ഇവിടെ കാടിനുള്ളിൽ ജാതിയും മതവുമില്ല. ദക്ഷിണ കർണാടകയിലെ ഘോരവനത്തിനുള്ളിലെ ഗുണ്ടറ എന്ന ഈ തീർഥാടനകേന്ദ്രത്തിലേക്ക് എത്രയോ വർഷങ്ങളായി ആളുകൾ പ്രാർഥനകൾക്കും അർച്ചനകൾക്കുമായി വരുന്നു. ഇസ്‌ലാം മതപ്രബോധനത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച ഒരു തങ്ങളും ആദിവാസിയായ സഹയാത്രികനും അടുത്തടുത്തായി അന്ത്യവിശ്രമം കൊള്ളുന്ന ഒരു ദർഗയിലേക്കാണ് ആ യാത്ര. ബാവലിയിൽ നിന്ന്‌ മച്ചൂരിലെത്തി അവിടെനിന്ന് ഏഴു കിലോമീറ്ററോളം രാജീവ് ഗാന്ധി നാഷണൽ പാർക്കിലൂടെ കാൽനടയാത്ര ചെയ്തുവേണം ഇവിടെയെത്താൻ. 

രാജ്യത്തെ അതീവപ്രാധാന്യമുള്ള ദേശീയ ഉദ്യാനമാണിത്. കടുവയും പുലിയും കാട്ടാനയും അടക്കമുള്ള വന്യജീവി ആവാസമേഖല. ഇങ്ങോട്ടേക്ക് നേർച്ചയ്ക്കായി വർഷത്തിൽ ഒരിക്കൽമാത്രം ആളുകളെ വനംവകുപ്പ് കടത്തിവിടും. മച്ചൂരിലെ ചെക്ക് പോസ്റ്റ് കടക്കുന്നതുവരെയും റോഡെല്ലാം തിങ്ങിനിറഞ്ഞ് നിരവധിയാളുകളെ കണ്ടുതുടങ്ങും. തൂവള്ള തലപ്പാവും വസ്ത്രവുമണിഞ്ഞ മുസ്‌ല്യാർമാർ വരിവരിയായി നടക്കുന്നു. 

കൈയിൽ കരുതാൻ കുപ്പിവെള്ളം സൗജന്യമായി നൽകുന്ന സംഘത്തെ വഴിവക്കിൽ കണ്ടു. നെൽപ്പാടങ്ങളുടെ ഒരതിർത്തി കഴിഞ്ഞതോടെ നോക്കെത്താ ദൂരത്തോളം ചുട്ടുപൊള്ളിയ പാടങ്ങൾ തെളിഞ്ഞു. ഒരുഭാഗത്ത് കാടിനോടുചേർന്ന് വനവാസികളായ ബേടഗൗഡരുടെ വീടുകൾ. കബനീനദിയിൽ വെള്ളംനിറയുന്നതോടെ ഈ കൃഷിയിടങ്ങളെല്ലാം പച്ചപ്പണിയും. വയനാട്ടിൽ പെയ്യുന്ന മഴയുടെ അളവിനെ ആശ്രയിച്ച് ഇവരുടെയും നല്ല കാലവും കഷ്ടകാലവും തെളിയും.

നൂറുകണക്കിന് വർഷങ്ങൾക്കുമുമ്പ് കർണാടകയിലെ ചിത്രദുർഗയിൽനിന്ന്‌ പലായനംചെയ്തുവന്ന് കാട്ടിനുള്ളിൽ അഭയംതേടിയതാണ് ഇവരുടെ മുൻതലമുറകൾ. കൃഷിയിടങ്ങളുടെ അവസാന വേലിയും കടന്നതോടെ കാട് മുന്നിലെത്തി. വനംവകുപ്പിന്റെ ഇരട്ടക്കുഴൽ തോക്കേന്തിയ വാച്ചർമാർ വെയിലിനെ പ്രതിരോധിക്കാൻ പച്ചിലപ്പന്തലൊരുക്കി കാവലിരിക്കുന്നു. കാട്ടാനക്കൂട്ടമുള്ളതിനാൽ ഉച്ചത്തിൽ സംസാരിക്കാതെ വരിതെറ്റാതെ മുന്നോട്ടു പോകണമെന്ന് കന്നഡയും മലയാളവും ഇടകലർന്ന ഭാഷയിൽ അവർ പറഞ്ഞു. 

