എണ്ണിയാല്‍ തീരാത്ത അത്രയും ദേവാലയങ്ങളും പൗരാണിക മഹിമയും നെറുകയില്‍ ചൂടി നില്‍ക്കുന്ന ഇന്ത്യന്‍ മഹാരാജ്യത്തെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടാന്‍ സഹായിച്ച പ്രശംസ അര്‍ഹിക്കുന്ന ഒരു ആഘോഷമാണ് കുംഭ മേള.
പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പ്രയാഗ്, ഹരിദ്വാര്‍, ഉജ്ജൈനി, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ ഈ നാല് സ്ഥലങ്ങളിലായി കുംഭമേളയും, ആറു വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറിലും, അലഹബാദിലും അര്‍ദ്ധ കുംഭമേള നടക്കുന്നു. ഏറ്റവും വിശേഷപ്പെട്ട പൂര്‍ണ്ണ കുംഭ മേള നടക്കുക 12 വര്‍ഷം കൂടുമ്പോഴാണ്. ഇങ്ങിനെ 12 പൂര്‍ണ കുംഭമേളകള്‍ക്ക് ശേഷം അതായത് 144 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മഹാ കുംഭമേള ഏറ്റവും പ്രധാന്യമര്‍ക്കുന്നതാണ്. അടുത്ത മഹാകുംഭമേള നടക്കുക 2157 ല്‍ പ്രയാഗില്‍ വെച്ചാവും. ഇപ്പോള്‍ പ്രയാഗില്‍ നടന്നുകൊണ്ടിരിക്കുന്നത് ആറു വര്‍ഷത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന അര്‍ദ്ധ കുംഭമേളയാണ്.
മകര സംക്രമ നാള്‍ മുതല്‍ മാര്‍ച്ച് നാല് വരെ ആണ് പ്രയാഗ് കുംഭമേള നടക്കുന്നത്.
നദീതട സംസ്‌ക്കാരങ്ങള്‍ക്കു നമ്മുടെ ചരിത്രത്തില്‍ വളരെ അധികം പ്രാധാന്യമുണ്ട്. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യ നദികളുടെ സംഗമ വേദിയില്‍ കോടിക്കണക്കിനാളുകള്‍ സ്‌നാനത്തിനായി എത്തുന്നു.
എന്താണ് കുംഭ മേള?

ഐതിഹ്യങ്ങള്‍ ഏറെ ഉണ്ട് കുംഭ മേളയെ കുറിച്ച്. അതില്‍ പ്രധാനമായത് ദേവാസുര യുദ്ധ പരാമര്‍ശമാണ്. അമൃതിനു വേണ്ടിയുള്ള യുദ്ധത്തില്‍ അസുരന്മാരെ ദേവന്മാര്‍ തോല്‍പിച്ചു. 12 ദിവസം നീണ്ടു നിന്ന യുദ്ധത്തിനു ശേഷം ഗരുഡന്‍ അമൃത കുംഭത്തെ മഹാമേരു പര്‍വ്വതത്തിന്റെ അടിയില്‍ കുഴിച്ചിട്ടു എന്നാണ് കഥ. ഇതിനോടനുബന്ധിച്ചു നിരവധി കഥകള്‍ നിലവിലുണ്ട്.
