കുടകിലെയും കണ്ണൂർ-കാസർകോട്‌ ജില്ലകളിലെയും ഇരുനൂറോളം ഗ്രാമങ്ങളിലെ ഭക്തരാണ്‌ പയ്യാവൂർ ഊട്ടുത്സവത്തിൽ പങ്കാളികളാകുന്നത്‌.  മതസൗഹാർദത്തിന്റെ പ്രതീകമായ ഊട്ടു ചന്തയാണ്‌ മ​െറ്റാരു പ്രത്യേകത.  വില്ലാളിവീരനായ അർജുനന് പരമശിവൻ പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച ഭൂമിയാണ് പയ്യാവൂരെന്നാണ് ഐതിഹ്യം. കിരാതമൂർത്തിയായാണ് പരമശിവനെ ഇവിടെ ആരാധിക്കുന്നത്. കിരാതമൂർത്തിക്ക് പയ്യാവൂരുൾപ്പെടെ അഞ്ച് സ്ഥാനങ്ങളാണുള്ളത്. വയത്തൂർ, കല്യാട്, മേലൂർ‌ കല്ലായി എന്നിവിടങ്ങളിലാണ് മറ്റു നാല് സ്ഥാനങ്ങൾ. ഈ അഞ്ചു സ്ഥാനങ്ങളിലേക്കും കൊമരത്തച്ചനെ നിശ്ചയിക്കുന്നത് പയ്യാവൂർ ക്ഷേത്രത്തിൽനിന്നാണ്‌. സ്വയംഭൂവായ കിരാതമൂർത്തിയാണ് പയ്യാവൂരിൽ. ശ്രീകോവിലിന്റെ മുകൾഭാഗം എന്നും തുറന്നുകിടക്കും. മഴയും വെയിലും മഞ്ഞുമെല്ലാം സ്വയംഭൂവിൽ വീഴണമെന്ന നിലയിലാണ് ശ്രീകോവിൽ നിർമാണം. ഉപദേവനായി പടിഞ്ഞാറെ നടയ്ക്ക് സമീപം ശാസ്താവുണ്ട്. ബലിബിംബം പ്രതിഷ്ഠയായുള്ള താഴത്തമ്പലവുമുണ്ട്.

ഊട്ടുത്സവം

കുംഭസംക്രമം മുതൽ 13 ദിവസമാണ് പയ്യാവൂർ ഊട്ടുത്സവം. ഉത്സവത്തിന്റെ ഒരുക്കം കുടകിലും നാട്ടിലെ മറ്റു ഗ്രാമങ്ങളിലും നേര​േത്ത തുടങ്ങും. പയ്യാവൂർ ശിവക്ഷേത്ര ശ്രീകോവിലിനു മുകളിൽ ഉത്സവകാലത്തിടുന്ന ഓലപ്പന്തലിനുള്ള തെങ്ങോല ചൂളിയാട് നിവാസികൾ ധനു പത്തിന് കാഴ്ചയായി എത്തിക്കും. അതിനുമുമ്പേ ഒരുക്കം തുടങ്ങുന്നത് കുടകരാണ്. കിരാതമൂർത്തിക്ക് സമർപ്പിക്കാനുള്ള അരിക്കായി കുടകിലെ കർഷകർ തങ്ങളുടെ വയലുകളിൽ മാസങ്ങൾക്ക് മുമ്പേ കൃഷി നടത്തും. ഈ അരിയാണ് ഉത്സവത്തിന് മുമ്പ് പയ്യാവൂരിൽ എത്തിക്കുന്നത്. ഊട്ടുത്സവത്തിന്റെ ഓരോ ചടങ്ങുകളും നടത്താൻ ഓരോ ഗ്രാമക്കാരെയും വിഭാഗങ്ങളെയും ഏല്പിച്ചിട്ടുണ്ടെന്നതാണ് അത്ഭുതം.  
ഉത്സവത്തിന്റെ ആദ്യ ദിനത്തിൽ ഊട്ടുകാഴ്ച സമർപ്പിക്കുന്നത് പയ്യാവൂർ, കൈതപ്രം ദേശവാസികളാണ്. മൂന്നാംദിനം കാഞ്ഞിലേരി ദേശവാസികളും കുംഭം ഒൻപതിന് ചേടിച്ചേരി ദേശക്കാരും ക്ഷേത്രത്തിൽ  ഊട്ടുകാഴ്ച സമർപ്പിക്കുന്നു.

