തിരുവനന്തപുരം: ആഘോഷമില്ലാതെ ശാന്തിഗിരി ആശ്രമത്തിൽ പൂർണ്ണകുംഭമേള നടന്നു. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനി ശനിയാഴ്ച രാവിലെ ആശ്രമ കുംഭം നിറച്ചു. ഇതോടെ ചടങ്ങുകൾക്ക് തുടക്കമായി. ശാന്തിഗിരി ബ്രഹ്മ കൽപ്പിതമായി ലഭിച്ച ആഘോഷമായ പൂർണ്ണകുംഭമേള രാജ്യത്ത് നടക്കുന്ന കുംഭമേളകളിൽ നിന്നും വ്യത്യസ്തമാണ്.

ആയിരക്കണക്കിന് ഭക്തർ ഈ ദിവസം സന്ധ്യാനേരം പൂർണ്ണ കുംഭങ്ങൾ ശിരസിലേറ്റി ആശ്രമാങ്കണം പ്രദക്ഷിണം ചെയുന്നതാണ് പതിവ്. ഇത്തവണ നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചതിനാൽ ഇന്ന് വെകീട്ട് 6 ന് കുംഭം പ്രദക്ഷിണം സ്പിരിച്ച്വൽ സോണിൽ മാത്രമായി നടന്നു. ഇതേസമയംതന്നെ ഇന്ത്യയിലുടനീളമുള്ള ആശ്രമം ബ്രാഞ്ചുകളിലും കുംഭം പ്രദക്ഷിണം നടന്നു.

പരമ്പരയിൽ പത്ത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങളാണ് നടന്നുവരുന്നത്. മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ പ്രതിനിധീകരിക്കുന്ന മൺകുടത്തിൽ ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് പ്രത്യേകം തയ്യാറാക്കിയ കുംഭതീർത്ഥം നിറച്ച് പൂക്കളും ഇലകളും കൊണ്ട് അലങ്കരിച്ച് ത്യാഗജീവിതത്തിന്റെ പ്രതീകമായ പീതവസ്ത്രത്തിൽ ബന്ധിച്ചാണ് കുംഭങ്ങൾ ഒരുക്കുന്നത്.

Content Highlights:Santhigiri Asramam Kumbamela