എത്തിച്ചേരാവുന്ന വഴികള്‍


കണ്ണൂരില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്കുകിഴക്കും തലശേരിയില്‍ നിന്ന് 64 കിലോമീറ്റര്‍ വടക്കുകിഴക്കുമാണ് കൊട്ടിയൂര്‍. രണ്ടിടത്തു നിന്നും കൂത്തുപറമ്പ്- നെടുമ്പൊയില്‍ -കേളൂകം വഴി കൊട്ടിയൂരില്‍ എത്താം.

വയനാടുനിന്നും വരുന്നവര്‍ ബത്തേരി - മാനന്തവാടി - ബോയ്‌സ് ടൗണ്‍ - പാല്‍ച്ചുരം - അമ്പയത്തോടു് വഴി കൊട്ടിയൂര്‍ എത്താം.

ക്ഷിണ കാശി എന്ന പേരില്‍ വിശേഷിപ്പിക്കുന്ന കേരളത്തിലെ പ്രമുഖ ശൈവ ക്ഷേത്രമാണ് കൊട്ടിയൂരിലേത്. ഇവിടുത്തെ പ്രധാന ഉത്സവമാണ് വൈശാക ഉത്സവം. അക്കരെ കൊട്ടൂയൂര്‍, ഇക്കരെ കൊട്ടിയൂര്‍ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. കണ്ണൂര്‍ ജില്ലയുടെ കിഴക്ക്, വയനാട് ജില്ലയോട് ചേര്‍ന്നാണ് കൊട്ടിയൂര്‍. വളപ്പട്ടണം പുഴയുടെ കൈവഴിയായ ബാവലിപ്പുഴ കൊട്ടിയൂരിനെ രണ്ടായി മുറിയ്ക്കുന്നു. പുഴയുടെ തെക്കു ഭാഗത്താണ് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. ഇവിടെ സ്ഥിരം ക്ഷേത്രമുണ്ട്. വടക്കുഭാഗത്താണ് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രം. വൈശാഖ ഉത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരില്‍ ഉത്സവകാലത്തേക്ക് മാത്രമായി ക്ഷേത്രം കെട്ടിയുണ്ടാക്കും. ഉത്സവകാലത്ത് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പൂജകള്‍ ഉണ്ടാവില്ല.

ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനം മാസത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള ദിവസങ്ങളിലാണ് വൈശാഖ ഉത്സവം കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ നടക്കുന്നത്. 28 ദിവസങ്ങളിലായാണ് ഉത്സവം. പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂര്‍ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണത്രേ ദക്ഷന്‍ യാഗം നടത്തിയത്. കേരളത്തില്‍ ശബരിമല കഴിഞ്ഞാല്‍ ഉല്‍സവകാലത്ത് കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂര്‍. ഉത്തര മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര സംസ്ഥാനനങ്ങളില്‍ നിന്ന് ഒരു പാട് തീര്‍ത്ഥാടകര്‍ ഈ ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ എത്തുന്നുണ്ട്. 

Kottiyoorവടക്കും കാവ്, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാല്‍, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാര്‍വതിയെ ആരാധിക്കുന്നത്. ഭണ്ഡാരം എഴുന്നളളത്തുനാള്‍ മുതല്‍ ഉത്രാടം നാള്‍വരെ ദേവന്മാരുടെ ഉത്സവം. തിരുവോണം മുതല്‍ ആയില്യം വരെ മനുഷ്യരുടെ ഉത്സവം. മകം മുതല്‍ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം.

ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകള്‍ ഏകീകരിച്ചത് എന്നാണ് വിശ്വാസം. ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോള്‍ പൂജകള്‍ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ്. ഇടവത്തിലെ ചോതി നാളില്‍ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. കുറ്റ്യാടി ജാതിയൂര്‍ മഠത്തില്‍ നിന്നുള്ള അഗ്‌നിവരവ് പിന്നെയൊന്ന്. അക്കരെ ക്ഷേത്രത്തില്‍ 5 കര്‍മ്മികള്‍ ചേര്‍ന്ന് പാതിപൂണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കും. ഈ ചടങ്ങ് കഴിഞ്ഞാല്‍ ''നാളം തുറക്കല്‍ എന്ന ചടങ്ങാണ് .

