ഉള്ളുരുകി പ്രാര്‍ഥിക്കുന്നവര്‍ക്ക് അനുഗ്രഹവുമായി പൂന്തുരുത്തി ദേശത്തിന്റെ മുഖപ്രസാദമായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി ഉയരുകയാണ്. പൈതങ്ങള്‍ക്കെല്ലാം പകരംവെക്കാനില്ലാത്ത മാതൃഭാവമാണ് മുച്ചിലോട്ട് ഭഗവതി. നിത്യകന്യകയായ തമ്പുരാട്ടിയുടെ താലികെട്ടുകല്യാണമാണ് ഓരോ പെരുങ്കളിയാട്ടവും. ഒരുവ്യാഴവട്ടക്കാലത്തെ ഭക്തരുടെയും ദേവിയുടെയും കാത്തിരിപ്പിന്റെ അവസാനം കൂടിയാണത്.
വടക്ക് കുമ്പളയിലെ പെരുതണ മുച്ചിലോട്ട് മുതല്‍ തെക്ക് വടകര ചോറോട് വൈക്കലശ്ശേരി രാമോത്ത് പുതിയകാവ് വരെയുള്ള 108 മുച്ചിലോട്ട് കാവുകളില്‍ 27 എണ്ണത്തില്‍ ഒരു വ്യാഴവട്ടക്കാലത്തിലൊരിക്കലാണ് മുച്ചിലോട്ടു ഭഗവതിയുടെ മാംഗല്യച്ചടങ്ങുകളായി പെരുങ്കളിയാട്ടം നടത്തുന്നത്.
പയ്യന്നൂര്‍ നഗരത്തില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തായാണ് പൂന്തുരുത്തി മുച്ചിലോട്ട്. 600 വര്‍ഷത്തിലേറെ പഴക്കമുണ്ട് ക്ഷേത്രത്തിന്. കണ്ണങ്ങാട്ട് ഭഗവതിയുടെ ആരൂഢമായ കണ്ണങ്ങാട്ടുകാവാണ് പിന്നീട് മുച്ചിലോട്ടുകാവായി മാറിയതെന്നാണ് ഐതിഹ്യം.
വസൂരിമഴ
ഒരിക്കല്‍ പയ്യന്നൂര്‍ പ്രദേശത്ത് വസൂരി പടര്‍ന്നുപിടിച്ചു. ആര്‍ക്കും ആ വിപത്തിന് പ്രതിവിധി കണ്ടെത്താനായില്ല. നാടുമുഴുവന്‍ പ്രാര്‍ഥനയോടെ പയ്യന്നൂര്‍ പെരുമാളിന്റെ നടയ്‌ക്കെലത്തി. എന്നാല്‍ ക്ഷേത്രത്തിലെ തന്ത്രിയെപ്പോലും വസൂരി ബാധിച്ചിരിക്കുകയാണെന്നും പൂജാകര്‍മങ്ങള്‍ മുടങ്ങിയിരിക്കുകയാണെന്നുമാണ് ജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
പെട്ടെന്ന് പൂന്തുരുത്തി കണ്ണങ്ങാട്ടെ പടോളി ഊരാളന്‍ വെളിപാടുണ്ടായി പെരുമാളിന്റെ നടയ്ക്കലെത്തി. കോറോത്ത് മുച്ചിലോട്ട് കാവില്‍ അടിയന്തിരകര്‍മം നടക്കുന്നു, മുച്ചിലോട്ട് ഭഗവതി എഴുന്നള്ളിയാല്‍ രോഗം ഭേദമാവുമെന്ന അരുളിപ്പാടിനുശേഷം ഊരാളന്‍ ലക്ഷ്മി തറയിലെത്തി.
എന്നാല്‍ പയ്യന്നൂരിലെ പൊതുവാള്‍മാരും കോറോത്തെ നായന്‍മാരും തമ്മില്‍ അന്നു നിലനിന്നിരുന്ന കുടിപ്പക കാരണം പയ്യന്നൂരില്‍നിന്ന് ആരും കോറോത്തേക്ക് പോയിരുന്നില്ല. കോറോത്തേക്കു പോകുന്നവര്‍ക്ക് എന്റെ അമ്മോന്‍ പെരുമാളും താനും തുണയുണ്ടാകുമെന്ന് പടോളി ഊരാളന്റെ അടുത്ത അരുളപ്പാട്. അങ്ങനെ ദൂതന്‍മാര്‍ കോറോത്തേക്ക് പുറപ്പെട്ടു. അതേസമയം കോറോം മുച്ചിലോട്ടുകാവിലെ അടിയന്തിര കര്‍മത്തിനിടെ അസാധാരണമായി കോമരത്തിന് വെളിപാടുണ്ടായി. എന്റെ അമ്മോന്‍ പെരുമാളുടെ കാഴ്ച പുറപ്പെട്ടിരിക്കുകയാണെന്നും, അത് എത്തിയാല്‍മാത്രമേ ഇനി ചടങ്ങുകളുള്ളൂ എന്നും കോമരം അരുള്‍ചെയ്തു. പയ്യന്നൂരില്‍നിന്ന് പുറപ്പെട്ടവര്‍ കാവിന്റെ പടിപ്പുരയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവരില്‍നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കിയ കോമരം കൈവിളക്കുകാരെയും വാല്യക്കാരെയും കൂട്ടി പയ്യന്നൂരിലെത്തി ഉറഞ്ഞുതുള്ളി.
