കാസർകോട് ബഹുസ്വര സമൂഹമാണ്. വിവിധ മതവിഭാഗങ്ങളും സമുദായങ്ങളും സൗഹൃദത്തോടെ അധിവസിച്ചുവരുന്ന നാടാണിത്. സാമൂഹിക രൂപവത്കരണത്തിന്റെ സവിശേഷമാതൃകയാണ് ഇവിടെയുള്ളത്. ദൈനംദിനജീവിതത്തിലും ഭൗതിക ജീവിതത്തിലും പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിക്കുന്നവരാണ് ഇവിടെയുള്ളവരെല്ലാം.

മതമോ അനുഷ്ഠാനപരമായ ചടങ്ങുകളോ സഹകരണത്തിനും സമ്പർക്കത്തിനും തടസ്സം നിന്നിരുന്നില്ല. അമൂല്യമായ സംഭാവനയാണ് മുസ്‌ലിങ്ങൾ കാസർകോടിന് നൽകിയത്. മുസ്‌ലിം സമുദായത്തെ അടർത്തിമാറ്റി കാസർകോടിന്റെ ചരിത്രമോ സാംസ്കാരിക പൈതൃകമോ സമഗ്രമാകില്ല.

പ്രാചീനകാലം മുതൽ നിലനിന്നിരുന്ന അറബികളുമായുള്ള കച്ചവടത്തിന്റെ വർണാഭമായ ചരിത്രം ഈ നാടിനുണ്ട്. ഈ അറബ് സമ്പർക്കത്തിന്റെ ഭാഗമായി ഉയർന്നുവന്ന മാപ്പിള/ മുസ്‌ലിങ്ങൾ കച്ചവടത്തിന്റെ പൈതൃകം ശക്തമായി മുന്നോട്ടുകൊണ്ടുപോയി. 

ചെറുപട്ടണങ്ങളിലും ഉൾനാടൻ  ഗ്രാമങ്ങളിലും ഇവർ സജീവമായി. 12-ാം നൂറ്റാണ്ടോടെ നമ്മുടെ അഴിമുഖങ്ങൾ പ്രകൃതിദത്ത തുറമുഖങ്ങളായി വളർന്നപ്പോൾ ഈ തുറമുഖങ്ങളിലും സമീപപ്രദേശങ്ങളിലും നടന്ന കച്ചവടത്തിൽ മുസ്‌ലിങ്ങൾ പ്രധാന പങ്കുവഹിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ചന്ദ്രഗിരി, ബേക്കൽ, നീലേശ്വരം തുടങ്ങിയ തുറമുഖങ്ങളുടെ സമീപത്ത് ഉയർന്നുവന്ന കമ്പോളങ്ങളെ സജീവമായി നിലനിർത്തിയത് അവരായിരുന്നു. 17-ാം നൂറ്റാണ്ടോടെ ഗൗഡസാരസ്വത ബ്രാഹ്മണരും വാണിജ്യമേഖലയിൽ സജീവ പങ്കാളികളായി ഉയർന്നുവന്നു.

തളങ്കര തൊപ്പി കാസർകോടിന്റെ പെരുമ ഗൾഫ് നാടുകളിലെത്തിച്ചു. അറബ് നാടുകളിലെ സൂക്ക് മാതൃകയിലാണ് നമ്മുടെ അങ്ങാടികൾ രൂപപ്പെട്ടത്. ഗൾഫ് കുടിയേറ്റം പതിനായിരങ്ങൾക്ക് ജീവിതം നൽകി. മാത്രല്ല, കാസർകോടിന്റെ സമ്പദ്‌വ്യവസ്ഥ ശക്തമാക്കുകയും ചെയ്തു. ആദ്യകാല ബസ് സർവീസ് തുടങ്ങുന്നതിലും മുസ്‌ലിങ്ങൾക്ക് വലിയ പങ്കുണ്ട്. 1940-കളിൽ മൊഗ്രാലിൽ ആരംഭിച്ച ബസ്സിന്റെ പേര് ഹിന്ദു മുസ്‌ലിം ബസ് സർവീസ് എന്നായിരുന്നു. പരസ്പര ബന്ധത്തിന്റെ ഈ ഉദാത്തമാതൃക നമുക്ക് മറ്റെവിടെ കാണാൻ കഴിയും.

