ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ വിസ്മയിപ്പിച്ചുകൊണ്ട് 1960-കളുടെ ആരംഭത്തിൽ റോക്ക് സംഗീതവുമായി കടന്നുവന്നവരാണ് ബീറ്റിൽസ് ഗായകസംഘം. അവർ, തങ്ങളുടെ സിരകളെ ത്രസിപ്പിച്ചിരുന്ന മയക്കുമരുന്നുകളുടെ ലോകത്തുനിന്ന് ഒരിക്കൽ വഴിമാറി-ആത്മീയാനുഭൂതി നേടുന്ന അതീന്ദ്രിയധ്യാനത്തിലേക്ക്. അത്‌ അഭ്യസിക്കാൻ ബീറ്റിലുകൾ എത്തിയത് മഹർഷി മഹേഷ് യോഗിയുടെ ഋഷികേശിലെ ആശ്രമത്തിലാണ്. ആ വരവിന് ഈ ഫെബ്രുവരിയിൽ 50 വർഷം തികയുന്നു.

അതുവരെ  ലോകഭൂപടത്തിൽ വലിയ സ്ഥാനമൊന്നും ലഭിച്ചിട്ടില്ലായിരുന്ന ഹിമാലയൻ തീർഥാടനകേന്ദ്രമായ ഋഷികേശ് ലോകശ്രദ്ധയാകർഷിക്കുന്നത് ബീറ്റിൽസിന്റെ ഭാരതത്തിലേക്കുള്ള വരവോടെയാണ്. ശിവാനന്ദാശ്രമസ്ഥാപകൻ ശിവാനന്ദസ്വാമികൾ, ‘ഹിമഗിരിവിഹാരം’ എന്ന പ്രശസ്തകൃതിയുടെ കർത്താവ് തപോവനാനന്ദസ്വാമി, കാളി കമ്പലീവാല സ്വാമി എന്നിവർ ചിരപരിചിതരായിരുന്നെങ്കിലും മഹർഷി മഹേഷ് യോഗിയെക്കുറിച്ചുള്ള അറിവുകൾ ഭാരതീയർക്ക്, പ്രത്യേകിച്ചും മലയാളികൾക്ക് പരിമിതമായിരുന്നു.

മനുഷ്യമനസ്സിനെ ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു പ്രത്യേക തലത്തിലെത്തിക്കുമെന്ന്‌ പറയപ്പെടുന്ന അതീന്ദ്രിയധ്യാനത്തിന്റെ ഉപജ്ഞാതാവായ മഹേഷ് യോഗി 1955-ലാണ് തന്റെ ഗുരു ബ്രഹ്മാനന്ദസ്വാമിയിൽനിന്ന്‌ സ്വായത്തമാക്കിയ ഒരു പ്രത്യേകതരം വിദ്യയിൽനിന്ന് അതീന്ദ്രിയധ്യാനത്തിന് രൂപംകൊടുത്തതും പിന്നീടത് ലോകത്തിന്റെ പലഭാഗത്തും ശാഖകളുള്ള ഒരു വലിയ പ്രസ്ഥാനമായി വളർന്നതും. 1959-ൽ ധ്യാനത്തിന്റെ പ്രചാരണാർഥം ലോകസഞ്ചാരം ആരംഭിച്ച മഹർഷി മഹേഷ് യോഗി യൂറോപ്പിലും അമേരിക്കയിലുമായി പതിനായിരക്കണക്കിന്‌ ശിഷ്യരെ സമ്പാദിച്ചു. 

