വേദസമൃദ്ധിയുടെ പൂങ്കാവനമാണ് പെരുവനം. പൂരവും ദേവസംഗമവും മന്ത്രോച്ചാരണങ്ങളും പെരുമയേകിയ പെരുവനം തട്ടകത്തിലെ വേദസംസ്‌കാരത്തിന്റെ ഈറ്റില്ലങ്ങളിൽ ഒന്നാണ് മിത്രാനന്ദപുരം വാമനമൂർത്തിക്ഷേത്രം. ലോകസമാധാനത്തിനായി നടത്തുന്നതാണ് സമ്പൂർണ യജുർവേദയജ്ഞം അഥവാ ഓത്തുകൊട്ട് എന്നാണ് വിശ്വാസം.
കേരളത്തിൽ പ്രചാരത്തിലുള്ള വേദത്രയമായ ഋഗ്, യജുസ്, സാമം എന്നിവയിൽ യജുർവേദമാണ് ഓത്തുകൊട്ടെന്ന വേദസംഹിതയ്ക്ക് ഉപയോഗിക്കുന്നത്. ഒരുകാലത്ത് കേരളത്തിലെ ഇരുപത്തിരണ്ടു ക്ഷേത്രങ്ങളിൽ ഓത്തുകൊട്ട് നിലനിന്നിരുന്നു. അതെല്ലാം ക്രമേണ ഇല്ലാതായി.
തൃശ്ശൂർ ജില്ലയിലെ രണ്ടുക്ഷേത്രങ്ങളിൽ മാത്രമാണ് ഇത് മുടങ്ങാതെ നിലനിൽക്കുന്നതെന്നതാണ് സവിശേഷത. രാപ്പാൾ ശ്രീകൃഷ്ണക്ഷേത്രത്തിലാണ് പിന്നെ ഓത്തുകൊട്ടു നടക്കുന്നത്. രാപ്പാൾ ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോഴും മിത്രാനന്ദപുരത്ത് മൂന്നുവർഷം കൂടുമ്പോഴും നടക്കുന്നു.
ഓത്തുകൊട്ട്
ഓത്തുകൊട്ടിൽ സംഹിത, പദം, കൊട്ട് എന്നീ മൂന്നുവിധത്തിലുള്ള ആലാപനക്രമങ്ങളുണ്ട്. ഇതിൽ സംഹിത സ്വരനിയമത്തോടെയും മാത്രനിയമത്തോടെയും കൂട്ടിച്ചേർത്ത് ആലപിക്കുന്നു. ഇതിനെ സ്വരത്തിൽ ചൊല്ലുകയെന്നാണ് പറയുക.
ഒരാൾ സംഹിതയിലെ ഒരു പങ്ങാതി (അമ്പതു പദങ്ങളടങ്ങുന്ന ഖണ്ഡിക) സ്വരത്തിൽ ചൊല്ലുകയും മറ്റുള്ളവർ അത് അഞ്ചുതവണ സ്വരത്തോടുകൂടിയോ അല്ലാതെയോ ചൊല്ലുന്നു. അതുപോലെ വ്യാകരണനിയമമനുസരിച്ച് ക്രോഡീകരിച്ച് പദങ്ങൾ സ്വരത്തിൽ ചൊല്ലുകയും അത് മറ്റുള്ളവർ സ്വരത്തോടുകൂടിയോ സ്വരമില്ലാതേയോ അഞ്ചുതവണ ചൊല്ലുന്നു. സംഹിതയിലൂടെ സ്വരത്തിനും പദത്തിലൂടെ വ്യാകരണശാസ്ത്രത്തിനും ഇതിലൂടെ പ്രാധാന്യം വരുന്നു എന്നാണ് ഓത്തുകൊട്ടിന്റെ ഒരു സവിശേഷത.
പാണ്ഡിത്യത്തിന്റെ പ്രകടനംകൂടിയാണ് ഓത്തുകൊട്ട്. ഇതിൽ ഒരാൾ പരീക്ഷയ്ക്കിരിക്കുന്നതുപോലെ വേദപണ്ഡിതന്മാരുടെ മുന്നിൽ ഇരിക്കുകയും താൻ പഠിച്ച വേദം ഒരു ഓത്ത് നാലുപദങ്ങളായി ചൊല്ലുകയും മറ്റുള്ളവർ മൂന്നുതവണ ആവർത്തിക്കുകയും ചെയ്യുന്നു. ഇതിൽ പരീക്ഷകൻ സ്വരത്തിലും പദവിശേഷണത്തിലും പിഴവുകൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. ഇതിലൂടെ 44 പർച്ചം കൃഷ്ണ യജുർവേദം പതിനാറ് ആവർത്തി ആലാപനം ചെയ്യുന്നതാണ് ഓത്തുകൊട്ട്.
മിത്രാനന്ദപുരത്തെ സവിശേഷത
മിത്രാനന്ദപുരം ക്ഷേത്രത്തെ സംബന്ധിച്ച് ഓത്തുകൊട്ടിന് ഏറെ പ്രാധാന്യമുണ്ട്. ഇവിടത്തെ പ്രതിഷ്ഠയാകട്ടെ ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്പത്തിലുള്ള വാമനമൂർത്തിയുടേതാണ്. ഓത്തുകൊട്ടൊഴിച്ച് ഒരു ആഘോഷവും ക്ഷേത്രത്തിൽ പാടില്ലായെന്നതും കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രത്യേകത കൂടിയാണ്.
