റിയാദ്: വിശുദ്ധ റംസാന്‍ മാസത്തില്‍ വിശ്വാസികളെ വരവേല്‍ക്കാന്‍ മക്കയിലെ മസ്ജിദുല്‍ ഹറമും മദീനയിലെ മസ്ജിദുന്നബവിയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കൂടുതല്‍ വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധം ഇരുഗേഹങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

റംസാന്‍ വ്രതാനുഷ്ഠാനത്തിന് രണ്ടാഴ്ചമാത്രം ബാക്കി നില്‍ക്കെ, വിപുലമായ സൗകര്യങ്ങളാണ് മക്കയിലെയും മദീനയിലെയും തിരുഗേഹങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഒരു മാസത്തെ വ്രതാനുഷ്ഠാന നാളുകളില്‍ 50 ലക്ഷത്തിലധികം വിശ്വാസികള്‍ മസ്ജിദുല്‍ ഹറമില്‍ പ്രാര്‍ഥനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ പ്രാര്‍ഥനയ്ക്കുള്ള സ്ഥലം പൂര്‍ണമായും തുറന്നുകൊടുക്കും. അംഗശുദ്ധി വരുത്തുന്നതിനുള്ള സൗകര്യങ്ങള്‍ പ്രവര്‍ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

വൈദ്യുതി, ജലവിതരണം, ശീതീകരണം എന്നിവയുള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുന്നുമുണ്ട്. ഇതിനു പുറമെ, സുരക്ഷാ ഭദ്രതയ്ക്ക് ശക്തമായ നിരീക്ഷണസംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മദീനയിലെ പള്ളിയിലെത്തുന്ന അംഗപരിമിതര്‍ക്കും പ്രായമുള്ളവര്‍ക്കും മസ്ജിദുന്നബവികാര്യ വകുപ്പ് മൂവായിരം വീല്‍ചെയറുകള്‍ സജ്ജീകരിച്ചു. സാധാരണ ദിവസങ്ങളില്‍ 450 മുതല്‍ 500 വരെ വീല്‍ചെയറുകളാണ് വിശ്വാസികള്‍ക്ക് കൈമാറുന്നതെന്ന് വീല്‍ചെയര്‍ വിഭാഗം മേധാവി സഊദ് ബിന്‍ മുസാഅദ് അല്‍സ്വാഇദി പറഞ്ഞു.

റംസാനില്‍ ആയിരം വീല്‍ചെയറുകള്‍ ആവശ്യമാണ്. ഉപയോഗം കഴിഞ്ഞശേഷം വീല്‍ചെയറുകള്‍ തിരിച്ചേല്‍പ്പിക്കണം. മസ്ജിദുന്നബവിയുടെ ഗേറ്റുകള്‍ക്ക് സമീപം വീല്‍ ചെയറുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.അതിനിടെ ഇരു ഹറമുകളിലും ഭജനയിരിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഭജനയിരിക്കാന്‍ എത്തുന്ന വിശ്വാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സൗജന്യമായി ഹറംകാര്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.