ചോറോട് രാമത്ത് പുതിയകാവില്‍. മുച്ചിലോട്ടമ്മയുടെ തിരുനടയില്‍ തോറ്റം ഉയരുന്നു. പടിക്കെട്ടിലും തിരുനടയിലും ഇലഞ്ഞിമരത്തിന്റെ കൊമ്പുകളിലും വരെ ജനം. വൈകിയില്ല... പുലിയൂര്‍ കണ്ണന്റെ വരവറിയിച്ച് ക്ഷേത്രമുറ്റത്ത് ഇരിപ്പുറപ്പിച്ച കിടാങ്ങള്‍ ആര്‍പ്പുവിളിച്ചു. പ്രായം മറന്ന് മുതിര്‍ന്നവരും ഒപ്പം കൂടി. നിയന്ത്രണങ്ങളുടെ കെട്ടുപൊട്ടിച്ച് പെണ്‍കിടാങ്ങളും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി. പുലിയൂര്‍ കണ്ണന്‍ ആട്ടം തുടങ്ങിയപ്പോള്‍ വാദ്യമേളത്തെ നിഷ്പ്രഭമാക്കും വിധത്തില്‍ ആര്‍പ്പുവിളികള്‍ ഉച്ചസ്ഥായിയിലെത്തി.
കുട്ടികള്‍ ഭയത്തോടെയും ഭക്തിയോടെയും മാത്രം ദൈവങ്ങളെ കാണുന്ന പതിവ് ഇവിടെയില്ല. കാരണം കെട്ടിയാടുന്നത് പുലിയൂര്‍ കണ്ണനാണ്. അവന്‍ കുട്ടികളുടെ കൂട്ടുകാരനാണ്. അവരോടൊപ്പം കളിക്കുന്നതാണ് അവന്റെ ആട്ടം. അവര്‍ക്ക് സമ്മാനം നല്‍കുന്നതാണ് ശീലം.... പിന്നെ എന്തിന് ഭയക്കാന്‍. ഒന്നും രണ്ടും വയസ്സുള്ള കുട്ടികള്‍വരെ ഏറ്റവും മുന്നില്‍ത്തന്നെയുണ്ട്.
സ്ത്രീകളുടെ കൂട്ടത്തിനിടയില്‍നിന്ന് എട്ടുവയസ്സുകാരിയെ പുലിയൂര്‍ കണ്ണന്‍ ഒപ്പം കൂട്ടി. ആലവട്ടം വീശി അവള്‍ക്കൊപ്പം കളിച്ചു. കുറുമ്പുകാട്ടിയ പയ്യനെ ഒന്നു പേടിപ്പിച്ചു. പിന്നെ അവര്‍ക്കൊപ്പം ചുമലില്‍ കൈയിട്ട് സൗഹൃദം പങ്കിട്ടു. ഒരുവശത്തെ മനുഷ്യമതിലിനുമേലെ പാഞ്ഞുകയറിയ പുലിയൂര്‍ കണ്ണനെ ഒട്ടേറെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചു.
അമ്പലപ്പറമ്പിലൂടനീളം അലയുന്ന ബാല്യത്തെ ഓര്‍മിപ്പിച്ച് പുലിയൂര്‍ കണ്ണന്‍ ക്ഷേത്രനട വിട്ട് പുറത്തേക്ക് പോയി. ബലൂണും മറ്റ് കളിപ്പാട്ടങ്ങളുമായി തിരിച്ചെത്തി, അല്പനേരം കഴിഞ്ഞപ്പോള്‍ കൈയില്‍ വാഴക്കുല.
രാമത്ത് പുതിയകാവ് ക്ഷേത്രോത്സവത്തില്‍ ജനം ഏറെയെത്തുന്നത് ഈ ആട്ടം കാണാനാണ്. പുലിയൂര്‍ കണ്ണന്റെ വെള്ളാട്ടം. വെള്ളാട്ടമാണെങ്കിലും തിറയെ ഓര്‍മിപ്പിക്കുന്നതാണ് വേഷവും ചമയവുമെല്ലാം. ജില്ലയില്‍ തന്നെ പുലിയൂര്‍ കണ്ണന്‍ കെട്ടിയാടുന്നത് ഇവിടെ മാത്രമാണ്. അതുകൊണ്ടുതന്നെ ദൂരദേശങ്ങളില്‍ നിന്നുപോലും തിറപ്രേമികള്‍ ഇവിടെയെത്തും. പരമശിവനും പാര്‍വതിയും പുലിവേഷം ധരിച്ച് കാട്ടില്‍ കഴിഞ്ഞ സമയത്ത് ഇവര്‍ക്കുണ്ടായ ആറുമക്കളില്‍ ഒരാളാണ് പുലിയൂര്‍ കണ്ണന്‍. ഈ ഐതിഹ്യത്തിലാണ് ഇവിടെ പുലിയൂര്‍ കണ്ണന്‍ ആടുന്നത്.
തെയ്യം, തിറ, തിറയാട്ടം...
