ദേവിയെ വാത്സല്യനിധിയായ മാതാവായി സങ്കല്‍പിച്ച് ആരാധിക്കുന്ന സമ്പ്രദായത്തോട് ബന്ധപ്പെട്ട ഒരനുഷ്ഠാനമാണ് തൂക്കം. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് ദേവിയുടെ സംരക്ഷണം സിദ്ധിക്കുന്നതിനും മാതാപിതാക്കള്‍ക്ക് പുത്രലാഭം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇത് നടത്തപ്പെടുന്നത് എന്ന് പഴമക്കാര്‍ പറയുന്നു. കുംഭം, മീനം മാസങ്ങളിലാണ് സാധാരണ തൂക്കം നടത്തുന്നത്.

തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. ആ തൂക്കക്കാര്‍ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതല്‍ ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തില്‍ തന്നെ കഴിഞ്ഞുകൂടണമെന്ന് നിര്‍ബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാല്‍ തൂക്കക്കാര്‍ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ് ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്.

തൂക്കത്തിന് വേണ്ടി പ്രത്യേകം മരംകൊണ്ട് നിര്‍മിക്കുന്ന ചട്ടങ്ങള്‍ ഉണ്ട്. ഇതിന്റെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയര്‍ത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുകയാണ് തൂക്കത്തില്‍ നടക്കുന്നത്.  തൂക്കത്തിനുപയോഗിക്കുന്ന ചട്ടത്തിനെ തൂക്ക വില്ല് എന്നാണ് പറയുന്നത്. 

അടൂര്‍ ഏഴംകുളം തൂക്കം... ഫോട്ടോ: അബൂബക്കര്‍തൂക്കക്കാരന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് കച്ച ചുറ്റിക്കെട്ടി അത് വില്ലിലെ കൊളുത്തില്‍ കടത്തിയാണ് തൂക്കക്കാരനെ ഇവിടെ തൂക്കിയിടാറുള്ളത്. നേരത്തെ തൂക്കക്കാരന്റെ ശരീരത്തില്‍ കൊളുത്ത് കുത്തിക്കയറ്റി രക്തബലി നടത്തിയിരുന്ന പ്രാചീന സമ്പ്രദായം നടന്നിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നുവന്നതോടെ അത് ഉപേക്ഷിച്ചു. പകരം തൂക്കക്കാരന്റെ ശരീരത്തില്‍ സൂചി കുത്തി അല്‍പ്പം രക്തം പുറത്തെടുക്കുന്ന ആചാരങ്ങള്‍ ചിലയിടങ്ങളില്‍ കാണാം. 

രക്തബലിയുടെ സങ്കല്‍പ്പത്തിലാണ് ഇത്തരം ആചാരങ്ങല്‍ നടക്കുന്നത്. കൊല്ലങ്കോട്, എളവൂര്‍, ഏഴംകുളം,ശാര്‍ക്കര തുടങ്ങിയ സ്ഥലങ്ങളിലെ ദേവീ ക്ഷേത്രങ്ങളിലെ തൂക്കം നവഴിപാടുകളാണ് ശ്രദ്ധേയം. എളവൂര്‍ പുത്തന്‍കാവില്‍ കുറേക്കാലം മുമ്പുവരെ പതിവായി തൂക്കം നടന്നിരുന്നു. എളവൂര്‍ കാവിലെ തൂക്കത്തിലും തൂക്കക്കാരന്റെ ചര്‍മത്തിനുള്ളിലേക്ക് കൊളുത്ത് കുത്തിക്കയറ്റി വന്നിരുന്നതുകൊണ്ട് അത് ക്രൂരമായ ഒരു പീഡനം ആണെന്ന അഭിപ്രായം കുറേക്കാലം മുമ്പ് ഉയര്‍ന്നു. 

അതിന്റെ ഫലമായി ഇളവൂര്‍ കാവിലെ തൂക്കം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. മൂന്നുതരം തൂക്കങ്ങള്‍ പണ്ട് അവിടെ നിലവിലിരുന്നു എന്നും തൂക്കക്കാരന്‍ ശരീരത്തിന്മേല്‍ നടത്തുന്ന ചമയത്തെ ആസ്പദമാക്കി ഈ മൂന്നു തരം തൂക്കങ്ങളെ മനുഷ്യത്തൂക്കം, ഗരുഡത്തൂക്കം, ദാരികത്തൂക്കം എന്നീ പേരുകളില്‍ വിശേഷിപ്പിച്ചിരുന്നു എന്നും പഴമക്കാര്‍ പറയുന്നു.