ്ചയും ഉണ്ടായിരുന്നില്ല. മറ്റൊരു ദിവസവും നൊയ്മ്പ് നോറ്റില്ലെങ്കിലും അന്ന് നിര്‍ബ്ബന്ധമായിരുന്നു. കുട്ടികള്‍ക്ക്  ചെറിയ തോതില്‍ ഭക്ഷണം കിട്ടും. മീനും ഇറച്ചിയും അന്ന് അടുക്കളയില്‍ കയറ്റുന്ന പ്രശ്നമേ ഉണ്ടായിരുന്നില്ല.  

വാസ്തവത്തില്‍ മീനും ഇറച്ചിയുമായിരുന്നില്ല പ്രശ്നം. ഒരു തരത്തിലുള്ള കളിയും അന്ന് അമ്മ അനുവദിച്ചിരുന്നില്ല. കര്‍ത്താവ് മരിച്ച ദിവസമാണ്, അടങ്ങിയൊതുങ്ങി ഒരിടത്തിരുന്നോണം. ഇതായിരുന്നു പ്രതിസന്ധി. അയല്‍പക്കത്തുള്ള വീടുകള്‍ എല്ലാം തന്നെ ഹിന്ദുക്കളുടേതായിരുന്നു. വിഷു അടുത്തെത്തിയതിനാല്‍ അവിടെയുള്ള കൂട്ടുകാരെല്ലാം കളിച്ചു തിമര്‍ക്കും. വീടിനു തൊട്ടപ്പുറത്തുള്ള പറമ്പില്‍ കൂട്ടുകാര്‍ പന്തുകളിയും മറ്റുമായി തകര്‍ക്കുമ്പോള്‍ നമ്മള്‍ ജനലയിലൂടെ അതെല്ലാം നോക്കി നെടുവീര്‍പ്പിട്ടു നില്‍ക്കും. പക്ഷേ, വീട്ടില്‍ ചേച്ചിമാര്‍ ഏറെ കാത്തിരുന്ന ദിവസമായിരുന്നു ദുഃഖവെള്ളിയെന്ന് തോന്നിയിട്ടുണ്ട്. കാരണം അന്ന് മുറ്റം പോലും അടിക്കാന്‍ അമ്മ സമ്മതിക്കില്ല. ചേച്ചിമാര്‍ അതുകൊണ്ടുതന്നെ സ്വസ്ഥമായി എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കും.

അര്‍ണോസ് പാതിരി എഴുതിയ പുത്തന്‍പാനയില്‍ നിന്നുള്ള മാതാവിന്റെ വിലാപഗീതം കേള്‍ക്കുക ദുഃഖവെള്ളിയാഴ്ചയും മരണം നടന്ന വീടുകളിലുമാണ്. മകന്‍ ക്രൂശിക്കപ്പെട്ടതില്‍ മനം നൊന്ത് കരയുന്ന മറിയത്തിന്റെ വിലാപം അക്ഷരാര്‍ത്ഥത്തില്‍ അന്തരീക്ഷം ദുഃഖമയമാക്കിയിരുന്നു. മരണം നടന്നാല്‍ പുത്തന്‍പാന പാടുന്ന ചില വിദഗ്ധരായ കാരണവന്മാര്‍ സ്ഥലത്തെത്തും. അവര്‍ക്ക് ഇടയ്ക്കിടെ കട്ടന്‍ ചായ നിര്‍ബ്ബന്ധമായിരുന്നു. ഈ കട്ടന്‍ചായയ്ക്കൊപ്പം ഇവരില്‍ ചിലര്‍ ചാരായം കൂടി അകത്താക്കിയിരുന്നുവെന്ന് കണ്ടെത്തിയതും കുട്ടിക്കാലത്താണ്. മാതാവിന്റെ ദുഃഖം സ്വന്തം ദുഃഖമെന്നോണമുള്ള ആലാപനത്തിന് കരുത്തുപകരാന്‍ കട്ടന്‍ചായ മാത്രം മതിയായിട്ടുണ്ടാവില്ല.

