പത്തനംതിട്ട:  ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട 16 ന് വൈകുന്നേരം തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിക്കും. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ അഗ്‌നിപകരുന്നതോടെ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും.

നട തുറക്കുന്ന ദിവസം പൂജകള്‍ ഒന്നും തന്നെയുണ്ടാവില്ല. ചിങ്ങം ഒന്നായ 17ന് പുലര്‍ച്ചെ അഞ്ചുമണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടക്കും. 5.15 ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും. ഇക്കുറി ശബരിമല-മാളികപ്പുറം എന്നിവിടങ്ങളിലെക്കുള്ള  പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കുന്നത് ചിങ്ങം ഒന്നിനാണ്. നറുക്കെടുപ്പ് നടപടിക്കായി മേല്‍ശാന്തിമാരുടെ ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കി യോഗ്യത നേടിയ 9 പേര്‍ വീതമുള്ള രണ്ട് പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തിക്കുന്ന കുട്ടികളെയായിരിക്കും ശബരിമലയിലെയും മാളികപ്പുറത്തേക്കുമുള്ള പുതിയ മേല്‍ശാന്തിമാരുടെ നറുക്കുകളെടുക്കാനായി നിയോഗിക്കുക.

രണ്ട് വെള്ളിക്കുടങ്ങളാണ് നറുക്കെടുപ്പ് പ്രക്രിയയ്ക്കായി ഉപയോഗിക്കുക. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് നറുക്കെടുപ്പ് നടപടികള്‍ ആരംഭിക്കുക. ഒന്നാമത്തെ വെള്ളിക്കുടത്തില്‍ ശബരിമല മേല്‍ശാന്തിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒമ്പത് പേരുടെ പേരുകള്‍ എഴുതിയ ഒമ്പത് പേപ്പര്‍ തുണ്ടുകളും രണ്ടാമത്തെ കുടത്തില്‍ മേല്‍ശാന്തി എന്നെഴുതിയ ഒരു തുണ്ടും  ഒന്നുമെഴുതാത്ത തുണ്ടുകളും അടക്കം ആകെ ഒമ്പത് എണ്ണം നിക്ഷേപിക്കും. തുടര്‍ന്ന് ഇരു കുടങ്ങളും ശ്രീകോവിലിനുള്ളിലേക്ക് നല്‍കും. കുടങ്ങള്‍ ഏറ്റുവാങ്ങുന്ന തന്ത്രി അത് അയ്യപ്പന്റെ മുന്നില്‍ വച്ച് പൂജിച്ചശേഷമാണ് നറുക്കെടുക്കാനായി പുറത്തേക്ക് നല്‍കുക. തുടര്‍ന്ന് ക്ഷേത്ര സോപാനത്തില്‍ വച്ച് നറുക്കെടുപ്പ് നടക്കും. ശേഷം ഇതേ രീതിയില്‍ തന്നെ മാളികപ്പുറം മേല്‍ശാന്തിയെ തീരുമാനിക്കാനുള്ള നറുക്കെടുപ്പും നടക്കും. തുടര്‍ന്ന് ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നവരെ ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും.

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈവര്‍ഷം മുതല്‍ ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം ഒന്ന് മുതല്‍ (17.9.19) കന്നിമാസം 31 വരെ ശബരിമലയിലും മാളികപ്പുറത്തും ആയി ഭജനമിരിക്കണം. ക്ഷേത്ര പൂജകളും കാര്യങ്ങളും കൂടുതലായി മനസ്സിലാക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം മുതല്‍ മേല്‍ശാന്തിമാര്‍ക്കായി ദേവസ്വം ബോര്‍ഡ് ഇത്തരത്തിലുള്ള ഒരുസംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണ്ഡലമാസപൂജകള്‍ക്കായി ശബരിമല തിരുനട തുറക്കുന്ന ദിവസത്തിലായിരിക്കും നിയുക്ത മേല്‍ശാന്തിമാരുടെ സ്ഥാനാവരോധിക്കല്‍ ചടങ്ങുകള്‍ നടക്കുക. വിശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരാണ് ഇരു ക്ഷേത്ര നടകളും തുറക്കുക. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21.9.19 ന് രാത്രി പത്തിന് ഹരിവരാസനംപാടി നട അടയ്ക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി 9.9.19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രതിരുനട തുറക്കും. 13 ന് രാത്രി പത്തിന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.

Content Highlights: Shabarimala Shrine opens August 16th