mALIK
മാതൃഭൂമി ആര്‍ട്ട് എഡിറ്റര്‍ മദനന്‍ 22 വര്‍ഷം മുമ്പ് വരച്ച മാലിക് ദിനാര്‍ പള്ളിയുടെ ചിത്രം

അധിനിവേശവിരുദ്ധ പോരാട്ടത്തിലെ പങ്ക് തീരപ്രദേശങ്ങളിൽ നടന്നുവന്ന അറബ് കച്ചവടവും അതിനെത്തുടർന്ന് രൂപപ്പെട്ട മാപ്പിളസമൂഹവും പോർച്ചുഗീസ് അധീശത്വത്തിനെതിരെ ഏറ്റവും ശക്തമായി പോരാടിയ ജനവിഭാഗമാണ്. മലബാർ തീരത്തെ പള്ളികളിലെ മഖ്ബറകളിൽ പലതും പോർച്ചുഗീസുകാർക്കെതിരെ പോരാടി രക്തസാക്ഷികളായവരുടേതാണ്.

കോട്ടിക്കുളം ജുമാമസ്ജിദിലെ മഖ്ബറയിലെ നൂറ്ുകണക്കിനുവരുന്ന ഖബറിടങ്ങൾ പോർച്ചുഗീസുകാരോട് പോരാടി ശഹീദുക്കളായവരുടേതാണ്. ഉള്ളാലിലെ അബ്ബക്ക റാണിയുടെ പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിൽ നിർണായകസ്ഥാനം മുസ്‌ലിങ്ങകൾക്കുണ്ടായിരുന്നു. നീലേശ്വരം രാജവംശത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ച കോലത്തിരി രാജകുമാരന്റെ പടനീക്കത്തിൽ നായർ സൈന്യത്തിൽ മുസ്‌ലിങ്ങളുമുണ്ടായിരുന്നു. ഐവർപരദേവതകളിൽ ഷേഖ് വരുന്നതങ്ങനെയാണ്.  

 ആധുനിക കാലഘട്ടത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ ഇന്ത്യയിൽ എല്ലായിടത്തുമെന്നപോലെ ഇവിടെയും മുസ്‌ലിങ്ങകൾ വളരെ സജീവമായിരുന്നു. 1921-ലെ നിസ്സഹകരണ പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ അലയൊലി കാസർകോട്ടുമുണ്ടായി. പ്രസിദ്ധ മുസ്‌ലിം പണ്ഡിതനായിരുന്ന മുഹമ്മദ് കുഞ്ഞിയും സഹപ്രവർത്തകരായ കരിപ്പോടി മുഹമ്മദ് കുഞ്ഞിയും കരിപ്പോടി മൊയ്തീൻ കുഞ്ഞിയും ഖിലാഫത്ത് സന്ദേശം കാസർകോട്ട് പ്രചരിപ്പിച്ചു.

ഖിലാഫത്ത് പ്രസ്ഥാനത്തിൽ ദുരിതമനുഭവിച്ചവരെ സഹായിക്കാൻ കാസർകോട് റിലീഫ് പ്രവർത്തനങ്ങൾ നടന്നിരുന്നു. മഹമൂദ് ശംനാട് ഇതിനായി പ്രവർത്തിച്ചവരുടെ മുൻപന്തിയിലുണ്ടായിരുന്നു. കേന്ദ്രനിയമസഭയിൽ 1921-ലും മദ്രാസ് നിയമസഭയിൽ 1937-ലും ഖാൻ ബഹദൂർ മെഹമൂദ് ശംനാട് അംഗമായി. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടിയും കർഷകസംഘവും നടത്തിയ പോരാട്ടത്തിലും മുസ്‌ലിം സാന്നിധ്യം സജീവമായിരുന്നു. കയ്യൂർ രക്തസാക്ഷികളിൽ പള്ളിക്കാൽ അബൂബക്കറമുണ്ടായിരുന്നുവെന്നത് വളരെ പ്രധാനമാണ്.