ദുഃഖവെള്ളിയാഴ്ചയിലെ ഒരു സുപ്രധാന കഥാപാത്രം യൂദാസായിരുന്നു. 30 വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ശിഷ്യന്‍. ബാല്യത്തിലെ ഓര്‍മ്മകളില്‍ യൂദാസ് അധമനും നീചനുമായിരുന്നു. അവനൊരു യൂദാസാണ് എന്ന് അപ്പനൊക്കെ പറയുമ്പോള്‍ ഒരു ഒറ്റുകാരന്റെ ചിത്രം മനസ്സിലേക്കോടിയെത്തും. സകലമാന അധര്‍മ്മവും അനീതിയും ദുഷ്ടത്തരവും ഒരാളിലേക്ക് സന്നിവേശിച്ചാല്‍ അതായിരുന്നു യൂദാസ്. മനുഷ്യപുത്രനെ ശത്രുക്കള്‍ക്കായി ചൂണ്ടിക്കാണിക്കുന്ന യൂദാസ് തൂങ്ങിച്ചത്തതില്‍ അന്നൊക്കെ ഒരിക്കലും സങ്കടമുണ്ടായിരുന്നില്ല.

പക്ഷേ, പിന്നിട് ജീവിതത്തിന്റെ മുന്നോട്ടുള്ള യാത്രകളില്‍ യൂദാസ് ഒരു പ്രഹേളികയായി. കടങ്കഥയ്ക്കുള്ളിലെ സമസ്യ പോലെ യൂദാസ് പലപ്പോഴും വെല്ലുവിളിയുയര്‍ത്തി. ഡാ വിഞ്ചിയുടെ അന്ത്യ അത്താഴം എന്ന പെയിന്റിങ്ങുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്. വര്‍ഷങ്ങളെടുത്താണ് ഡാ വിഞ്ചി ഈ ചിത്രം പൂര്‍ത്തിയാക്കിയത്. 20 വയസ്സ് പ്രായമുണ്ടായിരുന്ന ഒരു യുവായായിരുന്നു ഇതിനായി ഡാ വിഞ്ചി ക്രിസ്തുവിന്റെ മോഡലായി കണ്ടെത്തിയത്. 

വര്‍ഷങ്ങള്‍ക്കു ശേഷം യൂദാസിന് പറ്റിയ ഒരാളെ കണ്ടെത്താന്‍ ഡാ വിഞ്ചി റോമിലെ ജയിലിലെത്തുന്നു. അവിടെ തിന്മയുടെ മൂര്‍ത്ത രൂപം പോലുള്ള ഒരാളെ കാണുന്നു. യൂദാസിനായി ഒഴിച്ചിട്ട സ്ഥലത്ത് അയാളുടെ മുഖം ഡാ വിഞ്ചി വരച്ചുചേര്‍ക്കുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഡാ വിഞ്ചി കാണുന്നത് തന്റെ മോഡലായ ആ തടവുകാരന്‍ കരയുന്നതാണ്.  ''എന്തിനാണ് നിങ്ങള്‍ കരയുന്നത്?'' ഡാ വിഞ്ചി ചോദിക്കുന്നു.  ''അങ്ങെന്നെ തിരിച്ചറിയുന്നില്ലേ? അങ്ങയുടെ ചിത്രത്തില്‍  യേശുവായി വര്‍ഷങ്ങള്‍ക്കു മുമ്പ് മോഡലായി വന്നത് ഞാന്‍ തന്നെയാണ്.'

ഈ കഥ വലിയൊരു വെളിച്ചമായിരുന്നു. യൂദാസിനും ക്രിസ്തുവിനുമിടയില്‍ സാധാരണ നേത്രങ്ങള്‍ക്ക് ദൃശ്യമല്ലാത്ത ചില കണ്ണികളുണ്ടെന്ന തിരിച്ചറിവ്. ഏറ്റവും അടുത്തവര്‍ തന്നെ നമുക്കെതിരെ തിരിയുമ്പോള്‍ നമ്മള്‍ ബ്രൂട്ടസിനെ ഓര്‍ക്കും. ബ്രൂട്ടസും തന്നെ കുത്തിയെന്ന് മനസ്സിലാക്കുമ്പോഴാണ് ജൂലിയസ് സീസര്‍ വീഴുന്നത്. ''ബ്രൂട്ടസേ, നീയും ... എങ്കിലിതാ സീസര്‍ വീഴുന്നു.''   നമ്മോട് ഏറ്റവുമധികം അടുത്തു നില്‍ക്കുന്നവര്‍, നമ്മള്‍ ഏറ്റവുമധികം വിശ്വസിക്കുന്നവര്‍ നമുക്കെതിരെ തിരിയുമ്പോഴാണ് നമ്മള്‍ വീണുപോവുന്നത്.