അറുപതുകളുടെ ആരംഭത്തിൽ അമേരിക്കയിലെയും യൂറോപ്പിലെയും സമ്പന്നരായ യുവതീയുവാക്കൾ അന്നുവരെ നിലനിന്നിരുന്ന വർണവെറി, യുദ്ധം വരുത്തിവെച്ച ഭീകരത, യാഥാസ്ഥിതികരോടുള്ള വെറുപ്പ് തുടങ്ങിയ കാരണങ്ങളാൽ വീടുവിട്ടിറങ്ങി മയക്കുമരുന്നിലും ആത്മീയതയിലും ലൈംഗികതയിലും മുഴുകി ഊരുചുറ്റുന്ന സമയത്താണ് ‘എരിതീയിൽ എണ്ണയൊഴിച്ചു കൊടുക്കുക’ എന്ന പഴമൊഴിപോലെ സ്നേഹത്തിന്റെയും പ്രേമത്തിന്റെയും സമാധാനത്തിന്റെയും വരികൾ രചിച്ച് യുവതീയുവാക്കളെ മതിവിഭ്രമത്തിലാക്കുന്ന സംഗീതവുമായി ജോർജ് ഹാരിസൺ, ജോൺ ലെനൻ, പോൾ മക്കാർട്ടിനി, റിംഗോസ്റ്റാർ എന്നീ നാൽവർസംഘത്തിന്റെ വരവ്. അതുവരെ എൽവീസ് പ്രസ്‌ലി, ജിം റീവ്‌സ് തുടങ്ങിയ ഗായകരായിരുന്നു ചെറുപ്പക്കാരുടെ കാണപ്പെട്ട ദൈവങ്ങൾ. കൗണ്ടർ കൾച്ചറിന്റെ മുഖമുദ്രയായ മയക്കുമരുന്ന് യഥേഷ്ടം ഉപയോഗിച്ചുകൊണ്ടുള്ളതായിരുന്നു ബീറ്റിൽസിന്റെ സ്റ്റേജുകളിൽനിന്ന്‌ സ്റ്റേജുകളിലേക്കുള്ള പ്രയാണങ്ങൾ.

അറുപതുകളുടെ മധ്യത്തോടുകൂടി, മയക്കുമരുന്നിന്റെ അമിതോപയോഗത്തിൽനിന്ന്‌ മോചനംനേടാനുള്ള മാർഗം ഭാരതീയസംസ്കാരവുമായി ഇണങ്ങിച്ചേർന്നുള്ള ഒരു പുതിയ ജീവിതരീതിയാണെന്നുള്ള അറിവ് ബീറ്റിൽസിന്റെ ഒരു സുഹൃത്തായ അലക്സിൽനിന്ന് അവർക്ക്‌ ലഭിക്കുന്നു. ഹാരിസണിന്റെ പത്നി പാറ്റിബോയ്ഡ് ലണ്ടനിൽവെച്ച്‌ മഹർഷിയുടെ പ്രഭാഷണത്തിൽ ആകൃഷ്ടയായതോടെ 1967 ഓഗസ്റ്റ് 24-ന്‌ ലണ്ടൻ ഹിൽട്ടൻ ഹോട്ടലിൽ നടത്താൻപോകുന്ന മഹർഷിയുടെ പ്രഭാഷണത്തിന് പങ്കെടുക്കാൻ നാലുപേരെയും നിർബന്ധിച്ചു. പ്രഭാഷണത്തിനുശേഷമുള്ള  കൂടിക്കാഴ്ചയിൽ നാലുപേരെയും മഹർഷി വെയ്ൽസിലുള്ള ഒരു പരിശീലനകേന്ദ്രത്തിലേക്ക്‌ ക്ഷണിച്ചു. ഇതിനിടെ സിത്താർസംഗീതത്തിൽ ആകൃഷ്ടനായ ഹാരിസൺ ആറാഴ്ച ഭാരതത്തിൽ താമസിച്ച്‌ പണ്ഡിറ്റ് രവിശങ്കറിൽനിന്ന്‌ സിത്താർവായന അഭ്യസിച്ചു.

