ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളില്‍ ഒന്നാണു തെയ്യം. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതല്‍ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. ദൈവം എന്ന പദത്തില്‍ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി. തമിഴില്‍ തെയ്വം എന്ന രൂപമാണ് ദൈവശബ്ദത്തിന് സമമായി കാണപ്പെടുന്നത്. ഇത് ലോപിച്ചാണ് തെയ്യം എന്ന പദമുണ്ടായതെന്നാണ് കരുതുന്നത്. 

ഘണ്ടാകര്‍ണന്‍വൃക്ഷാരാധന, പര്‍വതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. 

പാണന്‍, വേലന്‍, വണ്ണാന്‍ എന്നീ ജാതിയില്‍ പെട്ടവരാണ് തെയ്യം കെട്ടിയാടുന്നത്. പ്രധാനമായും അമ്മ ദൈവങ്ങള്‍ ആണ് തെയ്യങ്ങള്‍. കൂടാതെ വീരന്മാരെയും തെയ്യങ്ങള്‍ ആയി ആരാധിക്കുന്നു. ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങള്‍ ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്.

mandappan theyyamവാദ്യം, ഗീതം (തോറ്റംപാട്ട്) എന്നിവ ചേര്‍ന്നുള്ള അനുഷ്ഠാന നടന കലാരൂപമാണ് തെയ്യം. ചെണ്ട, ഇലത്താളം, ചീനിക്കുഴല്‍ തുടങ്ങിയ വാദ്യങ്ങളുടെ താളമേളങ്ങള്‍ക്കനുഗുണമായാണ് തെയ്യങ്ങള്‍ ആടുന്നത്. പുലയരും മാവിലരും തുടി ഉപയോഗിക്കും. ഓരോ തെയ്യത്തിന്റെയും ഓരോ തോറ്റത്തിന്റെയും നടനരീതിക്ക് വ്യത്യാസം കാണാം. 

പരേതരോടുള്ള ആരാധന, അമ്മമാരോടുള്ള ആരാധന, വീരരോടുള്ള ആരാധന എന്നിവയാണു തെയ്യം കെട്ടിയാടലില്‍ പ്രധാനമായും കാണുന്നത്. കാവുകളിലും കഴകങ്ങളിലും സ്ഥാനങ്ങളിലും തറവാടുകളിലും കെട്ടിയാടുന്ന തെയ്യങ്ങള്‍ക്കു പുറമേ ഭവനംതോറും ചെന്ന് ആടുന്ന ചില കുട്ടിത്തെയ്യങ്ങളുണ്ട്. തുലാപ്പത്ത് മുതല്‍ എടവ മാസാന്ത്യം വരെയാണു തെയ്യാട്ടക്കാലമെങ്കിലും ഈ സഞ്ചരിക്കുന്ന തെയ്യങ്ങള്‍ക്ക് ആ കാലപരിധി ബാധകമല്ല.

കര്‍ക്കടകത്തിലാണ് ഇത്തരം തെയ്യങ്ങള്‍ ഭവനംതോറും ചെന്ന് കൊട്ടിപ്പാടുന്നത്. മറ്റു തൊഴിലുകളൊന്നുമില്ലാത്ത ആ കാലത്ത് തെയ്യം കലാകാരന്മാര്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം കൂടിയാണ് ഇത്. വേടന്‍, കര്‍ക്കടോത്തി, കന്നിമതെ, ഗളിഞ്ചല്‍, കലിയന്‍, കലിച്ചി തുടങ്ങിയവയാണ് കര്‍ക്കടകമാസത്തിലെ തെയ്യങ്ങള്‍. ഈതിബാധകളകറ്റുകയെന്ന ലക്ഷ്യം ഈ തെയ്യങ്ങളുടെ ആട്ടത്തിനുണ്ട്. ഓണക്കാലത്ത് 'ഓണത്താറ്' എന്ന തെയ്യമാണ് ഭവനംതോറും സന്ദര്‍ശിക്കുന്നത്. മഹാബലിയുടെ സങ്കല്പം ഈ തെയ്യത്തിനുണ്ട്.