പള്ളികൾ രൂപപ്പെട്ടത്

കേരളത്തിൽ ആദ്യം ഉയർന്നുവന്ന നാല് മുസ്‌ലിം പള്ളികളിലൊന്ന് ഇപ്പോൾ ഉറൂസ് നടന്നുവരുന്ന തളങ്കരയിലെ മാലിക് ദിനാർ പള്ളിയാണ്. മഞ്ചേശ്വരം ഉദ്യാവർ മുതൽ തൃക്കരിപ്പൂർ വരെയും അതുപോലെ തീരദേശത്തുനിന്ന് കിഴക്കൻ മലയോരം വരെയും വിവിധ ഘട്ടങ്ങളിലായി അനേകം പള്ളികൾ നിർമിക്കപ്പെട്ടു. ഈ പള്ളികളെല്ലാം നമ്മുടെ വാസ്തുശില്പകലാവൈഭവം വിളിച്ചോതുന്നവയാണ്.

മാലിക്ദിനാർ, കോട്ടിക്കുളം, അതിഞ്ഞാൽ, നീലേശ്വരം, കോട്ടപ്പുറം ഉൾപ്പെടെ പഴയ പള്ളികളെല്ലാം കേരളീയ വാസ്തുശില്പശൈലിയിലാണ് നിർമിക്കപ്പെട്ടിട്ടുള്ളത്. അവയ്ക്കൊന്നും ഇൻഡോ സാരസനിക് ശൈലിയുടെ അവിഭാജ്യഘടകമായ മിനാരങ്ങളില്ല. പഴയ പള്ളികൾ നിർമിച്ചത് കേരളീയ ശൈലിമാത്രം പരിചയമുള്ള ഈ നാട്ടിലെ തച്ചന്മാരാണ്. അവർക്ക് താഴികക്കുടനിർമാണം അറിയില്ലായിരുന്നു. പിന്നീട് മുഗൾകാലഘട്ടത്തിൽ ഇന്ത്യയിൽ സജീവമായി തുടങ്ങിയ ഇൻഡോ സാരസനിക് ശൈലിയുമായുള്ള പരിചയമാണ് കേരളത്തിൽ പിന്നീട് നിർമിക്കപ്പെട്ട പള്ളികൾക്കെല്ലാം മിനാരങ്ങളുണ്ടായതും മറ്റുള്ളവരിൽ നിന്നും വ്യതിരിക്തമായ ഒരു നിർമാണശൈലി ഇവിടെ രൂപപ്പെട്ടുവന്നതും.

മതസൗഹാർദത്തിന്റെ ഊഷ്മളചിത്രം

കാസർകോട് ജില്ലയിലാകെ ചിതറിക്കിടക്കുന്ന പള്ളികളും ഹൈന്ദവാരാധനാലയങ്ങളും തമ്മിൽ ബന്ധമുണ്ടെന്നത് ഇരുവിഭാഗങ്ങളും സഹവർത്തിത്വത്തോടെ ഇവിടെ ജീവിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ്. ഉദ്യാവർ പള്ളിയും മാടം ക്ഷേത്രവും തമ്മിലും മടിയൻ കൂലോം ക്ഷേത്രവും അതിഞ്ഞാൽ പള്ളിയും തമ്മിലും കമ്മാടം പള്ളിയും നെരോത്ത് ക്ഷേത്രവും തമ്മിലും ഏണിയാടി പള്ളിയും ബന്തടുക്കയിലെ ക്ഷേത്രവും തമ്മിലും അനുഷ്ഠാനപരമായ ബന്ധങ്ങളുണ്ടന്ന് കാണാം. പാണത്തൂരിലെ മുസ്‌ലിം പള്ളിയും മഞ്ഞടുക്കം ക്ഷേത്രവും തൃക്കരിപ്പൂർ കണ്ണമംഗലം കഴകവും വാൾവക്കാട് പള്ളിയും തമ്മിലും അനുഷ്ഠാനപരമായ ബന്ധങ്ങളുണ്ട്. ആരാധനാലയങ്ങൾ തമ്മിലുള്ള ബന്ധമെന്നത് ഇരുവിഭാഗം ജനങ്ങൾ തമ്മിലുള്ള സുദൃഢമായ ബന്ധമല്ലാതെ മറ്റൊന്നുമല്ല. വിവിധ ആരാധനാലയങ്ങളിൽ ഇതരവിഭാഗങ്ങളുടെ സജീവ സാന്നിധ്യം പല സന്ദർഭങ്ങളിലും നാം കാണുന്നു.