കമ്മ്യൂണിസത്തിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയെന്ന് എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കാവുന്ന എം.എന്‍. റോയിയുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു സംഭവമുണ്ട്. റോയ് സോവിയറ്റ് റഷ്യയില്‍ ലെനിന് ഏറെ പ്രിയപ്പെട്ട വിപ്ലവകാരിയായിരുന്നു. കൊളോണിയല്‍ രാഷ്ട്രങ്ങളെക്കുറിച്ചുള്ള തന്റെ പ്രബന്ധത്തില്‍ റോയിയുടെ വിഭിന്നമായ അഭിപ്രായം ഉള്‍ക്കൊള്ളിക്കാന്‍ ലെനിന്‍ തയ്യാറായെന്നത് ചരിത്രമാണ്. 

1920 കളുടെ തുടക്കത്തില്‍ റോയ് മോസ്‌കോയിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യന്‍ വംശജനായ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി മോസ്‌കോയിലെത്തി. ഇയാള്‍ പക്ഷേ,  കമ്മ്യൂണിസ്റ്റ് താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുകയാണെന്ന്  രഹസ്യപ്പോലീസ് റിപ്പോര്‍ട്ട് ചെയ്തു. ലെനിന്‍ ഭരണകൂടത്തിനെ ശത്രുക്കളില്‍നിന്നും രക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായിരുന്ന രഹസ്യപ്പോലീസ് സംവിധാനത്തിന്റെ പ്രതികൂല റിപ്പോര്‍ട്ട് വന്നാല്‍ അതിന്റെ അര്‍ത്ഥം മരണമെന്നായിരുന്നു. 

റോയ് ലെനിനോട് നേരിട്ട് സംസാരിച്ചാണ് ഈ മനുഷ്യനെ മരണക്കുരുക്കില്‍നിന്ന് രക്ഷിച്ചത്. അയാളോട് എത്രയും പെട്ടെന്ന് മോസ്‌കോ വിട്ടുപോവാനും റോയ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം 1931-ല്‍ റോയിയെ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ താന്‍ തന്നെയാണോ എന്ന് ഉറപ്പുവരുത്താന്‍ അന്ന് ബ്രിട്ടീഷ് ഭരണകൂടത്തിനെ സഹായിച്ചത് താന്‍ കൊലമരത്തില്‍നിന്ന് രക്ഷിച്ച അതേ ഇന്ത്യക്കാരനായിരുന്നെന്ന് റോയ് ആത്മകഥയില്‍ എഴുതുന്നുണ്ട്.

ജീവിതം പലപ്പോഴും അങ്ങിനെയാണ്. നമ്മള്‍ ഏറ്റവുമധികം സഹായിക്കുന്നവര്‍, സ്നേഹിക്കുന്നവരാവും ഒടുവില്‍ നമുക്കെതിരെ തിരിയുക.

ക്രിസ്തുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ യോഹന്നാനായിരുന്നുവെന്നാണ് പൊതുവെയുള്ള വിശ്വാസം. കുരിശില്‍ മരിക്കുന്നതിനു മുമ്പ് ക്രിസ്തു അമ്മയായ മറിയത്തോട് യോഹന്നാനെ ചൂണ്ടിക്കാട്ടി ഇതാ നിന്റെ മകന്‍ എന്നും യോഹന്നാനോട് ഇതാ നിന്റെ അമ്മ എന്നും പറയുന്നുണ്ട്. സ്നേഹവും പൊറുക്കലുമാണ് ക്രിസ്തീയതയുടെ അടിത്തറ. അതുകൊണ്ടുതന്നെ യൂദാസിനെ ക്രിസ്തു ഒരിക്കലും വെറുത്തിരുന്നില്ല എന്ന തിരിച്ചറിവ് ക്രിസ്തുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക്  അന്യമാവില്ല.

കോളേജില്‍ പഠിക്കുമ്പോഴാണ് ഗ്രീക്ക് എഴുത്തുകാരനായ കസാന്‍ദ് സാക്കീസിന്റെ നോവല്‍ 'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' വായിച്ചത്. ഈ നോവലിനെ മുന്‍നിര്‍ത്തി പി.എം. ആന്റണി രചിച്ച ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന നാടകം കേരളത്തില്‍ വലിയ കോളിളക്കമാണുണ്ടാക്കിയത്. മാര്‍ക്സിനും ബുദ്ധനും ക്രിസ്തുവിനുമിടയിലുള്ള അന്വേഷണമാണ് തന്റെ ജീവിതം നിര്‍ണ്ണയിച്ചതെന്ന് സാക്കീസ് ആത്മകഥയായ ''റിപ്പോര്‍ട്ട് ടു ഗ്രെക്കൊ''യില്‍ സൂചിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്റെ അന്ത്യപ്രലോഭനത്തില്‍ യൂദാസ് ഒരു പ്രധാന കഥാപാത്രമാണ്. യൂദാസ് എന്ന പ്രഹേളികയുടെ അന്തരാളങ്ങളിലേക്ക് കടന്നുചെല്ലാന്‍ സാക്കിസ് നടത്തുന്ന ശ്രമം ഗംഭീരമെന്നേ വിശേഷിപ്പിക്കാനാവൂ.