കുടകരുടെ സാന്നിധ്യം

ഊട്ടുത്സവത്തിന്റെ പ്രധാന ആകർഷണം കുടകരുടെ സാന്നിധ്യമാണ്‌. ഊട്ടുത്സവത്തിന് വിഘ്നമുണ്ടായ കാലത്ത് കിരാതമൂർത്തി  കുടകിൽ നേരിട്ടെത്തി അരിയെത്തിക്കാൻ വിവിധ തറവാട്ടുകാരെയും ദേശവാസികളെയും ചുമതലപ്പെടുത്തിയെന്നാണ് ഐതിഹ്യം. ഉത്സവം തുടങ്ങുന്നതിന് 15 ദിവസം മുന്പ്‌ പയ്യാവൂർ ക്ഷേത്രത്തിൽ നിന്ന് സ്ഥാനിക കൊമരത്തച്ചൻ ഊട്ടിന് കുടകരെ ക്ഷണിക്കാൻ പോകും. അതിർത്തിവനം വഴിയാണ് യാത്ര. ഉത്സവത്തിന് തലേദിവസം കുടകിലെ ബവ്വേരിയന്റ, മുണ്ടയോന്റ തറവാട്ടുകാരാണ് അരിയെത്തിക്കുന്നത്. ഉത്സവത്തിന്റെ എട്ടാംദിനം കടിയത്ത് നാട് എന്നറിയപ്പെടുന്ന കുടകിലെ 12 വില്ലേജുകളിൽനിന്നുള്ളവരാണ് അരി കൊണ്ടുവരുന്നത്. പൊന്നും പറമ്പിലെ കുടക് സ്ഥാനത്താണ് ഇവരുടെ താമസം. ഓലകൊണ്ട് നിർമിച്ച താത്‌കാലിക പന്തലുകളിൽ കുടകർ കഴിയുന്നതാണ് പരമ്പരാഗത ആചാരം. ക്ഷേത്രമുറ്റത്ത് ഉത്സവം കാണാൻ കുടകർക്കായി ഇലഞ്ഞിമരത്തറയുണ്ട്. കുടകരുടെ തുടികൊട്ടിപ്പാട്ട്, വൃഷഭാഞ്ജലി തുടങ്ങി ഒട്ടേറെ ചടങ്ങുകളുമുണ്ട്. മഹോത്സവദിനമായ 22-നാണ് കുടകരുടെ മടക്കയാത്ര.

നെയ്യമൃതിന്റെ പുണ്യം

പലദേശങ്ങളുടെയും ഊട്ടുത്സവത്തിനുള്ള പങ്കാളിത്തമാണ് നെയ്യമൃത് സംഘങ്ങൾ. ഉത്സവത്തിന് അഞ്ചു ദിവസം മുമ്പ് നെയ്യമൃതുകാർ വ്രതം തുടങ്ങും. ഉത്സവത്തിന്റെ തലേ ദിവസം അതത് ഗ്രാമങ്ങളിലെ മഠങ്ങളിൽ ഇവർ പ്രവേശിക്കും. വ്രതാനുഷ്ഠാനങ്ങളോടെ 11 ദിവസം വീടുകളിൽ പോകാതെ മഠങ്ങളിൽ കഴിയുന്ന നെയ്യമൃത്കാർ മഹോത്സവദിനത്തിൽ  (ഇത്തവണ 22-ന്) രാവിലെ ക്ഷേത്രത്തിൽ നെയ്യൊപ്പിക്കും. 23-ന് ഉച്ചതിരിഞ്ഞ് അടീലൂണും കഴിഞ്ഞാണ് ഇവർ വീടുകളിലേക്ക് മടങ്ങുക. തച്ചോളി ഒതേനന്റെ കാലത്ത് പന്ത്രണ്ടായിരത്തോളം നെയ്യമൃത്കാർ ഉണ്ടായിരുന്നതായി ക്ഷേത്രരേഖകളിൽ കാണുന്നുണ്ട്.

ചൂളിയാടിന്റെ ഓമനക്കാഴ്ച

ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച മഹോത്സവദിനമായ 22-നാണ്. പയ്യാവൂരിൽനിന്ന് 14 കിലോ മീറ്റർ ദൂരെയുള്ള ചൂളിയാട് ഗ്രാമത്തിന്റെ ഉത്സവം കൂടിയാണ് പയ്യാവൂരിലേക്കുള്ള ഓമനക്കാഴ്ച. ഗ്രാമത്തിലെ തീയ്യസമുദായക്കാരായ എഴുന്നൂറോളംപേർ പഴക്കുലകളുമായി ഗ്രാമവീഥികൾ താണ്ടി പയ്യാവൂരിലെത്തും. ചൂളിയാട്ടെ നല്ലൂർ, തടത്തിൽകാവ്, ചമ്പോച്ചേരി, മഠത്തിൽവളപ്പ്, തൈവളപ്പ് എന്നിവിടങ്ങളിലെ കുഴികളിൽ മൂന്നുദിവസം മുമ്പ് പഴുപ്പിക്കാൻ വെക്കുന്ന അടുക്കൻ വാഴക്കുലകൾ 21 -ന് കുഴികളിൽനിന്ന് പുറത്തെടുത്താണ് 22-ന് കാഴ്ചക്കാർ പുറപ്പെടുക. അഡുവാപ്പുറത്തെ അരയാൽത്തറയിൽനിന്ന് പാനകവെള്ളം കുടിച്ചാണ് ഇവർ പയ്യാവൂരിലേക്ക് പുറപ്പെടുക. മലപ്പട്ടം ദേശത്തിന്റെ ആഘോഷമാണ് ആ ദിവസം. കാഴ്ചയെടുക്കുന്നവരെ യാത്രയയക്കാൻ നൂറുകണക്കിന്  നാട്ടുകാർ ചൂളിയാട്ടെ പാതയോരങ്ങളിൽ അന്നെത്തും.

