കുറച്ചുകാലം മുമ്പായിരുന്നു ഈ യാത്ര. മേഘമലയാത്ര കഴിഞ്ഞ്‌ ചിന്നമണ്ണൂരിൽ എത്തിയപ്പോവാണ് അന്നത്തെ പത്രത്തിൽ മന്ത്രി ചിദംബരം കുച്ചനൂർ ശനീശ്വരൻ കോവിലിൽ സന്ദർശിക്കാനെത്തിയ സചിത്രവാർത്ത കണ്ടത്.  മന്ത്രിമാരും താരങ്ങളും സാധാരണക്കാരും ശനിദോഷം അകറ്റാൻ എത്തുന്ന ക്ഷേത്രത്തെപ്പറ്റി ലോഡ്ജിലെ പയ്യനും പറഞ്ഞു തന്നു. ഇവിടെവരെ എത്തിയതല്ലേ എന്നാലൊന്നു പോയേക്കാം എന്നു തോന്നി.

 വരിവരിയായി തലയുയർത്തി നില്ക്കുന്ന തെങ്ങുകൾക്കിടയിൽ ടാറിട്ട റോഡ്, ഇരുവശവും സ്വർണവർണം വാരിയണിഞ്ഞ വിളഞ്ഞ നെൽപ്പാടങ്ങൾ. മുല്ലപ്പെരിയാറിന്റെ കാരുണ്യം. ചിന്നമണ്ണൂരിൽനിന്ന്‌ യാത്ര ഷെയർ ഓട്ടോയിലായിരുന്നു. ഓട്ടോയിൽ പത്തുപേരുണ്ട്. ചിന്നമണ്ണൂരിൽനിന്ന് കുച്ചനൂർ വഴിയും തേനിക്ക്‌ പോകാം. തേനിക്ക് പോകേണ്ടവരും വഴിക്ക് ഇറങ്ങേണ്ടവരുമെല്ലാം വണ്ടിയിലുണ്ട്. ഞങ്ങളെ കുച്ചന്നൂരിലിറക്കി വീണ്ടും നാല്‌പേരെക്കൂടി കയറ്റി ഓട്ടോ തേനിക്ക് പോയി.

 കാഴ്ചയിൽ വലുതല്ലെങ്കിലും ഐതിഹ്യത്തിലും ശക്തിയിലും വിശ്വാസികൾക്ക് മഹാക്ഷേത്രമാണിത്.  സുരഭീനദിക്കരയിൽ തെങ്ങിൻതോപ്പുകളും വിശാലമായ നെൽവയലുകളും പശ്ചാത്തലമൊരുക്കുന്ന ക്ഷേത്രാങ്കണം. അതിരാവിലെയെത്തിയതുകൊണ്ട് നട തുറന്നിട്ടില്ല. ഭക്തജനങ്ങൾ കാത്തിരിപ്പുണ്ട്. മുഖ്യ അർച്ചകൻ ജയബാലമുത്തു എത്തണം. അദ്ദേഹത്തിന്റെ സഹായി സംസാരശേഷിയില്ലാത്ത മുത്തു മുന്നൊരുക്കങ്ങളുമായി അവിടെയുണ്ട്.

 ക്ഷേത്ര പരിസരത്ത് പൂജാദ്രവ്യങ്ങളും കാകരൂപങ്ങളും വിൽക്കുന്ന കടകളുണ്ട്. കൂട്ടത്തിലൊരു കടയിലെ കുമാരി ലക്ഷ്മി ക്ഷേത്രാചാരങ്ങളെപ്പറ്റി പറഞ്ഞുതന്നു. സുരഭീനദിയിൽ മുങ്ങിക്കുളിച്ച് ആദ്യം ഗണപതിയെ വണങ്ങണം. പിന്നെ പൊരിയും മലരും കൊടിമരത്തിനു ചുവട്ടിൽ നിക്ഷേപിക്കണം. കൈയിലുള്ള കാകരൂപം മൂന്നുതവണ തലയ്ക്കു മുകളിൽ വലതുവശത്തേക്കും പിന്നെ ഇടതുവശത്തേക്കും ചുഴറ്റി നടയിൽ വെക്കണം. എന്നിട്ട് എള്ളും തിരിയും കത്തിച്ച് വെക്കണം. അതിനുശേഷമാണ് അർച്ചന നടത്തേണ്ടത്.  തമിഴകത്തെ ആടി മാസത്തെ എല്ലാ ശനിയാഴ്ചകളിലുമായാണ് ഇവിടെ ഉത്സവം കൊണ്ടാടുന്നത്. പൊതുവേ എല്ലാ ശനിയാഴ്ചകളിലും ഭക്തജനപ്രവാഹം ഉണ്ടാകാറുണ്ട്.

