പാലാഴിമഥനസമയം ഹലാഹലവിഷം പുറത്തുവന്നപ്പോള്‍ ലോകനാശകാരകമായ ആ വിഷം പരമശിവന്‍ പാനം ചെയ്തു. വിഷം അകത്തു പോകാതിരിക്കാന്‍ പാര്‍വതി ശിവന്റെ കഴുത്തും, പുറത്തേക്കു പോകാതിരിക്കാന്‍ വിഷ്ണു വായയും അടച്ചുപിടിച്ചു. മറ്റു ദേവന്മാര്‍ പരമശിവനു വേണ്ടി പ്രാര്‍ത്ഥിച്ചു. അങ്ങനെ വിഷം പരമശിവന്റെ കണ്ഠത്തില്‍ അടിഞ്ഞുകൂടി നീലനിറമായി. അന്ന് പാര്‍വതിദേവി ശിവന് ആപത്തൊന്നും സംഭവിക്കാതിരിക്കാന്‍ ഉറക്കമൊഴിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ഓര്‍മക്കായാണ് നമ്മള്‍ ശിവരാത്രി ഉറക്കമൊഴിഞ്ഞ് ആചരിക്കുന്നത്. മറ്റൊന്ന് ശിവലിംഗരൂപത്തില്‍ ശിവന്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട ദിനവും ശിവരാത്രിയെന്ന് വിശ്വസിക്കപ്പെടുന്നു.
സ്‌കന്ദപുരാണം വായുപുരാണം എന്നിവകളിലെ പരാമര്‍ശങ്ങളനുസരിച്ച് മാഘ മാസത്തിന്റെ ഒടുവിലും ഫാല്‍ഗുനമാസം ആരംഭിക്കുന്നതിനു മുന്‍പും ഉള്ള കൃക്ഷ്ണപക്ഷത്തില്‍ അര്‍ദ്ധരാത്രിയില്‍ ചതുര്‍ദ്ദശീ തിഥി വരുന്ന ദിനമാണു ശിവരാത്രി എന്നു മനസ്സിലാക്കാം. ശിവപ്രിയ എന്നും ശിവചതുര്‍ദ്ദശി എന്നും മഹാശിവരാത്രി അറിയപ്പെടുന്നു. ശിവപുരാണം കോടിരുദ്രസംഹിതയിലെ 37 മുതല്‍ 40 വരെയുള്ള അദ്ധ്യായങ്ങളില്‍ ശിവരാത്രി വ്രതത്തിന്റെ ആചരണത്തേക്കുറിച്ചും മഹിമയേക്കുറിച്ചും വിവരിച്ചിരിക്കുന്നു.
ശിവപ്രീതികരവും ഭോഗമോക്ഷപ്രദവുമായ പത്ത് മുഖ്യശൈവവ്രതങ്ങളില്‍ സര്‍വശ്രേഷ്ഠമായതാണു ശിവരാത്രിവ്രതം. സോമവാരവ്രതം, അഷ്ടമി വ്രതം, പ്രദോഷവ്രതം, ചതുര്‍ദ്ദശിവ്രതം, ആര്‍ദ്രാവ്രതം തുടങ്ങിയവയാണു മുഖ്യ ശൈവവ്രതങ്ങള്‍.ഭോഗമോക്ഷങ്ങള്‍ ഇച്ഛിക്കുന്നവരെല്ലാം ശിവരാത്രിവ്രതം അനുഷ്ഠിക്കണം. മനുഷ്യര്‍ക്ക് ഹിതം നല്‍കുന്ന മറ്റൊരു വ്രതമില്ല. എല്ലാവര്‍ക്കും ഇത് ഉത്തമധര്‍മ്മസാധനയാണ്. നിഷ്‌ക്കാമനോ സകാമനോ ആയ എല്ലാ മനുഷ്യര്‍ക്കും; എല്ലാ വര്‍ണ്ണങ്ങള്‍ക്കും(ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രചണ്ഡാലര്‍ക്കും) എല്ലാ ആശ്രമികള്‍ക്കും (ബ്രഹ്മചര്യഗാര്‍ഹസ്ഥ്യവാനപ്രസ്ഥസന്ന്യാസ), സ്ത്രീകള്‍ക്കും, ബാലകര്‍ക്കും, ദാസദാസീ ജനങ്ങള്‍ക്കും ദേവതമാര്‍ക്കും എന്നല്ല ദേഹം ധരിച്ച എല്ലാ ജീവജാലങ്ങള്‍ക്കും ഹിതം നല്‍കുന്നതാണ് ശിവരാത്രി വ്രതം
ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ ഇപ്രകാരം നല്‍കിയിരിക്കുന്നു. സമസ്ത മഹാപാതകങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രിവ്രതം നോല്‍ക്കണം. ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം. നേര്‍മ്മ വരാതെ ഭക്തിയോടെ ഓരോ യാമം തോറും(ഏഴര നാഴികയാണു ഒരു യാമം) പൂര്‍ണ്ണമായ പൂജാവിധികളോടെ ശിവനെ പൂജിക്കണം. ഇപ്രകാരം 12 വര്‍ഷമോ 24 വര്‍ഷമോ ശിവരാത്രി വ്രതമനുഷ്ഠിച്ച് സര്‍വതും മഹാദേവനു സമര്‍പ്പിക്കുമ്പോഴാണു ശിവരാത്രിവ്രതത്തിന്റെ ഉദ്യാപനകര്‍മ്മം(സമാപനക്രിയ) അനുഷ്ഠിക്കേണ്ടത്. പിഴകളൊന്നും കൂടാതെ ഭക്തിവിശ്വാസത്തോടെ ഈ വ്രതം നോറ്റാല്‍ ഭക്തര്‍ ശിവപദം പ്രാപിക്കും.
