ശബരിമല: പുതിയ സ്വര്‍ണക്കൊടിമരം സ്ഥാപിച്ചതിനു ശേഷമുള്ള ഉത്സവത്തിന് സന്നിധാനത്ത് കൊടിയേറി. ബുധനാഴ്ച രാവിലെ 9.15നും 10.15നും മധ്യേ തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റി. മേല്‍ശാന്തി ടി.എം.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി സഹകാര്‍മികനായി.

പുതിയ കൊടിമരം സ്ഥാപിച്ചുകഴിഞ്ഞ് ഉയര്‍ത്തിയ കൊടി ഇറക്കിയശേഷമാണ് ചടങ്ങു തുടങ്ങിയത്. രാവിലെ നാലാംകലശം കഴിഞ്ഞാണ് കൊടിയിറക്കിയത്.

മണ്ഡപത്തില്‍ പൂജിച്ച കൊടിക്കൂറ തന്ത്രി ശ്രീകോവിലില്‍ കൊണ്ടുപോയി ഭഗവാനുമുന്നില്‍ പൂജിച്ചു. ഇതിനുശേഷം പാണികൊട്ടി പുറത്തേക്കെഴുന്നള്ളിച്ചു. കൊടിമരച്ചുവട്ടില്‍ ആദ്യം പൂജ നടത്തി. പിന്നെ കൊടിയേറ്റി. ദീപാരാധനയോടെ ചടങ്ങു പൂര്‍ത്തിയാക്കി.

ദേവസ്വം ബോര്‍ഡിന്റെ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ജയരാജന്‍ എന്ന ആനയാണ് തിടമ്പേറ്റുക. 29 മുതല്‍ ജൂലായ് ആറുവരെ എല്ലാ ദിവസവും ഉത്സവബലി ഉണ്ടാകും. ജൂലായ് രണ്ടിനു വൈകീട്ട് ശ്രീഭൂതബലിക്കുശേഷം വിളക്കിനെഴുന്നള്ളിപ്പ് ഉണ്ടാകും. ആറിനു രാത്രി 9.30നാണ് പള്ളിവേട്ട. ഏഴിനു രാവിലെ 11ന് പമ്പയില്‍ ആറാട്ട് നടക്കും. സന്ധ്യക്ക് തിരിച്ചെഴുന്നള്ളത്ത്. കൊടിയിറക്കി രാത്രി 10ന് നടയടയ്ക്കും.

ജൂലായ് ആറുവരെ എല്ലാദിവസവും രാവിലെ ഒന്‍പതുവരെയും ആറാട്ടുദിവസം രാവിലെ ആറുവരെയും നെയ്യഭിഷേകത്തിന് അവസരമുണ്ട്.