വയനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവങ്ങളിലൊന്നാണ് വള്ളിയൂർക്കാവിലേത്. മീനം ഒന്നിന്, അതായത്‌, മാർച്ച് 15-ന് തുടങ്ങി 14 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് 28-ന് ആറാട്ടോടുകൂടി സമാപിക്കും.  എല്ലാ വർഷവും മീനത്തിൽ നടക്കുന്ന  ഉത്സവം വയനാട്ടിലെ എല്ലാ ഉത്സവങ്ങളിലുംവെച്ച് ഏറ്റവും പൊലിമയേറിയതാണ്. വയനാട്ടിലെ ആദിവാസികളുടെയടക്കം ഏറ്റവുംവലിയ ഒത്തുചേരലാണ് ഈ ഉത്സവം. ആറാട്ട് എഴുന്നള്ളത്തിന് വിവിധ ദേശങ്ങളിൽനിന്ന് അടിയറകൾ മേലേകാവിലേക്ക് വരും. നെറ്റിപ്പട്ടംകെട്ടിയ ആനകൾ, താലപ്പൊലി, കരകാട്ടം, അമ്മൻകുടം, നാദസ്വരം, പഞ്ചവാദ്യം, നിശ്ചലദൃശ്യങ്ങൾ, ഗോത്രനൃത്തങ്ങൾ, ചെണ്ടവാദ്യം എന്നിവ അടിയറ എതിരേൽപ്പിനെ ഉത്സവഭരിതമാക്കും.

പണ്ടുകാലത്ത് ഗോത്രവർഗജനത കുടുംബമായി വന്ന് ഉത്സവം തീരുംവരെ കാവിൽത്തന്നെ താമസിച്ച് പോവുന്ന പതിവുണ്ടായിരുന്നു. കാവിലെ ആറാട്ടുകഴിഞ്ഞുള്ള പുതുമഴയ്ക്ക് വയലുകൾ ഉഴുതു മറിക്കും. വിഷുപിറ്റേന്ന് വിത്തിടും. അങ്ങനെ ഒരു വർഷത്തെ കാർഷിക പ്രതീക്ഷയുടെ തുടക്കവുമാണ് ഈ ഉത്സവം.

പണ്ട് ജൻമിമാർ വല്ലിപ്പണിക്കാരെന്ന പേരിൽ അടിമകളെ തിരഞ്ഞെടുക്കുന്ന ചന്തയും ഉണ്ടായിരുന്നെന്ന് ചരിത്രം. വള്ളിയൂരമ്മയെ സാക്ഷിയാക്കി ഒരു വർഷത്തേക്ക് കൂലി നെല്ലായി നൽകി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതായിരുന്നു ഈ സമ്പ്രദായം. വയനാട്ടിലെ ആദിവാസി സമുദായങ്ങളുടെ പ്രധാനപ്പെട്ട ആരാധനാലയമായ ക്ഷേത്രത്തിൽ ദേവിയെ വനദുർഗ, ഭദ്രകാളി, ജലദുർഗ എന്നീ മൂന്ന് പ്രധാന രൂപങ്ങളിലാണ്  ഇവിടെ ആരാധിക്കുന്നത്.

ഇനി പോകാനുള്ള വഴി പറയാം. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽനിന്ന്‌ 24 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽനിന്ന്‌ 31 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന്‌ അഞ്ച്‌ കിലോമീറ്ററും അകലെയാണ് ഈ ക്ഷേത്രം. കോഴിക്കോട്ടുനിന്ന് താമരശ്ശേരി ചുരം വഴിയായായലും പക്രംതളം ചുരം വഴിയായാലും 100 കിലോമീറ്ററാണ് ഇവിടേക്ക്.

കൽപ്പറ്റ, പനമരം കൊയിലേരി വഴിയാണ് പോവേണ്ടത്. പക്രംതളം വഴിയാണെങ്കിൽ മാനന്തവാടി വഴിയും. മാനന്തവാടിയിൽ നിന്നും കൽപ്പറ്റയിൽ നിന്നും ഉത്സവസമയത്ത് പ്രത്യേക ബസ് സർവീസും ഉണ്ടായിരിക്കുന്നതാണ്. ഇവിടെ പോവുമ്പോൾ കുറുവാദ്വീപും സന്ദർശിക്കാവുന്നതാണ്. 14 കിലോമീറ്ററാണ് ഇവിടേക്ക്.