അശ്വമേധാദി യാഗങ്ങള്‍ ചെയ്യുന്നതിലും പുണ്യം ഈ വ്രതത്തിലൂടെ സിദ്ധിക്കും. സുരാപാനം(മദ്യപാനം), ഭ്രൂണഹത്യ, വീരഹത്യ, ഗോഹത്യ തുടങ്ങിയ പാപങ്ങള്‍ പോലും ശിവരാത്രി ദിനത്തിലെ അറിഞ്ഞോ അറിയാതെയോ ഉള്ള ശിവക്ഷേത്ര ദര്‍ശനത്താല്‍ നശിച്ചു പോകും.
ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നാള്‍ അനുഷ്ടിക്കേണ്ട കര്‍മങ്ങള്‍
സര്‍വ്വ പാപങ്ങളും തീര്‍ക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ.
ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. പൂര്‍വികരുടെ ബലിപൂജയ്ക്ക് മുടക്കം വന്നാല്‍ പിതൃപൂജയോടെ ശിവരാത്രി വ്രതം അനുഷ്ഠിച്ച് പിതൃക്കളെ പ്രീതിപ്പെടുത്തിയാല്‍ മതിയാകും.
ശിവരാത്രിക്ക് വ്രതമാണ് പ്രധാനം. അശിക്കാതിരിക്കല്‍ അതായത് ആഹരിക്കാതിരിക്കല്‍ ആണ് വ്രതം എന്ന് സാമാന്യലക്ഷണം. വായിലൂടെ ആഹരിക്കല്‍ മാത്രമല്ല, കണ്ണ് , മൂക്ക്, നാക്ക്, ത്വക്ക് ,ചെവി എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയും ഉള്ള അനശനം എന്നും അര്‍ഥമുണ്ട്. തീരെ ആഹാരം വര്‍ജിക്കാന്‍ നിവൃത്തിയില്ലെങ്കില്‍ ഇഷ്ടാനിഷ്ടങ്ങള്‍ വിവേചിച്ചു ഇഷ്ടങ്ങളെ നിയന്ത്രിക്കുകയെങ്കിലും വേണം.
ശിവരാത്രി വ്രതം എടുക്കുന്നവര്‍ തലേന്നു തന്നെ ഗൃഹാങ്കണം മുറ്റമടിച്ചു തളിച്ചും വീട് കഴുകി വൃത്തിയാക്കിയും ഗൃഹശുദ്ധിവരുത്തണം. തലേന്നു രാത്രി അരിയാഹാരം പാടില്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ആകാം. ശിവരാത്രി ദിവസത്തില്‍ പകല്‍ ഉപവാസം തന്നെയാണ് വിധിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ 'ഉപവാസം' നോല്‍ക്കുകയും അല്ലാത്തവര്‍ 'ഒരിക്കല്‍' വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. 'ഒരിക്കല്‍' നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം ആകാം. അത് ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യം ആകുന്നത് ഉത്തമം. വയര്‍ നിറയെ കഴിക്കാന്‍ പാടില്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിനു വളരെ പ്രാധാന്യമുണ്ട്. രാത്രിയോ പകലോ ഉറക്കം പാടില്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം. ക്ഷേത്ര ദര്‍ശനത്തിനു സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്‌തോത്രം, ശിവ പഞ്ചാക്ഷരീ സ്‌തോത്രം, വില്വാഷ്ടകം, ലിംഗാഷ്ടകം മുതലായ ശിവ സ്‌തോത്രങ്ങള്‍ പാരായണം ചെയ്യുക. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്‌ക്കോ വാങ്ങി കുടിക്കാവുന്നതാണ്. (പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരേയ്ക്കും ജലപാനം പാടുള്ളതല്ല.)
