ക്ഷേത്രത്തിൽ തിടമ്പുനൃത്തം പുരോഗമിക്കുമ്പോൾ നാമറിയാതെ ശ്രദ്ധയാകർഷിക്കുന്ന ഒന്നുണ്ട്. തിടമ്പ് അലങ്കരിച്ച പുഷ്പക്രമീകരണത്തിന്റെ ചന്തമാണത്. ക്ഷേത്രകലയായി വിശേഷിപ്പിക്കാവുന്ന ഇൗ പുഷ്പസജ്ജീകരണത്തിനു പിറകിൽ ഒരുപറ്റം കലാകാരൻമാരുണ്ട്. ഗുരുമുഖത്തുനിന്നുള്ള അഭ്യസനവും ക്ഷമയും കലാനിപുണതയും സമാസമം ചേരേണ്ട കർമം. വാരിയർ, നമ്പീശൻ, പിഷാരടി സമുദായക്കാരാണ് ഇൗ കർമങ്ങൾ ചെയ്യുന്നത്. മൂന്നുപേരടങ്ങുന്ന സംഘം മൂന്നരമണിക്കൂറോളം പ്രയത്നിച്ചാണ് ഇവ ഒരുക്കുന്നത്. പൂക്കളും ഇലകളും മാത്രമാണ് ഇൗ പുഷ്പാലങ്കാരത്തിന് ഉപയോഗപ്പെടുത്തുന്നത്. തുളസി.തെച്ചി, അരളി, മുല്ല, താമര, കവുങ്ങിൻ പൂക്കുല എന്നിവയാണ് മാലകെട്ടാൻ ഉപയോഗിക്കുന്നത്. ദർഭപ്പുല്ല്, മാലപ്പുല്ല് എന്നിവയാണ് മാലകൊരുക്കാൻ ഉപയോഗിക്കുന്നത്. മാല തിടമ്പുമായി കൂട്ടിച്ചേർക്കുന്നത് മുളകൊണ്ട് നിർമിച്ച ചട്ടം ഉപയോഗിച്ചാണ്.

പച്ചമാല, വെളുമ്പ്, മിന്നി..

പച്ചമാല, വെളുമ്പ്, മിന്നി, കണ്ണ്മാല, അരഞ്ഞാണമാല, മടിമാല, ഉണ്ടമാല, വനമാല, നാഗമാല, തുളസിമാല, അക്ഷരമാല, ആലവട്ടം എന്നിങ്ങനെ വൈവിധ്യങ്ങ​േളറെയുണ്ട് തിടമ്പിന്റെ അലങ്കാരങ്ങളിൽ. ഇവയെല്ലാം പുഷ്പങ്ങളിലും പുഷ്പക്രമീകരണത്തിലും ഡിസൈനിലും ഏറെ വൈവിധ്യം നിറഞ്ഞവയാണ്.ക്ഷേത്രങ്ങളിൽനിന്ന് വിളിക്കുന്നതിനനുസരിച്ച് സംഘമായി ചെന്നാണ് പൂക്കൾ ഒരുക്കുന്നത്. ലതീഷ് വാര്യർ കണ്ണാടിപ്പറമ്പ്, ജയരാജ് നമ്പീശൻ പുറവൂര്, ശ്രീകേഷ് വാര്യർ ഇരിട്ടി, ബാബുരാജ് വാരിയർ കടമ്പേരി, ഉണ്ണി വാരിയർ മുഴക്കുന്ന്, സുബ്രഹ്മണ്യൻ നമ്പീശൻ മുഴക്കുന്ന് എന്നിവരാണ് ജില്ലയിൽ ഇൗ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ചിലർ. “കാഴ്ചക്കാരിൽ മിക്കവർക്കുമറിയില്ല, തിടമ്പിന് ചാർത്തുന്ന അലങ്കാരങ്ങൾക്കുപിറകിലെ വ്രതാനുഷ്ഠാനത്തിലൂന്നിയ ജോലികൾ. ക്ഷേത്രകലാ അക്കാദമിയുടെ അംഗീകാരമോ പരിഗണനയോ ഇത്തരം കലാകാരൻമാർക്ക് ലഭിക്കുന്നില്ല-ഇവർ പറയുന്നു.

അറിയാം, തിടമ്പ്നൃത്തത്തെ 

ക്ഷേത്രത്തിലെ ശീവേലിയുടെ ഭാഗമായി ദേവീദേവന്മാരുടെ വിഗ്രഹം (തിടമ്പ്) എഴുന്നള്ളിക്കുന്ന സമയത്ത് തിടമ്പ് തലയിലേറ്റി നൃത്തംവയ്ക്കുന്നതാണ് തിടമ്പുനൃത്തം. പുരുഷന്മാരാണ് അവതാരകർ. തിടമ്പുനൃത്തം ചെയ്യുന്ന നമ്പൂതിരിക്കുപുറമേ ഏഴുവാദ്യക്കാരും വിളക്കുപിടിക്കുന്ന രണ്ടുപേരുമുണ്ടാകും. നമ്പീശൻ, വാരിയർ, പിഷാരടി തുടങ്ങിയ സമുദായക്കാർക്കാണ് വിളക്കുപിടിക്കാനുള്ള അവകാശം. 'കൊട്ടിയുറച്ചിൽ' എന്ന ചടങ്ങോടെ നൃത്തം തുടങ്ങും. നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നു. അലക്കിയ വസ്ത്രം തറ്റുടുക്കുന്നതുപോലെ  ഞൊറിഞ്ഞുടുക്കും. ഉത്തരീയം, തലപ്പാവ്, അതിന്റെ വക്കിൽ നെറ്റിപ്പട്ടം എന്നിവയുണ്ടാകും. കാതിൽ കുണ്ഡലം, കഴുത്തിൽ മാല, കൈകളിൽ വള തുടങ്ങിയവ നർത്തകന്റെ വേഷവിതാനം. ചെണ്ട, വീക്കൻചെണ്ട, ശംഖ്, ഇലത്താളം, കുറുംകുഴൽ എന്നിവയാണ് വാദ്യോപകരണങ്ങൾ.

Content Highlights: Thidambu dance Malabar Spacial temple Ritual performance