ദേവിക്കുള്ള ആത്മസമര്‍പ്പണമാണ് പൊങ്കാല. പൊങ്കാല അര്‍പ്പിച്ച് ദേവിയോട് ഉള്ളുതുറന്ന് പ്രാര്‍ത്ഥിച്ചാല്‍ ഫലം ഉറപ്പാണ് എന്നാണ് വിശ്വാസം. പൊങ്കാല ഇടുന്നതിന് വ്രതം അനുഷ്ഠിക്കേണ്ടതുണ്ട്. പൊങ്കാലയിടുന്നവരെല്ലാം വ്രതം എടുക്കണം. കാപ്പുകെട്ടു മുതല്‍ ഒമ്പത് ദിവസമാണ് വ്രതം അനുഷ്ഠിക്കേണ്ടത്.
ഒരുനേരം അരിയാഹാരം കഴിച്ച് ബാക്കി സമയം വിശന്നാല്‍ ഫലവര്‍ഗ്ഗങ്ങള്‍ കഴിക്കാം.മത്സ്യം, മാംസം ലഹരി പദാര്‍ഥങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. വ്രതകാലത്ത് ബ്രഹ്മചര്യം നിര്‍ബന്ധമാണ്. ദേവി സ്‌തോത്രങ്ങള്‍ ജപിക്കുന്നതും കേള്‍ക്കുന്നതും പഠിക്കുന്നതും ലളിതാ സഹസ്രനാമം ചൊല്ലുന്നതും ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്.
പൊങ്കാലയിടുന്നവര്‍ കോടിവസ്ത്രം ധരിക്കുന്നത് ഉത്തമമെങ്കിലും പൊങ്കാല സമയത്ത് വൃത്തിയുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാം. വ്രതമെടുത്ത് ശുദ്ധമായ ശരീരവും മനസുമായി വേണം പൊങ്കാല ഇടാന്‍. വ്രതകാലത്ത് നല്ല വാക്ക്, നല്ല ചിന്ത, നല്ല പ്രവൃത്തി എന്നിവ അനുഷ്ഠിക്കണം. പുല, വാലായ്മയുള്ളവര്‍ പൊങ്കാലയിടരുത്, പ്രസവിച്ചവര്‍ 90 കഴിഞ്ഞേ പാടുള്ളു. അല്ലെങ്കില്‍ ചോറൂണു കഴിഞ്ഞ് പൊങ്കാലയിടാം
പൊങ്കാല തിളച്ചു വരുന്നതുവരെ ഒന്നുംതന്നെ കഴിക്കാന്‍ പാടില്ല. പണ്ടുകാലങ്ങളില്‍ നേദിച്ച ശേഷമാണ് കഴിച്ചിരുന്നത്. ഇന്നത്തെ ഭക്തരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിവേദ്യം തയാറായിക്കഴിഞ്ഞാല്‍ കരിക്കോ, പാലോ, പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കണം.
പൊങ്കാല പ്രസാദം മറ്റുള്ളവര്‍ക്ക് പ്രസാദമായി നല്‍കണം. അഴുക്കു ചാലിലോ, കുഴിയില്‍ ഇടുകയോ, വെട്ടി മൂടുകയോ ചെയ്യരുത്. ഒഴുക്കുള്ളതോ ശുദ്ധമായതോ ആയ ജലത്തില്‍ വസിക്കുന്ന മീനുകള്‍ക്കോ പക്ഷിമൃഗാദികള്‍ക്കോ ആഹാരമായി നല്‍കുകയും വേണം.
തിളച്ചുമറിഞ്ഞു തൂവുമ്പോളാണ് പൊങ്കാല സമര്‍പ്പണം പൂര്‍ണമാവുക. ഓരോ ദിക്കിലേക്ക് തിളച്ചു തൂവുന്നതിനു ഓരോ ഫലങ്ങളാണ്
കിഴക്കോട്ടു തൂകിയാല്‍ ആഗ്രഹിച്ചകാര്യം ഉടന്‍ നടക്കുമെന്നാണ് വിശ്വാസം. വടക്കോട്ടായാല്‍ കാര്യങ്ങള്‍ നടക്കാന്‍ അല്‍പം താമസം വരും. പടിഞ്ഞാറുഭാഗത്തേക്കാണെങ്കില്‍ ആഗ്രഹ സാഫല്യത്തിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. തെക്കോട്ടായാല്‍ ദുരിതവും ക്ലേശങ്ങളും മാറിയിട്ടില്ലാ എന്നാണ് അര്‍ഥം
പധാന വഴിപാടായ പൊങ്കാല പായസത്തിന്റെ കൂടെ വെള്ളനിവേദ്യം , തെരളി , മണ്ടപ്പുറ്റ് എന്നിവയും പൊങ്കാലദിനം തയാറാക്കുന്ന നിവേദ്യങ്ങളാണ്. അഭീഷ്ടസിദ്ധിക്കുവേണ്ടിയാണ് വെള്ളനിവേദ്യം. ധനധാന്യസമൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടിയാണ് വഴനയിലയില്‍ ഉണ്ടാക്കുന്ന തെരളി എന്ന അട. വിട്ടുമാറാത്ത തലവേദനയുള്ളവര്‍ രോഗശാന്തിക്കായി നടത്തുന്ന വഴിപാടാണ് പയറും അരിപ്പൊടിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന മണ്ടപ്പുറ്റ്.
Content Highlights: Attukal Ponkala Vratham