 സംസാരിച്ചിരിക്കവേ മുഖ്യ അർച്ചകൻ ജയബാലമുത്തു എത്തി. പൂജാമുറകൾക്കുശേഷം ദർശനത്തിനായി നട തുറന്നു. ഭക്തജനങ്ങൾ പ്രസാദവും വാങ്ങി തിരികെ നടക്കുമ്പോൾ തൊട്ടടുത്തുള്ള ക്ഷേത്ര ഓഫീസ് മുറിയിലിരുന്ന് അദ്ദേഹം ക്ഷേത്ര ഐതിഹ്യം വിവരിച്ചു.

  മണിനഗരം തലസ്ഥാനമായുള്ള കുലിംഗനാട് ഭരിച്ചിരുന്ന രാജാവാണ് ദിനകര. പ്രജാക്ഷേമ തത്പരനായ രാജാവ്. കല, കൃഷി വ്യവസായം എന്നിവയുടെ സുവർണകാലം. പക്ഷേ, അനന്തരാവകാശികളില്ല. അങ്ങിനെയിരിക്കെ മണിനഗരത്തിലെ ഒരു പാവപ്പെട്ട ബ്രാഹ്മണ കുടുംബത്തിൽ  സുന്ദരനായ ഒരാൺകുട്ടി ജനിച്ചു. ദരിദ്രനായതിനാൽ ഇവർ കുട്ടിയെ രാജകൊട്ടാരത്തിൽ കൊണ്ടുവന്നു. ആ കുട്ടിയെക്കണ്ടതും രാജ്ഞിയുടെ മുലചുരന്നു. രാജാവ് കുട്ടിയെ ദത്തെടുത്തു. ചന്ദ്രവദന എന്നു പേരിട്ട് വളർത്തി. അടുത്ത വർഷം രാജ്ഞിക്കു ഒരു മകൻ ജനിച്ചു. സദാഹ. ഇരുവരെയും ഒരേപോലെ വളർത്തി. നല്ല  സ്നേഹത്തിലായിരുന്നു അവർ. രാജ്യതന്ത്രങ്ങളും യുദ്ധമുറകളും കലാരൂപങ്ങളും പഠിച്ച അവർ എല്ലാം തികഞ്ഞ യുവാക്കളായി.

 രാജാവിന് പ്രായമായി. ഭരണം ചന്ദ്രവദനനെ ഏൽപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. മന്ത്രി എതിർത്തെങ്കിലും രാജ്ഞിയുടെ അനുവാദത്തോടെ രാജാവ് ചന്ദ്രവദനനെ അനന്തരാവകാശിയാക്കി. സ്വന്തം മകനിരിക്കെ തന്നെ എന്തിനാണ് രാജാവാക്കിയത് എന്ന് ചന്ദ്രവദനനും ചിന്തിച്ചു. ഒടുക്കം കൊട്ടാരം ജോത്സ്യമാരോട് ചോദിച്ചു. രാജാവിനിത് ഏഴരശ്ശനിയാണെന്നും ജീവിതത്തിലെ ഒരുപാട് ദുഃഖങ്ങൾ വരാനിരിക്കുകയാണെന്നും  അവർ പറഞ്ഞു.