കുറ്റിക്കോൽ ഭഗവതി കഴകത്തിൽ കളിയാട്ടം നടക്കുമ്പോൾ വെടിക്കെട്ട് നടത്താനുള്ള അവകാശം മുസ്‌ലിം കുടുംബത്തിനാണ്. മരക്കാപ്പ് കടപ്പുറത്തെ സിയാറത്തിങ്കര പള്ളിയിൽ മുക്കുവർ പ്രാർഥിക്കാനെത്തുന്നു. മടിക്കൈ കണിക്കൂലോത്തെ ഐവർ പരദേവതകളിലൊരാൾ ഷെയ്ഖാണ്. രാമവില്യം കഴകത്തിലെ കളിയാട്ടത്തിന് മുസ്‌ലിങ്ങൾ ബാൻഡ് വാദ്യവും ദഫ് മുട്ടും അവതരിപ്പിക്കും. പ്രസിദ്ധമായ നെല്ലിക്കാതുരുത്തി കഴകവും തൊട്ടടുത്തുള്ള മുസ്‌ലിം തറവാടും തമ്മിലുള്ള ബന്ധം വളരെ പ്രസിദ്ധമാണ്. ഉപ്പളയിലെ കൊണ്ടേവൂർ ആശ്രമത്തിൽ എല്ലാ വിഭാഗങ്ങളും എത്തിച്ചേരുന്നു. പെർള പഞ്ചുരുളി പതിയിൽ മുസ്‌ലിങ്ങൾ പോകുമ്പോൾ ഇളനീർ കാണിക്കയായി സമർപ്പിക്കുന്നു. ഷിറിയ മുഹിയുദ്ദീൻ പള്ളിയും ബപ്പിരിയൻ പതിയും തമ്മിൽ നൂറ്റാണ്ടുകളായി ബന്ധം നിലനിൽക്കുന്നു.
സിറിബാഗിലു പുളിക്കൂർ മഹാദേവ ക്ഷേത്രത്തിൽ ബ്രഹ്മകലശോത്സവം നടക്കുമ്പോൾ എട്ട് മുസ്‌ലിം പള്ളികളിൽനിന്ന് (കണ്ണൂർ പള്ളി, മായിപ്പാടി, സിറിബാഗിലു, പുളിക്കൂർ, ഭദ്രപ്പള്ളി, ഉഡുവ, പെരിയടുക്ക, ബേരപ്പള്ളി എന്നിവ) കാഴ്ച കൊണ്ടുവരുന്നു.

