യ്യന്നൂർ തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഫെബ്രുവരി ആറു മുതൽ ഒമ്പതു വരെ നടക്കും. 14 വർഷത്തിനു ശേഷം നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഒരുക്കം ഒരുവർഷത്തോളമായി നടക്കുകയാണ്. വിവിധ ചടങ്ങുകളും നടന്നുവരുന്നു. നിലംപണി, പാലയ്ക്ക് കുറിയിടൽ, കന്നിക്കലവറയ്ക്കു കുറ്റിയടിക്കൽ, വരച്ചുവയ്ക്കൽ തുടങ്ങിയ ചടങ്ങുകളാണ് ഇനി നടക്കാനുള്ളത്.

പത്ത്‌ പാലമരത്തൈകൾ നടും

പെരുങ്കളിയാട്ടത്തിന് ക്ഷേത്രം മതിലകവും പുറവും ദേവിയുടെ പന്തൽമംഗലത്തിനായി ഒരുക്കുന്നതിന് തുടക്കംകുറിക്കുന്ന ചടങ്ങാണ് നിലംപണി. ഡിസംബർ 22-ന് രാവിലെ 9.25നും 9.50നും ഇടയിലുള്ള മുഹൂർത്തത്തിൽ ക്ഷേത്രം കൈലാസക്കല്ലിനു സമീപം ചടങ്ങ് നടക്കും. തുടർന്ന് അന്നപ്രസാദവും ഉണ്ടാകും. കന്നിക്കലവറ, നാലിലപ്പന്തൽ എന്നിവയുടെ തൂണുകളും വാതിലുകളും പാലമരംകൊണ്ടു വേണം നിർമിക്കാൻ. ഡിസംബർ 23-ന് രാവിലെ 9.40നും 10.25നും ഇടയിലാണ് പാലയ്ക്ക് കുറിയിടൽ ചടങ്ങ്. അന്ന് മുറിച്ചെടുക്കുന്ന പാലയ്ക്ക് പകരമായി പത്ത് പാലമരത്തൈകൾ വെച്ചുപിടിപ്പിക്കാൻ പെരുങ്കളിയാട്ട സംഘാടകസമിതി തീരുമാനിച്ചിട്ടുണ്ട്. സൂര്യരശ്മി ഏൽക്കാത്ത നിലയിൽ ഓലകൊണ്ടു കെട്ടിയാണ് കന്നിക്കലവറ നിർമിക്കുന്നത്. വരച്ചുവെക്കൽ ചടങ്ങോടെ ഇതിനകത്ത് ദേവീസാന്നിധ്യമുണ്ടാകും എന്നാണ് വിശ്വാസം. ഡിസംബർ 24-ന് രാവിലെ 10നും 10.20നും ഇടയിൽ ക്ഷേത്രം ജന്മാശാരി കന്നിക്കലവറയ്ക്ക് കുറ്റിയടിക്കും.

വരച്ചുവെക്കൽ

പെരുങ്കളിയാട്ടത്തിന് ദേവിയുടെ തിരുമുടിയേറ്റാനുള്ള കോലധാരിയെ പ്രശ്നചിന്തയിലൂടെ നിശ്ചയിക്കുന്ന ചടങ്ങാണ് വരച്ചുവെക്കൽ. ജനവരി 29-ന് രാവിലെ ഒമ്പതിനും പത്തിനുമിടയിൽ ക്ഷേത്രസന്നിധിയിൽ വരച്ചുവെക്കൽ നടക്കും. തുടർന്ന് അന്നപ്രസാദവും ഉണ്ടാകും. പെരുങ്കളിയാട്ടദിനങ്ങളിൽ ആറുനേരങ്ങളിലായി രണ്ടരലക്ഷത്തോളം പേർക്ക് ദേവിയുടെ അന്നപ്രസാദം നല്കും. വിഭവസമാഹരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രപരിധിയിലെ 12 ഇടങ്ങളിലായി ജൈവപച്ചക്കറിക്കൃഷി തുടങ്ങിയിട്ടുണ്ട്. പ്രചാരണകമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ-കാസർകോട് ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിലായി കൂറ്റൻ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഉത്തരമേഖലാ ചിത്രരചനാ മത്സരം നടത്തിയിരുന്നു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നവംബർ 16-ന് കളിയാട്ടം  ഏല്പിക്കലും ഡിസംബർ 11-ന് കൂവം അളക്കലും നടന്നു.

പ്രകൃതിസൗഹൃദം പെരുങ്കളിയാട്ടം

പെരുങ്കളിയാട്ടം പൂർണമായും പ്രകൃതിയോടിണങ്ങുന്നതും പ്ലാസ്റ്റിക് വിമുക്തവും ആയിരിക്കും. ഇതിനായുള്ള പ്രവർത്തനങ്ങളും പെരുങ്കളിയാട്ട കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ-കാസർകോട് ജില്ലാതല ഓലക്കൊട്ടമെടയൽ മത്സരം നടത്തുന്നുണ്ട്. വരച്ചുവെക്കൽ ദിനം മുതൽ വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. അമച്വർ നാടകമത്സരവും നടത്തുന്നുണ്ട്. മെഗാ തിരുവാതിര, കോൽക്കളി തുടങ്ങിയവയും അവതരിപ്പിക്കും. ചെണ്ടമേളം, സാംസ്കാരിക സമ്മേളനം, ഓട്ടൻതുള്ളൽ, ഗാനമേളകൾ, നൃത്തപരിപാടികൾ, അക്ഷരശ്ലോകം, കഥാപ്രസംഗം, പൂരക്കളി, മറത്തുകളി, ഭജന, മെഗാഷോ, ചരിത്ര-പൈതൃക പ്രദർശനം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുക. മുൻനിര കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കാനെത്തുക. കൂടാതെ സാംസ്കാരികനായകർ, സിനിമാതാരങ്ങൾ, മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവരും വിവിധ ദിവസങ്ങളിലെ പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുക്കും.

ഡിസംബർ 23-ന് വൈകിട്ട് നാലിന് പ്രാദേശികചരിത്രവും  ക്ഷേത്രാധികാരബന്ധങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡോ. എം.ആർ.രാഘവവാര്യർ ഉദ്ഘാടനം ചെയ്യും. ജനുവരി 26-ന് ഓഡിയോ സി.ഡി.യുടെയും 28-ന് സോവനീറിന്റെയും പ്രകാശനം നടക്കും. പെരുങ്കളിയാട്ടത്തിനു മുന്നോടിയായി ക്ഷേത്രത്തിനു മുന്നിലെ നടപ്പന്തലിന്റെ പുനർനിർമാണവും പുതുതായി നിർമിക്കുന്ന പ്രവേശനകവാടത്തിന്റെ നിർമാണപ്രവൃത്തികളും പുരോഗമിച്ചുവരുന്നു.  1501അംഗ സംഘാടകസമിതിയാണ് പെരുങ്കളിയാട്ടത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നത്. എ.കെ.ഉണ്ണികൃഷ്ണൻ (മുഖ്യ കോയ്മ), ഇ.കെ.പൊതുവാൾ (ചെയർമാൻ), പോത്തേര കൃഷ്ണൻ (വർക്കിങ് ചെയർമാൻ), വി.നാരായണൻ (ജനറൽ കൺവീനർ), ടി.വി.പ്രഭാകരൻ (ട്രഷറർ) എന്നിവർ നേതൃത്വം നല്കുന്നു.