കോറോം മുച്ചിലോട്ടെ കോമരവും ആള്‍ക്കാരും പെരുമാളിന്റെ സന്നിധിയിലെത്തി. ലക്ഷ്മിത്തറയില്‍ ഉപവിഷ്ടനായ പടോളി ഊരാളന്‍ ഓടിപ്പോയി ചിറപ്പടവില്‍വച്ച് മുച്ചിലോടിയെ എതിരേറ്റു. ശക്തിസ്വരൂപിണികളായ മുച്ചിലോട്ടുഭഗവതിയും കണ്ണങ്ങാട്ടു ഭഗവതിയും ഒന്നിച്ച് പെരുമാളിന്റെ തന്ത്രിയുടെ അടുക്കലെത്തി. തന്റെ തിരുവായുധത്താല്‍ പടോളി ഊരാളന്‍ തന്ത്രിയുടെ പുതപ്പുമാറ്റി. വസൂരിക്കുമിളകള്‍ നിറഞ്ഞ തന്ത്രിയുടെ ദേഹത്തേക്ക് മുച്ചിലോട്ടു ഭഗവതി മഞ്ഞള്‍ക്കുറി വാരിയെറിഞ്ഞു. തന്ത്രിയുടെ രോഗം ശമിച്ചു. ദേശത്തെ വസൂരിബാധയ്ക്കും ശമനമുണ്ടായി.
ദൗത്യം പൂര്‍ത്തീകരിച്ചപ്പോഴേക്കും മുച്ചിലോട്ടു ഭഗവതിയുടെ തിരുവായുധം വെക്കാനും സന്ധ്യാവന്ദനത്തിനുമുള്ള സമയമായിരുന്നു. പെരുമാളിന്റെ ക്ഷേത്രസന്നിധിയില്‍ തിരുവായുധം വെക്കാന്‍ നിര്‍ദേശിക്കപ്പെട്ട സ്ഥാനങ്ങളെല്ലാം അനുയോജ്യമല്ലെന്നു കണ്ടതോടെ കണ്ണങ്ങാട്ടു ഭഗവതി തന്റെ സ്ഥാനം മുച്ചിലോട്ടു ഭഗവതിക്കായി ഒഴിഞ്ഞുകൊടുത്തു. അങ്ങനെയാണ് പൂന്തുരുത്തി കണ്ണങ്ങാട് പൂന്തുരുത്തി മുച്ചിലോടായി മാറിയതെന്നാണ് ഐതിഹ്യം. അത് അനുസ്മരിച്ചാണ് മുച്ചിലോട്ടുകാവുകളില്‍ കണ്ണങ്ങാട്ടു ഭഗവതിയെ വലതുഭാഗത്ത് കുടിയിരുത്തുന്നത്.
രണ്ട് ഭഗവതിമാര്‍
മുച്ചിലോട്ട് ഭഗവതിയെപ്പോലെ ലാവണ്യമുള്ള തെയ്യം വേറെയില്ല. ചടുലമായ വാക്കും ചലനവും മുച്ചിലോട്ട് ഭഗവതിക്കില്ല. സര്‍വാലങ്കാര വിഭൂഷിതയായി തിരുമുടി ഉയര്‍ത്തിയാണ് മുച്ചിലോട്ടമ്മ ഭക്തര്‍ക്ക് മുന്നിലെത്തുന്നത്. രണ്ടു മുച്ചിലോട്ടു ഭഗവതിമാര്‍ പൂന്തുരുത്തി കാവില്‍ കെട്ടിയാടുന്നു. രണ്ട് തമ്പുരാട്ടിമാര്‍ കെട്ടിയാടുന്ന രണ്ടുക്ഷേത്രങ്ങളിലൊന്നാണിത്. നീലേശ്വരം പുതുക്കൈ മുച്ചിലോട്ടാണ് മറ്റൊന്ന്. ഭഗവതിമാരുടെ കോലധാരിയാകാനുള്ള സൗഭാഗ്യം അഞ്ഞുറ്റാനും വണ്ണാന്‍ സമുദായത്തില്‍ പെട്ടവര്‍ക്കുമാണ്.