 സിറിബാഗിലുവിലെ പള്ളി നിർമിക്കാനാവശ്യമായ സ്ഥലവും നിർമാണത്തിനാവശ്യമായ സാമ്പത്തികസഹായവും ഇതര മതവിശ്വാസികളാണ് നൽകിയത്. അംഗഡിമുഗറിലെ ദേലമ്പാടി മഹാലിംഗേശ്വര ക്ഷേത്രത്തിൽ ബ്രഹ്മകലശം നടക്കുമ്പോൾ രണ്ടു ദിവസത്തെ ഭക്ഷണം ഒരു മുസ്‌ലിം തറവാടാണ് നൽകുന്നത്. ബപ്പനാട് ദുർഗാപരമേശ്വരി ക്ഷേത്രം നിർമിക്കാൻ വലിയ സഹായം നൽകിയത് ഒരു മുസ്‌ലിം വ്യാപാരിയാണ്. പ്രധാനപ്പെട്ട അഡൂർ ക്ഷേത്രത്തിലെ കൊടിമരത്തിനുമുന്നിൽ തന്ത്രി പ്രാർഥന നടത്തുമ്പോൾ മൊഗ്രാലിൽനിന്ന് സാഉക്കർ കുഞ്ഞിപ്പക്കിയുടെ കുടുംബത്തിൽനിന്ന് പ്രതിനിധികൾ ഉണ്ടാകണം. അഡൂരിൽ എവിടെയും വയനാട്ട് കുലവൻ തെയ്യം നടക്കുമ്പോൾ അട ലഭിക്കാനുള്ള അവകാശവും ഈ കുടുംബത്തിനുണ്ട്.

   വരിക്കുളം (കൊളത്തൂർ) കോടോത്ത് തറവാട്ടിൽ രണ്ടുകൊല്ലത്തിൽ ഒരിക്കൽ കളിയാട്ടം നടക്കുമ്പോൾ ചെലവിലേക്കായി ചെമ്പുപാത്രത്തിൽ പഞ്ചസാരയുമായി മുസ്‌ലിം തറവാട്ടുകാർ വരും. മുളിയാർ ഗ്രാമത്തിലെ ബാവിക്കര പള്ളിയിൽ ഉറൂസ് നടക്കുമ്പോൾ ഹിന്ദുവിഭാഗത്തിൽപ്പെട്ടവർ പള്ളിയിൽ വെള്ള വിരിക്കുന്ന ചടങ്ങുണ്ട്. പള്ളങ്കോട് പ്രദേശത്ത് ജനങ്ങൾക്ക് ചൊറി, പനി തുടങ്ങിയ ദീനം വരുമ്പോൾ അവർ പള്ളങ്കോട് പള്ളിയിൽ നേർച്ച നേരും.

പുത്തിഗെയിലെ കിന്നിമാണി പൂമാണി ക്ഷേത്രത്തിലെ രഥോത്സവത്തിൽ പുതക്കാനുള്ള പുടവ തൊട്ടടുത്ത ജുമാമസ്ജിദിൽനിന്നാണ് എത്തിക്കുന്നത്. പല മുസ്‌ലിം മഖ്ബറകളിലും സന്ധ്യക്ക് വിളക്ക് കൊളുത്തിവെക്കുന്നു. ഉറൂസുകളിൽ നാനാജാതി വിഭാഗങ്ങൾ പങ്കെടുക്കുന്നു.

വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്റെയും നേർക്കാഴ്ചകളാണ് ഈ ബന്ധങ്ങളെല്ലാം. നമുക്കല്ലാതെ മറ്റാർക്കാണ് മുസ്‌ലിം തെയ്യങ്ങളുള്ളത്. മാലോത്തെ മുക്രി പോക്കർ തെയ്യം, കക്കാട്ടെ ഉമ്മച്ചി തെയ്യം, കുമ്പള ആരിക്കാടിയിലെ ആലിച്ചാമുണ്ഡി തെയ്യം, ബപ്പിരിയൻ തെയ്യം തുടങ്ങി നിരവധി മുസ്‌ലിം തെയ്യങ്ങൾ.
 മുഹ്‌റം ആഘോഷവേളയിൽ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ അടുത്തകാലം വരെ നടന്നുവന്നിരുന്ന അലാമിക്കളി ഹിന്ദു-മുസ്‌ലിം മൈത്രിയുടെ ജീവത്തായ രേഖയാണ്. തെയ്യത്തിന്റെ വായ്ത്താരി എല്ലാവർക്കും ഗുണം വരണമെന്നാണ്. “ഗുണം വരണം മക്കത്തെ കപ്പലിനും ഗുണം വരണം” എന്ന് തെയ്യം പറയും.

