ഒരു പുസ്തകമാണ്‌ എന്നെ ജറുസലേമിൽ എത്തിച്ചത്‌. കേംബ്രിജിൽ പ്രൊഫസറായ കോളിൻ ജെ. ഹംഫ്രീസ്‌ എഴുതിയ ‘മിസ്റ്ററി ഓഫ്‌ ദി ലാസ്റ്റ്‌ സപ്പർ’ അഥവാ  അവസാന അത്താഴത്തിന്റെ നിഗൂഢത. ഓശാന ഞായർ മുതൽ ഉയിർപ്പുഞായർ വരെയുള്ള ഓരോ ദിവസത്തെയുംപറ്റി വിശദമായി എഴുതിയ സുവിശേഷകർ ബുധനാഴ്ചയെപ്പറ്റി നിശ്ശബ്ദത പാലിക്കുന്നതായി ഹംഫ്രീസ്‌ നിരീക്ഷിക്കുന്നു. ഒടുവിലത്തെ അത്താഴം, ഒലീവുമലയിലെ പ്രാർഥന, അറസ്റ്റ്‌, നാലഞ്ചുഘട്ടങ്ങളിലായി നടന്ന വിചാരണ, ശിക്ഷാവിധി ഇതെല്ലാം കഴിഞ്ഞ്‌ വെള്ളിയാഴ്ച രാവിലെ 9 മണിക്ക്‌ യേശുവിനെ കുരിശിൽ തറയ്ക്കാനാവില്ല എന്ന്‌ അദ്ദേഹം വാദിക്കുന്നു.

മാത്രമല്ല, യഹൂദരുടെ പരമോന്നത കോടതിയായ സൻഹദ്രീൻ സംഘം ഗുരുതരമായ കുറ്റങ്ങളുടെ വിചാരണ രാത്രിയിൽ നടത്തുകയുമില്ല.  ക്രൈസ്തവസഭാധികാരികളും ഈ പ്രശ്നം ചിന്തിച്ചിട്ടുണ്ട്‌. 2007 ഏപ്രിൽ 6-ന്‌ അന്നത്തെ മാർപാപ്പയായ െബഡനിക്സ്‌ 16-ാമൻ യേശുവിന്റെ അന്ത്യഅത്താഴം ഒരുദിവസം മുൻപേ നടന്നിരിക്കാനാണ്‌ സാധ്യതയെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

യഹൂദരുടെ പരമ്പരാഗതമായ പെസഹാ ആചാരണത്തിനു മുമ്പായിരുന്നു യേശുവിന്റെ അന്ത്യഅത്താഴം എന്ന്‌ യോഹന്നാന്റെ സുവിശേഷത്തിലെ  പരാമർശം ഹംഫ്രീസ്‌ ചൂണ്ടിക്കാട്ടുന്നുണ്ട്‌. അനേകം തെളിവുകളുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യഅത്താഴമെന്ന്‌ അദ്ദേഹം സമർഥിക്കുന്നു. 

പെസഹാവ്യാഴം പെസഹാ ബുധനായതെങ്ങനെ? യഹൂദർക്കിടയിൽ പലതരം കലണ്ടറുകൾ  ഉണ്ടായിരുന്നതായി അദ്ദേഹം കണ്ടെത്തി. യേശുവും ശിഷ്യന്മാരുമുപയോഗിച്ചത്‌ പഴയ ഒരു കലണ്ടറാണ്‌. അതിൻപ്രകാരം ബുധനാഴ്ച യാണ്‌ പെസഹാ. അന്നാണ്‌ ശിഷ്യരോടൊപ്പം യേശു ആചരിച്ചത്‌. എന്നാൽ, യഹൂദരിലെ മറ്റൊരു വിഭാഗം പിന്തുടർന്ന കലണ്ടറിൽ പിറ്റേന്നാണ്‌ പെസഹ. ഇന്നും ചില ക്രിസ്ത്യൻ വിഭാഗങ്ങളുടെ കലണ്ടറുകളിൽ ക്രിസ്മസും ഈസ്റ്ററുമൊക്കെ വേറെ ദിവസങ്ങളിലാണ്‌. എന്തിന്‌ കൊല്ലവർഷത്തിന്റെ കാര്യത്തിൽപ്പോലും മലബാറും തിരുവിതാംകൂറും തമ്മിൽ അടുത്തകാലംവരെ പൊരുത്തക്കേടുണ്ടായിരുന്നു.