ഒരു വിദ്യാർഥിക്ക് തന്റെ പഠനത്തിലൊഴിച്ച് മറ്റൊന്നിലും ആകർഷണമോ ശ്രദ്ധയോ പാടില്ല എന്നതാണ് ഇതിന്റെപിന്നിലെ വിശ്വാസം. കർക്കടകം മുതൽ കന്നിവരെ നീണ്ടുനിൽക്കുന്ന സമയങ്ങളിൽ 47 ദിവസമാണ് ഓത്തുകൊട്ടു നടക്കുന്നത്.
കേരളത്തിലെ പ്രശസ്തരായ വൈദികർ ഇവിടെ തങ്ങളുടെ വേദപാണ്ഡിത്യം തെളിയിക്കാൻ എത്തുന്നുവെന്നതും നൂറ്റാണ്ടുകളായി തുടരുന്നു. ഈ മൂന്നുമാസക്കാലം എല്ലാദിവസവും ഓത്തുകൊട്ടുണ്ടാകില്ല. തിഥികളെ ആസ്പദമാക്കിയാണ് ഓത്തുകൊട്ടു നടക്കുക. ദ്വിതീയ, ത്രിതീയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, നവമി, ദശമി എന്നീ ദിവസങ്ങളിൽ ഓത്തുകൊട്ടുണ്ടാകും. ഏകാദശി, ദ്വാദശി ദിവസങ്ങളിൽ അരദിവസവും.
പ്രദിപദം, അഷ്ടമി, ചതുർദശി, വാവ് എന്നീദിവസങ്ങളിൽ ഓത്തുകൊട്ടു നടത്താൻ പാടില്ലെന്നാണ് വിശ്വാസം. ഓത്തുകൊട്ടുള്ള ദിവസങ്ങളെ സാധ്യായ ദിവസങ്ങളെന്നും ഇല്ലാത്ത ദിവസങ്ങളെ അനധ്യായ ദിവസങ്ങളെന്നും പറയപ്പെടുന്നു. ഇതിനുപുറമേ മഹാനവമി, അഷ്ടമിരോഹിണി, ചില സപ്തമികൾ എന്നീ ദിവസങ്ങളിലും ഓത്തുകൊട്ട് അനുവദനീയമല്ല.
രാവിലെ ആറുമുതൽ രാത്രി പത്തുവരെയാണ് ഓത്തുകൊട്ടു നടക്കുന്നത്. യജുർവേദ യജ്വാമനമൂർത്തിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകൂടിയാണ് വേദാലാപനം. പത്തില്ലക്കാർ ചേർന്നാണ് ഈ ക്ഷേത്രത്തിലെ ഈ മഹത്തായ വേദസംസ്‌കാരത്തിനു പിന്നിൽ പ്രവർത്തിക്കുന്നത്.
കണ്ണമംഗലം വാസുദേവൻ നമ്പൂതിരിപ്പാടാണ് നേതൃത്വം. അക്കര ചിറ്റൂർമന, ആലക്കാട്ടുമന, അയിരിൽ മന, എടപ്പുലത്തുമന, കണ്ണമംഗലം മന, കീരങ്ങാട്ടുമന, കീഴില്ലത്തുമന, ചെറുവത്തൂർ മന, പട്ടച്ചോമയാരത്തുമന, വെള്ളാംപറമ്പുമന എന്നിവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്.
പെരുവനം ഗ്രാമക്കാർ ഇരിങ്ങാലക്കുട ഗ്രാമക്കാരുടെ സഹായത്തോടെയാണ് ഇത് നടത്തുന്നത്. 35 വേദജ്ഞർക്കുപുറമേ തൃശ്ശൂർ ബ്രാഹ്മസ്വം മഠം, ഇരിങ്ങാലക്കുട വേദപാഠശാല എന്നിവിടങ്ങളിലെ വിദ്യാർഥികളും പങ്കെടുക്കും. സമാപനദിവസമായ ഒക്ടോബർ 30-ന് യജ്ഞപ്രസാദമായ ‘ഓത്തു കേട്ട നെയ്യ്’ വിതരണം ചെയ്യും.
’ശ്രീരുദ്രം’ ഉപാസന 15-ന്
ഓത്തുകൊട്ടിലെ 22-ാം പർച്ചം പിന്നിട്ടു. കണ്ണമംഗലം വാസുദേവൻനമ്പൂതിരി, പന്തൽ ദാമോദരൻനമ്പൂതിരി, അണിമംഗലം സുബ്രഹ്മണ്യൻനമ്പൂതിരി, ആമല്ലൂർ നാരായണൻനമ്പൂതിരി തുടങ്ങി നിരവധി വേദജ്ഞർ പങ്കെടുത്തു. ഓത്തുകൊട്ടിലെ ഏറ്റവും പ്രധാനഭാഗമായ ശ്രീരുദ്രം ഉപാസന സെപ്‌റ്റംബർ 15-ന് നടക്കും. കൃഷ്ണ യജുർവേദത്തിലെ 24-ാം പർച്ചത്തിൽ 11 ഓത്തുകൾ അടങ്ങുന്ന "ശ്രീരുദ്രം" ശ്രീപാർവതി പരമേശ്വരനെ സ്തുതിക്കുന്ന സൂക്തമാണ്.