കേരളം കണ്ട നൂറ്റാണ്ടിലെ പ്രളയത്തെ അതിജീവിച്ച് ശബരിമല സന്നിധാനം. കന്നിമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്നത് സെപ്റ്റംബര്‍ 16-നാണ്. സന്നിധാനത്തേക്കുള്ള കാനന പാതയ്ക്കും കേടുപാടുകളില്ല.
ശക്തമായ മഴയും കാറ്റുമായിരുന്നു പ്രളയകാലത്ത് സന്നിധാനത്ത് അനുഭവപ്പെട്ടത്. എന്നാല്‍ അതൊന്നും തന്നെ സന്നിധാനത്തെ ബാധിച്ചില്ല.
അതേസമയം പ്രളയത്തേ തുടര്‍ന്ന് പമ്പയുടെ അവസ്ഥയില്‍ വളരെയധികം മാറ്റം വന്നിട്ടുണ്ട്. മുമ്പുണ്ടായിരുന്ന അവസ്ഥയല്ല ഇപ്പോള്‍ പമ്പയിലുള്ളത്. പ്രളയത്തേതുടര്‍ന്ന് പമ്പ വഴിമാറി ഒഴുകിയിരുന്നു. ഇതേ തുടര്‍ന്ന് മുമ്പുണ്ടായിരുന്ന പല നിര്‍മാണങ്ങളും പ്രളയത്തില്‍ ഒലിച്ചുപോകുകയോ തകരുകയോ ചെയ്തിട്ടുണ്ട്.
ത്രിവേണി പാലം മണ്ണിടിഞ്ഞ് വഴിമുടക്കുകയും പുഴ വഴിമാറി ഒഴുകുകയും ചെയ്തിരുന്നു. മണ്ണ് മാറ്റി പാലം തെളിച്ചെടുക്കുകയും ഗതിമാറി ഒഴുകിയ പമ്പയെ തടഞ്ഞുനിര്‍ത്തി പഴയ വഴിയിലൂടെ തിരിച്ചുവിടാനുള്ള ശ്രമവും വിജയിച്ചിട്ടുണ്ട്. നിലവില്‍ പമ്പയിലൂടെ സന്നിധാനത്തേക്കുള്ള യാത്രയ്ക്ക് തടസങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഇനി പറയുന്ന കാര്യങ്ങള്‍ ഓരോ തീര്‍ഥാടകരും അറിഞ്ഞിരിക്കണം.
- മണ്ണാറക്കുളഞ്ഞി-ചാലക്കയം, ചാലക്കയം-പമ്പ, ളാഹ-പ്ലാപ്പള്ളി റോഡുകള്‍ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലാണ്. പ്ലാത്തോടും അണ്ടത്തോടും റോഡിന് വിള്ളലുണ്ട്.
- വടശ്ശേരിക്കര-പമ്പ റോഡില്‍ മൂന്നിടത്ത് വലിയ ഇടിച്ചിലും എട്ടിടത്ത് ചെറിയ തകര്‍ച്ചയുമുണ്ട്. റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്ലാന്തോട്, മൈലാടും പാറ, കമ്പകത്തുംവളവ് എന്നിവിടങ്ങളില്‍ ഒറ്റവരി ഗതാഗതംമാത്രം
- മണ്ണിടിച്ചില്‍ ഭീഷണി ഉള്ളതിനാല്‍ ഹില്‍ടോപ്പിന് സമീപത്തേക്ക് ആളുകളെ വിടില്ല
- മുമ്പത്തേപ്പോലെ നേരിട്ട് വാഹനത്തില്‍ പമ്പവരെ എത്താന്‍ സാധിക്കില്ല എന്നറിഞ്ഞിരിക്കണം. നിലയ്ക്കല്‍ വരെ മാത്രമെ തീര്‍ഥാടകര്‍ക്ക് വാഹനത്തില്‍ എത്താന്‍ സാധിക്കു.
- നിലയ്ക്കല്‍ ബേസ് ക്യാമ്പാണ്. അവിടെനിന്ന് കെ.എസ്.ആര്.ടി.സി. ചെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി പമ്പയിലേക്കെത്താം. നിലയ്ക്കലില്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടാകും.
- പമ്പയിലെ നടപ്പന്തലും രാമമൂര്‍ത്തി മണ്ഡപവും നാശമായി. പമ്പ ആസ്പത്രിയുടെ ഒന്നാംനിലയില്‍ ചെളിയടിഞ്ഞിരുന്നു. ഇത് വൃത്തിയാക്കിയിട്ടുണ്ട്.
- പ്രളയത്തില്‍ ശൗചാലയങ്ങള്‍ നശിച്ചിട്ടുണ്ട്. പകരം 40 ബയോടോയ്ലെറ്റ് എത്തിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.
- സന്നിധാനത്തേക്കെത്താന്‍ പമ്പയില്‍ താത്കാലികമായി നിര്‍മിച്ച അയ്യപ്പസേതുവെന്ന കല്പാതയും തെളിയിച്ചെടുത്ത ത്രിവേണി പാലവുമുണ്ട്. എന്നാല്‍ ഇവയിലൂടെയുള്ള യാത്ര കരുതലോടെ വേണം.
- മുങ്ങിപ്പോയ രാമമൂര്‍ത്തി മണ്ഡപത്തിന്റെ അവശേഷിച്ച അസ്ഥിവാരത്തിലേക്കാണ് പുതിയ കല്‍പ്പാത.
- പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ശര്‍ക്കര, പൂജാസാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവ എത്തിക്കാനും ഈ പാത മാത്രമേയുള്ളു.
- വനത്തിനുള്ളിലൂടെയുള്ള പാതയ്ക്ക് കേടുപാടുകള്‍ ഇല്ല. എങ്കിലും മലകയറ്റം ശ്രദ്ധയോടെ വേണം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..