ഹിന്ദുവിശ്വാസ പ്രകാരം രമേശ്വരമെന്ന സ്ഥലത്തിന് അതീവ പ്രാധാന്യമുണ്ട്. പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് രാമേശ്വരത്തെ ശിവലിംഗം. ശ്രീരാമനാണ് രാമേശ്വരത്ത ശിവലിംഗപ്രതിഷ്ട നടത്തിയതെന്ന് പറയപ്പെടുന്നു. തമിഴ്നാടിന്റെ തെക്കുകിഴക്ക് തീരത്താണ് രാമേശ്വരം. 

രാമായണ കാലഘട്ടവുമായി ബന്ധമുള്ളതാണ് രാമേശ്വരം. രാവണന്‍ അപഹരിച്ചു കൊണ്ടുപോയ സീതയെ മോചിപ്പിയ്ക്കാന്‍ രാമലഷ്മണന്‍മാര്‍ വാനരസേനയുടെ സഹായത്തോടെ ചിറ കെട്ടിയാതായാണ് കഥ. രാമസേതു എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. ഈ പ്രദേശത്ത് തിരകളില്ലെന്നും, മുട്ടിന് താഴെ മാത്രം വെള്ളം ഉള്ളതുമാണിവിടത്തെ പ്രത്യേകത. 

Rameswaram
Photo: Mathrubhumi Archive

രാവണനെ വധിച്ചതിന് ശേഷം സീതയേയും കൊണ്ട് ലങ്കയില്‍ നിന്നും രാമേശ്വരത്തെത്തിയ ശ്രീരാമന്‍ തന്റെ പാപങ്ങള്‍ പരിഹരിയ്ക്കാന്‍ ശിവലിംഗപ്രതിഷ്ട നടത്തി പൂജിക്കാന്‍ തീരുമാനിച്ചു. മുഹൂര്‍ത്തത്തിന് ശിവലിംഗം കൊണ്ടു വരാന്‍ ഹനുമാന് കഴിഞ്ഞില്ല. എന്നാല്‍ കടല്‍ക്കരയിലെ മണലില്‍ ഉപ്പുവെള്ളം തളിച്ച് സീത ഒരു ശിവലിംഗം ഉണ്ടാക്കി. ആ ലിംഗത്തെയാണ് തത്സമയത്ത് പ്രതിഷ്ഠിച്ചത്. 

അത് കഴിഞ്ഞപ്പോള്‍ ഹനുമാന്‍ കൈലാസത്തു നിന്നും ശിവലിംഗവുമായി എത്തിച്ചേര്‍ന്നു. ദുഃഖിതനും കോപാകുലനുമായ ഹനുമാന്റെ മുഖം കണ്ടിട്ട് ആ ശിവലിംഗത്തെ സീതയുണ്ടാക്കിയ ശിവലിംഗത്തിനടുത്തു തന്നെ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം. രണ്ടു ശിവലിംഗത്തിനും ഇപ്പോള്‍ പൂജ നടക്കുന്നുണ്ട്.  

Rameswaram
Photo: Mathrubhumi Archive

വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്‍ സ്വന്തം കയ്യാല്‍ ഈശ്വരനെ- ശിവലിംഗരൂപത്തെ (ശൈവം) പ്രതിഷ്ഠിച്ചതിനാല്‍ വൈഷ്ണ-ശൈവ സിദ്ധാന്തികല്‍ ഇവിടെ ആരാധനയ്ക്കെത്തുന്ന കാഴ്ച കാണാം. ഇങ്ങനെയുള്ള ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ എല്ലാ പാപങ്ങളും തീരുമെന്നാണ് വിശ്വാസം. ജന്മാന്തരപാപമോചനത്തിന് രാമേശ്വരത്തെ തീര്‍ത്ഥങ്ങളില്‍ മുങ്ങി കുളിയ്ക്കണം. 

ജ്യോതിശാസ്ത്രജ്ഞന്‍മാര്‍ കൈകാര്യം ചെയ്യുന്ന കവടി രാമേശ്വരത്തു നിന്നും ശേഖരിക്കുന്നതാണ്. അതിനാല്‍ ഈ കടല്‍ തീരത്തിന് ജ്യോതിഷവുമായും ബന്ധമുണ്ട്.