1967 ഓഗസ്റ്റ് 26-ന് മുന്നൂറുപേരടങ്ങുന്ന  സംഘത്തോടൊന്നിച്ച് നാലുപേരും വെയ്ൽസിലെ പ്രഭാഷണകേന്ദ്രത്തിൽവെച്ച്‌ അതീന്ദ്രിയധ്യാനത്തിന്റെ അടിസ്ഥാനപാഠങ്ങളും മന്ത്രവും സ്വീകരിച്ചു. തുടർന്ന് എൽ.എസ്.ഡി.യോടും മരിജുവാനയോടും വിടപറയുന്ന പ്രസ്താവനയും വന്നു. അതീന്ദ്രിയധ്യാനത്തിന്റെ പത്തുനാൾ നീണ്ടുനിൽക്കുന്ന ഒരു സെമിനാറിൽ പങ്കെടുക്കാനിരിക്കെയാണ് മാനേജർ എപ്‌സെയിനിന്റെ അകാലമരണം. ബീറ്റിൽസിന്റെ നല്ല ചിന്തകളും പ്രവർത്തനങ്ങളും എപ്‌സ്റ്റെയ്‌നിന്റെ ആത്മാവിന് ശാന്തിനൽകുമെന്ന മഹർഷിയുടെ ഉപദേശത്തോടുകൂടി മുൻപോട്ടുള്ള പ്രയാണത്തിന്‌ മാർഗദർശിയായി മഹർഷിയുടെ ശിഷ്യത്വം അനിവാര്യമാണെന്നുള്ള തീരുമാനത്തിലെത്തിച്ചേർന്നു നാലുപേരും. ധ്യാനം അഭ്യസിക്കേണ്ടത് യൂറോപ്പിലെയോ അമേരിക്കയിലെയോ ഏതെങ്കിലും സെമിനാറിൽനിന്നല്ല, യോഗിമാരുടെ നാട്ടിൽനിന്നുതന്നെയായിരിക്കണം. അങ്ങനെ ഒക്ടോബർ അവസാനംതന്നെ ഋഷികേശിൽ എത്തമെന്നതായിരുന്നു കണക്കുകൂട്ടിയിരുന്നത്. പുതിയ ആൽബത്തിന്റെയും ഷൂട്ടിങ്ങിന്റെയും തിരക്കിൽ യാത്ര നീണ്ടുപോയി. അടുത്തവർഷം ഫെബ്രുവരി പതിനഞ്ചിന് ലെനനും ഹാരിസണും പത്നിമാരായ സിനിയക്കും ജെനിബോയ്ഡിനുമൊപ്പം ഡൽഹിയിൽ വിമാനമിറങ്ങി. ഒരു ടാക്സിപിടിച്ച്‌ ഋഷികേശിലെത്തി. നാലുനാൾക്കുശേഷം മക്കാർട്ടിനിയും കാമുകി ജെയിൻ ആഷറും സ്റ്റാറും പത്നി മൗറീനും ആശ്രമത്തിലെത്തി. ഹോളിവുഡ് നടി മിയാ ഫെറൊ, സഹോദരി പ്രൂഡൻസ് ഫെറൊ, ഗായകൻ ഡൊണോവൻ തുടങ്ങിയ വലിയ ഒരു സംഘവും ഇതിനകം ആശ്രമത്തിലെത്തിയിരുന്നു.

1963-ൽ ഒരു അമേരിക്കൻ ധനാഢ്യ സംഭാവനയായി നൽകിയ ഒരു ലക്ഷം ഡോളർകൊണ്ട് ഋഷികേശിൽ ഗംഗാനദിയോടുചേർന്നുള്ള രാജാജി നാഷണൽ പാർക്കിൽ ഉത്തർപ്രദേശ് സർക്കാറിന്റെ വനംവകുപ്പിൽനിന്ന് പാട്ടത്തിനെടുത്ത 14 ഏക്കർ വനത്തിനുള്ളിലായിരുന്നു, എല്ലാ ആധുനികസൗകര്യങ്ങളോടുംകൂടിയുള്ള ആശ്രമം പണിതത്. ധ്യാനാദികാര്യങ്ങൾക്കായി ഓരോ വ്യക്തിക്കും ഗംഗാനദിയിൽനിന്ന്‌ ശേഖരിച്ച ഉരുളൻ കല്ലുകൾകൊണ്ടുള്ള ഡസൻകണക്കിന് കുടീരങ്ങൾ, വിശാലമായ മെഡിറ്റേഷൻ ഹാൾ, നല്ല പൂന്തോട്ടം ഇവയെല്ലാം ആശ്രമത്തിന്റെ പ്രത്യേകതയായിരുന്നു. ഋഷികേശിലെ ശിവാനന്ദാശ്രമം, സ്വർഗാശ്രമം, കൈലാസാശ്രമം തുടങ്ങിയവയുമായി താരതമ്യപ്പെടുത്തുമ്പോൾ മഹർഷിയുടെ ‘ചൗരാസികുടിയ’ ആശ്രമമായിരുന്നു ശരിക്കുള്ള സ്വർഗാശ്രമം.

