തിരുവനന്തപുരം: ശൃംഗേരി ശാരദാപീഠം മഠാധിപതി ഭാരതിതീര്‍ഥ സ്വാമിക്കും വിധുശേഖരഭാരതി സ്വാമിക്കും തലസ്ഥാനം ഭക്തിനിര്‍ഭരമായ വരവേല്‍പ്പ് നല്‍കി.

ദക്ഷിണേന്ത്യന്‍ വിജയയാത്രയ്ക്കായി കന്യാകുമാരിയില്‍ നിന്നും ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സ്വാമിമാര്‍ കിഴക്കേക്കോട്ടയിലെത്തിയത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ വിവിധ ഹൈന്ദവസംഘടനകളും ധര്‍മാനുസാരികളും നാമമന്ത്രോച്ചാരണത്തോടെ പൂര്‍ണകുംഭം നല്‍കി മഠാധിപതിയെ വരവേറ്റു. തുടര്‍ന്ന് കൃഷ്ണവിലാസം കൊട്ടാരത്തിലെ ലെവിഹാളിലേക്ക് അദ്ദേഹത്തെ ആനയിച്ചു.

വാദ്യമേളവും ആരതിയേന്തിയ വനിതകളും വേദമന്ത്രം ഉരുക്കഴിക്കുന്ന ഭക്തരും അകമ്പടിയായി. കൊട്ടാരത്തില്‍ ക്ഷേത്രംസ്ഥാനി മൂലംതിരുനാള്‍ രാമവര്‍മ പൂര്‍ണകുംഭവും മുത്തുക്കുടയും നല്‍കി സ്വാമിമാരെ വരവേല്‍ക്കുകയും പാദപൂജ നടത്തുകയും ചെയ്തു.
 
thiruvanthapuram
കോട്ടയ്ക്കകം ലെവി ഹാളിലെത്തിയ ശൃംഗേരി മഠാധിപതി സ്വാമി
ഭാരതിതീർഥയ്ക്ക് മൂലംതിരുനാൾരാമവർമ മുത്തുക്കുട നൽകിയപ്പോൾ
ആചാര്യന്‍ അനുഗ്രഹപ്രഭാഷണവും ആചാരപരമായ ശാരദാചന്ദ്രമൗലീശ്വര പൂജയും നടത്തി. സ്വീകരണസമിതി ജനറല്‍ കണ്‍വീനര്‍ എ. ഗണേഷ്, വാര്‍ഡംഗം ആര്‍. സുരേഷ്, കിഴക്കേനട രമേശ് എന്നിവര്‍ വരവേല്‍പ്പിന് നേതൃത്വം നല്‍കി.

സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായെത്തിയ മഠാധിപതി 11, 12, 13 തീയതികളില്‍ കോട്ടയ്ക്കകത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. 11ന് വൈകുന്നേരം 4.30ന് തെക്കേനട അനന്തശയനം മണ്ഡപത്തില്‍ നഗരവാസികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സ്വാമിമാര്‍ക്ക് പൗരസ്വീകരണം നല്‍കും. 11, 12, 13 തീയതികളില്‍ രാവിലെ 10ന് ലെവിഹാളില്‍ സ്വാമിമാരുടെ പൂജയും ഭക്തര്‍ക്ക് ദര്‍ശനസൗകര്യവും ഉണ്ടായിരിക്കും. 13ന് വൈകുന്നേരം മഠാധിപതിയും സംഘവും കൊല്ലത്തേക്ക് പോകും.