ഒരു ഡിറ്റക്ടീവ്‌ നോവൽ പോലെ വായിക്കാവുന്നതാണ്‌ ഹംഫ്രീസിന്റെ പുസ്തകം. ട്രാവൽ ഏജൻസി എന്നെ ഒരു തീർഥയാത്രാ സംഘത്തിന്റെ കൂടെ ചേർത്തപ്പോൾ എനിക്ക്‌ ആശങ്കകളുണ്ടായിരുന്നു. ഓർക്കാപ്പുറത്ത്‌ ഉച്ചത്തിൽ ഭക്തിഗാനങ്ങൾ ആലപിച്ചു നമ്മളെ ഞെട്ടിക്കുമെന്നതൊഴിച്ചാൽ ആ സഹയാത്രികർ നിരുപദ്രവകാരികളും സ്നേഹസമ്പന്നരുമായിരുന്നു.

ഹുസൈൻ എന്നൊരാളായിരുന്നു ജറുസലേമിലെ ഗൈഡ്‌. ‘പാസ്റ്റർ നോസ്റ്റർ’ ദേവാലയത്തിലേക്ക്‌ പുറപ്പെടുമ്പോൾ ഹുസൈൻ ആ പള്ളിയുടെ ചരിത്രം പറഞ്ഞു: യേശു ശിഷ്യന്മാർക്ക്‌ പ്രസിദ്ധമായ കർത്തൃപ്രാർഥന പഠിപ്പിച്ചുകൊടുത്ത സ്ഥലത്താണ്‌ പള്ളി നിൽക്കുന്നത്‌. ‘പാസ്റ്റർ നോസ്റ്റർ’ എന്നത്‌  ആ ലത്തീൻ പ്രാർഥനയുടെ ആദ്യപദങ്ങളാണ്‌. മലയാളത്തിൽ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്നു തുടങ്ങുന്ന ആ പ്രാർഥന ലോകത്തിലെ 62 ഭാഷകളിൽ അവിടെ എഴുതിവെച്ചിരിക്കുന്നു. സ്വാഭാവികമായും മലയാളം എവിടെ എന്നു നമ്മൾ അന്വേഷിക്കുമല്ലോ.

പരതി കണ്ടുപിടിച്ചു. എല്ലാവർക്കും സന്തോഷമായി. തമിഴിലുമുണ്ട്‌. സംസ്കൃതം തിരഞ്ഞുപോയപ്പോഴാണ്‌ ഒരു തമാശ എന്റെ ശ്രദ്ധയിൽപ്പെട്ടത്‌. ‘സംസ്കൃതം’ എന്നെഴുതിയ ബോർഡിൽ ഇംഗ്ലീഷ്‌ ലിപികളിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.  ‘ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവാ നിന്റെ നാമം ശുദ്ധമാക്കപ്പെടണം-നിന്റെ രാജിതം വരണം...’ അതായത്‌ സംസ്കൃതമെന്ന പേരിൽ എഴുതിവെച്ചിരിക്കുന്നതു പഴയ മലയാളത്തിലുള്ള പ്രാർഥന തന്നെയാണ്‌.

ഞാനിക്കാര്യം ഹുസൈന്റെ ശ്രദ്ധയിൽപ്പെടുത്തി. പക്ഷേ, ഇന്ത്യയിലെ ഭാഷകളുടെ അനന്ത വൈവിധ്യത്തെപ്പറ്റി അജ്ഞനായ ഹുസൈന്‌ ഞാൻ പറഞ്ഞതു മനസ്സിലായോ എന്നെനിക്കു ശങ്കയുണ്ട്‌. ഏതായാലും ഞാൻ ഭാഷാകാര്യങ്ങളിൽ തത്‌പരനാണെന്നു മനസ്സിലാക്കിയ ഹുസൈൻ തത്സംബന്ധമായ അറിവുകൾതന്ന്‌ എന്നെ സന്തോഷിപ്പിക്കാൻ ആവുംവിധം ശ്രമിച്ചുതുടങ്ങി. ഗദ്‌സമൻ തോട്ടത്തിലെത്തിയപ്പോൾ ഹുസൈൻ പറഞ്ഞു: ‘‘ഗദ്‌സമൻ എന്നാൽ എണ്ണയാട്ടുന്ന ചക്ക്‌ എന്നാണർഥം. ഒലീവുമലയുടെ ഈ ഭാഗത്ത്‌ പണ്ട്‌ അത്തരമൊന്നുണ്ടായിരുന്നു. ‘ഗദ്‌സമൻ’ എന്നാൽ തനി മലയാളത്തിൽ ‘ചക്കിട്ടപാറ’ എന്നു പറയാമെന്നു ഞാൻ വിശദീകരിച്ചപ്പോൾ സംഘത്തിലുണ്ടായിരുന്ന ചക്കിട്ടപാറക്കാർ ആഹ്ലാദപരവശരായി.