kottiyoorമൂന്നാം ദിവസമായ വൈശാഖത്തില്‍ ഭണ്ഡാരം എഴുന്നെള്ളിപ്പാണ്. ഇതിനുശേഷമാണ് നെയ്യാട്ടം. അതിനു ശേഷം മാത്രമേ സ്ത്രീ ഭക്തര്‍ക്ക് പ്രവേശനം ഉള്ളൂ. നെയ്യാട്ടം കഴിഞ്ഞാല്‍ ഇളനീരാട്ടമാണ്. ഉത്സവം തുടങ്ങി ആദ്യ പതിനൊന്നു ദിവസം ശിവന്‍ കോപാകുലനായിരിക്കും, കോപം തണുക്കാന്‍ നീരഭിഷേകം, ഇള നീരഭിഷേകം, കളഭാഭിഷേകം എന്നിവ നിര്‍ത്താതെ ചെയ്തു കൊണ്ടിരിക്കും. ത്തം നാളില്‍ 1000 കുടം അഭിഷേക പൂജ. കലശപൂജയും ചിത്തിര നാളില്‍ കലശലാട്ടവും നടക്കും. അതിനു മുന്‍പായി ശ്രീകോവില്‍ പൊളിച്ച് മാറ്റുന്നു. അതു കഴിഞ്ഞ് കളഭാഭിഷേകം എന്ന പേരിലറിയപ്പെടുന്ന തൃക്കലശാട്ടത്തോടെ ഉത്സവം സമാപിക്കുന്നു. പിന്നെ അക്കരെ കൊട്ടിയൂരില്‍ അടുത്ത വര്‍ഷത്തെ ഉത്സവം വരെ ആര്‍ക്കും പ്രവേശനമില്ല.

ഐതിഹ്യം

ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടീയൂര്‍ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതില്‍ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷന്‍ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാന്‍ പോയി. അവിടെവച്ച് പരമശിവനെ ദക്ഷന്‍ അവഹേളിച്ചതില്‍ ദുഃഖിതയായ സതീദേവി യാഗാഗ്‌നിയില്‍ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവന്‍ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതില്‍ നിന്നും വീരഭദ്രന്‍ ജനിച്ചു.വിരഭദ്രന്‍ യാഗശാലയില്‍ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു. ശിവന്‍ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയില്‍ ചിതറി പോയതിനാല്‍ ആടിന്റെ തല ചേര്‍ത്ത് ശിവന്‍ ദക്ഷനെ പുനര്‍ജീവിപ്പിച്ചു. യാഗവും പൂര്‍ത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി.കൊടും വനമായി തീര്‍ന്ന യാഗസ്ഥലം പിന്നീട് കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ ഉരയ്ക്കുകയും, കല്ലില്‍ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയില്‍ കലശമാടിയത്രേ. 

പ്രത്യേകതകള്‍

 • ഉല്‍സവകലത്ത് 34 താല്‍ക്കാലിക ഷെഡ്ഡുകള്‍ കെട്ടും.
 • അമ്മാരക്കല്ലിന് മേല്‍ക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്.
 • തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്. 
 • രാപ്പകല്‍ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂര്‍ ക്ഷേത്രത്തിലെ തിരുവടുപ്പുകളില്‍ നിന്നു ചാരം നിത്യവും ശിവഭൂതങ്ങള്‍ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.
 • പ്രകൃതിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒരു ഉത്സമാണ്.
 • ഒരുപാട് ജാതിക്കാര്‍ക്ക് ആചാരപരമായി ചടങ്ങുകളുള്ള ഒരു ഉത്സവമാണ്.
 • വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെയുള്ള അവകാശികള്‍ ഇവിടെ അണിചേരും.
 • ഉത്സവം നടത്താന്‍ ചുമതലക്കാരായ വിവിധ സമുദായക്കാര്‍ ഒരേ സ്ഥലത്താണ് താമസിക്കുന്നത് .
 • ക്ഷേത്രത്തില്‍ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണ്.
 • ബ്രാഹ്മണ സ്ത്രീകള്‍ക്ക് കൊട്ടിയൂരില്‍ പ്രവേശനമില്ല.
 • കൂടാതെ രാജകുമാരന്മാര്‍ക്കും ഇവിടെ പ്രവേശനമില്ല.