ഭാഷയിലെ സംഭാവന

കാസർകോടിനെ ഭാഷാസംഗമഭൂമിയായി പരിവർത്തിപ്പിക്കുന്നതിലും വാമൊഴിപാരമ്പര്യത്തെ സമ്പന്നമാക്കുന്നതിലും മുസ്‌ലിം സമുദായം നല്കിയ സംഭാവന വളരെ വലുതാണ്. മലയാളഭാഷയുടെ വളർച്ചയിലും ഈ സംഭാവന കാണാവുന്നതാണ്. എത്ര ഉറുദു-അറബി വാക്കുകളാണ് മലയാളത്തിലുള്ളത്! ഭക്ഷണപദാർഥങ്ങളുമായി ബന്ധപ്പെട്ടും കോടതിയുമായി ബന്ധപ്പെട്ടും അനേകം വാക്കുകൾ മലയാളത്തിലേക്ക് കടന്നുവന്നു. നാം ഉപയോഗിക്കുന്ന ആഭരണങ്ങളുടെ പലപേരുകളും മുസ്‌ലിങ്ങളുടെ സംഭാവനയാ​െണന്ന് കാണാം. ചപ്പാത്തി, മൈദ, ഹൽവ, മസാല, സൂചി, സമൂസ, ജിലേബി, ബദാം, അച്ചാർ, കറി, കൈലി, കരാർ, കവാത്ത്, കാനൂല്, കീശ, കറപ്പ, കൊപ്ര തുടങ്ങിയവയെല്ലാം മുസ്‌ലിങ്ങളുടെ സംഭാവനയാണ്. മുക്ത്യാർ, വക്കീൽ, ഒസ്യത്ത്, ജാമ്യം, അസ്സൽ, നക്കൽ, വക്കാലത്ത്, മുൻസിഫ്, മഹസ്സർ, ഹജൂർ കച്ചേരി, ശിപ്പായി എന്നിവയും സമ്പർക്കത്തിലൂടെ മലയാളത്തിലെത്തിയ വാക്കുകളാണ്. കസബ, ജമേദാർ, പേഷ്‌ക്കാർ, സർക്കാർ, അബ്കാരി, അലമാര, ജിമിക്കി, ജോഡി, ജോർ, തക്ലി, തബല തുടങ്ങിയവ മലയാള ഭാഷയുടെ അവിഭാജ്യ ഘടകമായി മാറിയതും ഈ സമ്പർക്കത്തിലൂടെയാണ്.

  കാസർകോട്ടെ സാധാരണക്കാരന്റെ വ്യവഹാര ഭാഷയെ സമ്പന്നമാക്കുന്നതിൽ ധാരാളം വാക്കുകളും ശൈലികളും മുസ്‌ലിങ്ങളുടെ വകയായി ചേർന്നിട്ടുണ്ട്. മാപ്പിള വീടുകളിൽനിന്നും പള്ളികളിൽനിന്നും ഉതിർന്നുവീഴുന്ന വാക്കുകൾ ചുറ്റുപാടുമുള്ള മനുഷ്യരുടെ സംസാരഭാഷയുടെ അവിഭാജ്യഘടകമായി മാറി.  കബൂലാക്കുക, കബറടക്കുക, ഇക്കറുത്ത്, ദമ്മ് കാണിക്കുക, സുബീക്, മഗ്രീബ്, കാഫിർ, ബലാൽ, ബേജാറാവുക, ഹലാൽ തുടങ്ങിയവ ജാതിമതഭേദമില്ലാതെ ഇവിടുത്തെ സാധാരണക്കാർ ഉപയോഗിക്കുന്ന വാക്കുകളാണ്. സമുന്നയം ഏറ്റവും എളുപ്പത്തിൽ സാധ്യമാകുന്ന മേഖലയാണല്ലോ ഭാഷയുടേത്