തെയ്യം, തിറ... രണ്ടു പേരാണെങ്കിലും തുല്യാര്‍ഥമാണ് രണ്ടിനും. കണ്ണൂരിലും കാസര്‍കോടും തെയ്യമെന്ന് വിളിക്കുന്നു. വടകര, കൊയിലാണ്ടി മേഖലയില്‍ ഇത് തിറയാകും. കോഴിക്കോട് മേഖലയില്‍ തിറയാട്ടമെന്നാണ് അറിയപ്പെടുക. തെയ്യവും തിറയും ഏതാണ്ട് ഒരുപോലെ തന്നെയാണ്. ചില്ലറ വ്യത്യാസങ്ങള്‍ മാത്രം ചിലയിടങ്ങളില്‍ കാണാം. കോഴിക്കോട് മേഖലയിലെ തിറയാട്ടത്തിന് വടക്കന്‍ മേഖലയിലെ തിറയുമായി ചില വ്യത്യാസങ്ങളുണ്ട്. വേഷത്തിലും ചമയത്തിലും ആട്ടത്തിലുമെല്ലാം ഈ വ്യത്യാസം കാണാം.
ദൈവം എന്ന പദത്തില്‍ നിന്നുണ്ടായതാണ് തെയ്യം. തറകളില്‍ വെച്ചാടുന്നതാണ് തിറയായതെന്നും പറയുന്നു. തിരുഉടലാട്ടമാണ് തിറയാട്ടം.

വൈവിധ്യം, വര്‍ണാഭം...
തുലാം പത്തോടെയാണ് മലബാറില്‍ തെയ്യക്കാലം തുടങ്ങുന്നത്. ഇപ്പോള്‍ ഉത്സവങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലാണ്. കടത്തനാട്ടില്‍ തുടക്കം കാക്കുനി ഉമിയംകുന്ന് ക്ഷേത്രത്തിലാണ്. അവസാനം കടമേരി പരദേവതാ ക്ഷേത്രത്തിലും. കടത്തനാട്ടിലെ ക്ഷേത്രങ്ങളിലും കാവുകളിലും കൂടുതലായി കണ്ടുവരുന്ന തിറകള്‍ കുട്ടിച്ചാത്തനും ഗുളികനും പരദേവതയുമാണ്. കൊയിലാണ്ടി മേഖലയിലും ഒട്ടേറെ ഇടങ്ങളില്‍ കുട്ടിച്ചാത്തനുണ്ട്. ബാലുശ്ശേരി മേഖലയിലെത്തുമ്പോള്‍ മലദൈവങ്ങള്‍ക്കാണ് പ്രാധാന്യം. കരിയാത്തന്‍, കണ്ണാടിക്കല്‍ കരുമകന്‍, ഭൈരവന്‍, മലക്കാരി, മാറുപ്പുലി, കരിവേടന്‍, നാഗകാളി തുടങ്ങിയ തിറകള്‍.
കുട്ടിച്ചാത്തന്‍ തന്നെ പലവിധമുണ്ട്. കരിങ്കുട്ടിച്ചാത്തന്‍, പൂക്കുട്ടിച്ചാത്തന്‍, തീക്കുട്ടിച്ചാത്തന്‍, പറക്കുട്ടിച്ചാത്തന്‍, ഉച്ചക്കുട്ടിച്ചാത്തന്‍. തീക്കുട്ടിച്ചാത്തന്‍ അരയില്‍ 16 പന്തം കെട്ടി രൗദ്രഭാവത്തില്‍ ആടും. പൂക്കുട്ടിച്ചാത്തന്‍ സൗമ്യമാണ്. കണയങ്കോട് കിടാരത്തില്‍, ബാലുശ്ശേരി തച്ചര്‍കണ്ടി, പൂക്കാട് അറക്കിലാടത്ത്, എലത്തൂര്‍ വാഴവള്ളി എന്നിവിടങ്ങളില്‍ ആടുന്നതാണ് തീക്കുട്ടിച്ചാത്തന്‍. മാറുപ്പുലി എന്ന തെയ്യം ജില്ലയില്‍ തന്നെ ഒരിടത്തുമാത്രമേ ഉള്ളൂ. മുതുവോട് മാറുപ്പുലി ക്ഷേത്രത്തില്‍.
ഘണ്ടാകര്‍ണന്‍ ഏറെപ്പെരെ ആകര്‍ഷിക്കുന്ന തിറയാണ്. പതിനാറ് പന്തവും അരയില്‍ചുറ്റി ആടുന്ന ഘണ്ടാകര്‍ണന്‍ ജില്ലയില്‍ ഒട്ടേറെ ക്ഷേത്രങ്ങളിലുണ്ട്. അഴിമുറിത്തിറ അധികം ക്ഷേത്രങ്ങളില്‍ ഇല്ലാത്ത തിറയാണ്. തെങ്ങും കവുങ്ങും കൊണ്ട് അഴിയുണ്ടാക്കി അതിനു മുകളില്‍ കയറി ആടുന്ന തിറയാണിത്. പ്രത്യേകം മെയ്വഴക്കം വേണ്ട തിറയാണിത്. ജില്ലയില്‍ മലയ, വണ്ണാന്‍, മുന്നൂറ്റാന്‍, അഞ്ഞൂറ്റാന്‍, പുലയ സമുദായത്തില്‍പ്പെട്ടവരാണ് വിവിധ തിറകള്‍ കെട്ടുന്നത്. നൂറുകണക്കിനാളുകള്‍ ജില്ലയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കൈതച്ചാമുണ്ഡി...