ഊട്ടുചന്ത

മതസൗഹാർദത്തിന്റെ ഉദാത്ത മാതൃകയാണ് പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഊട്ടുചന്ത. പഴയകാലത്ത് മലയോരജനത മൺപാത്രങ്ങളും സൗന്ദര്യവർധകവസ്തുക്കളും വീട്ടുപകരണങ്ങളുമെല്ലാം വാങ്ങിയിരുന്ന ഊട്ടുചന്തയ്ക്ക് ഇന്നും പ്രാധാന്യമേറെ. കോഴിക്കോട്ടെ മാപ്പിളക്കച്ചവടക്കാർ ഈ ചന്തയിലെത്തുന്നതാണ് പാരമ്പര്യം. ഇവരെത്തിയാൽ കിഴക്കേ നടയിലെ കാഴ്ചത്തറയിൽ അവിലും മലരും സമർപ്പിക്കണം. ആചാരക്കത്തിയും കുപ്പി മോതിരവും  കല്ലുമാലയും സമർപ്പിച്ച ശേഷമാണ് ഇവർ കച്ചവടപ്പന്തൽ കെട്ടുക.ഉത്സവത്തിനിടയിൽ മാപ്പിളക്കച്ചവടക്കാർ ആരെങ്കിലും മരിച്ചാൽ അവരുടെ മയ്യത്ത് മറവുചെയ്യാൻ ദേവസ്വത്തിന്റെ കീഴിൽ മന്നപ്പറമ്പെന്ന ഖബർസ്ഥാനമുണ്ട്.
കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് എത്തിയിരുന്ന മാപ്പിളക്കച്ചവടക്കാർക്ക് അവരുടെ മതപരമായ ചടങ്ങുകൾക്കായി അരിയും നെയ്യും മറ്റും ക്ഷേത്രം അധികൃതർതന്നെ നൽകണമെന്നാണ് ചട്ടം.

ഉത്സവച്ചടങ്ങുകൾ

തന്ത്രി ഇടവലത്ത് പുടയൂർ മനയ്ക്കൽ കുബേരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുന്നത്. 22-ന് നടക്കുന്ന പൂർണപുഷ്പാഞ്ജലിക്ക് ഊരാളന്മാരായ കുറുമാത്തൂർ ഇല്ലത്തെ നമ്പൂതിരിമാരാണ് കാർമികത്വം വഹിക്കുന്നത്. ഊട്ടിനുള്ള ഭക്ഷണം തയ്യാറാക്കുന്നത് ഗ്രാമപ്പിള്ള എന്ന സ്ഥാനപ്പേരുള്ള മാധവൻ നമ്പൂതിരിയും എല്ലാദിവസത്തെയും തിടമ്പുനൃത്തം തോട്ടം ഇല്ലത്തെ നമ്പൂതിരിമാരുമാണ്‌. പയ്യാവൂർ വാദ്യസംഘം, കണ്ണൂർ തയ്യിൽ കുറുംബ ക്ഷേത്രത്തിലെ അരയസമുദായക്കാർ, പുഴാതി പയറ്റ്യാൽ ഭഗവതിക്ഷേത്രം, കൊയിറ്റി തറവാട്ടിലെ കൊമരത്തച്ചൻ തുടങ്ങി ഊട്ടുത്സവത്തിന്റെ ചടങ്ങുകൾ നിർവഹിക്കുന്നവർ ഏറെയാണ്.

സാംസ്കാരികോത്സവം

ഊട്ടുത്സവത്തോടനുബന്ധിച്ച് 12 മുതൽ 24 വരെ കലാ-സാംസ്കാരികോത്സവം ദേവസ്വം ഓഡിറ്റോറിയത്തിൽ നടക്കും. ആധ്യാത്മികപ്രഭാഷണം, കലാപരിപാടികൾ എന്നിവ നടക്കും. 21-ന് സാംസ്കാരികസമ്മേളനം കെ.സി.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സ്വാമി സന്ദീപാനന്ദഗിരി പ്രഭാഷണം നടത്തും. 22-ന് രാത്രി ഏഴിന് സാംസ്കാരികസമ്മേളനം മലബാർ ദേവസ്വം  ബോർഡ് ചെയർമാൻ  ഒ.കെ.വാസു ഉദ്ഘാടനം ചെയ്യും. 
ഊട്ടുത്സവത്തോടനുബന്ധിച്ച് ആയിരങ്ങൾക്കുള്ള അന്നദാനവും നടക്കും. ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.പി.ഗംഗാധരൻ, കെ.സുരേഷ് കുമാർ, പി.സുന്ദരൻ, എം.ഫൽഗുനൻ, ശിവദാസൻ തളിയിൽ, കെ.ദാസൻ, കെ.വി.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.