തിരുവനന്തപുരം: മനുഷ്യരാശിയുടെ നിലനില്‍പ്പിനു വേണ്ടി ധര്‍മം പരിപാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതീതീര്‍ഥ സ്വാമി പറഞ്ഞു. സ്വാര്‍ഥത വെടിഞ്ഞുള്ള പ്രവര്‍ത്തനമാകണം ഉണ്ടാകേണ്ടത്. പരോപകാരത്തിലൂടെ മനുഷ്യന്‍ അവന്റെ കാലശേഷവും നിലനില്‍ക്കുന്നു. ഒരാള്‍ അയാളുടെ നന്മയുടെ പേരില്‍ എന്നും ഓര്‍മിക്കപ്പെടും. ധര്‍മം സംരക്ഷിക്കാന്‍ എല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണം. ധര്‍മത്തെക്കാള്‍ വലുത് മറ്റൊന്നുമില്ല - ഭാരതീതീര്‍ഥ സ്വാമി പറഞ്ഞു.

നഗരവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രിയദര്‍ശിനി ഹാളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജന്മം ധര്‍മത്തിനനുസരിച്ച് ജീവിക്കാനുള്ളതാണെന്ന് വിധുശേഖരഭാരതി സ്വാമി പറഞ്ഞു. ധര്‍മം അനുഷ്ടിക്കുന്നവരില്‍ ഐശ്വര്യവും വന്നുചേരും. മനുഷ്യജന്മം വളരെ ദുര്‍ലഭമാണ്. അങ്ങനെ ലഭിച്ച ജീവിതത്തെ അര്‍ഥപൂര്‍ണമാക്കുകയാണ് വേണ്ടത് - വിധുശേഖരഭാരതി സ്വാമി പറഞ്ഞു.

പ്രിയദര്‍ശിനി ഹാളില്‍ സ്വാമിമാരെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു. 51 പേര്‍ വിളക്കു പിടിച്ച് വേദിയിലേക്ക് ആനയിച്ചു. എം.എല്‍.എ.മാരായ വി.എസ്.ശിവകുമാര്‍, ഒ.രാജഗോപാല്‍, മേയര്‍ വി.കെ.പ്രശാന്ത്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, കൗണ്‍സിലര്‍ ആര്‍.സുരേഷ് തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പേര്‍ സ്വാമികള്‍ക്ക് ആദരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

രാത്രി എട്ടുമണിക്ക് ലെവിഹാളില്‍ ശൃംഗേരി മഠാധിപതിയുടെ നേതൃത്വത്തില്‍ ചന്ദ്രമൗലീശ്വര പൂജ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായെത്തിയ മഠാധിപതി 12, 13 തീയതികളില്‍ കോട്ടയ്ക്കകത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. ദക്ഷിണേന്ത്യന്‍ വിജയയാത്രയ്ക്കായി കന്യാകുമാരിയില്‍ നിന്നു ശനിയാഴ്ചയാണ് സ്വാമിമാര്‍ തിരുവനന്തപുരത്തെത്തിയത്.