മഹാ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി വടക്കുന്നാഥക്ഷേത്രം നൃത്തങ്ങൾക്കും സംഗീതങ്ങൾക്കും അപൂർവ പൂരക്കാഴ്ചകൾക്കും കാതോർക്കുന്നു. 16 മുതൽ ആരംഭിക്കുന്ന നൃത്ത, സംഗീതോത്സവത്തിന്റെ ഭാഗമായാണ് നൃത്ത, സംഗീത വൈവിധ്യങ്ങൾ അരങ്ങേറുക. ശിവരാത്രി ദിവസം രാത്രി വടക്കുന്നാഥനെ വണങ്ങാൻ 11 ദേവീദേവന്മാരെത്തുന്നതാണ് പൂരവൈവിധ്യം തീർക്കുക.

തൃശ്ശൂർ പൂരത്തിന്റെ ചെറുപതിപ്പായി ശിവരാത്രി പൂരം മാറും. പാറമേക്കാവും തിരുവമ്പാടിയും പിന്നെ ഘടകക്ഷേത്രങ്ങളിലെ ദേവീദേവൻമാരും ശിവരാത്രി ദിവസം വടക്കുന്നാഥനിലെത്തും. കൂടാതെ അശോകേശ്വരം തേവരും വരും. നെടുനായകത്വം വഹിക്കുക അശോകേശ്വരം തേവരാണ്. 

ഏറ്റവും ഒടുവിലാണ് അശോകേശ്വരം തേവർ വടക്കുന്നാഥനുള്ളിലെത്തുക. തൃപ്പുക കഴിഞ്ഞേ തേവർക്ക് വടക്കുന്നാഥൻ മതിലകത്തു കടക്കാൻ അനുവാദമുള്ളു. ഇതിനുശേഷമാണ് എല്ലാ ദേവീദേവന്മാരും മതിലിനകത്ത് ഒന്നിച്ചണിനിരക്കുക.
  11 ആനപ്പുറത്ത് 11 തിടമ്പേന്തിയുള്ള രാത്രിയെഴുന്നള്ളിപ്പ് പൂരം ആസ്വാദകർക്ക് മറക്കാനാവാത്തതാണ്. തൃശ്ശൂർ പൂരത്തിനുപോലും ദേവീദേവൻമാർ ഒരുമിച്ച് എഴുന്നള്ളുന്നില്ല. ശിവരാത്രിപ്പൂരത്തിന്റെ മാത്രം കാഴ്ചയാണിത്. ശിവരാത്രി ദിവസം രാത്രി 10.30 മുതലാണ് ദേവീദേവൻമാരുടെ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പുകൾ ആരംഭിക്കുക. രാത്രി ഒരുമണിവരെ ഈ എഴുന്നള്ളിപ്പുകൾ തുടരും.

നൃത്ത, സംഗീതോത്സവം

ശ്രീമൂലസ്ഥാനത്തു നടക്കുന്ന നൃത്ത, സംഗീതോത്സവത്തിന്റെ ഉദ്ഘാടനം 16ന് വൈകീട്ട് 5.30ന്  മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും.കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ ഡോ. എം.കെ. സുദർശൻ അധ്യക്ഷത വഹിക്കും. പ്രവാസി വ്യവസായി സി.കെ. മേനോൻ മുഖ്യാതിഥിയാകും. 