ഇവിടെ അമൃത് എന്നതിന് ജ്ഞാനം എന്നും അര്‍ത്ഥം ഉണ്ട്. അമൃതിന്റെ മര്‍ദ്ദത്തിന്റെ ഫലമായി ഓരോ പന്ത്രണ്ട് വര്‍ഷം കൂടുമ്പോളും അതിന്റെ ഒരു അംശം ഭൗമാന്തര്‍ഭാഗത്ത് കൂടി ഈ നാല് പുണ്യ സങ്കേതങ്ങളിലെ നദീജലത്തില്‍ കലരും എന്നാണ് വിശ്വാസം. ഈ സമയം ഈ നദികളില്‍ മുങ്ങി കുളിച്ചാല്‍ ജന്മ ജന്മാന്തരങ്ങളായി ചെയ്ത് പോയിട്ടുള്ള സകല പാപങ്ങളില്‍ നിന്നും മോചനം നേടി മോക്ഷം പ്രാപിക്കാനാകും എന്നാണ് വിശ്വാസം. ലോകമെമ്പാടും ഉള്ള സന്യാസി ശ്രേഷ്ഠര്‍ മുതല്‍ ഗവേഷകര്‍ വരെ ഇവിടെ എത്തിച്ചേരുന്നു.
ബ്രഹ്മഋഷി മോഹന്‍ജിയുടെ വാക്കുകളില്‍ കുംഭ മേള എന്ന തീര്‍ഥാടന ഉത്സവത്തെ വളരെ ലളിതമായി നമുക്കു മനസ്സിലാക്കാം. 'ഈ ഭൂമിയില്‍ നമ്മള്‍ ഓരോരുത്തരും ജീവിക്കുന്നത് വാടകക്ക് എടുത്ത ഒരു ശരീരം കൊണ്ടാണ്. ഇവിടെ നമ്മളെ ജീവിക്കാന്‍ സഹായിക്കുന്ന ഓരോ വസ്തുവിനോടും നമ്മള്‍ കടപ്പെട്ടിരിക്കുന്നു. ഇതിനോടൊക്കെ നമുക്കു ഒരു കടം വീട്ടാനുണ്ട്. അധികമായി നിങ്ങള്‍ക്ക് എന്തു ഉണ്ടോ അതു മറ്റുള്ളവരിലേക്കു എത്തിക്കാന്‍ ശ്രമിക്കുക. അങ്ങനെ നമ്മള്‍ ഭൂമിയില്‍ ജീവിക്കുന്നത്തിന്റെ കടം വീട്ടാന്‍ തുടങ്ങും.
അല്ലെങ്കില്‍ ഓരോ ജന്മത്തിനും ഒരു ലക്ഷ്യമുണ്ട്. അവിടേക്ക് എത്താന്‍ ഒരുപക്ഷേ നമ്മള്‍ കുറേ സഞ്ചാരിക്കേണ്ടി വരും. ഇവിടെ മൂന്നു നദികള്‍.. നമ്മുടെ മൂന്ന് അവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു. ശരീരം, മനസ്സ്, ആത്മാവ്. ഇതു മൂന്നും ലയിച്ച് തികച്ചും ചിന്തകളില്‍ നിന്നു മുക്തി നേടി പരിപൂര്‍ണ്ണ സ്വാതന്ത്ര്യം നമുക്ക് എപ്പോള്‍ ലഭിക്കുന്നുവോ അപ്പോഴാണ് നമ്മള്‍ മോക്ഷപ്രാപ്തി നേടുന്നത്.