ജീവിതത്തിൽ അതുവരെ ശീലിച്ചുപോന്നിരുന്ന പല ചിട്ടകളും ഒരു സുപ്രഭാതത്തിൽ ഒഴിവാക്കാനായിരുന്നു ആശ്രമത്തിലെത്തിയ സംഘങ്ങൾക്കുള്ള മഹർഷിയുടെ നിർദേശം. ലഹരിവസ്തുക്കളും മത്സ്യമാംസാദികളും വർജിക്കപ്പെട്ടു. പിന്നെ പൊതുവായുള്ള ഭക്ഷണശാലയിൽനിന്നുള്ള ഭക്ഷണം. മഹർഷിയുടെ പ്രഭാഷണങ്ങളും അതീന്ദ്രിയധ്യാനത്തിന്റെ ചില ടെക്‌നിക്കുകളും ബീറ്റിൽസിനുമാത്രം പ്രത്യേകമായി നൽകാൻ മഹർഷി സമയം കണ്ടെത്തി. മണിക്കൂറുകളോളം ധ്യാനനിരതരായി കുടീരങ്ങളിൽ കഴിഞ്ഞ പലർക്കും അത് ജീവിതത്തിലെ ഒരു പുതിയ അനുഭവമായി തോന്നി. ലഹരിവസ്തുക്കളും സൈക്കഡലിക് സംഗീതവും ആരാധകവൃന്ദങ്ങളുമുള്ള ഒരു മായികലോകത്തിൽനിന്ന് ശാന്തിയുടെയും സമാധാനത്തിന്റെയും ലോകത്തിലേക്കുള്ള ഒരു പറിച്ചുനടലായിരുന്നു ബീറ്റിൽസിനെ സംബന്ധിച്ചിടത്തോളം ആശ്രമത്തിലെ ആദ്യനാളുകൾ. കാടിന്റെ വന്യതയും ഗംഗയുടെ ശാന്തതയും കൂടാതെ ധ്യാനപരിശീലനത്തിലൂടെ മനസ്സിൽ സൃഷ്ടിക്കപ്പെട്ട ചില ചലനങ്ങളും അതിന്‌ കാരണമായിരിക്കാം. ബീറ്റിൽസിന്റെ പല പ്രശസ്തഗാനങ്ങളും ആശ്രമനാളുകളിൽ രചിച്ചതായിരുന്നു. ധ്യാനത്തിന്റെ ഇടവേളകളിൽ ഗിറ്റാർ വായിക്കാനും ഋഷികേശിലെ ഗലികളിൽ അലഞ്ഞുതിരിയാനും അവർ സമയം കണ്ടെത്തി. 

ബീറ്റിൽസ് പ്രശസ്തിയുടെ പാരമ്യതയിൽ നിൽക്കുമ്പോഴാണ്, തങ്ങൾ യേശുക്രിസ്തുവിനേക്കാൾ  പ്രശസ്തരാണെന്നുള്ള ജോൺ ലനന്റെ പ്രസ്താവന കാരണം യാഥാസ്ഥിതികരായ ആളുകളിൽനിന്ന് അവർക്ക് പഴികേൾക്കേണ്ടിവന്നത്. ഭാരതീയതത്ത്വചിന്തകളും ധ്യാനരീതികളും മഹർഷിയിൽനിന്ന് ശ്രവിച്ചും പരിശീലിച്ചും നാളുകൾ ചെലവഴിക്കുന്നതിനിടെ ഗുരുവിന്റെയും ശിഷ്യരുടെയും ഇടയിൽ ചില പൊരുത്തക്കേടുകൾ കണ്ടുതുടങ്ങി. 
ആത്മീയതയെക്കാൾ ആഡംബരവും അനാശാസ്യവും പണവുമാണ് മഹർഷി ആഗ്രഹിക്കുന്നതെന്ന് ശിഷ്യരും പഴയ തലതിരിഞ്ഞ വഴിക്കാണ് ശിഷ്യർ വീണ്ടും പോകുന്നതെന്ന് മഹർഷിയും സംശയിക്കാനിടയായി. ബീറ്റിൽസിന്റെ പുറത്തിറക്കാൻ പോകുന്ന പുതിയ ആൽബത്തിന്റെ ലാഭത്തിൽനിന്നുള്ള 25 ശതമാനം മഹർഷിയുടെ സ്വിസ്ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന ആവശ്യവും മിയാ ഫെറോയെ ലൈംഗികമായി ചൂഷണംചെയ്യാൻ ശ്രമിച്ചെന്നുള്ള ഒരു പരാതിയും ഗുരു-ശിഷ്യ ബന്ധത്തെ വഷളാക്കി. ഋഷികേശിൽ ലഭിക്കുന്ന നാടൻമദ്യം ആശ്രമത്തിൽവെച്ച്‌ സുഹൃത്തുക്കൾക്കൊപ്പം ഉപയോഗിക്കുന്നു എന്നുള്ള പരാതി മഹർഷിക്കും ലഭിച്ചിരുന്നു. മഹർഷിയെ കുറ്റപ്പെടുത്തിക്കൊണ്ട് ‘സെക്സി സാഡി’ എന്നൊരു ഗാനമെഴുതിയാണ് ലെനൻ പ്രതികരിച്ചത്. പിന്നീട് തിരിച്ചുപോക്കിനുള്ള ഒരുക്കങ്ങളും ചെയ്തു. റിങ്കോസ്റ്റാറും പത്നിയും മാർച്ച് ഒന്നാംതീയതി ആശ്രമം വിട്ടു. മാർച്ച് മധ്യത്തോടുകൂടി മക്കാർട്ടിനിയും കാമുകിയും പിറകെ ലനനും ഹാരിസണും ഭാര്യമാരും.

