മൂന്നുപെറ്റതിനെ തുടര്‍ന്ന് മരിച്ച വിശുദ്ധയായ ഉമ്മയുടെ കബറിടം വിശ്വാസികള്‍ ഒഴുകിയെത്തുന്ന ഒരു വലിയ ആരാധനാകേന്ദ്രമായി. അതാണ് പാപ്പിനിശ്ശേരിയിലെ കാട്ടിലെ പള്ളി അഥവാ മൂന്നുപെറ്റുമ്മാ പള്ളി. ആ പള്ളിയില്‍ ഉറൂസിന് വെള്ളിയാഴ്ച തുടക്കംകുറിക്കുകയാണ്. വിശ്വാസികളെ എങ്ങനെ ഈ കബറിടം ആകര്‍ഷിച്ചുവെന്നത് പറയാന്‍ ജാതി/മതഭേദമന്യേയുള്ള ആളുകള്‍ക്ക് നൂറ് നാവാണ്. എല്ലാദിവസവും രാവിലെ മുതല്‍ വൈകീട്ട് വരെ ഇവിടെ ആരാധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ഹിന്ദു - മുസ്ലിം മതമൈത്രിയുടെ പ്രഭവസ്ഥാനമായാണ് ഈ ആരാധനാകേന്ദ്രം രൂപപ്പെട്ടത്. തുണിയും ചന്ദനത്തിരിയും സമര്‍പ്പിക്കുന്നത് ജാതി, മത ഭേദമന്യേയുള്ള സ്ത്രീകളുടെ നേര്‍ച്ചയാണ്.
ഐതിഹ്യം ഇങ്ങനെ
അറേബ്യയില്‍നിന്ന് ഭര്‍ത്താവിനോടൊപ്പം മതപ്രചാരണത്തിന് കപ്പലില്‍ വന്നിറിങ്ങിയതായിരുന്നു സ്ത്രീ. യാത്ര പുറപ്പെടുമ്പോള്‍ത്തന്നെ അവര്‍ ഗര്‍ഭിണിയായിരുന്നു. ഖുര്‍ആന്‍ പാരായണവും പ്രഭാഷണവുമായി രണ്ടുവഴിക്ക് സഞ്ചരിച്ച ഇരുവരും എത്തിയ ഇടങ്ങളില്‍ കഴിഞ്ഞുകൂടി. പാപ്പിനിശ്ശേരി കടോത്ത് വയലിലെ കാട്ടുവഴിയിലെത്തിയപ്പോള്‍ യുവതിക്ക് പ്രസവവേദന വന്നു. അവര്‍ കാട്ടിനുള്ളില്‍ കയറി മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കി.
എന്നാല്‍ ഉമ്മയും കുട്ടികളും തല്‍ക്ഷണം മരിച്ചു. പാക്കന്‍ എന്ന തീയ്യകുടുംബത്തിലെ സ്ത്രീ ചപ്പടിച്ചുവാരാന്‍ എത്തിയപ്പോള്‍ ഉമ്മയും മക്കളും മരിച്ചുകിടക്കുന്നത് കണ്ടു. പാക്കന്‍ കാരണവര്‍ ആ വിവരം ചുറ്റും താമസിക്കുന്ന മുസ്ലിം കുടുംബങ്ങളിലെത്തിച്ചു. ചിറക്കല്‍ രാജവംശത്തിന്റെ അനുവാദത്തോടെ മയ്യത്ത് കാട്ടില്‍ത്തന്നെ കബറടക്കി.
ഈ ഐതിഹ്യത്തിന് പല ഭേദഗതികളും പ്രചാരത്തിലുണ്ട്. നേര്‍ച്ചയുടെ ഭാഗമായി ചക്കരച്ചോറ് പാകംചെയ്ത് വിതരണം ചെയ്യുന്ന പതിവുണ്ട്.
നേര്‍ച്ചദിവസം പാകംചെയ്യുന്ന ചക്കരച്ചോറ് പാത്രത്തില്‍ ആദ്യം അരിയിടുന്നത് ഇപ്പോഴും പ്രദേശത്തെ പാക്കന്‍ വീട്ടുകാരുടെ പ്രതിനിധിയാണ്. അതിനുള്ള അരി കുടുംബക്കാര്‍ നേര്‍ച്ചദിവസം രാവിലെ എത്തിക്കും. അതിന്റെ മേല്‍നോട്ടക്കാര്‍ എന്ന നിലയില്‍ കുടുംബാംഗം നേര്‍ച്ചകഴിയുന്നതുവരെ സ്ഥലത്ത് തങ്ങും.