ഗെത്സമിനി തോട്ടത്തില്‍ ഒറ്റിക്കൊടുക്കപ്പെടുന്നതിനു മുമ്പ് സാക്കിസിന്റെ നോവലില്‍ ക്രിസ്തു യൂദാസിനോട് പറയുന്നു: ''സഹോദരാ, യൂദാസ്, എന്നെ ഒറ്റിക്കൊടുക്കുന്നതിനുള്ള ശക്തി നിനക്ക് ദൈവം തരട്ടെ! ഞാന്‍ കൊല്ലപ്പെടുന്നതിനും നീ എന്നെ ഒറ്റുന്നതിനും ഇതനിവാര്യമാണ്. നമുക്ക് രണ്ടുപേര്‍ക്കും ഈ ലോകത്തെ രക്ഷിക്കേണ്ടതായുണ്ട്. എന്നെ സഹായിക്കൂ.'' അപ്പോള്‍ ശിരസ്സ് നമിച്ച് യേശുവിനെ വണങ്ങിയ ശേഷം യൂദാസ് ചോദിക്കുന്നു. ''അങ്ങയുടെ ഗുരുവിനെ ഒറ്റിക്കൊടുക്കാന്‍ ആവശ്യപ്പെട്ടാല്‍ അങ്ങത് ചെയ്യുമോ?'' ക്രിസ്തു കുറെനേരം ആലോചിക്കുന്നു. എന്നിട്ട് മറുപടി പറയുന്നു: ''ഇല്ല, എന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കാന്‍ എനിക്ക് കഴിയില്ല. അതുകൊണ്ടാണ് ദൈവം എന്നില്‍ കരുണ തോന്നി എനിക്ക് കൂടുതല്‍ എളുപ്പമുള്ള ജോലി(ക്രൂശിക്കപ്പെടുക) തന്നത്.''

സാക്കിസിന്റെ നോവല്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സര്‍ഗ്ഗാത്മകതയുടെ വഴികള്‍ പൊതുസമ്മതം തേടുന്നവയല്ല എന്നതിനാല്‍ ഈ വിമര്‍ശങ്ങള്‍ നോവലിനെ ചെറുതാക്കുകയോ വലുതാക്കുകയോ ചെയ്യുന്നില്ല. പക്ഷേ, യൂദാസ് കറുപ്പില്‍ മാത്രം ചിത്രീകരിക്കപ്പെടേണ്ട ഒരു വ്യക്തിയല്ല എന്ന ഉള്‍വെളിച്ചം സാക്കിസ് നമുക്ക് നല്‍കുന്നുണ്ട്.

ഒരു പക്ഷേ, 2020-ലെ ഈ ദുഃഖവെള്ളിയാഴ്ച പോലൊന്ന് ഇനി നമ്മുടെ ജീവിത കാലത്തുണ്ടാവണമെന്നില്ല. ഇതുവരെ കണ്ട ഒരു ദുഃഖവെള്ളിയും ഈ ദുഃഖവെള്ളിയുമായി താരതമ്യം ചെയ്യാനാവില്ല. അപൂര്‍വ്വമായി മാത്രം പള്ളികളില്‍ പോകുന്ന ക്രിസ്ത്യാനികളുണ്ട്. എല്ലാ ദിവസവും പള്ളികളില്‍ പോകുന്ന നിരവധി പേരുണ്ട്. 

ഇന്ന്, ഈ ദുഃഖ വെള്ളിയില്‍ പക്ഷേ, ഒരുപാട് പേര്‍ വീടുകള്‍ക്കുള്ളിലാണ്. വീടുകളിലെത്തിച്ചേരാന്‍ കഴിയാത്ത ലക്ഷങ്ങള്‍ ക്യാമ്പുകളിലും അന്യദേശങ്ങളിലുമുണ്ട്. ലോകത്തെവിടെയായിരുന്നാലും ഒരു ക്രിസ്ത്യാനിയും ഇന്നേ ദിവസം പള്ളിയില്‍ പോവാതിരിക്കില്ല. മനുഷ്യരാശിക്കായി ജീവന്‍ ബലികൊടുത്ത മനുഷ്യപുത്രന്റെ കുരിശുമരണം അവര്‍ക്ക് വീടുകളുടെ ഉള്‍ത്തളങ്ങളിലിരുന്ന് ആചരിക്കാന്‍ പറ്റുന്നതായിരുന്നില്ല. 