മുച്ചിലോട്ടു ഭഗവതിയുടെ ഉപദേവതകളായി കണ്ണങ്ങാട്ട് ഭഗവതി, പുലിയൂര്‍ കാളി, പുലിയൂര്‍ കണ്ണന്‍, നരമ്പില്‍ ഭഗവതി, കൂവളന്താറ്റില്‍ ഭഗവതി (കൂളന്താട്ട് ഭഗവതി) എന്നീ ദേവതകളെയും കാവില്‍ ആരാധിക്കുന്നു. കുണ്ടോര്‍ ചാമുണ്ഡി, മടയില്‍ ചാമുണ്ഡി, രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി എന്നീ ദേവതകളെയും പെരുങ്കളിയാട്ടത്തില്‍ കെട്ടിയാടിക്കുന്നു.
കളിയാട്ടനാളുകളില്‍
ഫെബ്രുവരി നാലിന് രാവിലെ എട്ടിന് കൂവം അളവ്, കലശം കുളിക്കല്‍, ഒമ്പതിന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍നിന്നും കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തില്‍ നിന്നും ദീപവും തിരിയും കൊണ്ടുവരല്‍, 11-ന് അരമങ്ങാനം തെക്കെക്കര മുച്ചിലോട്ട് വാണിയ തറവാട്ടില്‍നിന്ന് കലവറ ഘോഷയാത്ര. ഉച്ചയ്ക്ക് മൂന്നിന് കളിയാട്ടം തുടങ്ങല്‍, 5.50-ന് അന്നദാനം,
ഫെബ്രുവരി അഞ്ചിന് പുലര്‍ച്ചെ 1.30-ന് തെയ്യം പുറപ്പാട്, രാവിലെ 7.30-ന് അന്നദാനം, വൈകിട്ട് നാലിന് അരങ്ങില്‍ അടിയന്തിരം, തോറ്റംചുഴല്‍, നെയ്യാട്ടം
ഫെബ്രുവരി ആറിന് പുലര്‍ച്ചെ 1.30-ന് തെയ്യം പുറപ്പാട്, രാവിലെ 7.30-ന് അന്നദാനം, 10-ന് കോലക്കാരെ അണിയറയില്‍ പ്രവേശിപ്പിക്കല്‍, രണ്ടുമണിക്ക് കൂത്ത്, 5.15-ന് മംഗലം കുഞ്ഞുങ്ങളോടുകൂടിയ തോറ്റം ചുഴലല്‍, ഫെബ്രുവരി എട്ടിന് പുലര്‍ച്ചെ 1.30-ന് അടുക്കളയില്‍ എഴുന്നള്ളത്ത്, രണ്ടിന് മേലേരിയുടെ വിറക് കൊണ്ടുവരല്‍, 3.30-ന് മേലേരി തീവെക്കല്‍, നാലിന് തെയ്യം പുറപ്പാട്, ഉച്ചയ്ക്ക് 12-ന് അന്നദാനം, ഒന്നിന് മുച്ചിലോട്ട് ഭഗവതിയുടെ രണ്ട് തിരുമുടി നിവരല്‍
ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍
തീവണ്ടിയില്‍ എത്തുന്നവര്‍ക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 500 മീറ്റര്‍. പയ്യന്നൂര്‍ പഴയ സ്റ്റാന്‍ഡില്‍ എത്തുന്നവര്‍ക്ക് അവിടെ നിന്ന് ഒരുകിലോമീറ്റര്‍ മാത്രം ക്ഷേത്രസന്നിധിയിലേക്ക്.
വാഹനം നിര്‍ത്തിയിടാന്‍
സ്വന്തം വാഹനങ്ങളില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം ഗ്രൗണ്ട്, വൃന്ദാവനം ഓഡിറ്റോറിയത്തിനുസമീപം വാച്ചാക്കര പറമ്പ്, മലബാര്‍ റസിഡന്‍സി, പടോളി വയല്‍, തുറവയല്‍, കണ്ടങ്കാളി സ്‌കൂള്‍ ഗ്രൗണ്ട്, കൈരളി ഓഡിറ്റോറിയം, പടോളി ക്ഷേത്രത്തിനുസമീപം എന്നിവിടങ്ങളില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്കായി പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Perunkaliyattam muchilottu bhagavati teyyam