ശബരിമല: വിഷുക്കണിക്കൊപ്പം അയ്യപ്പനെ കാണാനാകുന്ന പുണ്യനിമിഷത്തിനായി ശബരിമലയിൽ ഒരുക്കം പൂർത്തിയായി. തിങ്കളാഴ്ച പുലർച്ചെ നാലിനാണ് കണിദർശനം. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മേൽശാന്തി വാസുദേവൻ നമ്പൂതിരി നടതുറന്ന് നെയ്‌വിളക്കുകൾ തെളിച്ച് അയ്യപ്പനെ കണികാണിക്കും. ഇതിനു ശേഷമാകും ഭക്തർക്കുള്ള ദർശനം. ഈ സമയം സോപാനത്ത് തന്ത്രിയും മേൽശാന്തിയും വിഷുക്കൈനീട്ടം നൽകും. രാവിലെ ഏഴുവരെ വിഷുക്കണിക്കൊപ്പം ഭഗവാനെ തൊഴാം. ഇതിനുശേഷം അഭിഷേകവും മറ്റ് പൂജകളും പൂർത്തിയാക്കി നെയ്യഭിഷേകം തുടങ്ങും.

വിഷുക്കണി ഒരുക്കൽ ശ്രീകോവിലിൽ ഞായറാഴ്ച രാത്രി അത്താഴപൂജയ്ക്കുശേഷം നടക്കും. ഈ സമയത്ത് ഭക്തർക്ക് ദർശനമുണ്ടാകില്ല. തന്ത്രിയുടെ നേതൃത്വത്തിലാണ് കണി തയ്യാറാക്കുന്നത്. കണിക്കൊന്നപ്പൂക്കളും കണിവെള്ളരിയുമുൾപ്പെടെയുള്ളവ ഭക്തർ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്. ഇതു കൂടാതെ അഷ്ടമംഗല്യം, നാണയങ്ങൾ, ചക്ക, മാങ്ങ ഉൾപ്പെടെയുള്ള ഫലമൂലാദികൾ എന്നിവയും വിഷുക്കണിയായി ഭഗവാനു മുൻപിൽ വെയ്ക്കും.

ശനിയാഴ്ച ഉച്ചയ്ക്കുശേഷം സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കുണ്ടായി. അയ്യപ്പന് സഹസ്രകലശം, കളഭാഭിഷേകം എന്നിവ നടന്നപ്പോൾ മാളികപ്പുറത്തമ്മയ്ക്ക് തന്ത്രിയുടെ കാർമികത്വത്തിൽ പ്രത്യേക കലശാഭിഷേകവുമുണ്ടായി. സന്നിധാനത്ത് തിരക്കുകൂടുന്ന സാഹചര്യത്തിൽ 150 പോലീസുകാരെ ഞായറാഴ്ച കൂടുതലായി നിയോഗിക്കും. ആവശ്യമെങ്കിൽ ബാരിക്കേഡുകളും വെയ്ക്കുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി.ജയദേവ് അറിയിച്ചു.

Content Highlights: Sabarimala Ready for Vishukkani darshan