പലതും മാറ്റിമറിച്ച കൂട്ടത്തില്‍ കൊറോണ ദുഃഖവെള്ളിയുടെ ആചരണവും മാറ്റിയിരിക്കുന്നു. കോടികള്‍ ചെലവഴിച്ച് പണിതുയര്‍ത്തിയ ആലയങ്ങളിലല്ല മറിച്ച് വീടിനുള്ളിലെ ടെലിവിഷന്‍ തിരശ്ശീലയിലും ഇന്റര്‍നെറ്റിന്റെ അകത്തളങ്ങളിലുമാണ്  ഇപ്പോള്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. ഏകാന്തതയുടെ തുരുത്തുകളില്‍നിന്നു പുരോഹിതര്‍ കുര്‍ബ്ബാന ചൊല്ലുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ''എന്റെ പിതാവേ, എന്റെ ദൈവമേ, നീ എന്തിനാണെന്നെ ഉപേക്ഷിച്ചത്?'' എന്ന ക്രിസ്തുവിന്റെ വിലാപം മനുഷ്യരാശിയുടെ വിലപമായി മാറുന്നു.

പക്ഷേ, ഓരോ ദുഃഖവെള്ളിക്കു ശേഷവും ഉയിര്‍പ്പു ഞായര്‍ വരുന്നുണ്ട്. ജീവിതത്തില്‍ പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല എന്ന പ്രകാശാഭരിതമായ സന്ദേശമാണത്. ഓരോ ദിവസവും നമ്മള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് ഈ പ്രതീക്ഷ ഉള്ളതുകൊണ്ടുതന്നെയാണ്. ഈ ദുഃഖവെള്ളി തീര്‍ത്തും വ്യത്യസ്തമാവുമ്പോള്‍ തന്നെ ജീവിതം ഇനിയും തളിര്‍ക്കുമെന്ന് നമുക്ക് വിശ്വസിച്ചേ തീരൂ. 

കുട്ടിക്കാലത്ത് ഒരു ദുഃഖവെള്ളിയാഴ്ച വൈകീട്ട് പള്ളിയില്‍ പോയി തിരിച്ചുവരുമ്പോള്‍ അമ്മയും ചേച്ചിമാരും  കുറച്ചു മുന്നിലായിരുന്നു. വീടിനടുത്തുള്ള കവലയില്‍ അവര്‍ കാത്തു നില്‍ക്കുന്നുണ്ടാവും എന്നാണ് കരുതിയത്. പക്ഷേ, വീട്ടുകാര്‍ വിചാരിച്ചത് ഞാന്‍ അവര്‍ക്ക് മുന്നിലായി വീട്ടിലെത്തിയിട്ടുണ്ടാവും എന്നാണ്. കവലയില്‍ നിന്ന് വീട്ടിലേക്കെത്താന്‍ ഒരിടവഴി കടക്കണം. സര്‍പ്പക്കാവുകള്‍ അതിരിടുന്ന ഇടവഴി. 

ഇരുട്ടില്‍ ആകെ പേടിച്ച് ആ ഇടവഴിക്ക് മുന്നില്‍ നിന്നപ്പോള്‍ ഒരാള്‍ വന്ന് തോളില്‍ തട്ടി. നോക്കിയപ്പോള്‍ നാട്ടിലെ പ്രധാന ചട്ടമ്പി. ചെകുത്താനും കടലിനും നടുക്കായോ എന്ന ആധിയില്‍ പേടിച്ചു വിറച്ചപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു. ''മോനെ, ഞാന്‍ വീട്ടിലാക്കിത്തരാം.'' 

അതുവരെ യൂദാസായിരുന്ന ഒരാള്‍ പൊടുന്നനെ ക്രിസ്തുവായി. ആ മനുഷ്യന്റെ കൈപിടിച്ച് ഇടവഴി താണ്ടിയപ്പോള്‍ പൊളിഞ്ഞുവീണത് മുന്‍വിധികളുടെ വലിയൊരു കോട്ടയാണ്.

Content Highlights: An entirely different Good Friday in the time of Corona Virus