ഭാരതീയ ആചാര്യന്മാര്‍ സമൂഹത്തിന് പകര്‍ന്നുനല്‍കിയ ആചാരനുഷ്ഠാനങ്ങളിലെ മുഖ്യഘടകമായ വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ഏകാദശി വ്രതമാണെന്നാണ് വിശ്വാസം. വ്രതങ്ങള്‍ മനുഷ്യന് മാനസികവും ശാരീരികവുമായ പരിശുദ്ധി പ്രദാനം നല്‍കുന്നതോടൊപ്പം തന്നെ ഈശ്വരസാക്ഷാല്‍ക്കാരത്തിനുള്ള ലളിതമാര്‍ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തില്‍ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയര്‍ത്തുന്ന ചവിട്ടുപടിയുമാണ്.
പത്മപുരാണം, വിഷ്ണുപുരാണം, ബ്രഹത്നാരദപുരാണം, ഭിഷോത്തമപുരാണം, ശ്രീമദ്ഭാഗവതം, ഗര്‍ഗ്ഗഭാഗവതം, രുക്മാംഗദചരിത്രം, അംബരീഷചരിത്രം തുടങ്ങിയ മഹദ്ഗ്രന്ഥങ്ങളിലെല്ലാം ഏകാദശിവ്രതമഹാത്മ്യത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. വെളുത്തപക്ഷത്തിലെ ഏകാദശി മഹാവിഷ്ണുപ്രീതിയ്ക്ക് പ്രസിദ്ധവും കറുത്തപക്ഷ ഏകാദശി പിതൃകര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠവുമാണ്.
ഏകാദശിയുടെ ഐതിഹ്യം
കൃതയുഗത്തില്‍ ദേവലോകം ആക്രമിച്ച് കൈയ്യടക്കിയ മുരാസുരനെ തോല്പിക്കാന്‍ ദേവഗണങ്ങളെല്ലാവരും ഒത്തുച്ചേര്‍ന്നു. യുദ്ധം തുടങ്ങിയതിനിടയില്‍ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്വിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയില്‍ യോഗനിദ്രയില്‍ നിന്ന് ഉണര്‍ന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാന്‍ ചോദിച്ചു.
ഞാന്‍ ഏകാദശിയാണെന്നവള്‍ മറുപടി നല്‍കി. സന്തുഷ്ടനായ ഭഗവാന്‍ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് അശ്വമേധഫലവും വിഷ്ണുലോകം പുല്‍കുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവള്‍ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂര്‍വ്വം അനുഷ്ഠിക്കുന്നവര്‍ക്കെല്ലാം ഐഹികസുഖങ്ങളും ഒടുവില്‍ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.
ഏകാദശി വൃതം
ഏകാദശി നാളില്‍ സമ്പൂര്‍ണ ഉപവാസമാണ് അനുഷ്ഠിക്കേണ്ടത്. ദശമി നാളില്‍ ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കണം. ഏകാദശി ദിനത്തില്‍ വിഷ്ണു കഥകള്‍ കേള്‍ക്കുക, നാമം ജപിക്കുക, ഭജന ചെയ്യുക എന്നിങ്ങനെ പരിപൂര്‍ണമായി സമര്‍പ്പണം ചെയ്തു കഴിയണം. പകല്‍ ഉറങ്ങരുത്. വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തി തുളസീ തീര്‍ത്ഥം സേവിക്കുന്നത് ഉത്തമമാണ്. വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചന നടത്തുന്നതും നല്ലതാണ്.
ദശമി നാളില്‍ അരിയാഹാരം ഒരിക്കല്‍ മാത്രമെന്നാണ് വിധി. അതിനു പകരം ചിലര്‍ അരിക്കുപകരം ഗോതമ്പ് കഞ്ഞിയും പായസം, പഴം, പുഴുക്ക് അങ്ങിനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല.
മലയാളികളുടെ പ്രധാനഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരം എന്ന നിഷ്‌കര്‍ഷ വെച്ചിരിക്കുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. ഏകാദശിയുടെ തലേന്ന്, അതായത് ദശമിയുടെ അന്ന് ഒരിക്കല്‍ എടുക്കുക (ഒരിക്കലൂണ്). അന്നേദിനം രാത്രിയില്‍ വെറുനിലത്ത് കിടന്നേ ഉറങ്ങാവു. എണ്ണതേച്ചുള്ള കുളി പാടില്ല. ബ്രഹ്മചര്യം അനുഷ്ടിക്കണം. ലഹരി, താംബൂല ചര്‍ണവം എന്നിവ പാടില്ല. മൗനവൃതം പാലിക്കുന്നത് നല്ലതാണ്.
ഏകാദശി നാള്‍ പൂര്‍ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ ഉപവാസം കഴിയാത്തവര്‍ ഒരു നേരം പഴങ്ങള്‍ ഉപയോഗിക്കാം. ഏകാദശിദിനം മുഴുവന്‍ ഉണര്‍ന്നിരിക്കണം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂര്‍) സമയത്തെ ഹരിവരാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വെയ്‌ക്കേണ്ടത്.
ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ പാരണ വീടി വ്രതം അവസാനിപ്പിക്കണം. അല്‍പം ജലത്തില്‍ രണ്ടു തുളസീദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേര്‍ത്ത് ഭഗവത് സ്മരണയോടെ സേവിക്കുന്നതാണ് പാരണ. പിന്നീട് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്. ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു.
പശുക്കള്‍ക്കും ബ്രാഹ്മണര്‍ക്കും യഥാവിധി ഭോജനവും നല്‍കി ഏകാദശി വൃതം ഒരുവര്‍ഷം മുടക്കമില്ലാതെ നോല്‍ക്കുന്നതിനെ ദ്വാദശ വ്രതം എന്നാണ് വിളിക്കുന്നത്. ഏകാദശി വ്രതം ആദ്യമായി നോറ്റുതുടങ്ങുന്നവര്‍ ഹിന്ദു കലണ്ടറിലെ ചൈത്രം, വൈശാഖം, മാഘം, മാര്‍ഗശീര്‍ഷം എന്നീ മാസങ്ങളിലെ ഏകാദശിയിലാണ് ആരംഭിക്കേണ്ടതെന്നാണ് പറയുന്നത്.
ഏകാദശി മാഹാത്മ്യം
പ്രോഷ്ഠപദ ശുക്ലൈകാദശി, പരിവര്‍ത്തനൈകാദശി, കാര്‍ത്തിക ശുക്ലൈകാദശി, ഉത്ഥാനൈകാദശി, ധനുശുക്ലൈകാദശി, സ്വര്‍ഗവാതില്‍ ഏകാദശി, മാഘശുക്ലൈകാദശി, ഭീമൈകാദശി തുടങ്ങിയവയാണു പ്രാധാന്യമുളള ഏകാദശികള്‍. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.
ഏകാദശിവ്രതങ്ങളില്‍ മുഖ്യസ്ഥാനം ഹരിബോധിനിയെന്നറിയപ്പെടുന്ന ഉത്ഥാന ഏകാദശിയ്ക്കാണ്. ഇത് ഗുരുവായൂര്‍ ഏകാദശിയെന്ന നാമധേയത്തില്‍ വളരെ പ്രസിദ്ധവുമാണ്. ഭഗവാന്‍ ശ്രീനാരായണന്‍ നിദ്രയില്‍ നിന്നുണര്‍ന്നെഴുന്നേല്‍ക്കുന്ന ഉത്ഥാന ഏകാദശി സുദിനത്തില്‍ വ്രതമനുഷ്ഠിച്ചാല്‍ മേരുതുല്യമായ പാപങ്ങള്‍ പോലും നശിക്കുമെന്ന് സ്‌കന്ദപുരാണം വ്യക്തമാക്കുന്നു.
ആയിരം അശ്വമേധയാഗങ്ങള്‍ക്കും നൂറുകണക്കിനു വാജപേയയാഗങ്ങള്‍ക്കും ഈ ഏകാദശിയുടെ പതിനാറിലൊരംശത്തോളം നന്മവരുത്തില്ലെന്ന് നാരദപുരാണം ഓര്‍മ്മിപ്പിക്കുന്നു.
ഏകാദശികളില്‍ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗവാതില്‍ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. വൈഷ്ണവര്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട ദിവസമാണ്. വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്കുള്ള ദ്വാരം തുറക്കുന്ന ദിവസമാണ് ഇതെന്നും, അതിനാല്‍ അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നും വിശ്വസിച്ചുവരുന്നു. ശ്രീരംഗം, തിരുപ്പതി തുടങ്ങി എല്ലാ വൈഷ്ണവദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.
ഏകാദശിനാളില്‍ തുളസിയില കൊണ്ട് ഭഗവാനെ ഭക്തിപൂര്‍വ്വം അര്‍ച്ചനചെയ്യുന്നവരെ താമരയിലയിലെ വെള്ളംപോലെ പാപം തീണ്ടുകയില്ല. മാത്രമല്ല പിതൃ-മാതൃ-ഭാര്യപക്ഷത്തുള്ള പത്ത് തലമുറയിലുള്ളവര്‍ ഏകാദശിവ്രതത്താല്‍ ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. കൃഷ്ണപക്ഷ-ശുക്ലപക്ഷ ഏകാദശിവ്രതഫലം തുല്യമാണ്. ഏകാദശി വ്രതമനുഷ്ഠിച്ചാല്‍ സംസാരസാഗരത്തില്‍ മുഴുകിയിരിക്കുന്നവരുടെ പാപങ്ങള്‍ നശിച്ച് കരകയറുന്നതിനുള്ള ഈശ്വരശക്തി ലഭിയ്ക്കും. രാത്രി ഉറക്കമൊഴിച്ച് ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ക്ക് ഒരിയ്ക്കലും അന്തകനെ കാണേണ്ടിവരികയില്ലെന്ന് പുരാണങ്ങളില്‍ പറയുന്നു.