അപൂര്‍വം ക്ഷേത്രങ്ങളില്‍ കെട്ടിയാടുന്ന തിറയാണ് കൈതച്ചാമുണ്ഡി. ഏതാനും വര്‍ഷങ്ങളായി വടകര പാക്കയില്‍ നടോല്‍ ഭഗവതിക്ഷേത്രത്തില്‍ ഈ തിറയുണ്ട്. അസുരന്‍മാരെ കാളി നിഗ്രഹിക്കുന്നു എന്ന സങ്കല്പത്തിലാണ് തിറ. ക്ഷേത്രത്തില്‍ നിന്നിറങ്ങി തോട്ടുവക്കത്തെ കൈതക്കാടിലേക്ക് ചാമുണ്ഡി പോകുന്ന യാത്ര ഏറെ പ്രത്യേകത നിറഞ്ഞതാണ്. കൈതക്കാട് ശേഖരിച്ചാണ് തിരിച്ചുവരിക. തിരിച്ചുവരുമ്പോള്‍ പ്രദേശത്തെ വീട്ടുകാരെല്ലാം വിളക്കുവെച്ച് ചാമുണ്ഡിയെ വരവേല്‍ക്കും.
തിറയുടെ ഇളങ്കോലമാണ് വെള്ളാട്ടം അഥവ വെള്ളാട്ട്. അതായത് തിറയുടെ ബാല്യകാലം. തിറയ്ക്കു മുമ്പെ അതിന്റെ ചെറിയൊരു രൂപം വെള്ളാട്ടില്‍ ആടുന്നത്. ചമയവും വേഷവും തിറയെ അപേക്ഷിച്ച് കുറവായിരിക്കും. തിരുമുടി വെള്ളാട്ടത്തില്‍ ഉണ്ടാകില്ല. തിറയുടെ തലേദിവസം കോലക്കാരന്‍ ചെറിയ തോതില്‍ വേഷമണിഞ്ഞ് ചെണ്ടകൊട്ടി പാട്ടു പാടുകയും ഉറഞ്ഞുതുള്ളി നൃത്തം ചെയ്യുകയും ചെയ്യും. ഇതാണ് തോറ്റം. തിറയ്ക്കും തോറ്റം, വെള്ളാട്ടം എന്നിവയുടെ പുറപ്പാടിനും പാടുന്ന അനുഷ്ഠാന പാട്ടുകളാണ് തോറ്റംപാട്ടുകള്‍. ദൈവത്തെ വിളിച്ചുവരുത്തുന്നത് ഈ പാട്ടിലൂടെയാണ്.
വെള്ളാട്ടം, തോറ്റം...
സമൂഹമാധ്യമങ്ങളില്‍ വൈറലായ ആ വീഡിയോ നാണംകുണുങ്ങി തിറയല്ല. കലിച്ചിയെന്ന പൊറാട്ടുവേഷമാണ്. കോഴിക്കോട് കുന്ദമംഗലത്തെ മുണ്ടിക്കല്‍താഴം കാവിലെ ഉത്സവത്തിന് ഗുളികനൊപ്പമുള്ള പൊറാട്ടാണ് കാലനും കലിച്ചിയും. കലിച്ചി കാലന്റെ ഭാര്യയാണ്. കല്യാണത്തിനുശേഷം നാണം കുണുങ്ങിക്കൊണ്ട് ക്ഷേത്രമുറ്റത്തേക്ക് അടിവെച്ചടിവെച്ച് നടന്നുവരുന്ന കലിച്ചിയുടെ വേഷമാണ് നാണം കുണുങ്ങി തിറയെന്ന പേരില്‍ പ്രചരിച്ചത്. പ്രജീഷ് ചെലവൂരാണ് ഈ വേഷം കെട്ടിയത്. ഗര്‍ഭിണിയായപ്പോഴും പ്രസവിച്ച ശേഷം കുട്ടിയുമായും കലിച്ചി കാലനൊപ്പം ഗുളികന്റെ അടുത്ത് എത്തുന്നുണ്ട്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ കുഞ്ഞിനെ ഗുളകന്‍ കൊന്നുതിന്നുവെന്നതറിഞ്ഞ് കലിച്ചി ബോധരഹിതയാകുന്നു. ഇതാണ് ഈ പൊറാട്ടിലെ പ്രമേയം.
Content Highlights: Teyyam thira thirayattam