കോടിക്കണക്കിനുള്ള ഹത്യകളുടേയും പാപം ഇല്ലാതാക്കുന്നതാണു ശിവരാത്രി. പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് ആനന്ദപൂര്‍വം സ്നാനം ചെയ്ത് നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക. ആലസ്യത്തെ അടുത്തെത്താന്‍ ഒരു കാരണവശാലും അനുവദിക്കരുത്. തുടര്‍ന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തി വ്രതം തടസ്സമേതുമില്ലാതെ പൂര്‍ത്തിയാകാന്‍ അനുഗ്രഹം തേടി ശിവരാത്രി വ്രതം ആരംഭിക്കണം. ശിവക്ഷേത്രത്തില്‍ രാത്രി സമയം ഉറക്കമൊഴിച്ച് ശിവ പൂജ ചെയ്തും, ശിവ പൂജ ദര്‍ശിച്ചും, നാമം ജപിച്ചും ഉറക്കമൊഴിക്കുക. ശിവരാത്രിമാഹാത്മ്യം പാരായണം ചെയ്യുകയും ശ്രവിക്കുകയും ചെയ്യുക. രാത്രിയുടെ നാലു യാമങ്ങളിലും ശിവപൂജ ദര്‍ശിക്കുക. പ്രഭാതത്തില്‍ വീണ്ടും സ്നാനം ചെയ്ത് ശിവനെ പൂജിക്കുക. ശേഷം ശിവനു പുഷ്പാഞ്ജലി സമര്‍പ്പിച്ച് വിധിപ്രകാരം ദാനം ചെയ്യുക. തുടര്‍ന്ന് ശിവനെ നമസ്‌ക്കരിച്ച് വ്രതം അവസാനിപ്പിക്കുക.
തന്റെ ശക്തിക്കനുസരിച്ച് ശിവഭക്തര്‍ക്കും സന്ന്യാസിമാര്‍ക്കും ഭക്ഷണം നല്‍കി സന്തുഷ്ടരാക്കിയ ശേഷം വ്രതക്കാരന്‍ ഭക്ഷണം കഴിക്കുക. ശിവരാത്രിയുടെ ഓരോ യാമത്തിലും ശിവലിംഗപൂജ ചെയ്യേണ്ട വിധവും ശിവപുരാണത്തില്‍ പറയുന്നുണ്ട്. ത്രയോദശി നാളില്‍ ഒരു നേരം ഭക്ഷണം കഴിച്ചും ചതുര്‍ദ്ദശി(ശിവരാത്രി) നാളില്‍ സമ്പൂര്‍ണ്ണ ഉപവാസം അനുഷ്ഠിച്ചും വേണം ശിവരാത്രി നോല്‍ക്കുവാന്‍. ഇപ്രകാരം വ്രതമനുഷ്ഠിക്കുന്ന ഭക്തന്റെ വ്രതത്തിലെ ന്യൂനതകളെല്ലാം ക്ഷമിച്ച് ശ്രീപരമേശ്വരന്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷാദികള്‍ നല്‍കി അനുഗ്രഹിക്കും. ശിവരാത്രി ദിനത്തിലെ അഞ്ചു യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. പൊതുവേ സര്‍വ്വാഭീഷ്ടസിദ്ധിക്കായി നോല്‍ക്കുന്ന മഹാശിവരാത്രി വ്രതം ദീര്‍ഘായുസ്സിന് അത്യുത്തമവും സകല പാപമോചകവും ആകുന്നു...
ഇവ ചെയ്യുന്നതോടെ സകല പാപങ്ങളും നശിക്കുന്നതാണ്. എങ്കിലും ഒരുകാര്യം സ്മരണയില്‍ ഇരിക്കേണ്ടതാണ്.
'ശ്രുതി സ്മൃതിഭ്യാം വിഹിതാ വ്രതാദയ:
പുനന്തി പാപം ന ലുനന്തി വാസനാം '
(ശ്രുതി സ്മൃതികളില്‍ പറയപ്പെട്ട വ്രതാദികള്‍ നമ്മുടെ പാപം പോക്കുമെങ്കിലും വാസനയെ നീക്കുന്നില്ല ..).
വ്രതം കൊണ്ട് പാപം അകന്നവരായി തീര്‍ന്നാലും വാസന നിലനില്‍ക്കുന്നിടത്തോളം കാലം നമ്മള്‍ വീണ്ടും പഴയ പ്രവര്‍ത്തികളില്‍ വീണ്ടും പ്രവേശിക്കുകയും ചെയ്യും. അതിന് ജാഗരണം ആവശ്യമാണ്. വാസനയെ നിയന്ത്രിക്കാന്‍ ഭഗവദ്‌സ്മരണ മാത്രമാണ് ഉപായം.
Content Highlights: Shivarathri Ritual Hinduism