വർഷത്തിൽ 800 ടി.എം.സിയിലധികം വെള്ളം വഹിച്ചുകൊണ്ടുപോകുന്ന കബനീ നദിയിൽ ഇപ്പോൾ കാൽനനയാൻമാത്രം വെള്ളമേയുള്ളൂ. അതാണ് മൂവായിരത്തോളം കാട്ടാനകളും അസംഖ്യം മാനുകളും കടുവകളുമെല്ലാം ദാഹം തീർക്കാനെത്തുന്നത്. വരണ്ട് വിണ്ടുകീറിയ കബനിയുടെ മറുകരയിലേക്ക് നീങ്ങണമെങ്കിൽ ചെറിയ പാറക്കെട്ടുകൾ മറികടക്കണം. പരസ്പരം കൈകൾ കോർത്ത് ഏവരും നീങ്ങി. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയുമെല്ലാം സഹായിക്കാൻ ചിലരവിടെയുണ്ടായിരുന്നു. യാത്ര തുടങ്ങി നാലുമണിക്കൂർ പിന്നിട്ടിരിക്കുന്നു. മൈതാനം പോലെ തരിശായ നായാള എന്ന സ്ഥലമാണ് മുന്നിൽ. അതിരാവിലെ ദർഗയിലേക്ക് പോയ ആദ്യസംഘം മടങ്ങിവരുന്നു.

Gundaraതീവിഴുങ്ങിയ ബന്ദിപ്പൂരിന്റെ മറുഭാഗത്തേക്കാണ് പോകേണ്ടത്. വന്യമൃഗങ്ങളുടെ മേച്ചിൽപ്പുറങ്ങൾ കഴിഞ്ഞ് ഒരുവിധം കാടിനുള്ളിലേക്ക് നടന്നെത്തുമ്പോൾ വഴികൾ ചുരുങ്ങി. അതുവരെയും ചിതറി നടന്നിരുന്നവർ ഈ വഴിയിൽ തിങ്ങിയും തിരക്കിയുമായി മുന്നോട്ടുള്ള പോക്ക്. ദർഗയുടെ സാമീപ്യമറിയിച്ചുകൊണ്ട് ചന്ദനത്തിരിയുടെ ഗന്ധം പ്രദേശമാകെ പരന്നിരിക്കുന്നു. ദഫ് താളം അടുത്തുവരുന്നതോടെ മരത്തിനിടയിൽ ചെമ്പട്ടുപുതച്ച ദർഗ കൺമുന്നിൽ തെളിഞ്ഞുവന്നു. 

നേർച്ചയായി സയ്യിദ് അബ്ദുൾബാരി (റ) തങ്ങളുടെ മക്ബറയുടെ മുകളിൽ പട്ടിടുന്നവരുടെയും മക്ബറ വണങ്ങുന്നവരുടെയും വൻതിരക്ക്. ഇതിനോടുചേർന്ന് തങ്ങൾക്കൊപ്പമുണ്ടായിരുന്ന ആദിവാസിയായ സഹയാത്രികന്റെ ശവകുടീരം. വലിയ കല്ലുകൾ നീളത്തിൽ ചേർത്തുവെച്ച ഈ കുടീരത്തിൽ തേങ്ങയും ശർക്കരയും വഴിപാടായി നൽകിയത് കൂടിക്കിടക്കുന്നു. ഇതിനു മുന്നിലും പ്രാർഥിച്ചു നിൽക്കുന്ന തീർഥാടകർ നട്ടുച്ച വെയിലിനെയും തോൽപ്പിക്കുന്നു. സൂഫി ജീവിതത്തെ ഓർമിപ്പിക്കുംവിധം ദർഗയുടെ സമീപത്ത് ചില സംഘങ്ങൾ ദഫ് കൊട്ടി ഉറക്കെ പാടുന്നു.

മതപ്രബോധനത്തിനായി നൂറ്റാണ്ടുകൾക്കു മുമ്പ് കർണാടകയിലെ ഈ വനം കടന്നാണ് കേരളത്തിൽ അറബ് സഞ്ചാരിയായ സയ്യിദ് അബ്ദുൾബാരി (റ) തങ്ങൾ എത്തിക്കൊണ്ടിരുന്നത്. ഒരിക്കൽ ഒരു മഴക്കാലത്ത് ഇതുവഴി വന്ന തങ്ങൾ  വനപാലകരുടെ സമ്മതത്തോടെ ഫോറസ്റ്റ് സ്റ്റേഷനിൽ നിസ്കാരത്തിൽ മുഴുകി. ഇതേ സമയം ഇവിടെയെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ നിസ്കാരം തടയാൻ ശ്രമിച്ചു. എന്നാൽ പ്രാർഥനാനിരതനായ തങ്ങളുടെ ദിവ്യശക്തിയിൽ എന്തോ ഭയാനകമായ കാഴ്ച കണ്ട് വനപാലകൻ ഞെട്ടിയലറി. അലർച്ചകേട്ട്‌ ഓടിക്കൂടിയമറ്റുള്ളവർക്ക് പക്ഷേ, അസാധാരണമായ ഒന്നും കാണാൻകഴിഞ്ഞില്ല.