ഈ സംഭവങ്ങൾക്കുശേഷം പൊതുപരിപാടിയിൽനിന്ന് കുറേ അകന്ന മഹർഷി, എഴുപതുകളുടെ മധ്യത്തോടെ വീണ്ടും ലോകസഞ്ചാരത്തിനിറങ്ങി. 2008-ൽ സ്വാമി സമാധിയാകുമ്പോഴേക്കും ലക്ഷക്കണക്കിന്‌ ശിഷ്യർ അതീന്ദ്രിയധ്യാനം അഭ്യസിച്ചിരുന്നു. രസകരമായ വസ്തുത ആശ്രമത്തിൽനിന്ന് പിരിഞ്ഞുപോന്നശേഷമുള്ള ബീറ്റിൽസിന്റെ പ്രസ്താവനകളും പ്രവൃത്തികളുമായിരുന്നു. നേരിൽ പിന്നീട് കണ്ടിരുന്നില്ലെങ്കിലും ജോൺ ലെനൻ മഹർഷിയുമായി നിരന്തരം ബന്ധപ്പെടുമായിരുന്നു. പ്രായത്തിന്റെ അപക്വതയിൽ മഹർഷിയെ അപമാനപ്പെടുത്തിയതിൽ അദ്ദേഹം പിന്നീട് മാപ്പുചോദിക്കുകയുംചെയ്തു. ഹാരിസൺ അതീന്ദ്രിയധ്യാനപ്രസ്ഥാനവുമായുള്ള എല്ലാ വിഷയങ്ങളിലും മഹർഷിയുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുകയും ചെയ്യുകയുണ്ടായി. മക്കാർട്ടിനിയും സ്റ്റാറും പ്രസ്ഥാനവുമായി ബന്ധം പുനഃസ്ഥാപിച്ച്‌ പ്രവർത്തിച്ചുപോന്നു. ഗുരു-ശിഷ്യ ബന്ധത്തിന്‌ വിള്ളലേൽപ്പിച്ചത് സുഹൃത്ത് അലക്സിന്റെ കുതന്ത്രമായിരുന്നെന്ന് സിൻഡ്യ ലെനൻ ഉറച്ചുവിശ്വസിച്ചിരുന്നു. ലൈംഗികാപവാദവും അലക്സിന്റെ കുപ്രചാരണമായിരുന്നത്രെ. ജോൺ ലെനൻ 1980 ഡിസംബർ എട്ടാംതീയതി ന്യൂയോർക്കിൽ വെച്ച്‌ ഒരു അക്രമിയുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. കാൻസർബാധിതനായ ഹാരിസൺ 2001 നവംബർ 29-നും മരണപ്പെട്ടു. അന്ത്യാഭിലാഷപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം ഗംഗയിലും യമുനയിലും ഒഴുക്കി. 

മഹർഷിയുടെ സമാധിയോടുകൂടി ആശ്രമത്തിന്റെ പ്രതാപവും അസ്തമിച്ചു. കാലാവധി കഴിഞ്ഞതോടുകൂടി തൊണ്ണൂറുകളുടെ മധ്യത്തിൽ ആശ്രമം ഫോറസ്റ്റ് അധികാരികൾ ഏറ്റെടുത്തു. ജീർണാവസ്ഥയിലിരിക്കുന്ന കുടീരങ്ങളും കെട്ടിടങ്ങളും 2007-ൽ ഒരു കനേഡിയൻ ചലച്ചിത്രനടി ഏറ്റെടുത്ത് ഡൽഹിയിലെ തെരുവുകുട്ടികൾക്ക് പാർപ്പിടമൊരുക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുള്ള ആശ്രമത്തിൽ ലോകത്തിന്റെ  പലഭാഗത്തുനിന്നുള്ള ബീറ്റിൽസിന്റെ ആരാധകർ വന്നുംപോയുമിരിക്കുന്നു, അരനൂറ്റാണ്ടുമുമ്പുള്ള ആ  നാൽവർസംഘത്തിന്റെ വരവിനെ അനുകരിച്ചുകൊണ്ട്. 

rdasveng@gmail.com