പാളയും കയറും
കാട്ടിലെ പള്ളിയിലെ ഒരുവിശേഷ നേര്‍ച്ചയാണ് പാളയും കയറും. ദാഹിച്ച് വലഞ്ഞ് കാട്ടിലെത്തിയ ഉമ്മയ്ക്ക് ദാഹജലം കുടിക്കാനായി ആരോ പാളയും കയറും നല്‍കിയതായുള്ള വിശ്വാസമുണ്ട്. അതിന്റെ ഭാഗമായാണ് നേര്‍ച്ച സമയത്ത് പാളയം കയറും വസ്ത്രങ്ങളും സമര്‍പ്പിക്കുന്നത്. വിശുദ്ധയ്ക്ക് കുടിക്കാന്‍ വെള്ളമെടുത്ത് നല്‍കിയെന്ന് കരുതപ്പെടുന്ന കിണര്‍ പള്ളിപ്പറമ്പിലുണ്ട്.
ചന്തപ്പെരുമ
കാട്ടിലെ പള്ളി നേര്‍ച്ചയുടെ ഭാഗമായുള്ള ചന്ത പെരുമ കേട്ടതാണ്. നൂറ്റാണ്ടുകളായി ഒരു വലിയ വിശ്വാസത്തിന്റെ ഭാഗമായാണ് ചന്തയും നടക്കുന്നത്. മൂന്നുപെറ്റുമ്മാപ്പള്ളി നേര്‍ച്ച കോലത്തുനാടിന്റെ തന്നെ ജനകീയ ഉത്സവമായി മാറിക്കഴിഞ്ഞതിനാല്‍ എല്ലാ ആചാരങ്ങളും വിശ്വാസരീതികളും ഇന്നും അതുപോലെ തുടരുകയാണ്. നേര്‍ച്ചയുടെ പ്രധാന ദിവസങ്ങളില്‍ പ്രദേശത്തെ എല്ലാ വഴികളും കാട്ടിലെ പള്ളിയിലേക്കായിരിക്കും. ഹല്‍വ, കരിമ്പ്, വറുത്ത കായ, ഈത്തപ്പഴം എന്നീ ഭക്ഷ്യവിഭവങ്ങള്‍ വാങ്ങുകയെന്നത് നേര്‍ച്ചയ്ക്ക് എത്തുന്നവരുടെ വിശ്വാസത്തിന്റെ ഭാഗമാണ്.
ഉറൂസ് പരിപാടികള്‍
ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്ക് ജുമുഅ നിസ്‌കാരാനന്തരം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. രാത്രി എട്ടിന് മതപ്രഭാഷണം. ഫെബ്രുവരി രണ്ടിന് രാത്രി എട്ടിന് കഥാപ്രസംഗം. ഫെബ്രുവരി മൂന്നിന് രാത്രി എട്ടിന് ദഫ് പ്രദര്‍ശനവും 8.30- ന് ബുര്‍ദ മജ്ലിസ് ആന്‍ഡ് നാത് ശരീഫും നടക്കും. ഫെബ്രുവരി നാലിന് രാത്രി എട്ടിന് സമാപന സമ്മേളനം സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി. അബ്ദുള്‍സലാം മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന കൂട്ടപ്രാര്‍ഥനയ്ക്ക് ഖാസി ഇ.കെ.മഹമൂദ് മുസ്ലിയാര്‍ നേതൃത്വം നല്‍കും.
മതേതര സംഗമകേന്ദ്രം -എം.കെ.അബ്ദുള്‍ ബാഖി
ഉത്തരകേരളത്തിലെ പ്രശസ്തമായ വിശ്വാസികളുടെ മതേതര തീര്‍ഥാടനകേന്ദ്രമാണിത്. മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നവരെ മുന്‍നിര്‍ത്തി പടച്ചവനോട് പ്രാര്‍ഥിച്ചാല്‍ ഗ്രഹങ്ങള്‍ സാധിക്കുമെന്ന വിശ്വാസവും നിലവിലുണ്ട്. മറ്റു മഖാമില്‍നിന്ന് വ്യത്യസ്തമായി സര്‍വരും ഇവിടെയെത്തുന്നു. സൗഹൃദവും സഹിഷ്ണുതയുമാണ് പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി മഖാമിന്റെ സന്ദേശമെന്ന് പാപ്പിനിശ്ശേരി ഹിദായത്ത് ഇസ്ലാം സംഘം പ്രസിഡന്റ് എം.കെ.അബ്ദുള്‍ ബാഖി പറഞ്ഞു.
Content Higghlights: Munnupettamma Mosque Pappinissery