ചരിത്രപ്രസിദ്ധമായ ജോർദാൻ നദി കണ്ടപ്പോൾ സങ്കടം തോന്നി. മെലിഞ്ഞുണങ്ങി അതൊരു ചെറുതോടായി രൂപപ്പെട്ടിരിക്കുന്നു. എന്നാൽ. പതിനായിരക്കണക്കിന്‌ വർഷത്തെ ചരിത്രമാണ്‌ അതിന്റെ കരകളിൽ തളംകെട്ടിനിൽക്കുന്നത്‌. ഈജിപ്തിൽനിന്നു പെസഹാ ഭക്ഷണം കഴിഞ്ഞു പുറപ്പെട്ട യഹൂദജനത നാല്പതു വർഷത്തെ അലച്ചിലിനുശേഷം ജോർദാൻ മുറിച്ചുകടന്നാണ്‌ ഇസ്രായേലിലെത്തിയത്‌. സ്ഥാപകയോഹന്നാൻ യേശുവിന്‌ സ്നാനം നൽകിയത്‌ ഇതിന്റെ കടവിൽവെച്ചാണ്‌. ഗലീലി എന്ന ശുദ്ധജലതടാകത്തിൽ പതിക്കുന്ന ജോർദാൻ വീണ്ടുമൊഴുകി ചാവുകടലിൽ അവസാനിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന്‌ 200മീറ്റർ താഴെയുള്ള ഗലീലിയും 400മീറ്റർ താഴെയുള്ള ചാവുകടലും ജോർദാന്റെ സൃഷ്ടികളാണ്‌. രണ്ടിനെയും അന്നാട്ടുകാർ ‘കടൽ’ എന്നാണ്‌ വിളിക്കുന്നത്‌. അതിന്റെ കാരണം ഹുസൈൻ വിശദീകരിച്ചു. ഹീബ്രു ഭാഷയിൽ ‘തടാകം’ എന്ന 
പദമില്ല.

യഹൂദ ക്രിസ്ത്യൻ മുസ്‌ലിം വിശ്വാസികളുടെ പ്രധാനപ്പെട്ട പുണ്യസ്ഥലമാണ്‌ ജറുസലേം. ‘സെമിറ്റിക്‌’ മതങ്ങൾ എന്ന്‌ ഇവ അറിയപ്പെടുന്നു. നോഹയുടെ പുത്രനായ ‘ഷെം’ൽ നിന്ന്‌ വന്നതാണ്‌ ഈ പേര്‌. 65ശതമാനം ജൂതരും 30ശതമാനം മുസ്‌ലിങ്ങകളും രണ്ടുശതമാനം ക്രിസ്ത്യാനികളും ഈ നഗരത്തിൽ ജീവിക്കുന്നു. ക്രിസ്ത്യാനികളുടെ കൊന്തയും കുരിശും വിശുദ്ധവസ്തുക്കളും വിറ്റുനടക്കുന്ന ഒരു മുസ്‌ലിം വൃദ്ധനോട്‌ ഞാൻ ചോദിച്ചു: ‘‘ഇതു നിങ്ങളുടെ വിശ്വാസത്തിനെതിരല്ലേ?’’ ‘‘ഇതിൽ വിശ്വാസത്തിന്റെ പ്രശ്നമേതുമില്ല’’ അയാൾ പറഞ്ഞു. ‘‘ആഹാരത്തിന്റെ പ്രശ്നം മാത്രമേയുള്ളൂ?’’‘‘പരസ്പരം പോരടിക്കുന്ന യഹൂദരും പാലസ്തീൻകാരും എങ്ങനെയാണ്‌ ഇവിടെ അലമ്പില്ലാതെ ജീവിക്കുന്നത്‌’’ എന്നു ചോദിച്ചപ്പോൾ പലസ്തീൻകാരനായ ഹുസൈൻ പറഞ്ഞു: ‘‘നോ കമന്റ്‌സ്.‌’’