പ്രാർഥന പൂർത്തിയാക്കിയ തങ്ങൾ തോരാതെ പെയ്യുന്ന മഴയിലുടെ കബനിയുടെ കരയിലെത്തി വഞ്ചിയിറക്കാൻ  ആദിവാസിയായ ഗ്രാമീണനോട് ആവശ്യപ്പെട്ടു. വെള്ളംനിറഞ്ഞ് കൂലംകുത്തിയൊഴുകുന്ന കബനികടക്കുകയെന്നത് അസാധ്യമാണെന്ന് പറഞ്ഞെങ്കിലും അക്കരെ പോകണമെന്ന നിർബന്ധത്തിലായിരുന്നു തങ്ങൾ. രണ്ട് വാഴയിലെ വെട്ടിക്കൊണ്ടുവരാനായി അടുത്ത കൽപ്പന. ഒഴുക്കിലിട്ട വാഴയിലയിൽ ചവിട്ടിനിന്ന് തങ്ങളും ആദിവാസിയായ സഹയാത്രികനും ഓളപ്പരപ്പിലൂടെ മറുകര താണ്ടി കാടിനുള്ളിലേക്ക് മറയുകയായിരുന്നുവത്രെ. 

ദിവസങ്ങൾ കഴിഞ്ഞിട്ടും മടങ്ങിവരാത്ത ഇവരെ അന്വേഷിച്ച് ഗ്രാമീണർ മറുകരയിലെ കാട്ടിൽ പോയി. അവിടെ കണ്ട കാഴ്ച ഇരുവരുടെയും ശവകുടീരങ്ങളായിരുന്നു. അവിടെനിന്ന്‌ ഇങ്ങോട്ട് തുടങ്ങുന്നു ഗുണ്ടറ ദർഗയുടെ ചരിത്രം. 

കബനിയിലെ വെള്ളത്തിന്റെ ഏറ്റക്കുറച്ചിലും കാലാവസ്ഥയും വനപാലകരുടെയും പോലീസിന്റെയുമെല്ലാം ജോലിപരമായ സൗകര്യവും നോക്കിയാണ് ഗുണ്ടറ നേർച്ചയ്ക്കുള്ള ദിവസം തീരുമാനിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ ഒരു ദിനം കണ്ടെത്തും. പതിനഞ്ച് ദിവസം മുമ്പ് ഇതുസംബന്ധിച്ച അറിയിപ്പ് മച്ചൂർ പള്ളിയിൽനിന്ന് ലഭിച്ചു തുടങ്ങും. കണ്ട കാഴ്ചകളുടെയും കേട്ട ഐതിഹ്യങ്ങളുടെയും വിസ്മയം മടക്കയാത്രയിലും തുണനിന്നു.

വെയിലുകൊണ്ട് തളർന്ന ചിലരെല്ലാം കുറ്റിക്കാടുകൾക്കിടയിലെ ചെറിയ തണൽതേടി അലയുന്നു. കബനിയുടെ തീരത്ത് വന്നപ്പോൾ വെള്ളം കണ്ടതിന്റെ ആശ്വാസം ചെറുതായിരുന്നില്ല. പിന്നെ മച്ചൂരിലെ കൃഷിയിടങ്ങൾക്ക് നടുവിലൂടെ ഏറെ ദൂരം മടക്കയാത്ര. വരിവരിയായി വാഹനങ്ങൾ വനഗ്രാമത്തിന്റെ ഉള്ളറകളിൽ നിന്നും ഓരോന്നായി പുറത്തേക്കുവരുന്നു. ബാവലിയിലെ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റ് അടയ്ക്കാൻ ഇനി അരമണിക്കൂർമാത്രം ബാക്കി. ഇതിനുള്ളിൽ അതിർത്തി കടക്കണം. തേക്കിൻകാടുകൾ കടന്ന് തിരികെയെത്തുമ്പോൾ ഇരട്ടുപരന്നുതുടങ്ങിയിരുന്നു. 
kkramesh77@gmail.com