 അച്ഛനെ ശനിമുക്തനാക്കണമെന്നും ദുഃഖങ്ങളിൽനിന്ന്‌ മോചിപ്പിക്കണമെന്നും ആഗ്രഹിച്ച ചന്ദ്രവദനൻ കൊട്ടാരം വിട്ട് പശ്ചിമഘട്ടത്തിന്റെ മലഞ്ചെരിവിൽ പോയി ഒരു വേടതലൈമരത്തിനു കീഴിൽ ധ്യാനത്തിലിരുന്നു. ഒടുക്കം ശനീശ്വരൻ പ്രത്യക്ഷപ്പെട്ടു. അച്ഛനെ ബാധിച്ച ശനിദോഷങ്ങൾ തനിക്കേകി അച്ഛനെ ശനിദോഷമുക്തനാക്കാൻ അദ്ദേഹം അപേക്ഷിച്ചു. ഏഴരവർഷത്തിൽനിന്ന്‌ ശനിക്കാലം ആദ്യം ഏഴരമാസമായും പിന്നീട് ഏഴരനാഴികയാക്കിയും കുറച്ചുകൊടുത്തു.

 ഇതിനിടയിൽ ജ്യേഷ്ഠനെ ക്കാണാതെ വിവശനായ അനിയൻ സദാഹ കൊട്ടാരം വിട്ടിറങ്ങി ഇതേ കാട്ടിൽ അലഞ്ഞു. വിശ്രമിക്കാനായി ഒരു മരത്തണലിൽ ഇരുന്നു. രണ്ടുപേരേയും കാണാതായപ്പോൾ രാജാവ് പടയാളികളെ വിട്ടു. അവർ കണ്ടത് തപസ്സിലിരിക്കുന്ന ചന്ദ്രവദനനെയും മുന്നിൽ വെട്ടിത്തുണ്ടമായിട്ടിരിക്കുന്ന നിലയിൽ സദാഹയേയുമാണ്.

 രാജഭടൻമാർ വിവരം രാജാവിനെ ധരിപ്പിച്ചു. അദ്ദേഹം കുതിച്ചെത്തി. ഈ കാഴ്ച കണ്ട് അമ്പരന്ന് രാജാവ് വാളോങ്ങി ചന്ദ്രവദനനെ വെട്ടാനോങ്ങിയതും സദാഹ ഉറക്കത്തിൽ നിന്നെഴുന്നേറ്റ് തന്റെ സഹോദരനെ രക്ഷപ്പെടുത്തി. ശനിഭഗവാനും അവിടെ പ്രത്യക്ഷപ്പെട്ടു. സദാഹയുടെ കൈയും കാലുമെല്ലാം തകർന്നത് ഒരു തോന്നൽ മാത്രമാണെന്ന് ശനീശ്വരൻ വ്യക്തമാക്കി. പശ്ചാത്താപം തോന്നി സ്വന്തം കഴുത്തറക്കാൻ ശ്രമിച്ച രാജാവിനെ ശനി കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇവിടെയൊരു ക്ഷേത്രം നിർമിക്കണമെന്നാവശ്യപ്പെട്ടാണ് ശനീശ്വരൻ അപ്രത്യക്ഷനായത്.

 ആ സ്ഥലത്ത് ഒരു സ്വയംഭു വിഗ്രഹവും കാണപ്പെട്ടു. ശനീശ്വര നിർദേശ പ്രകാരം അവിടെയൊരു പുൽക്കുടിൽ നിർമിച്ചു. പുൽക്കുടിലിനു തമിഴിൽ കുച്ചു എന്നു പറയുന്നു. കുച്ചിനുള്ളിലെ ദേവസാന്നിധ്യത്തെ കുച്ചൻ എന്നും വിളിക്കപ്പെട്ടു. ആ പുണ്യസ്ഥലം പിന്നീട് കുച്ചനൂരായി. ചെമ്പകനല്ലൂർ എന്നായിരുന്നു ആദ്യത്തെ പേര്.

