റ്റ ശ്രീകോവിലിനുള്ളില്‍ ശിവപാര്‍വതി പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രം. കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഒരു ആചാരം ഈ ക്ഷേത്രത്തില്‍ നടക്കുന്നു. തൃപ്പൂത്താറാട്ട് എന്നാണ് ഈ ആചാരത്തിന്റെ പേര്. ദേവി രജസ്വലയാകുമ്പോഴാണ് ഈ ആചാരം കൊണ്ടാടുന്നത്. എന്നും മേല്‍ശാന്തി പൂജചെയ്യുമ്പോള്‍ ദേവിയുടെ ഉടയാടയില്‍ രജസ്വലയായതിന്റെ അടയാളം കാണുകയാണെങ്കില്‍ താഴമണ്‍മഠത്തിലെ അന്തര്‍ജനത്തെ അറിയിക്കുന്നു. 

ദേവി രജസ്വലയായതാണോ എന്നു ഉറപ്പുവരുത്തുന്നത് അന്തര്‍ജനമാണ്. രജസ്വലയാണെങ്കില്‍ ശ്രീകോവിലില്‍നിന്ന് വിഗ്രഹം തൃപ്പൂത്തറയിലേക്ക് മാറ്റും. പിന്നീടുള്ള പൂജകള്‍ അറയിലായിരിക്കും. നാലാംപക്കം വാദ്യമേളത്തോടുകൂടി  മിത്രക്കടവിലേക്ക് എഴുന്നള്ളിച്ച് തൃപ്പൂത്താറാട്ട് നടത്തുന്നു. ദേവി തൃപ്പൂത്തായാല്‍ ക്ഷേത്രത്തിന് മുന്നില്‍ അറിയിപ്പ് നല്‍കുന്നതിനൊപ്പം പത്രം വഴിയും ഭക്തജനങ്ങളെ അറിയിക്കുന്നു. 

തിരുച്ചെഴുന്നള്ളിപ്പ് ആന, ചമയതാലപ്പൊലികളോടെ ആര്‍ഭാടപൂര്‍വമാണ്. സെറ്റും മുണ്ടും ധരിച്ച് ഒരുങ്ങിയെത്തുന്ന ധാരാളം സ്ത്രീകള്‍ ചമയതാലപ്പൊലിയില്‍ പങ്കെടുക്കും. മംഗല്യസൗഭാഗ്യവും കുടുംബസൗഭാഗ്യവും കിട്ടുമെന്നാണ് വിശ്വാസം. കുറച്ചുകാലം മുമ്പുവരെ ദേവിയുടെ ഈ ഉടയാട ഭക്തര്‍ക്ക് നല്‍കുമായിരുന്നു. ഉടയാട കിട്ടാനായി മുന്‍കൂര്‍ ബുക്ക് ചെയ്യാം. ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറം വരെയുള്ള ബുക്കിങ് നീണ്ടിരുന്നു. എന്നാല്‍ ഇടക്കാലത്ത് നടത്തിയ ദേവപ്രശ്‌നത്തില്‍ ഇങ്ങനെ ചെയ്യരുതെന്ന് വിധിയുണ്ടായതോടെ അത് നിര്‍ത്തലാക്കി. 

തൃപ്പൂത്താറാട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മണ്‍റോ സായ്പ് വരെ ഇതില്‍ പങ്കാളിയായിട്ടുള്ളതാണ്. മണ്‍റോ സായ്പിന്റെ കാലത്ത് തൃപ്പൂത്താറാട്ടിനുള്ള ഫണ്ട് വെട്ടിക്കുറച്ചിരുന്നത്രെ.   എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് രോഗപീഡ വന്നപ്പോള്‍ പ്രശ്‌നചിന്തയില്‍ ദേവീകോപമാണെന്ന് തെളിഞ്ഞു. ദേവിക്ക് പനംതണ്ടന്‍വളകള്‍ പ്രായശ്ചിത്തമായി നടയ്ക്കുവെക്കുകയും എല്ലാ മലയാള വര്‍ഷാദ്യത്തെ തൃപ്പൂത്താറാട്ടിന്റെ ചെലവിനുള്ളത് അദ്ദേഹം നിക്ഷേപിക്കുകയും ചെയ്ത സംഭവവും ഇവിടെ വിശ്വാസികള്‍ പങ്കുവെക്കുന്നു.

ഈ പനംതണ്ടന്‍വളകള്‍ ആറന്‍മുളയില്‍ ദേവസ്വംബോര്‍ഡിന്റെ സ്ട്രോങ് റൂമിലായിരുന്നു സൂക്ഷിച്ചിരുന്നത്. പിന്നീട് ഭക്തജനങ്ങളുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്ന് മലയാളവര്‍ഷാരംഭത്തിലെ ആദ്യ തൃപ്പൂത്തിന് ദേവിക്ക് ഈ വളയും ഒഡ്യാണവും അങ്കിയും ചാര്‍ത്തി ദീപാരാധന നടത്താന്‍ തുടങ്ങി. തൃപ്പൂത്ത് തുടങ്ങി പന്ത്രണ്ട് ദിവസം ദേവിയുടെ ഇഷ്ടവഴിപാടായ ഹരിദ്ര പുഷ്പാഞ്ജലിയ്ക്കും വന്‍തിരക്കാണ്. 

ശബരിമലയാത്രയ്ക്കിടയില്‍ വഴിത്താവളങ്ങളിലൊന്നാണ് ചെങ്ങന്നൂര്‍.  ധനുമാസത്തിലെ തിരുവാതിരയിലാരംഭിച്ച് മകരമാസത്തിലെ തിരുവാതിരയ്ക്ക് അവസാനിക്കുന്ന ഉത്സവമാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവം. പിന്നെ ശിവരാത്രിയും തുലാസംക്രമനെയ്യാട്ടും ചിത്രപൗര്‍ണമിയും ആഘോഷിക്കുന്നു. രാവിലെ 3.50-11.30 വൈകീട്ട് 5-8 ആണ് നടതുറക്കുന്ന സമയം.

ഇനി ഈ ക്ഷേത്രത്തിലേക്കുള്ള വഴി. ആലപ്പുഴ ജില്ലയുടെ കിഴക്കേ അറ്റത്ത് ചെങ്ങന്നൂര്‍ നഗരസഭാ ആസഥാനത്ത് തന്നെയാണ് ക്ഷേത്രം. റോഡുമാര്‍ഗം പോവുമ്പോള്‍ ആലപ്പുഴ-ചങ്ങനാശ്ശേരി-തിരുവല്ല-ചെങ്ങന്നൂര്‍ 272 കിലോമീറ്റര്‍. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരം. ബസ് സ്റ്റാന്‍ഡില്‍നിന്ന് ഓട്ടോയ്ക്ക് 30 രൂപ വാങ്ങിക്കും. കോട്ടയം ഭാഗത്തുനിന്നാണെങ്കില്‍ ബസ്സില്‍ ക്ഷേത്രത്തിനു മുന്നില്‍ത്തന്നെ ഇറങ്ങാം. കോഴിക്കോട് നിന്നു ചെങ്ങന്നൂര്‍ക്ക് മലബാര്‍ എക്‌സ്പ്രസ്, മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ്, പരശുരാം, ജനശതാബ്ദി എന്നിങ്ങനെ വണ്ടികള്‍ ഉണ്ട്. വീക്കിലി വണ്ടികള്‍ വേറെയും.