തിരുവനന്തപുരം: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഡിസംബര്‍ മൂന്നിന് നടക്കും. പൊങ്കാല ദിവസം രാവിലെ നാലിനു ഗണിപതിഹോമവും നിര്‍മ്മാല്യദര്‍ശനവും. ഒമ്പതിന് നടക്കുന്ന ആദ്ധ്യാത്മിക സമ്മേളനം സിംഗപ്പുര്‍ ശ്രീനിവാസപെരുമാള്‍ ക്ഷേത്രാംഗം കുമാര്‍ പിള്ള ഉദ്ഘാടനം ചെയ്യും. സിംഗപ്പുര്‍ നയതന്ത്രജ്ഞന്‍ ഗോപിനാഥപിള്ള മുഖ്യാതിഥിയാകും. സിംഗപ്പുര്‍ മലയാളി സമാജം പ്രസിഡന്റ് അജയകുമാര്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും.

ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പണ്ടാര അടുപ്പില്‍ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. 11-ന് പൊങ്കാല നിവേദ്യം. തുടര്‍ന്ന് ദിവ്യ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

വൈകീട്ട് 5.30-ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി തോമസ്ചാണ്ടി ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എം.പി. പങ്കെടുക്കും. തുടര്‍ന്ന് യു.എന്‍. വിദഗ്ദ്ധസമിതിയംഗം ഡോ. സി.വി. ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ തീ പകരും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് താത്കാലിക ശൗചാലയങ്ങള്‍ നിര്‍മിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ക്ഷേത്ര ഭാരവാഹികളായ കെ.കെ. ഗോപാലകൃഷ്ണന്‍നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ഹരിക്കുട്ടന്‍ നമ്പൂതിരി, കെ. സതീഷ്‌കുമാര്‍, സുരേഷ് കാവുംഭാഗം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.