 ക്ഷേത്രത്തിനു പിന്നിലെ വേടത്തലമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മംഗല്യഭാഗ്യത്തിന് ഇതിൽ മഞ്ഞച്ചരടും സന്താനസൗഭാഗ്യത്തിന് തൊട്ടിലും കെട്ടുന്ന പതിവുമുണ്ട്. മരത്തിന് എള്ളുപൊതിയാൻപോലും പറ്റാത്തത്ര ചെറിയ ഇലയാണ്. ഇത് ഉദരരോഗങ്ങൾക്ക് ഔഷധമാണെന്നും വിശ്വസിക്കപ്പെട്ടു വരുന്നു.

 ഇല കാണിച്ചുതരാനായി അമ്പലത്തിനു പിറകിലേക്ക് കൂട്ടികൊണ്ടുപോകുമ്പോൾ കർമബന്ധങ്ങളുടെ ഒഴിയാബന്ധനങ്ങളെപ്പറ്റി ജയബാലമുത്തു വീണ്ടും വാചാലനായി. ഇംഗ്ളീഷ് എം.എ. കഴിഞ്ഞ എനിക്ക് വേണമെങ്കിൽ കോളേജ് വാധ്യാരാവാമായിരുന്നു. എന്നാൽ സിനിമാലോകമായിരുന്നു എന്റെ സ്വപ്നം. അങ്ങനെ മദിരാശിക്ക് വണ്ടികയറി ടി. രാജേന്ദറിന്റെ അസിസ്റ്റന്റായി. രണ്ടുമൂന്നു പടങ്ങളിൽ തലകാണിക്കുകയും ചെയ്തു. ഏതോ ഒരു സെറ്റിൽവെച്ച് രാജേന്ദർ പരസ്യമായി ചീത്ത പറഞ്ഞ് അപമാനിച്ചപ്പോൾ അസിസ്റ്റന്റ് പണി ഉപേക്ഷിച്ച് തിരിച്ചുപോന്നു. ജീവിതം എനിക്കു പറഞ്ഞിട്ടുള്ള റോൾ ഇതാണെന്നു മനസ്സിലായി. പിന്നീട് ടി. രാജേന്ദർ ശനിദോഷം തീർക്കാൻ ഇവിടെ വന്ന് കുമ്പിടുമ്പോൾ മുഖ്യ അർച്ചകൻ ഞാനായിരുന്നു. അങ്ങിനെ ജീവിതത്തിലെ ഒരു ഏടു കൂടി ഞങ്ങൾക്കു മുന്നിൽ തുറന്നു.

 ക്ഷേത്രവും വിശ്വാസവും ഐതിഹ്യകഥകൾക്കും അപ്പുറത്ത് തമിഴ്‌നാടിന്റെ ഗ്രാമീണഭംഗിയും അധ്വാനത്തിന്റെ മഹത്ത്വവും കർഷകമനസ്സുമെല്ലാം മനസ്സിൽ മായാതെ നിൽക്കും. കുച്ചന്നൂർ എത്താൻ കോഴിക്കോട്ട്‌ നിന്ന്‌ 379 കിലോമീറ്റർ ഡ്രൈവ് ചെയ്യണം. പാലക്കാട് പൊള്ളാച്ചി ധർമപുരം, ഒട്ടൻചത്രം തേനി വഴിയും അങ്കമാലി, കോതമംഗലം, നെടുംങ്കണ്ടം കമ്പം ഉത്തമപാളയം ചിന്നമണ്ണൂര് വഴിയും പോവാം. ഏറ്റവും അടുത്തുള്ള വിമാനത്താവളം മധുരയാണ്‌. 100 കിലോമീറ്റർ. റെയിൽവേ സ്റ്റേഷൻ തേനിയാണ് 30 കിലോമീറ്റർ. ഇവിടെനിന്ന്‌ നേരിട്ട് ട്രെയിനില്ല. രാവിലെ ആറു മുതൽ ഒരുമണി വരെയും വൈകീട്ട് നാലു മുതൽ എട്ടരവരെയുമാണ് ദർശന സമയം.