തുടർന്ന് ശ്രീതാഭാസ്‌കറും സംഘവും അവതരിപ്പിക്കുന്ന കഥക് അരങ്ങേറും. വെള്ളിയാഴ്ച വൈകീട്ട് 5.30ന്‌ നൃത്തനൃത്യങ്ങൾ. ഗിന്നസ് ജേതാവ് സെബാസ്റ്റ്യൻ ജോസഫ് നയിക്കുന്ന ഭക്തി ഗാനസുധ നടക്കും. തുടർന്ന് 7ന് ഡോ. വസന്ത്കിരൺ, ചലചിത്രതാരം രചന നാരായണൻകുട്ടി, സോനു സതീഷ് കുമാർ, അശ്വനി നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിൽ കുച്ചിപ്പുഡിയും അരങ്ങേറും.
 ശനിയാഴ്ച 7ന് സീതാ സ്വയംവരം കഥകളി നടക്കും. ഞായറാഴ്ച 6ന് മോഹിനിയാട്ടവും തുടർന്ന് നൃത്തനൃത്യങ്ങളും അരങ്ങേറും. തിങ്കളാഴ്ച വൈകീട്ട് 5ന് ഷീബ സഹദേവനും തുടർന്ന് രേഖാ മേനോനും ഭരതനാട്യം അവതരിപ്പിക്കും. 7ന് ചലച്ചിത്രതാരം സ്വാതി നാരായണന്റെ കുച്ചിപ്പുഡി അരങ്ങേറും.

ചൊവ്വാഴ്ച 6ന് രാധിക രാജീവ് കുമാറിന്റെ ഭരതനാട്യാവതരണം. ബുധനാഴ്ച 5ന് ആർ.എൽ.വി. ജോളി മാത്യുവിന്റെ മോഹിനിയാട്ടവും 6ന് ദേവിക സദീവന്റെ ഭരതനാട്യവും നടക്കും. 7ന് രഞ്ജിനിയും ഗായത്രിയും നയിക്കുന്ന സംഗീതക്കച്ചേരി. വ്യാഴാഴ്ച 5ന് ശ്രുതി ഷോബിയുടെ മോഹിനിയാട്ടം, 6ന് കാർത്തിക മേനോന്റെ കുച്ചിപ്പുടി, 7ന് വൈഷ്ണവി സായിനാഥിന്റെ ഒഡീസി എന്നിവ അരങ്ങേറും.

ശിവരാത്രി ദിനം

ശിവരാത്രി ദിനമായ വെള്ളിയാഴ്ച പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിക്കും. 3ന് നടതുറക്കും. 3.15ന് നെയ്യഭിഷേകം. വൈകീട്ട് 6ന് ലക്ഷദീപം, തുടർന്ന് 1001 കതിന മുഴങ്ങും.  ശിവരാത്രി മണ്ഡപത്തിൽ രാവിലെ 8ന് ഭജന. വൈകീട്ട് 4ന് ഓട്ടൻതുള്ളൽ, 6ന് ശിവമഹിമ നൃത്തശിൽപ്പം, 7.30ന് സംഗീതാർച്ചന, 9.30 സംഗീതാഞ്ജലിഎന്നിവയും അരങ്ങേറും.

ലക്ഷാർച്ചന

ശിവരാത്രിയുടെ ഭാഗമായി 42-ാം ലക്ഷാർച്ചനയാണ് വടക്കുന്നാനാഥക്ഷേത്രത്തിൽ ഇത്തവണ നടക്കുന്നത്. 21 മുതൽ 23 വരെയാണിത്. 21ന് രാവിലെ 6.30 മുതൽ മഹാഗണപതിക്ക്‌ ലക്ഷാർച്ചന അരങ്ങേറും. ഉച്ചയ്ക്ക് രണ്ടു മുതൽ പാർവതി, ഗോശാലകൃഷ്ണൻ, അയ്യപ്പൻ തുടങ്ങിയ ദൈവങ്ങൾക്കും സഹസ്രാർച്ചന നടക്കും. തുടർന്ന് കലശപ്രദക്ഷിണവും അഭിഷേകവും.

22ന് രാവിലെ ശങ്കരനാരായണനാണ് ലക്ഷാർച്ചന. ഉച്ചയ്ക്ക് ശ്രീരാമൻ, ആദിശങ്കരൻ എന്നിവർക്കും അർച്ചന നടക്കും. 23ന് രാവിലെയാണ് വടക്കുന്നാനാഥന് ലക്ഷാർച്ചന. ഉച്ചയ്ക്കു ശേഷവും ഇതു തുടരും. വേട്ടേക്കരന് സഹസ്രാർച്ചനയും അരങ്ങേറും. വൈകീട്ട് 5.30ന് ശിവസഹസ്രനാമ സമൂഹാർച്ചന.