വേലകളും പൂരങ്ങളും മാത്രമല്ല, പ്രാദേശികമായി നിലനിൽക്കുന്ന  ചില ആചാരാനുഷ്ഠാനങ്ങളും കേരളത്തിന്റെ സാംസ്‌കാരികസമ്പന്നതയ്ക്ക്  സംഭാവന നൽകുന്നുണ്ട്.  അത്തരത്തിൽ ഇന്നും നിലനിൽക്കുന്ന ഒരു ചടങ്ങാണ് ഓത്ത്‌കൊട്ട്. ഷോഡശക്രിയാവൃത്തിയിൽ വ്യത്യസ്തരായ ഋഗ്വേദികളും സാമവേദികളും യജുർവേദികളും അവരവരുടെ വേദങ്ങളുടെ സംരക്ഷണത്തിനായി നടത്തിപ്പോന്ന ചടങ്ങാണ് ഓത്ത്‌കൊട്ട്. പ്രമുഖ വൈദികകുടുംബത്തിലെ വൈദികന്മാരുടെ നേതൃത്വത്തിലാണ് ഓത്ത്‌കൊട്ട് നടക്കാറുള്ളത്. ആഴ്ചകളോ മാസങ്ങളോ നീണ്ടുനിൽക്കുന്ന ഈ വേദപാരായണയജ്ഞത്തിൽ കുറഞ്ഞത് 64 തവണയെങ്കിലും തങ്ങൾ അനുഷ്ഠിച്ചുപോരുന്ന വേദം ചൊല്ലിത്തീർക്കും. 

500ഓളം പേജുകൾ വരുന്ന വേദം ഒരു വാക്കുപോലും നോക്കാതെ, മനഃപാഠമാക്കി ചൊല്ലുന്നതാണ് ഓത്ത്‌കൊട്ടിന്റെ അതിശയം. കുഞ്ഞുകുട്ടികൾമുതൽ വൈദികന്മാർവരെ ഓരോ അക്ഷരവും അതിന്റെ ഭാവത്തിൽ ചൊല്ലിത്തീർക്കുന്നു.     ലാഭേച്ഛയൊന്നുമില്ലാതെ ലോകനന്മയ്ക്കായി അനുഷ്ഠിച്ചുപോരുന്ന, ദേശത്തിന്റെ ഐശ്വര്യത്തിനും ദേശവാസികളുടെ വിദ്യാസമ്പദ്‌സമൃദ്ധിക്കുമായി ചെയ്യുന്ന ഒന്നാണ് ഓത്ത്‌കൊട്ട്. വേദജ്ഞാനത്തിന്റെ  അടിസ്ഥാനത്തിലാണ് ചൊല്ലാൻ ഇരുത്തുന്നതുപോലും. വേദപഠനത്തിന്റെ ഒന്നാംഘട്ടവും ഉപനയനവും കഴിഞ്ഞ ബ്രാഹ്മണബാലന് യജ്ഞത്തിൽ പങ്കുചേരാം. പുലർച്ചെ മുതൽ അർധരാത്രിവരെ തുടരുന്ന ചൊല്ലലിൽ ഭക്ഷണം കഴിക്കുന്നതിനും സന്ധ്യാവന്ദനത്തിനുമായി  മൂന്ന് ഇടവേളകൾമാത്രമാണുള്ളത്. 

കാലങ്ങൾക്കുമുമ്പ് ഒട്ടേറെ ക്ഷേത്രങ്ങളിൽ ആചരിച്ചുപോന്ന ഓത്ത്‌കൊട്ട് ഇന്ന് നിലനിൽക്കുന്നത് തൃശ്ശൂർ ജില്ലയിലെ മിത്രാനന്ദപുരം വാമനമൂർത്തി ക്ഷേത്രത്തിലും രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രത്തിലും മാത്രമാണ്. ഏതാണ്ട് 1300 വർഷമായി മിത്രാനന്ദപുരത്തും 600 വർഷമായി രാപ്പാൾ ക്ഷേത്രത്തിലും ഓത്ത്‌കൊട്ട് നടന്നുപോരുന്നു. 

രാപ്പാളിൽ ആറുവർഷത്തിലൊരിക്കൽ ഓത്ത്‌കൊട്ട് നടക്കുമ്പോൾ മിത്രാനന്ദപുരത്ത് മൂന്നുവർഷത്തിൽ ഒരിക്കലാണ്. രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രത്തിൽ മൂന്നുമാസത്തോളം നീണ്ടുനിൽക്കുന്ന ഓത്ത്‌കൊട്ട് നടക്കാറുണ്ട്.  കേരളത്തിൽ ഇന്ന് അവശേഷിക്കുന്ന ആറ് വൈദികകുടുംബങ്ങളിലൊന്നായ പന്തൽമനയടക്കം  അഞ്ചുമനക്കാർ ചേർന്ന് നടത്തുന്നതാണ് ഈ ചടങ്ങ്. മൂന്നുമാസം യജുർവേദം ജപിച്ച നെയ്യ് ദേശക്കാർക്ക് വിതരണംചെയ്യും. രാപ്പാൾ ക്ഷേത്രത്തിലെന്നപോലെ മിത്രാനന്ദപുരം ക്ഷേത്രത്തിലും മൂന്നുമാസത്തോളമാണ് ഓത്ത്‌കൊട്ട് നടക്കാറുള്ളത്. വേദസംരക്ഷണത്തിനായി നിലനിന്നിരുന്ന ഈ ചടങ്ങ് ഇന്നും അതിന്റെ തനിമയോടെത്തന്നെ ഈ  രണ്ടുക്ഷേത്രങ്ങളും തുടരുന്നു.