ഈ കാണുന്ന കോടിക്കണക്കിനു ആളുകള്‍ ഇന്ത്യയിലേക്കു വരുന്നത് എന്താണ് എന്നതിന് വ്യക്തമായ തെളിവാണ് ഇത്. മറ്റു രാജ്യങ്ങളില്‍ അര്‍ത്ഥം, ധര്‍മ്മം, കാമം എന്നിവയെ കുറിച്ചു മാത്രമേ പരാമര്‍ശമുള്ളു. ഇന്ത്യയില്‍ മാത്രമാണ് ഭയമില്ലാതെ എങ്ങനെ മോക്ഷം നേടാം എന്ന് ലളിതമായി മനസിലാക്കി തരുന്നത്. എത്രയോ വര്‍ഷമായി തപസ്സ് അനുഷ്ഠിക്കുന്ന സന്യാസിമാര്‍ അവരുടെ തപശ്ശക്തി മറ്റുള്ളവരിലേക്ക് പകരണം എങ്കില്‍ അത് സ്വീകരിക്കുന്ന ആള്‍ അതിനു യോഗ്യത നേടണം. ഈ യോഗ്യത എന്നാല്‍ മനസ്സില്‍ ചിന്തകള്‍ കുറക്കുക എന്നതാണ്. ഇവിടെ വരുന്ന എല്ലാവരും ഒരു പ്രത്യേക താളത്തില്‍ ഒരുമിച്ച് ഭക്തിയോടെ നദീ സംഗമത്തില്‍ മുങ്ങുമ്പോള്‍ നടക്കുന്നത് പ്രകടമായൊരു പരിണാമമാണ്. നമ്മളറിയാതെ നമ്മള്‍ കൂട്ടി വെച്ച ഭാരങ്ങള്‍ നാം അറിയാതെ തന്നെ ഇറങ്ങി പോകുന്ന അവസ്ഥ. അതു തന്നെയാണ് ഇവിടെ സംഭവിച്ചു കൊണ്ടു ഇരിക്കുന്നതും.
മകരസംക്രാന്തി, പൗഷ് പൂര്‍ണ്ണിമ, മൗനി അമാവാസി, ബസന്ത് പഞ്ചമി, മാഘി പൂര്‍ണ്ണിമ, മഹാശിവരാത്രി എന്നിങ്ങനെ ആണ് കുംഭമേളയെ തരം തിരിച്ചിരിക്കുന്നത്. ഇപ്രകാരം ക്രമീകരണം നടത്തിയത് ശ്രീ ശങ്കര ഭഗവത് പാദര്‍ ആണ്. ഓരോ ദിവസത്തിനും അതിന്റെതായ പ്രത്യേകതകളും ആത്മീയ ഗുണങ്ങളും ഉണ്ട്.
ആത്മീയതയുടെ ഉന്നത തലങ്ങളില്‍ സഞ്ചരിച്ചു പരിപൂര്‍ണ്ണ മോക്ഷ പ്രാപ്തിക്കുവേണ്ടി ഒറ്റ ഒരു താള ക്രമത്തില്‍ വളരെ കുലീനമായ രീതിയില്‍ സ്‌നാനം ചെയ്യുകയും ഭാരത സംസ്‌ക്കാരത്തെ മുന്‍ നിര്‍ത്തി ലോക രാജ്യങ്ങളോട് ഇവടുത്തെ മഹിമ വിളിച്ചോതുകയും ചെയ്യുന്ന ഒന്നാണ് കുംഭ മേള. ആയുസ്സില്‍ ഒരിക്കല്‍ തീര്‍ച്ചയായും പങ്കെടുക്കേണ്ട ഒന്ന്.
ഇത്തവണയും എനിക്ക് കുംഭ മേളയില്‍ പങ്കെടുക്കാന്‍ ഭാഗ്യം ഉണ്ടായി. മകരസംക്രമ ദിനത്തില്‍ പുലര്‍ച്ചെ മൂന്നുമണി മുതല്‍ ഉച്ചക്ക് 12.30 വരെ ഗംഗ യമുന സരസ്വതി സംഗമത്തില്‍ പങ്കെടുത്തത് ഏകദേശം 1.5 കോടി ആളുകളാണ്. ഇത്രയും കാലം കൊണ്ടാടിയ കുംഭ മേളകളില്‍ വെച്ച് ഏറ്റവും ക്രിയാത്മകമായ രീതിയില്‍ ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഗവര്‍ണമെന്റ് നന്നായി പരിശ്രമിച്ചിട്ടുണ്ട്. വളരെ അധികം വൃത്തിയുള്ള സൗകര്യ പ്രദമായ ഒരു അനുഭവം ആയിരുന്നു അത്. ഫെബ്രുവരി നാലിനും 10നും വീണ്ടും പോകുന്നുണ്ട്.
Content Highlights: Kumbh Mela Festival of Indian Culture